Read Time:10 Minute


ഡോ.കെ.എം.സുരേഷൻ
അസോ. പ്രൊഫസർ, രസതന്ത്രവിഭാഗം, ഐസർ തിരുവനന്തപുരം

ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം

പ്ലസ് ടുവിന് ശേഷം ഇനി എന്ത് എന്നുള്ള ചോദ്യം ഇന്നത്തെ വിദ്യാർത്ഥികളിലോ രക്ഷിതാക്കളിലോ ആശങ്ക ജനിപ്പിക്കാറില്ല. എൻജിനിയറോ ഡോക്ടറോ ആകണമെന്നുള്ള ആഗ്രഹമാണ് ഒരു അഞ്ചാംക്ലാസിലെ കുട്ടിപോലും പറയുന്നത്. ഉപരിപഠനമെന്നാൽ മെഡിസിനും എൻഞ്ചിനീയറിങ്ങും മാത്രമാണ് എന്നുള്ള തെറ്റിദ്ധാരണ നമ്മുടെ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞതായിരിക്കാം കാരണം.അനവധി ഡോക്ടർമാരും എൻജിനീയർമാരും പ്രതിവർഷം ഈ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നുണ്ട്. മരുന്നുകളുടെ ഉപയോഗത്തിലാണെങ്കിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നമ്മളാണ്. ഇങ്ങനെ ഉപയോഗിക്കപ്പെടുന്ന മരുമ്മുകളിൽ എത്രയെണ്ണം നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ ?  ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഇതുതന്നെയാണ് കാര്ർഷികമേഖലകളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെയും രാസവസ്തുക്കളുടെയും എഞ്ചിനിയറിംഗ് മേഖലയിൽ ഉപയോഗിക്കുന്ന നൂതനാശയങ്ങളുടെയും ഉപകരണങ്ങളുടെയും സ്ഥിതി. ഇതൊക്കെ കാണിക്കുന്നത് കണ്ടുപിടുത്തത്തിൽ നമമ്ൾ പിറകോട്ടാണ് എന്ന വസ്തുതയാണ്.

ഏതൊരു രാജ്യത്തിന്റെയും ക്ഷേമം അതിന്റെ ശാസ്ത്രസാങ്കേതികമേഖലയിലെ മികവിനെ അല്ലെങ്കിൽ മുന്നേറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴത്തെ വികസിതരാജ്യങ്ങളായ യു.എസ്.എ, ജപ്പാൻ, ജർമ്മനി തുടങ്ങിയവയെ ഈ നിലയിലെത്തിച്ചത് അവർ 40-50 വർഷങ്ങൾക്കു മുമ്പ് ശാസ്ത്രമേഖലയിൽ മുതലിറക്കിയ (financially and intellectually) നിക്ഷേപത്തിന്റെ പ്രതിഫലനമാണ്. എന്തായാലും സർക്കാർ ഇത് മനസ്സിലാക്കുകയും ഈ രംഗത്തേക്കുള്ള സാമ്പത്തികനിക്ഷേപം വർധിപ്പിച്ചിട്ടുമുണ്ട്. കൂടാതെ പ്രതിഭാധനരായ യുവതലമുറയെ ശാസ് തരംഗത്തേക്ക് ആകർഷിക്കുന്നതിനു വേണ്ടി വിവിധ സ്കോളർഷിപ്പ്/ഫെലോഷിപ്പുകൾ തുടങ്ങി വച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് കെ.വി.പി.വൈ. (Krishore Vaigyanik Protsahan Yojana), ഇൻസ്പയർ എന്നീ ഫെലോഷിപ്പുകൾ ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെ ആകർഷിക്കാനാണ്. ഇതു കൂടാതെ പല പുതിയ ശാസ്ത്രഗവേഷണ പഠന സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ് തിട്ടുണ്ട്. ഐസർ (Indian Institute of Science Education and Research), നൈസർ (National Institute of Science Education and Research) നൈപർ (National Institute of Pharmaceutical Education and Research) എന്നിവ ഉത്തമ ഉദാഹരണങ്ങളാണ്.

ഐസർ തിരുവനന്തപുരം – ആകാശ ദൃശ്യം

ഐസറുകൾ

നിലവിൽ പ്രവർത്തനമാരംഭിച്ച ഐസറുകൾ ആറെണ്ണമാണ്. പൂണെ, കൊൽക്കത്ത എന്നീ ഐസറുകൾ 2006 മുതലും മൊഹാലിയിലേത് 2007 മുതലും തിരുവനന്തപുരവും ഭോപ്പാലും 2008 മുതലും തിരുപ്പതിയിലേത് 2015 മുതലും പ്രവർത്തിച്ചുവരുന്നു. എല്ലാ ഐസറുകളിലും വിവിധ അധ്യയന ഗവേഷണ കോഴ്സുകൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചവത്സര BSMS കോഴ്സ് (Integrated Masters Programme). ഓരോ ഐസറും പ്രതിവർഷം ഏകദേശം 200 പ്രതിഭാധനരായ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നു. മൂന്ന് വ്യത്യസ്ത ചാനലുകളിലൂടെയാണ് ഈ പ്രവേശനം നടത്തുന്നത്. JEE Advanced പരീക്ഷയുടെ പ്രധാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, കെ.വി.പി.വൈ പരീക്ഷ പാസായവർ എന്നിവരുടെ പ്രവേശനമാണ് ആദ്യം നടത്തുന്നത്. കൂടുതൽ കുട്ടികളും പ്രവേശിക്കുന്നത് മൂന്നാമത്തെ ചാനലായ ഐസർ അഭിരുചിപരീക്ഷ (IISER Aptitude Test) വഴിയാണ്. ഓരോ സംസ്ഥാനത്തിന്റെയും +2 പരീക്ഷയിൽ ഏറ്റവും മുകളിൽ മാർക്ക് ലഭിച്ചവരിലെ 1% നുള്ളിൽ വരുന്നവർക്ക് ഇതിന് അപേക്ഷിക്കാം. അപേക്ഷിച്ച എല്ലാവർക്കുംവേണ്ടി ദേശീയതലത്തിൽ പ്രവേശനപരീക്ഷ നടത്തിയതിന് ശേഷം ഇതിൽ ഉയർന്നമാർക്ക് ലഭിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുന്നത്.

ഐസർ, തിരുവനന്തപുരം

ബി എസ് എം എസ് കോഴ്സ്

ആദ്യത്തെ രണ്ട് വർഷം എല്ലാ വിദ്യാർത്ഥികളും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത് സ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിക്കുന്നു. മൂന്നാം വർഷം മുതൽ ഓരോ വിദ്യാർത്ഥിയും തന്റെ അഭിരുചിക്കനുസരിച്ച് ഐച്ഛിക വിഷയം തെരഞ്ഞെടുക്കുന്നു. കൂടാതെ രണ്ട് ഉപവിഷയങ്ങൾ കൂടി തെരഞ്ഞെടുക്കുന്നു. ഐച്ഛിക വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. സാധാരണ സർവകലാശാലകളുടെ സമ്പ്രദായത്തിൽനിന്നുള്ള ഒരു പ്രധാനവ്യത്യാസം ഇതാണ്. ഈ പരിപാടിയുടെ സുപ്രധാനമായ മറ്റൊരു പ്രത്യേകതയാണ് പഠനവും ഗവേഷണവും തമ്മിലുള്ള ഉദ്ഗ്രഥനം. ഈ പരിപാടിയിൽ ശാസ്ത്രാധ്യാപകരുടെ ക്ലാസിന് പുറമെ, മറ്റു ഗവേഷകരുമായുള്ള ദൈനംദിനസമ്പർക്കവും നടക്കുന്നു. അഞ്ചാംവർഷത്തിൽ ഓരോ കുട്ടിയും ഒരുവർഷം നീണ്ടുനിൽക്കുന്ന ഗവേഷണപ്രവർത്തനത്തിൽ ഏർപ്പെടുന്നു. ഈ ഗവേഷണം സ്വന്തം സ്ഥാപനത്തിലോ ഇന്ത്യയിലോ പുറത്തോ ഉള്ള പ്രശസ്തിയാർജ്ജിച്ച സ്ഥാപനങ്ങളിലോ ചെയ്യാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. കൂടാതെ, ഒന്നാം വർഷം മു തൽ നാലാംവർഷംവരെയുള്ള സമ്മർ/വിന്റർ വെക്കേഷനിലും ഈ വിദ്യാർത്ഥികൾ സ്വന്തം ഇൻസ്റ്റിറ്റ്യൂട്ടിലോ മറ്റിടങ്ങളിലോ റിസർച്ച് ഇന്റേൺഷിപ്പ് നടത്തുന്നു. ഇതിനെല്ലാത്തിനും സാമ്പത്തികസഹായമായി ഫെല്ലോഷിപ്പും ലഭിക്കുന്നതാണ്. ഈ അഞ്ച് വർഷപരിപാടിക്കിടയിൽ പല വിദ്യാർത്ഥികൾക്കും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രഗത്ഭരായ നൊബേൽ സമ്മാനജേതാക്കളുമായി സംവദിക്കാനുള്ള അവസരമുണ്ട്. സാധാരണ സർവകലാശാലകളുടെ പരിപാടികളിൽനിന്നും വ്യത്യസ്തമായി ഗവേഷണവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ പാഠ്യപദ്ധതി വളരെ വിശേഷപ്പെട്ടത് തന്നെയാണ്.

ഏറെക്കുറെ എല്ലാ ഐസറുകൾക്കും ലോകോത്തര സൗകര്യങ്ങളും സാമഗ്രികളും ഉള്ള കാമ്പസുകൾ തയ്യാറായിട്ടുണ്ട്. ഈ കോഴ്സ് പാസാവുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും ഉപരിപഠനത്തിനായി ലോകത്തിലെ പ്രമുഖ സർവകലാശാലകളിൽ പ്രശസ്തിയേറിയ ഫെല്ലോഷിപ്പുകൾനേടി പോകുന്നുണ്ട്. കൂടാതെ ഓരോ ഐസറിലും തൊഴിലുകൾ തേടാനുള്ള സംവിധാനം രൂപീകരിച്ചിട്ടുമുണ്ട്. പല പ്രമുഖസ്ഥാപനങ്ങളും കമ്പനികളും കാമ്പസ് റിക്രൂട്ടുമെന്റുകൾ നടത്തുന്നുണ്ട്.

ആരൊക്കെ ശാസ്ത്രപഠനം തെരഞ്ഞെടുക്കണം?

ജിജ്ഞാസയുള്ള മനസ്സും അതിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയവുമുള്ള വിദ്യാർത്ഥികളാണ് സയൻസ് പഠനം തെരഞ്ഞെടുക്കേണ്ടത്. ശാസ്ത്രം ആവേശഭരിതം മാത്രമല്ല, പ്രതിഫലദായകവുമാണ്. കേരളത്തിലാകട്ടെ, മെഡിസിനും എൻജിനീയറിംഗിനും പ്രവേശനംലഭിക്കാത്ത കുട്ടികളാണ് സയൻസിലേക്ക് നീങ്ങുന്നതായി കാണാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സ്ഥിതി ഗണ്യമായി മാറുന്നുണ്ട്. മികച്ച വിദ്യാർത്ഥികൾ സയൻസിലേക്ക് ആകൃഷ്ടരായി കാണുന്നുണ്ട്. ഇക്കാര്യത്തിൽ അവരുടെ അഭിരുചിയോടൊപ്പം മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടാകേണ്ടതുണ്ട്.

ചുരുങ്ങിയ കാലയളവിൽത്തന്നെ മിക്കവാറും എല്ലാ ഐസറുകളും ഗവേഷണരംഗത്ത് ആഗോളതലത്തിൽ മികവ് നേടിയിട്ടുണ്ട്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ ഐസറിൽ നിന്നും കണ്ടുപിടിക്കപ്പെട്ട ഉടയാത്ത സോഫ്റ്റ് ഗ്ലാസും കടലിലെ എണ്ണ ശുദ്ധീകരിക്കാനുള്ള ജെല്ലും (gel) അന്താരാഷ്ട്രശ്രദ്ധ നേടിയിട്ടുണ്ട്. തത്ഫലമായി, ലോകത്തിലെ പ്രശസ്ത സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഐസറുമായി മാനവ വിഭവശേഷിയും ആശയങ്ങളും പരസ്പരം കൈമാറുന്നതിനുവേണ്ടി ധാരണാപത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

2024ലെ സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക


Happy
Happy
43 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post താരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു
Next post 20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ
Close