ബിഗ് ബാംഗോടെയാണ് പ്രപഞ്ചമുണ്ടായത് എന്നാണ് നമ്മുടെ ധാരണ. അതിനുശേഷം പിറവിയെടുത്ത ആദ്യ നക്ഷത്രങ്ങളിലൊന്ന്. അതിൽനിന്നുള്ള പ്രകാശം ഇവിടെയിരുന്നുകൊണ്ടു കാണുക. അതാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പ് സാധ്യമാക്കിയിരിക്കുന്നത്. 12.9 ബില്യൺ വർഷങ്ങൾക്കു മുൻപുള്ള നക്ഷത്രത്തെയാണ് ഹബിൾ കണ്ടത്. പ്രപഞ്ചം ഉണ്ടായതാവട്ടേ 13.8 ബില്യൺ വർഷം മുൻപും. ഇതു മനസ്സിലാക്കാൻ ഒരു കണക്കൂടെ നോക്കാം. പ്രപഞ്ചത്തിന് ഇപ്പോൾ നൂറു വയസ്സാണെന്നു കരുതുക. പ്രപഞ്ചത്തിന് വെറും 7 വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഉള്ള ഒരു നക്ഷത്രത്തെയാണ് ഹബിൾ കണ്ടത് എന്നു പറയാം.
Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.
സാധാരണഗതിയിൽ ഇത്രയും അകലെയുള്ള ഒരു നക്ഷത്രത്തെ കാണുക അസാധ്യമാണ്. ഹബിളിനെക്കാളും മികച്ച ടെലിസ്കോപ്പുകൾ ഉപയോഗിച്ചാലും അതു സാധ്യമാകില്ല എന്നു പറയാം. അപ്പോൾ ഇതെങ്ങനെ കണ്ടു എന്നല്ലേ. ആയിരക്കണക്കിനു കോടി നക്ഷത്രങ്ങളുള്ള ഗാലക്സിയാണ് നമ്മുടെ ആകാശഗംഗ. ഇത്തരം ഗാലക്സികൾ പലത് കൂടിച്ചേർന്നതാണ് ഒരു ഗാലക്സി ക്ലസ്റ്റർ. അത്തരം ഗാലക്സി ക്ലസ്റ്ററോളം വലിയ ഒരു ലെൻസ് ഉണ്ടെങ്കിലോ? നമുക്ക് വളരെ അകലെയുള്ള പല കാഴ്ചകളും കാണാം. ഈറെൻഡൽ എന്ന ഈ നക്ഷത്രത്തെയും കാണാം.
യഥാർത്ഥത്തിൽ ഈറെൻഡൽ എന്ന ഈ നക്ഷത്രത്തിനും നമുക്കും ഇടയിൽ ഇത്തരമൊരു ലെൻസ് ഉണ്ടായിരുന്നു! WHL0137-08 എന്നു പേരുള്ള ഒരു ഗാലക്സി ക്ലസ്റ്റർ. ഈ ഗാലക്സി ക്ലസ്റ്ററിന്റെ ഭാരംമൂലം ഇതിന് ഒരു ഗ്രാവിറ്റേഷണൽ ലെൻസായി പ്രവർത്തിക്കാനായി. ഈറെൻഡൽ എന്ന നക്ഷത്രത്തിൽനിന്ന് നമ്മിലെത്തുന്ന പ്രകാശത്തെ അനേകായിരം മടങ്ങ് കൂട്ടാൻ ഈ പ്രകൃതിദത്ത ലെൻസിനു കഴിഞ്ഞു. അതോടെയാണ് ഹബിൾ സ്പേസ് ടെലിസ്കോപ്പിലെ ക്യാമറയിൽ ഈ നക്ഷത്രം പതിഞ്ഞത്.
അത്യപൂർവ്വമായ ഒരു അലൈൻമെന്റാണ് ഇത്. നക്ഷത്രത്തിനും നമുക്കും ഇടയിൽ ഭീമാകാരമായ ഒരു ലെൻസുണ്ടാവുക! കുറച്ചു വർഷങ്ങൾകൂടി ഈ അലൈൻമെന്റ് ഇങ്ങനെതന്നെ നിൽക്കും എന്നാണു കരുതുന്നത്. നാസയുടെ തന്നെ ഏറ്റവും പുതിയ ബഹിരാകാശടെലിസ്കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പ് ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി ഈറെൻഡലിനെ നിരീക്ഷിക്കാനാകും. മാത്രമല്ല ഇതിലും പഴക്കമുള്ള നക്ഷത്രങ്ങളെ ഗ്രാവിറ്റേഷണൽ ലെൻസിങ് മൂലം പല ദിക്കിലും കണ്ടെത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ജെയിസ് വെബ് ടെലിസ്കോപ്പിന് കൂടുതൽ പണിയായി എന്നു സാരം.
കൂടുതൽ വിവരങ്ങൾക്ക് :Record Broken: Hubble Spots Farthest Star Ever Seen