ഫെയ്സ് മാസ്കുകൾ ആരൊക്കെ ധരിക്കണം, എപ്പോഴൊക്കെ ധരിക്കണം എന്നീ കാര്യങ്ങളിൽ ഉള്ള നിർദ്ദേശങ്ങളിൽ ചില മാറ്റങ്ങൾ വരുന്നുണ്ട്. അമേരിക്കയിൽ എല്ലാ പൗരന്മാരും അവ ധരിക്കാൻ ആണ് ഏറ്റവും പുതിയ നിർദ്ദേശം. പൊതു സ്ഥലങ്ങളിൽ മാസ്ക്കുകൾ ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകേണ്ടതുണ്ട് എന്ന് കേരള മുഖ്യമന്ത്രിയും ഓർമ്മിപ്പിച്ചിരുന്നു. മാസ്ക് ധരിച്ചാലും നിലവിലെ സാഹചര്യത്തിൽ അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും, സാമൂഹ്യ അകലം പാലിക്കുകയും, കൈകൾ വൃത്തിയായി കഴുകി വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച പാടില്ല.
ശ്വാസ വായുവിലെ ചെറു ദ്രാവക കണങ്ങളുടെ വ്യാപനം ഒരു പരിധിവരെ തടയാൻ തുണികൊണ്ടുള്ള മാസ്കുകൾക്ക് കഴിയും.
എന്നാൽ മെഡിക്കൽ ഉപയോഗത്തിനുള്ള സർജിക്കൽ മാസ്കുകൾ പൗരന്മാർ ഉപയോഗിക്കുന്നത് അവയുടെ ലഭ്യത കുറയാൻ ഇടയാക്കും എന്നതിനാൽ അത് നിലവിലെ സാഹചര്യത്തിൽ ആശാസ്യമല്ല. തുണി കൊണ്ടുള്ള മാസ്ക് എങ്ങനെ സ്വയം തുന്നി ഉണ്ടാക്കാം എന്ന് ന്യൂയോർക്ക് ടൈംസിൽ Tracy Ma, Natalie Shutler എന്നിവർ ചേർന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ആവശ്യമുള്ള സാധനങ്ങൾ
- സൂചിയും നൂലും അല്ലെങ്കിൽ തയ്യൽ മെഷീൻ
- കത്രിക
- ക്ലിപ്പ് അല്ലെങ്കിൽ പിന്ന്
- 20 x 20 ഇഞ്ച് വലിപ്പമുള്ള 100% കോട്ടൺ തുണി
- കോട്ടൺ വള്ളി അല്ലെങ്കിൽ ഷൂലേസ് പോലെയുള്ള വൃത്തിയുള്ള ചരട്, അതുമല്ലെങ്കിൽ വീതികുറഞ്ഞ ഇലാസ്റ്റിക് (7 ഇഞ്ച് വീതം നീളം)
ചെയ്യേണ്ട വിധം
കോട്ടൺ തുണി വൃത്തിയായി കഴുകി ഉണക്കി എടുക്കുക. അതിനെ രണ്ടായി മടക്കിയ ശേഷം 9.5 ഇഞ്ച് നീളവും 6.5 ഇഞ്ച് വീതിയും ഉള്ള രണ്ടു ദീർഘ ചതുരങ്ങളായി വെട്ടി എടുക്കുക.
ഷൂലേസ് അല്ലെങ്കിൽ ചരട് ഇല്ലെങ്കിൽ ചരടിനായി മുക്കാൽ ഇഞ്ച് വീതിയുള്ള കോട്ടൺ തുണി നെടുകെ മൂന്നായി മടക്കിയ ശേഷം നടുവിൽ കൂടി നീളത്തിൽ തുന്നി ഏതാണ്ട് 18 ഇഞ്ച് വീതം നീളമുള്ള നാല് വള്ളികൾ ആക്കി എടുക്കുക
ദീർഘചതുരത്തിലുള്ള തുണി ഒരെണ്ണം എടുക്കുക. അതിന്റെ നാല് മൂലയിലും ആദ്യം തയ്യാറാക്കിയ വള്ളികൾ മൊട്ടു സൂചി കൊണ്ട് ഉറപ്പിച്ച് വെക്കുക.
രണ്ടാമത്തെ തുണിക്കഷണം എടുത്ത് ആദ്യത്തേതിന്റെ മുകളിൽ (ആദ്യം ഉറപ്പിച്ചു വെച്ച വള്ളികളെ കൂടി പൊതിയുന്ന വിധത്തിൽ ) വെയ്ക്കുക. വേണമെങ്കിൽ മൊട്ടു സൂചി കൊണ്ട് ഉറപ്പിച്ച് വെയ്ക്കാം.
ഒരു നീണ്ട വശത്ത് ഏകദേശം കാൽ ഇഞ്ച് മാർജിൻ ഇട്ടുകൊണ്ട് നടുക്കുനിന്ന് ഒരു മൂലയിലേക്ക് തുന്നുക. (ചിത്രം നോക്കുക). മൂലകളിൽ എത്തുമ്പോൾ ചരടിന്റെ അറ്റം കൂടി ചേർത്താണ് തുന്നുന്നത് എന്നും, അവ വേഗം വിട്ടു പോകില്ല എന്നും ഉറപ്പുവരുത്തണം.
ഒരു നീണ്ട വശത്തിന്റെ നടുക്കു നിന്ന് തുടങ്ങി, ബാക്കിയുള്ള മൂന്നു വശങ്ങളും തുന്നി ചേർത്ത്, തുന്നാൻ തുടങ്ങിയതിന് ഏതാണ്ട് രണ്ട് ഇഞ്ചോളം അകലെ എത്തുമ്പോൾ നിർത്തുക.
തുന്നാതെ ബാക്കിവെച്ച വിടവിൽ കൂടി വള്ളികൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറത്തേയ്ക്ക് എടുത്തു തിരിച്ചിടുക. ഇപ്പോൾ വള്ളികൾ 4 മൂലകളിൽ നിന്നും പുറത്തേക്ക് നിൽക്കുന്നുണ്ടാവും.
രണ്ട് തുണികളും ചേർത്തു പിടിച്ച് മൂന്ന് പാളികളായി മടക്കുക (സാരി ഉടുക്കുമ്പോഴും കടലാസ് വിശറി ഉണ്ടാക്കുമ്പോഴും മറ്റും ചെയ്യുന്ന പോലെ)
ഓരോ വശത്തെയും അഗ്രങ്ങളിൽ നിന്ന് ഏതാണ്ട് കാലിഞ്ച് അകത്തായി നാലുവശവും തുന്നുക. പാളികൾ നിവർന്നു പോകാതെ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ ആദ്യത്തെ തുന്നലിൽ നിന്ന് അൽപം അകത്തേക്ക് മാറ്റി ഒരു വട്ടം കൂടി തുന്നാവുന്നതാണ്.
ഇതോടെ മാസ്ക് ഉപയോഗത്തിന് തയ്യാറായിക്കഴിഞ്ഞു.
പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം full
അവലംബം: The New York Times
പരിഭാഷ: ഡോ.ചിഞ്ചു.സി