Read Time:6 Minute

ഡോ. കെ,പി.അരവിന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്

മനുഷ്യന്റെ പ്രസവം മറ്റു ജീവികളുടേതിനേക്കാൾ അപകടം പിടിച്ചതാണ്. നമ്മുടെ ഉയർന്ന ബുദ്ധിശക്തിയ്ക്കു കൊടുക്കേണ്ടി വന്ന വിലയാണിത്. വലിയ തലച്ചോറിനെ ഉൾക്കൊള്ളാൻ തലയോട്ടി വികസിക്കേണ്ടി വന്നു. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നേരത്തേ പുറത്തുവരിക എന്നതായിരുന്നു പരിണാമം അതിനു കണ്ടെത്തിയ ഒരു പരിഹാരം. പക്ഷെ ഇതുകൊണ്ടും പ്രസവസമയത്തുണ്ടാവുന്ന ബുദ്ധിമുട്ടുകളും അമ്മമാരുടെ മരണവും പൂർണമായി തടയാൻ കഴിഞ്ഞിരുന്നില്ല. ശിലായുഗ മനുഷ്യരിൽ ഒരു ലക്ഷം പ്രസവങ്ങളിൽ 1500 – 2000 അമ്മ മരണങ്ങൾ എന്ന തോതിൽ ഉണ്ടായിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്. പണ്ടുള്ള ശവക്കല്ലറകളിൽ 20-40 വയസ്സിൽ മരിച്ചവരിൽ പുരുഷന്മാരേക്കാൾ വളരെയേറെ സ്ത്രീകൾ ഉണ്ടായിരുന്നത് പ്രസവമരണങ്ങൾ മൂലമായിരുന്നെന്നാണ് കരുതപ്പെടുന്നത്.

അതുകൊണ്ട് സ്വാഭാവിക പ്രസവം എന്നാൽ ഒരുപാട് അമ്മമാർ മരിക്കുന്ന ഒരിടപാട് ആണെന്ന സത്യം അംഗീകരിക്കേണ്ടി വരും. പ്രസവശുശ്രൂഷയും, വൃത്തിയും, ആൻ്റിബയോട്ടിക്കുകളും, രക്തസ്രാവമുണ്ടെങ്കിൽ രക്തം നൽകാനുള്ള സംവിധാനങ്ങളും, ആവശ്യമെങ്കിൽ വയറുതുറന്ന് കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയൻ ശസ്ത്രക്രിയയുമൊക്കെ പ്രസവസംബന്ധിയായ മരണങ്ങളുടെ തോത് കുറച്ചു. പ്രസവമെടുക്കാൻ വൈദഗ്ദ്ധ്യമുള്ളവരും ആവശ്യമെങ്കിൽ സർജറി ചെയ്യാനുള്ള സൗകര്യവും ഒക്കെയുള്ള ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ മരണനിരക്ക് വളരെ ചെറിയ തോതിൽ മാത്രമാണെന്ന സ്ഥിതി വന്നു. വികസിത രാജ്യങ്ങളിൽ ഏതാണ്ട് എല്ലാ പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്നത് ഇതുകൊണ്ടാണ്. മാതൃമരണനിരക്ക് അവിടങ്ങളിലെല്ലാം 100000 പ്രസവങ്ങളിൽ ഇരുപതിൽ താഴെയാണ്. പലയിടത്തും പത്തിൽ താഴെ. ആലോചിച്ചു നോക്കൂ. ഒരു ലക്ഷം പ്രസവങ്ങളിൽ 1500 അമ്മമാർ മരിച്ചിടത്ത് വെറും 20 മരണങ്ങൾ മാത്രം! ആധുനിക വൈദ്യശാസ്ത്രത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം.

ഇന്ത്യയിൽ ഇന്നും 89% മാത്രമാണ് ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങൾ (NFHS-5). മാതൃമരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങളിൽ 97. ഏതാണ്ട് 100 ശതമാനം സ്ത്രീകളും ആശുപത്രികളിൽ പ്രസവിക്കുന്ന കേരളത്തിൽ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ 19 മാത്രമാണ്.

ആശുപത്രി പ്രസവങ്ങളുടെ ഗുണം ഇത്രയേറെ വ്യക്തമായി അറിയാവുന്ന ഇക്കാലത്തും വീട്ടിലെ ‘സ്വാഭാവിക’ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ ലോകമെമ്പാടുമുണ്ട്. ഇവർ കുട്ടികൾക്ക് പ്രതിരോധ വാക്സീനുകൾ നൽകുന്നതിനും കോവിഡ് വാക്സിനേഷനും ഒക്കെ എതിരാണ്. സ്വാഭാവികത്തിന്റെ അൾത്താരയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളേയും ബലി കൊടുക്കുന്നതിൽ ഇവർക്ക് ഒരു മടിയുമില്ല.

കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ അങ്ങിങ്ങായി പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപ്പങ്ങ്ച്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണ്. മലപ്പുറത്ത് ഇന്ന് മരിച്ച സ്ത്രീ ഈ മൗലികവാദികളുടെ ഇരയാണ്. ഇവർക്കെതിരെ ശക്തമായ നടപടി വേണം. ചുരുങ്ങിയത് നരഹത്യക്കുള്ള കേസെങ്കിലും എടുക്കണം.

Happy
Happy
33 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post 2025 ഏപ്രിൽ മാസത്തെ ആകാശം
Close