Read Time:23 Minute

തേയിലയ്ക്ക് ലോകത്തെ മാറ്റിമറിച്ച ചരിത്രമുണ്ട്. അതുവായിക്കാം

സുലക്ഷണ ഗോപിനാഥൻ എഴുതുന്നു

ചൂടുചായയും പത്രവും മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇതില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കുക തന്നെ പ്രയാസം. തേയില തിളപ്പിച്ചുണ്ടാക്കുന്ന പാനീയമാണ് ചായ. അതിനാൽ ചായയില എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഈ  തേയിലയ്ക്കാകട്ടെ ലോകത്തെ മാറ്റിമറിച്ച ചരിത്രമുണ്ട്. തേയിലയുടെ ശാസ്ത്രീയ നാമം ക്യാമെല്ലിയ സിനെൻസിസ് (Camellia sinensis) എന്നാണ്.  ഇവയുടെ ഉപയോഗത്തെക്കുറിച്ച് ആദ്യമായി തിരിച്ചറിഞ്ഞത് ചൈനക്കാരായിരുന്നു. പിന്നീട് വിശ്വപ്രസിദ്ധമായി മാറിയത് ബ്രിട്ടീഷുകാർ വഴിയാണ്.

ഓർക്കാപ്പുറത്തുണ്ടായ കണ്ടുപിടിത്തം

ബിസി 2737ൽ രാജാവ് ഷെൻ നുങ് ചൈനയിൽ രാജഭരണം നടത്തുന്ന കാലത്താണ് ഇതിന്റെ ഉപയോഗത്തെ കുറിച്ചുള്ള തിരിച്ചറിവുണ്ടാകുന്നത്. അദ്ദേഹത്തിന്റെ സേവകൻ ചൂടുവെള്ളം തിളപ്പിക്കുന്നതിനിടയിൽ പറന്നുവന്ന ചില ഇലകൾ അതിൽ വീണിരുന്നു. ഇത് സേവകന്റെ ശ്രദ്ധയിൽ പെട്ടില്ല. രാജാവ് ആ പാനീയത്തിന്റെ നിറവും, രുചിയും ആസ്വദിക്കുകയുണ്ടായി. രാജാവ് ഒരു  ഔഷധ വിദഗ്ധൻ കൂടി ആയിരുന്നു. അതിനാൽ  ആ സസ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. പല ചെടികളുടെയും ഔഷധ മൂല്യം പരിശോധിക്കാനായി ഷെൻ നുങ് അവ സ്വയം പരീക്ഷിച്ചിരുന്നു. അങ്ങനെ ചില വിഷാംശം പ്രതിരോധിക്കാനുള്ള ശക്തി ഈ ഇലക്ക് ഉണ്ടെന്നും അദ്ദേഹം മനസ്സിലാക്കി.  യാദൃച്‌ഛികമായി തന്റെ സേവകൻ കണ്ടുപിടിച്ച പാനീയത്തിന് കയ്പ്പ് രുചിയാണെങ്കിലും, അതിനോടൊരു പ്രത്യേക താല്പര്യം തോന്നി. ആ ചെടിയുടെ പേരാണ് ക്യാമല്ലിയ സിനെൻസിസ് അഥവാ നമ്മുടെ സ്വന്തം ചായ. അങ്ങനെ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ചായയുടെ ചരിത്രത്തിൽ വഴിത്തിരുവുണ്ടായി. അവിശ്വസനീയമായ ഈ കഥയ്ക്ക് തെളിവുകൾ നൽകിക്കൊണ്ടാണ് പുരാവസ്തു ഗവേഷകർക്ക് ചായ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന കുപ്പികൾ ശവകുടീരങ്ങളിൽ നിന്നും കണ്ടെത്തിയത്. .  ചൈനയിൽ ചായക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിക്കുകയും തുടർന്ന്  ദേശീയപാനീയമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

തേയില സഞ്ചരിച്ച  വഴി

ടാങ് ഡൈനസ്റ്റി യുടെ കാലത്താകട്ടെ മറ്റൊരു കഥയാണ് പ്രചരിച്ചിരുന്നത്. ഒരിക്കൽ ചെൻ ബുദ്ധിസത്തിന്റെ പ്രചാരകനായിരുന്ന ബോധിധർമ്മ ധ്യാനത്തിന് ശേഷം ഒൻപത് വർഷം ഉറങ്ങിപ്പോയി. അദ്ദേഹം ഉണർന്നപ്പോൾ തന്നോട് തന്നെ തോന്നിയ വെറുപ്പും , ദുഃഖവും മൂലം കൺപോളകൾ മുറിച്ച് മാറ്റാൻ തീരുമാനിച്ചു. അവ മണ്ണിൽ വളർന്നു വേരും തളിരും വെച്ച് ഉണ്ടായതാണത്രെ തേയില ചെടികൾ .   ഒരുപക്ഷേ ചായയുടെ ഇലകൾക്ക് ആകൃതിയിൽ കൺപോളയുമായുള്ള സാദൃശ്യമായിരിക്കാം ഇത്തരത്തിൽ ഒരു കഥയ്ക്ക് കാരണം. ചൈനയിൽ നിന്നും ബുദ്ധസന്യാസികൾ വഴിയാണ്  ജപ്പാൻ, കൊറിയ എന്നിങ്ങനെ പല ഏഷ്യൻ രാജ്യങ്ങളിലേക്ക് ചായ എത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ ആകട്ടെ ചായയുടെ കടന്നുകയറ്റം വന്നത് പതിനാറാം നൂറ്റാണ്ട് കാലഘട്ടത്തിലായിരുന്നു. പറങ്കികളാണ് ആദ്യമായി ഇവയെ ഉപയോഗിച്ചു തുടങ്ങിയത്. എങ്കിലും വാണിജ്യപരമായി ഇറക്കുമതി  നടത്തിയത് ഡച്ച് വംശജരാണ്. അങ്ങനെ പടിഞ്ഞാറെ യൂറോപ്പിൽ വിലയേറിയ പാനീയമായി ചായ വ്യാപിച്ചു തുടങ്ങി.

ബ്രിട്ടീഷ് കോളനികളിലേക്ക് വ്യാപനം

അധിനിവേശത്തിൽ മുൻപന്തിയിൽ നിന്നിരുന്ന ബ്രിട്ടീഷ് രാജ്യങ്ങളിൽ ആവട്ടെ ചാൾസ് രണ്ടാമന്റെ  പോർച്ചുഗീസ് രാജകുമാരി കാതറിനുമായുള്ള വിവാഹത്തിന് ശേഷമാണ് ചായ   ശ്രദ്ധനേടിയത്. രാജകുമാരിക്ക് ചായയോടുള്ള ആസക്തി മൂലമാണ് രാജ്യത്തെ സമ്പന്നർക്കിടയിൽ ഇത് പ്രചരിച്ചത്. എന്നാൽ ഇറക്കുമതി ചെയ്ത വസ്തുക്കളിൽ ചുമത്തിയ ഉയർന്ന നികുതിയാൽ സാധാരണക്കാർക്ക് ചായ സുപരിചിതമല്ലായിരുന്നു. തന്ത്രശാലികൾ എന്തിനും ഒരു പരിഹാരം കാണാതിരിക്കില്ലല്ലോ. തേയിലയുടെ വാണിജ്യം വർദ്ധിപ്പിക്കുന്നതിനായി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ബ്രിട്ടീഷുകാർ തുടങ്ങിയിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ പരിസമാപ്തി ആവുമ്പോഴേക്കും കള്ളക്കടത്തിന്റെയും മായം ചേർക്കലിന്റെയും സഹായത്തോടെ ചായ അങ്ങോളമിങ്ങോളം ബ്രിട്ടീഷ് അധീനതയിൽ ഉള്ള രാജ്യങ്ങളിൽ വൻ പ്രചാരം നേടിയെടുത്തു. അങ്ങനെ ബ്രിട്ടീഷുകാര്‍ക്ക്  ഏവർക്കും പ്രിയപ്പെട്ട പാനീയമായി ചായ മാറി . ആവശ്യക്കാർ കൂടുന്നതനുസരിച്ച് നിയമവിരുദ്ധമായ മാർഗങ്ങൾ വഴി ഇതിൻ്റെ വിൽപന രാജ്യത്തൊട്ടാകെ വർദ്ധിച്ചു. ഗുണനിലവാരത്തിന് യാതൊരു വിലയും കൽപ്പിക്കാതെ സാധാരണക്കാരന്റെ  താല്പര്യം ചൂഷണം ചെയ്യപ്പെട്ടു. തേയിലയുടെ ഇലകൾക്ക് ഒപ്പം  സമാനമായ മറ്റ് ഇലകൾ ചേർത്തും, ഒരിക്കല്‍ തിളപ്പിച്ച ഇലകൾ വീണ്ടും ഉണക്കി കലർത്തിയും കള്ളക്കടത്തിലൂടെ എത്തിയ ഇവ വിറ്റഴിക്കപ്പെട്ടു. നിറത്തിൽ സംശയം തോന്നാതിരിക്കാൻ ആട്ടിൻ ചാണകം മുതൽ ചെമ്പ് വരെ ഇവയ്ക്കൊപ്പം കൂട്ടിച്ചേർത്തു. ബുദ്ധി സാമർത്ഥ്യം കൂടുതലുള്ള ഇവർക്ക് സാധാരണക്കാരെ പറ്റിക്കാൻ വളരെ എളുപ്പമായിരുന്നു.

വെള്ളിനാണയം കൈമാറിയാണ് ചൈനയിൽ നിന്നും തേയില ഇറക്കുമതി നടത്തിയിരുന്നത്. എന്നാൽ തേയില വ്യാപാരത്തിൽ ചൈനയുമായി  ഏകാധിപത്യം സ്ഥാപിക്കുന്നതിനായി കുടില തന്ത്രങ്ങളും ബ്രിട്ടൻ നടത്തിയിരുന്നു. അതിൽ ഒന്നാണ് കറുപ്പ് (opium) കൈമാറ്റം.  വെള്ളിനാണയത്തിന് പകരം കറുപ്പ്  നൽകി തേയില സ്വന്തമാക്കുന്ന ഈ തന്ത്രം ചൈനക്കാരുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകിടം മറിച്ചു. മറ്റു രാജ്യങ്ങൾ ഒരിക്കലും അവരുടെ ആധിപത്യം ഈ വ്യവസായത്തിൽ സ്ഥാപിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉപായം അവർ കണ്ടെത്തിയത്.  1784 ൽ അധികാരത്തിൽ വന്ന പ്രധാനമന്ത്രി വില്യം പിറ്റ് സാധാരണക്കാർ ഉൾപ്പെടെ എല്ലാവർക്കും താങ്ങാൻ കഴിയുന്ന രീതിയിൽ , ചായയ്ക്ക് ഏർപെടുത്തിയ നികുതി വെട്ടി ച്ചുരുക്കി. അതുവഴി കള്ളക്കടത്തും മായം ചേർക്കലും നിരോധിക്കപ്പെട്ടു.

ഫോർച്യൂണിന്റെ പര്യവേഷണം

ഇന്ത്യയിലേക്ക് തേയില കൃഷി വ്യാപിപ്പിക്കുന്നതിന്നു മുന്നോടിയായി തൈകളും, വിത്തും ശേഖരിക്കുക എന്നത് എളുപ്പമായിരുന്നില്ല. ഇതിനായി 1848ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി റോബെർട് ഫോർച്യൂൺ എന്ന സസ്യശാസ്‌ത്രജ്ഞനെ നിയോഗിച്ചു. സിങ് വ എന്ന അപരനാമത്തിൽ  വു സി ഷാൻ കുന്നിൻ ചെരുവിലേക്ക് എത്തിയ അദ്ദേഹം അവരിലൊരാളായി ഇടപഴകി, വിശ്വാസം നേടിയെടുത്തു. തേയില കൃഷിയുമായി ബന്ധപ്പെട്ട രഹസ്യം ചോർത്തുകയായിരുന്നു പ്രധാന ലക്ഷ്യം. മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ചൈനയേക്കാൾ മുൻപന്തിയിൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കണമെങ്കിൽ മികച്ചരീതിയിൽ ഉല്പാദനപ്രക്രിയ വളർത്തുക അനിവാര്യമായിരുന്നു. ഇതിനായി ഷാങ്ഹായ് തീരത്ത് നിന്നും രണ്ട് സംഘടിതയാത്രയാണ് അദ്ദേഹം നടത്തിയത്.

ആക്സി താഴ്വരയിലെ തോട്ടങ്ങളിൽ നിന്നും ഗ്രീന് ടീ തൈകളും, വൂളി മലനിരകളിൽ നിന്നും ബ്ലാക്ക് ടീ തൈകളും ശേഖരിച്ചു. സന്ദർശിക്കുന്ന ഉദ്യോഗസ്ഥനെ പോലെ ഈ യാത്രകൾക്കിടയിൽ പല ഉല്പാദന ആസ്ഥാനങ്ങളെ സന്ദർശിക്കുകയും ചെയ്തു. അങ്ങനെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫലപ്രദമായ നിർമാണ പ്രക്രിയയെ കുറിച്ച് അതിസൂക്ഷ്മമായി പഠിച്ചു. ഇലകളുടെ സമാഹരണം മുതൽ വന്‍ തോതിലുള്ള ഉത്‌പാദനം, നിർമാണശാലയിൽ ഉണക്കൽ മുതൽ പൊടിക്കൽ അങ്ങനെ  വൈവിധ്യമാർന്ന ഘട്ടം-ഘട്ടമായുള്ള പരിചരണവും മേൽനോട്ടവും ഉണ്ടെന്ന് കണ്ടെത്തി. രഹസ്യ ദൂതനായി എത്തിയ ഫോർച്യൂൺ തേയില ഉല്പാദനത്തിനും തുടർന്ന് അനുയോജ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ മാർഗരേഖ തയാറാക്കി.  എന്നാലും ഈ മേഖലയിൽ നൈപുണ്യം പുലർത്തിയവരുടെ മേൽനോട്ടം അനിവാര്യമാണെന്ന് മനസ്സിലാക്കി.

ചൈനക്കാരെ നാടുകടത്തുക എളുപ്പമായിരുന്നില്ല. വിദേശികളാൽ സ്വാധീനിക്കാൻ കഴിയുമായിരുന്ന അധികൃതരുടെ സഹായത്തോടെ, മേലധികാരികളെ  കബളിപ്പിച്ചുകൊണ്ട്, എട്ട്  അസാധാരണമായ തേയില കർഷകരെയും, സംഭരിച്ച പതിമൂവായിരം വിത്തുകളുമായി ഫോർച്യൂൺ ഇന്ത്യയിലേക്ക് തിരിച്ചു. ചൈനീസ് മേലധികാരികൾ അവർ  കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ തേയില ഉത്പാദക വിതരണ കേന്ദ്രമായി ബ്രിട്ടീഷ് ഇന്ത്യ മാറികഴിഞ്ഞിരുന്നു.

ചായയും ആരോഗ്യവും

ചായയുടെ ആരോഗ്യപരമായ ഏർപെടലുകളെ കുറിച്ചുള്ള ചിന്തകളും ഒട്ടും തന്നെ കുറവായിരുന്നില്ല. പാനീയ രൂപത്തിൽ ചായ സേവിക്കുന്നത് ശരീരത്തിന് നല്ലതാണോ അല്ലയോ എന്ന സംശയം ഏറെയായിരുന്നു. ചൈനീസ് രാജാവിന് ഇവയെ കുറിച്ച് അറിയുമായിരുന്നെങ്കിലും ഔഷഡ ഗുണത്തെ കുറിച്ചുള്ള പ്രചാരം യൂറോപ്യൻ രാജ്യങ്ങളിൽ  ശക്തിയാർജിച്ചിരുന്നില്ല. 250 വർഷങ്ങൾക്കു മുൻപേ വാണിജ്യപരമായി തേയിലക്ക് നേട്ടമുണ്ടായത് ഔഷധവിജ്ഞാനം മൂലമല്ല. അന്ന് ഊർജ്ജം നൽകുന്ന ഒരു പാനീയം എന്ന വിശേഷണം മാത്രമേ  ഉണ്ടായിരുന്നുള്ളൂ. എന്നാലും പലരും ചായക്ക് അടിമയായിരുന്നു. ഒരുകണക്കിന് നോക്കുകയാണെങ്കിൽ ബ്രിട്ടനിലേക്ക് ചായ വന്നത് തന്നെ പോർച്ചുഗീസ് രാജകുമാരിക്ക് ചായയോട് ഉണ്ടായിരുന്ന ആസക്തി മൂലം ആണല്ലോ.

ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചിരുന്ന വിഷയമാകട്ടെ തൊഴിലാളി വർഗ്ഗത്തിന് ഇടയിൽ വർദ്ധിച്ചു വരുന്ന ചായയുടെ പ്രചാരം ആയിരുന്നു. ഇതിന്റെ ഉപയോഗം മൂലം അവർക്ക് തൊഴിലിലുള്ള ശ്രദ്ധ നഷ്ടപ്പെടുമോ, അധ്വാനിക്കാനുള്ള ശക്തി ഇല്ലാതാകുമോ എന്നതായിരുന്നു സമൂഹത്തിന്റെ ഏറ്റവും വലിയ പേടി . സമ്പന്നർക്കിടയിൽ വളർന്നുവരുന്ന ഉപയോഗം ഒരിക്കലും അവരെ ഭയപ്പെടുത്തിയിരുന്നില്ല. ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളി വർഗത്തെ ആയിരുന്നല്ലോ അധിനിവേശ രാജ്യങ്ങൾ ഒന്നടങ്കം  ഉറ്റുനോക്കിയിരുന്നത്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ നല്ല മനോഭാവം വർദ്ധിപ്പിക്കാൻ ചായക്ക് കഴിയും എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ തൊഴിലാളികൾക്ക് ആഘോഷവേളകളിൽ മദ്യത്തിന് പകരം ചായ വിതരണം ചെയ്യപ്പെട്ടു. അങ്ങനെ എല്ലാവരിലേക്കും ചായയുടെ വ്യാപനം ഉർജസ്വലമയി മാറി.

ക്ലിപ്പർ ബോട്ടിന്റെ ആധിപത്യം

ഈസ്റ്റിന്ത്യാ കമ്പനിക്ക് ചൈനയുമായുള്ള വ്യാപാരത്തിൽ ഉണ്ടായിരുന്ന ഏകാധിപത്യം മൂലം തേയില ഇറക്കുമതി ചെയ്യുന്നതിൽ ആശയക്കുഴപ്പങ്ങൾ ഒന്നും തന്നെ നിലനിന്നിരുന്നില്ല. എന്നാൽ 1834 നു ശേഷം ക്ലിപ്പർ ബോട്ടുകളുടെ സഹായത്തോടു കൂടെ പലഭാഗങ്ങളിൽ നിന്നായി ചൈനയിലേക്ക് തേയില സംഭരിക്കുന്നതിനായി വ്യാപാരികൾ എത്തിത്തുടങ്ങി.  ബ്രിട്ടീഷ് വ്യാപാരികൾക്കും അമേരിക്കൻ വ്യാപാരികൾക്കും  ഇടയിൽ ഒരു മത്സരം തന്നെ ഉടലെടുത്തു .

ക്ലിപ്പർ ബോട്ട്

ക്ലിപ്പർ ബോട്ടുകൾ എന്ന് പറയുമ്പോൾ മെലിഞ്ഞ വരകൾ ഉള്ള, ഉയരത്തിൽ കൊടിമരങ്ങൾ ഉള്ള, കൂറ്റൻ കപ്പലുകൾ ആയിരുന്നു. ഇവയ്ക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള കഴിവുണ്ടായിരുന്നു. സാധാരണ ബോട്ടുകൾ വഴി രണ്ടു വർഷക്കാലം വരെ എടുത്തിട്ടായിരുന്നു ചൈനയിൽ നിന്നും ബ്രിട്ടനിലേക്ക് തേയില ഇറക്കുമതി നടന്നിരുന്നത് . എന്നാൽ ക്ലിപ്പർ ബോട്ടുകളുടെ കടന്നുകയറ്റത്തോടെ ഇവ പെട്ടെന്ന് കടത്താൻ കഴിഞ്ഞിരുന്നു.

ഇന്ത്യയിൽ തേയിലത്തോട്ടങ്ങളുടെ കാലഘട്ടം

ചൈനയുമായുള്ള കുത്തക വ്യവസായ ബന്ധങ്ങൾ മൂലമാണ് ഈസ്റ്റിന്ത്യാ കമ്പനി ചായ കുടിക്കുന്ന ശീലത്തേ പ്രചരിപ്പിച്ചത്. പിന്നീട് കുത്തക വ്യവസായങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് ഈസ്റ്റിന്ത്യാ കമ്പനി തേയില തോട്ടങ്ങൾ സ്ഥാപിച്ചു തുടങ്ങി. ബ്രിട്ടീഷ് ഇന്ത്യ തേയില കൃഷിയുടെ പ്രധാന കേന്ദ്രമായി മാറി. ആസാം ആയിരുന്നു മുഖ്യ പ്രദേശം.  മികച്ച ഗുണനിലവാരമുള്ള വിപണനയോഗ്യമായ തേയിലയുടെ കൃഷി 1839 കളിൽ ആണ് പ്രാബല്യത്തിൽ വന്നത്.

പിന്നീട് 1858ല്‍ ബ്രിട്ടീഷ് സർക്കാർ ഈസ്റ്റിന്ത്യാ കമ്പനിയിൽനിന്നും ഇന്ത്യയിലുള്ള അധികാരം ഏറ്റെടുക്കുകയും തേയില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തീവ്ര പരിചരണം നടത്തുകയും ചെയ്തു . ഇതിൻറെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേക്കും തേയില കൃഷി വ്യാപിച്ചു. 1888ൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ തേയില കയറ്റുമതി നടക്കുന്ന രാഷ്ട്രമായി ബ്രിട്ടീഷ് ഇന്ത്യ മാറി.

ഇന്ന് ഇന്ത്യയിൽ തേയില ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്നത് ആസ്സാം, പശ്ചിമ ബംഗാള്, തമിഴ്നാടു, കേരള, ത്രിപുര, അരുണാചല് പ്രദേശ്, മിസോറാം, മണിപ്പൂര് തുടങ്ങിയ പ്രദേശങ്ങളിൽ  ആണ്. ആസ്സാമിലുള്ള ജോർഹട് ടീ ബംഗ്ലാവ് “ടീ ക്യാപിറ്റൽ ഓഫ് ദി വേൾഡ് ” എന്നാണ് അറിയപ്പെടുന്നത്.

ലണ്ടൻ ടീ ഓക്ഷൻ

ബ്രിട്ടീഷ് ആധിപത്യം ഉണ്ടായിരുന്ന മറ്റു രാജ്യങ്ങളിൽ തുടങ്ങിയ തേയില കൃഷി സാധാരണക്കാർക്കിടയിൽ ഇവയുടെ  ലഭ്യത വളർത്തുന്നതിനും എല്ലാ ബ്രിട്ടീഷുകാർക്കും ഇടയിൽ പ്രചാരം നേടുന്നതിനും സഹായിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ബ്രിട്ടീഷ് രാജ്യത്തിൽ പൂർണമായും എല്ലാവരും അവരുടെ സംസ്കാരത്തിൻറെ ഭാഗമായി ചായയെ അംഗീകരിച്ചു തുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് തേയിലയുടെ  കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായും, വിവിധയിനം തേയിലകൾ സംഭരിക്കുന്നതിനായും, ഈസ്റ്റിന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ ലണ്ടൻ ടീ ഓക്ഷൻ സംഘടിപ്പിച്ചിരുന്നു. പ്രധാനമായും ചൈന, സിലോൺ, ഇന്ത്യ  എന്നിവിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന  തേയില ഇനങ്ങളാണ് ഈ പ്രദർശനത്തിനായി കൊണ്ടുവന്നിരുന്നത്.  ലോകത്തെമ്പാടും ഉള്ള പല വ്യാപാരികളും ഈ കാര്യക്രമത്തിൽ പങ്കുകൊണ്ടിരുന്നൂ. ഇതുവഴി തേയില വ്യാപാരികൾക്കിടയിലുള്ള ശൃംഖല വളരുകയും ചെയ്തു. അവസാനമായി ലണ്ടൻ ടീ ഓക്ഷൻ  നടന്നത് 1998ൽ ആണ്.

ഇന്നത്തെ ചായ

ഇന്ന് നമുക്ക് ചുറ്റും വിവിധ ഇനം തേയില ഉല്പന്നങ്ങൾ വില്പനക്കായി എത്തുന്നുണ്ട്. വിവിധ രൂപത്തിലും നമ്മുടെ താല്പര്യങ്ങൾ  അനുസരിച്ചും അവ വിപണികളെ കീഴടക്കുന്നു. ബ്ലാക്ക് ടീ, ഗ്രീന് ടീ, മസാല ടീ, , ഐസ് ടീ എന്നിങ്ങനെ പല തരത്തിലും ലഭ്യമാണ്. പൊടിയായും, ടീ ബാഗ് ആയും, കോംബുചാ  ആയും കമ്പോളത്തിലേക്ക് തേയില ഉല്പന്നങ്ങൾ സുലഭമായി എത്തുന്നു. ഇവയെല്ലാം തേയിലയുടെ വിപണിയെ മുന്നോട്ട് നയിക്കുന്നതിലും, വർദ്ധിപ്പിക്കുന്നതിലും ഏറെ പങ്കു വഹിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലും തേയിലത്തോട്ടങ്ങൾ മുൻപന്തിയിൽ തന്നെ. ചായയ്ക്ക് വെല്ലുവിളിയായി ഇതുവരെ വേറെ വിളകൾക്കൊന്നും ഉയരാൻ കഴിയാത്തത് ഇവയുടെ മാറ്റ് കൂട്ടുന്നു. നാട്ടിൽ കേട്ടുവരുന്ന ചായ സത്കാരം എന്ന പ്രയോഗം തന്നെ എത്രമാത്രം വലിയ പങ്കാണ് നമ്മുടെ ജീവിതത്തിൽ ചായക്കുള്ളത് എന്നാണ് സൂചിപ്പിക്കുന്നത്.



ലൂക്ക ലേഖനങ്ങൾ

Happy
Happy
14 %
Sad
Sad
0 %
Excited
Excited
80 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

2 thoughts on “ചായയുടെ ദീർഘ ചരിത്രം

  1. ചരിത്രത്തിൽ ഒരു രുചിയും രാജാവുണ്ടാക്കിയതാണെന്നതിന് തെളിവില്ല. ശവകുടീരങ്ങളിൽ നിന്ന് ചായക്കോപ്പ ലഭിച്ചത് ചായ രാജന്യമാണെന്നതിന് തെളിവല്ല. സമാനമായ കഥകൾ ഉപ്പ് ഉൾപ്പെടെ പല രുചികളുടെ പേരിലും പ്രചാരത്തിലുണ്ട്. പക്ഷേ അവയൊന്നും ചരിത്രമാണെന്ന് പറയരുത്. ചായയെ സംബന്ധിച്ച് പ്രബലമായ മറ്റൊരു വാദം അതിൻ്റെ ഫോക്ക് ഒറിജിനെ സംബന്ധിച്ചുള്ളതാണ്. ഉന്മേഷദായകമോ ലഹരിയോ ആയി ചായ പല ചൈനീസ് ഗോത്രങ്ങളും നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നു. പിന്നീട് അതിഥി സത്കാരത്തിനുൾപ്പെടെ
    വ്യാപകമായി ഉപയോഗിക്കപ്പെടുകയും
    ചെയ്തു എന്നതാണത്.

  2. ചരിത്രത്തിൽ ഒരു രുചിയും രാജാവുണ്ടാക്കിയതാണെന്നതിന് തെളിവില്ല. ശവകുടീരങ്ങളിൽ നിന്ന് ചായക്കോപ്പ ലഭിച്ചത് ചായ രാജന്യമാണെന്നതിന് തെളിവല്ല. സമാനമായ കഥകൾ ഉപ്പ് ഉൾപ്പെടെ പല രുചികളുടെ പേരിലും പ്രചാരത്തിലുണ്ട്. പക്ഷേ അവയൊന്നും ചരിത്രമാണെന്ന് പറയരുത്. ചായയെ സംബന്ധിച്ച് പ്രബലമായ മറ്റൊരു വാദം അതിൻ്റെ ഫോക്ക് ഒറിജിനെ സംബന്ധിച്ചുള്ളതാണ്. ഉന്മേഷദായകമോ ലഹരിയോ ആയി ചായ പല ചൈനീസ് ഗോത്രങ്ങളും നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നു. പിന്നീട് അതിഥി സത്കാരത്തിനുൾപ്പെടെ
    വ്യാപകമായി ഉപയോഗിക്കപ്പെടുകയും
    ചെയ്തു എന്നതാണത്.

Leave a Reply

Previous post പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ
Next post മനുഷ്യ വിസർജ്യത്തിൽ മുങ്ങിത്താഴുന്ന മുഖങ്ങൾ
Close