
ചെമ്പരത്തി… മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഒരു മുദ്ര. അലങ്കാര സസ്യങ്ങളിൽ എന്നും ആദ്യത്തേത്. വീട്ടുവളപ്പിൽ ഒരു ചെമ്പരത്തിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നത് എത്രയോ കാലങ്ങളായി മലയാളിയുടെ ശീലമാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്ത് നാടൻ പൂക്കളങ്ങളിലും ഒഴിച്ചുകൂടാനാവാത്ത പൂവാണ് നമ്മുടെ സ്വന്തം ചെമ്പരത്തി. മലേഷ്യയുടെ ദേശീയ പുഷ്പവും ചെമ്പരത്തിയാണ്.

ബയോളജി പഠിക്കുന്ന കുട്ടികൾ പൂവിൻറെ ഘടന പഠിക്കുമ്പോൾ മാതൃകയായി പാഠ പുസ്തകങ്ങളിൽ പഠിച്ചിട്ടുള്ളത് ചെമ്പരത്തി തന്നെ. ഒരു പക്ഷേ നമ്മളിൽ പലരും പഠിച്ചിട്ടുള്ള ആദ്യ സസ്യ ശാസ്ത്ര നാമം ചെമ്പരത്തിയുടേത് തന്നെയാവും.
ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഇനങ്ങൾ ഉണ്ട്. പല നിറങ്ങളിലും വലുപ്പത്തിലും ആകൃതിയിലും ഉള്ള പൂക്കൾ വിവിധ ഇനങ്ങളിൽ കാണാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക്, വെള്ള തുടങ്ങി വിവിധ വർണ്ണങ്ങളിൽ ചെമ്പരത്തി പൂക്കൾ കാണപ്പെടുന്നു. ചില ഇനങ്ങളിൽ ഒറ്റ പൂക്കളും മറ്റു ചിലവയിൽ ഇരട്ട പൂക്കളും ഉണ്ടാകും. ഇത്രയധികം വൈവിധ്യം ഉള്ളതിനാൽ തന്നെ ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിൽ ചെമ്പരത്തിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.

അലങ്കാര സസ്യമെന്നതിനപ്പുറം ചെമ്പരത്തിക്ക് ഔഷധഗുണങ്ങളും ഏറെയാണ്. പരമ്പരാഗത ചികിത്സയിൽ ചെമ്പരത്തിയുടെ പൂക്കൾ, ഇലകൾ, വേരുകൾ എന്നിവ ഉപയോഗിക്കുന്നു. മുടികൊഴിച്ചിൽ തടയാനും മുടി വളർച ത്വരിതപ്പെടുത്താനും ചെമ്പരത്തി സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

എന്നാൽ നമ്മളെയൊക്കെ എന്നും ചുവന്ന പൂപുഞ്ചിരി വിരിയിച്ച് സന്തോഷിപ്പിക്കുന്ന ചെമ്പരത്തി വലിയൊരു നിഗൂഢ രഹസ്യവും പേറിയാണ് നിന്നിരുന്നത് എന്നറിയാമോ?. സ്വന്തം വംശ പാരമ്പര്യമാണ് ആ രഹസ്യം. അത് അനാവരണം ചെയ്യാൻ പലരും ശ്രമിച്ചെങ്കിലും ഒരു പ്രഹേളികയായി തുടരുകയായിരുന്നു.
യഥാർത്ഥത്തിൽ ആരാണവൾ? എവിടെ നിന്നും വന്നു?
ആദ്യമായി ചെമ്പരത്തിയെ യൂറോപ്പിലേക്ക് പരിചയപ്പെടുത്തുന്നത് വാൻ റീഡ് ആണ്. തന്റെ വിഖ്യാത ഹോർത്തൂസ് മലബാറിക്കസ് ഇൻഡിക്കസ് വഴി. ഇരട്ട ഇതളുള്ള ഒരു ചെമ്പരത്തിയെ ആണ് അദ്ദേഹം അനാവരണം ചെയ്തത്.

സസ്യശാസ്ത്രപരമായി ചെമ്പരത്തിയെ Hibiscus rosa-sinensis എന്ന നാമത്തിൽ വിളിച്ചത് വർഗീകരണശാസ്ത്രത്തിന്റെ പിതാവായ ലിന്നെയസാണ്. ചൈന റോസ് എന്ന ഒരു വിളിപ്പേരിൽ നിന്നും കടംകൊണ്ടതാണ് ലാറ്റിൻ നാമം. “A striking red, double-flowered plant cultivated in India, Sri Lanka, and Indonesia” എന്നാണ് ചെമ്പരത്തിയെ വർണിച്ചത്. അതിനാൽ തന്നെ ഏറെക്കാലം സസ്യ ശാസ്ത്രഞ്ജർ കരുതി പൊന്നിരുന്നത് ചൈനയാണ് ഇതിന്റെ ഉത്ഭവ കേന്ദ്രം എന്നാണ്. പേര് ചൈന റോസ് എന്നാണെങ്കിലും ചൈനയിൽ മാത്രമല്ല ചെമ്പരത്തി കാണുന്നത്. തെക്ക് കിഴക്കൻ ഏഷ്യയിലും ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും എന്നുവേണ്ട ആധുനിക മനുഷ്യർ ജീവിക്കുന്ന ഏകദേശം എല്ലായിടങ്ങളിലും ചെമ്പരത്തിയുണ്ട്.
അല്ലെങ്കിൽ ആധുനിക മനുഷ്യൻ ജീവിക്കുന്ന ഇടങ്ങളിൽ മാത്രമേ ചെമ്പരത്തിയുള്ളൂ.
അതുതന്നെ…
നമ്മുടെ ചെമ്പരത്തി വന്യതയിൽ ഇല്ല…
ഒരു കാട്ടിലും ചെമ്പരത്തി സ്വാഭാവികമായി കാണില്ല.
അവൾ കാട്ടിൽ വളരുന്ന ഒരിനമേയല്ല!

നമ്മൾ നട്ടുവളർത്തുന്ന മിക്ക ചെടികൾക്കും കാട്ടിൽ ബന്ധുക്കളുണ്ട്. ഏകദേശം 10000 വർഷത്തോളമുള്ള കാർഷികവൃത്തി മൂലം ഏറ്റവും അനുഗുണമായ സ്വഭാവ സവിശേഷതകൾ ഉള്ള സസ്യങ്ങളെ മാത്രം തിരഞ്ഞെടുത്തുകൊണ്ട് ഇന്ന് കാണുന്ന ലക്ഷക്കണക്കിന് വിളകൾ ഉണ്ടായിട്ടുണ്ട്. മനുഷ്യർ സങ്കരയിനങ്ങൾ കൃതൃമമായി ഉണ്ടാക്കുന്നത് അടുത്ത കാലത്താണ്.
എന്നാൽ, ചെമ്പരത്തിയുടെ കാര്യം വ്യത്യസ്തമാണ്. വന്യതയിൽ ഇല്ലാത്ത ചെമ്പരത്തി പിന്നെ എവിടെ നിന്നും വന്നു?
ഈ ചോദ്യത്തിന് ഉത്തരം തേടി ഒരു സംഘം ഗവേഷകർ ചെമ്പരത്തിയുടെ വംശാവലി അന്വേഷിച്ച് ഇറങ്ങി. ഇറ്റലിയിലെ Institute of Agricultural Biology and Biotechnology യിലേ Luca Braglia യും സംഘവും ആയിരുന്നു അത്. അവർ അവലംബിച്ചത് ആവട്ടെ ഡിഎൻഎ അധിഷ്ഠിത തന്മാത്രാ വർഗ്ഗീകരണ പഠനവും. ചെമ്പരത്തി വിഭാഗത്തിലെ വിവിധ സസ്യങ്ങളുടെ സാമ്യതകളും വ്യതിയാനങ്ങളും മറ്റും വിശദമായി തന്നെ പഠിച്ചു.
വർഷം 1769, പര്യവേഷകരായ ജോസഫ് ബാങ്ക്സ്, ഡാനിയൽ സോളാൻഡർ എന്നിവർ ക്യാപ്റ്റൻ കൂക്കിനോട് ഒപ്പം സമുദ്രയാത്രയിൽ ആയിരുന്നു, ഇന്നത്തെ തഹിത്തി യിൽ അവർ വളരെ ആഘർഷകമായ ചുവന്ന നിറത്തോട് കൂടിയ ഒരു ചെമ്പരത്തിയെ കണ്ടെത്തി. ഒരു സെറ്റ് ഇതളും രണ്ട് സെറ്റ് ഇതളും ഉള്ളവ അതിൽ ഉണ്ടായിരുന്നു. അവിടെ അതിനെ വിളിച്ചത് കൌട്ടെ എന്നായിരുന്നു. വർഷങ്ങളോളം ഇത് H. rosa-sinensis എന്ന നമ്മുടെ ചെമ്പരത്തി തന്നെയാണ് എന്നാണ് ശാസ്ത്ര ലോകം കരുതിയത്. എന്നാൽ അടുത്ത കാലത്തെ സസ്യ ശാസ്ത്ര പഠനം ഈ ധാരണ അപ്പാടെ മാറ്റി മറിച്ചു, ചെമ്പരത്തിയുമായി ജെനിതക സാമ്യത മാത്രമുള്ള മറ്റൊരു സ്പീഷീസ് ആണ് ഇത് എന്ന് തെളിയിക്കപ്പെട്ടു, അപ്പൊൾ അത് Hibiscus kaute എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ഇളം മഞ്ഞ അല്ലെങ്കിൽ ഇളം ചുമപ്പ് നിരത്തിൽ മറ്റൊരു ചെമ്പരത്തീ ബന്ധു ഇംഗ്ലണ്ടിൽ തരംഗം സൃഷ്ടിക്കുന്നുണ്ടായിരുന്നു. 1863 ൽ ബ്രിട്ടീഷ് ഗ്രീൻ ഹൌസുകളിൽ നിന്നും കണ്ടെത്തിയ Hibiscus cooperi. എന്നാൽ ഇതിന്റെ ഉത്ഭവ സ്ഥാനമാവട്ടെ തെക്ക് പടിഞ്ഞാറെ പസഫിക്ക് സമുദ്രത്തിലെ ഒരു ചെറു ദ്വീപായ വാണുവാട്ടു ആയിരുന്നു, അതിന്റെ വന്യ ബന്ധുക്കള് അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിച്ചു.

നമ്മുടെ H. rosa-sinensis എന്ന ചെമ്പരത്തിയുടെ ഉത്ഭവ രഹസ്യം കിടക്കുന്നത് ഇതിലാണ്, ഈ രണ്ട് സസ്യങ്ങളുടെയും സ്വഭാവങ്ങളുടെ ഒരു മിശ്രിതമാണ് നമ്മുടെ ചെമ്പരത്തി, ഇലകളിലും പൂവിലും എല്ലാം ഇവയുടെ മിശ്ര സ്വഭാവം കാണാം. അപ്പോൾ നമ്മുടെ ചെമ്പരത്തി ഹിബിസ്കസ് കൗട്ടെ (Hibiscus kaute), ഹിബിസ്കസ് കൂപ്പറി (Hibiscus cooperi) എന്നിവയുടെ സങ്കരയിനമാണെന്നാണ്.
ഈ രണ്ടു ഭൂപ്രദേശങ്ങൾ തമ്മിൽ 4000 കിലോമീറ്ററിലധികം കടൽ ദൂരമുണ്ട്. സ്വാഭാവിക സങ്കരണം ഇവ തമ്മിൽ പ്രകൃത്യാൽ സാദ്ധ്യമല്ല. അതിന്റെ അർഥം പോളിനേഷ്യക്കാർ പണ്ടുകാലത്ത് കനോകളുപയോഗിച്ച് (തുഴയുന്ന ചെറിയ വള്ളം) ഹിബിസ്കസ് കൗട്ടെയേ പസഫിക് സമുദ്രത്തിലൂടെ കൊണ്ടുവന്നിട്ടുണ്ട്. വാനുവാട്ടു ദ്വീപുകളിൽ കൊണ്ടു വന്ന ഇതിനെ ഹിബിസ്കസ് കൂപ്പറി ആയി വർഗ്ഗ സംങ്കരണം നടന്ന് / നടത്തി ഉണ്ടായ സങ്കരയിനമാണ് നമ്മുടെ ചെമ്പരത്തി.
അങ്ങനേയാണ് വന്യതയിൽ ഇല്ലാത്ത ചെമ്പരത്തി ഉരുത്തിരിയുന്നത്. ജനിതക പഠനങ്ങളും ഇതിനെ ശെരി വെച്ചു. അതായത് തെക്ക് പടിഞ്ഞാറെ പസഫിക്ക് ദ്വീപുകളിൽ വർഗ്ഗ സങ്കരണം വഴി ഉണ്ടായ ചെമ്പരത്തി അവിടെ നിന്നും ന്യൂ ഗിനിയ, ഇൻഡോനേഷ്യ വഴി യാത്ര ചെയ്ത് ജപ്പാൻ, ചൈന, ഇന്ത്യ വഴി യൂറോപ്പിൽ എത്തി.

മറ്റ് ചെമ്പരത്തി വർഗ്ഗങ്ങളിൽ ധാരാളം വിത്തുകൾ ഉണ്ടാവുമ്പോൾ നമ്മുടെ ചെമ്പരത്തിയിൽ പഴങ്ങളും വിത്തുകളും അപൂർവ്വമാണ്. എന്താവും ഇതിന് കാരണം?. ചെമ്പരത്തിയുടെ ഉത്ഭവ രഹസ്യവും ഇതും തമ്മിൽ ബന്ധം ഉണ്ട്.
വിവിധ സസ്യങ്ങൾ തമ്മിൽ സങ്കരയിനം പ്രകൃത്യാൽ ഉണ്ടാവാത്തതിനുള്ള പ്രധാന കാരണം ജനിതകമാണ്. ഓരോ സസ്യത്തിന്റെയും ക്രോമസോമുകളും ജീനുകളും അതിന്റേത് മാത്രമായ തനത് രീതിയിലാണല്ലോ. ഓരോ ക്രോമസോമുകളും രണ്ടെണ്ണം വീതമാണ് മിക്കവാറും ജീവികളിൽ കാണുക. പ്രത്യുൽപാദനത്തിന്റെ ഭാഗമായി ലൈംഗിക കോശങ്ങൾ ഉണ്ടാവുമ്പോൾ നടക്കുന്ന കോശ വിഭജനം മിയോസിസ് എന്ന ഊനഭംഗമാണ്. അപ്പോഴാണ് ക്രോമസോമുകളെ തുല്യമായി വിഭജനം നടത്തുന്നത്. രണ്ടെണ്ണമുള്ള ഒരേ ക്രോമസോമുകൾ അടുത്തടുത്ത് വന്ന് ജോഡിയായി നിൽക്കുകയും വിഭജന സമയത്ത് രണ്ട് സന്താന കോശങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്യുന്നു.
ഇതിനെ ഹോമലോഗസ് ക്രോമസോമുകളുടെ ജോഡിയാക്കൽ അല്ലെങ്കിൽ പെയറിങ് എന്നാണ് പറയുന്നത് (Homologous Chromosome Pairing). ഈ ജോഡിയാക്കൽ പ്രക്രിയ കൃത്യമായി നടന്നില്ല എങ്കിൽ വിഭജനം താളം തെറ്റും. വളരെ വ്യത്യസ്ത സസ്യങ്ങളിൽ നിന്നുള്ള ക്രോമോസോമുകൾ വരികയാണെങ്കിൽ ഈ ജോഡിയാക്കൽ പ്രക്രിയ കൃത്യമായി നടക്കില്ല. ഒരേ പോലെ ഉള്ളവർ മാത്രമേ കൃത്യമായി ജോഡിയാവൂ.

എല്ലാ സാധനങ്ങളും ഒരേ പോലെ രണ്ടെണ്ണം ഉപയോഗിക്കുന്ന, ഇരട്ട കുട്ടികൾ ഉള്ള ഒരു വീട് സങ്കൽപ്പിക്കുക. ആരെങ്കിലും വിരുന്നുകാർ വരുമ്പോൾ ഒരു പാക്കറ്റ് മിട്ടായി മാത്രം കൊണ്ട് വന്നാലോ? മിക്കവാറും കുട്ടികൾ പാക്കറ്റ് വലിച്ച് കീറി അലമ്പ് ആവും.
ക്രോമോസോമുകളും അത് പോലെ തന്നെ. രണ്ടും ഒരേ പോലെ അല്ലെങ്കിൽ വലിച്ച് കീറി ആകെ മൊത്തം പ്രശ്നമാവും. ഫലമോ അങ്ങനെയുള്ള സങ്കരയിനം നില നിൽക്കില്ല.
അപ്പോൾ മിയോസിസ് നടക്കണം എങ്കിൽ ജനിതക സാമ്യത അത്യാവശ്യമാണ്. അതല്ല എങ്കിൽ ഇതിന് ഒരു പ്രതിവിധി ക്രോമസോം ഇരട്ടിപ്പിക്കുക എന്നതാണ്. അങ്ങനെ ഇരട്ടിച്ച ക്രോമോസോമുകൾ ഉള്ള ജീവികളെ പോളിപ്ലോയിഡുകൾ എന്നാണ് പറയുക. എല്ലാ ക്രോമോസോമുകളും രണ്ടെണ്ണം വീതമാവുമ്പോൾ ജോഡിയാകലും പിരിയലും ഒക്കെ കൃത്യമായി നടക്കും. Hybridization and chromosome doubling എന്നാണ് ഇത് അറിയപ്പെടുന്നത്.
നമ്മുടെ ഹൈബ്രിഡ് വിളകൾ പലതും പോളിപ്ലോയിഡുകളാണ്, വിളകളിൽ അത് കൃത്രിമമായി സൃഷ്ടിക്കുകയാണ്. പ്രകൃത്യാൽ ഇത് അപൂർവ്വമായെ നടക്കാറുള്ളൂ.
ചെമ്പരത്തി ഇത് പോലെ ഒരു പോളിപ്ലോയിഡാണ്, പരിണാമപരമായി താരതമ്യേന ഒരു പുതിയ സസ്യം. അതിനാൽ തന്നെ അതിന്റെ പരാഗണം, പൂവ് കായ ഇതൊക്കെ ഒന്ന് സെറ്റ് ആയി വരുന്നതേ ഉള്ളൂ. അതിനാലാണ് പഴം വിത്ത് ഇതൊക്കെ ഉണ്ടാവുന്നത് അപൂർവ്വം ആവുന്നത്. പരാഗണ സഹായ ജീവി, അനുകൂല കാലാവസ്ഥ ഒക്കെ അതിനെ ബാധിക്കുന്നുണ്ട്.

അപ്പോൾ Hibiscus rosa-sinensis ഒരു സ്പീസീസ് അല്ല, നിലവിലുള്ള രണ്ട് സ്പീഷീസുകളുടെ (H. kaute and Hibiscus cooperi) വെറും സങ്കരയിനം ആണ് എന്ന് വ്യക്തമായി, അപ്പോൾ ഇനി ചെമ്പരത്തിയുടെ കഥ അവസാനിപ്പിച്ചാലോ?
അവസാനിപ്പിക്കാം, പക്ഷേ ചെറിയ ഒരു കുഴപ്പം ഉണ്ട്, സസ്യനാമകരണ നിയമം അനുസരിച്ച് സങ്കരയിനം സസ്യങ്ങളെ ചുമ്മാ അങ്ങ് Hibiscus rosa-sinensis എന്ന് പേരിട്ട് പോകാൻ പറ്റില്ല.
സങ്കരയിനം അല്ലെങ്കിൽ ഹൈബ്രിഡ് ആണ് എന്ന് ശാസ്ത്രീയമായി തെളിഞ്ഞാൽ മുദ്ര വേണം, മുദ്ര. അതുതന്നെ, സങ്കരയിനം സസ്യങ്ങളെ സൂചിപ്പിക്കാൻ പേരിന് ഇടയിൽ X അടയാളം ഇടണം.
അപ്പോ Hibiscus rosa-sinensis എന്നത് Hibiscus x rosa-sinensis എന്നാവും.
അങ്ങനെ ആവുമ്പോൾ ഇനി പാഠപുസ്തകങ്ങളിൽ Hibiscus rosa-sinensis എന്നത് Hibiscus x rosa-sinensis എന്ന് തിരുത്തേണ്ടി വരും.
അത്ര തന്നെ…
അപ്പോൾ ഇനി സമാധാനമായി ചെമ്പരത്തിയുടെ കഥ അവസാനിപ്പിക്കാം.

Ref: Braglia, L., Thomson, L. A., Cheek, M., Mabberley, D. J., & Butaud, J. F. (2024). Pacific Species of Hibiscus sect. Lilibiscus (Malvaceae). 4. The Origin of Hibiscus rosa-sinensis: A 300-Year-Old Mystery Solved. Pacific Science, 77(4), 395-415.
മറ്റു ലേഖനങ്ങൾ



സസ്യജാലകം
നാട്ടുചെടികളെപ്പറ്റി ചെറുകുറിപ്പുകൾ