ഹോ! ആ ഗ്രഹത്തിന്റെ ഒരവസ്ഥയേ!
217 പ്രകാശവർഷം അകലെയൊരു നക്ഷത്രം. HD 80606 എന്നാണു പേര്. സപ്തർഷി എന്ന നക്ഷത്രഗണത്തെ കണ്ടിട്ടുള്ളവരുണ്ടാകും. ആ ദിശയിലാണ് ഈ നക്ഷത്രം! ഇതിനൊപ്പം മറ്റൊരു നക്ഷത്രംകൂടിയ ഉണ്ട്. HD 80607 എന്നാണു പേര്. പരസ്പരം ചുറ്റിക്കറങ്ങുന്ന ഇരട്ടനക്ഷത്രങ്ങളാണിവ.
ഇതിൽ 80606നു ചുറ്റും ഒരു വാതകഗ്രഹം കറങ്ങുന്നുണ്ട്. കറക്കമെന്നു പറഞ്ഞാൽ നല്ല ദീർഘവൃത്താകൃതിയിലുള്ള പാതയിലൂടെ ഒരു ചുറ്റിക്കറക്കം. ഇടയ്ക്ക് നക്ഷത്രത്തോട് നല്ലവണ്ണം അടുത്തുവരും. ഇടയ്ക്ക് വല്ലാതെ അകന്നുംപോകും. 111 ദിവസം വേണം ഒരു തവണ നക്ഷത്രത്തെ ചുറ്റിക്കറങ്ങാൻ!
1999 ലാണ് നക്ഷത്രത്തെ നമ്മൾ നിരീക്ഷിക്കുന്നത്. 2001ൽ ഈ ഗ്രഹത്തെയും കണ്ടെത്തി. നമ്മൾ ഇതുവരെ കണ്ടെത്തിയ അന്യഗ്രഹങ്ങളിൽ ഏറ്റവും ദീർഘവൃത്താകാരമായ പാതയിൽ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളിലൊന്നാണിത്.
അതുകൊണ്ടുതന്നെ ഈ ഗ്രഹത്തിന് ഒരു കുഴപ്പവുമുണ്ട്. ഓരോ 111 ദിവസം കൂടുമ്പോഴും നക്ഷത്രത്തോട് വളരെ അടുത്തുവരുമല്ലോ. അടുത്തെന്നു പറഞ്ഞാൽ ശരിക്കും തൊട്ടുതൊട്ടില്ല എന്ന മട്ടിലൊരു പോക്കാണ്. അങ്ങനെ കടന്നുപോകുമ്പോൾ നക്ഷത്രത്തിന്റെ ചൂടും റേഡിയേഷനും കാരണം ഗ്രഹത്തിനുള്ളിലെ വാതകങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്കു മാറും. സൂപ്പർസോണിക് കാറ്റുകളും ഷോക്ക് തരംഗങ്ങളുംകൊണ്ട് ഗ്രഹം ആകെ ഇളകിമറിയും. തീവ്രമായ ശബ്ദത്താൽ ഗ്രഹം അലറിക്കരയും! അന്തരീക്ഷത്തിന്റെ താപം 1000ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും! ശരിക്കും ഒരുതരം ടോർച്ചറിങ്!
എല്ലാ 111 ദിവസം കൂടുമ്പോഴും തന്റെ ഗ്രഹത്തെ പീഡിപ്പിച്ചു രസിക്കുന്ന ഒരു സൈക്കോപാത്താണ് HD 80606 എന്ന നക്ഷത്രമെന്നർത്ഥം! ദി റോസ്റ്റഡ് പ്ലാനറ്റ് എന്നാണ് നാസപോലും ഈ ഗ്രഹത്തെ വിശേഷിപ്പിക്കുന്നത്!