1924 സെപ്റ്റംബർ 24-നാണ്, ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ മണ്ണിനടിയിയിൽ പൂണ്ടു കിടന്ന ഹാരപ്പൻ സംസ്കാരത്തെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. സൈന്ധവ നാഗരികതയെ സംബന്ധിച്ച ചരിത്രാന്വേഷണങ്ങൾക്ക് ഒരു നൂറ്റാണ്ട് പൂർത്തിയാകുകയാണ്. മാനവ സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായ ഹാരപ്പൻ സംസ്കാരത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ ചരിത്രം വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA Talk പരമ്പര സംഘടിപ്പിക്കുന്നു. ഹാരപ്പൻ മേഖലയിൽ പഠനം നടത്തിയ പുരാവസ്തു ശാസ്ത്രജ്ഞർ, ഹാരപ്പൻ മനുഷ്യരുടെ ജീനോമിക പഠനങ്ങൾക്ക് നേതൃത്വം നൽകിയ ജനിതക ശാസ്ത്രജ്ഞർ, സൈന്ധവ ലിപിയുടെ ചുരുളഴിക്കാൻ ശ്രമിച്ച ഭാഷാശാസ്ത്രജ്ഞർ തുടങ്ങിയവർ ഈ ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ ഭാഗമാകുന്നു. 2024 സെപ്റ്റംബർ , ഒക്ടോബർ മാസക്കാലയളവിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
LUCA Talk series ന് തുടക്കം കുറിച്ച് കൊണ്ട് ഡോ. രാജേഷ് എസ്.വി (ആർക്കിയോളജി വിഭാഗം , കേരള യൂണിവേഴ്സിറ്റി) – The Indus Civilization: Celebrating a Century of Archaeological Discoveries- എന്ന വിഷയത്തിൽ സംസാരിക്കുന്നു.
വീഡിയോ കാണാം
ഡോ. രാജേഷ് എസ്. വി
കേരള സർവകലാശാലയിലെ പുരാവസ്തു വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. രാജേഷ് എസ്. വി. ഗുജറാത്തിലെ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്ന് ‘A Comprehensive Study of the Regional Chalcolithic Cultures of Gujarat’ എന്ന വിഷയത്തിൽ ഡോക്ടറൽ ബിരുദം നേടി. സൈന്ധവ നാഗരികത, ഫീൽഡ് ആർക്കിയോളജി, ആർട്ടിഫാക്റ്റ് അനാലിസിസ്, പുരാതന സാങ്കേതികവിദ്യ, താനറ്റോളജി, ദക്ഷിണേഷ്യയിലെ നാഗരികതയുടെ ഉത്ഭവവും വികാസവും, മഹാശിലായുഗ/ഇരുമ്പ് യുഗ പുരാവസ്തുശാസ്ത്രം എന്നിവ ഗവേഷണ താൽപ്പര്യ മേഖലകളാണ്. നിലവിൽ ‘Heritage: Journal of Multidisciplinary Studies in Archaeology’ എന്ന ജേർണലിന്റെ എഡിറ്ററാണ്. വിവിധ ജേർണലുകളിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഉത്ഖനനങ്ങളിൽ പങ്കാളിയായി. ഇപ്പോൾ “Archaeological Excavations at Juna Khatiya and Explorations in Gujarat’” എന്ന മൾട്ടി ഡിസിപ്ലിനറി ആർക്കിയോളജിക്കൽ റിസർച്ച് പ്രോജക്റ്റിന് നേതൃത്വം നൽകുന്നു.