അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തില്‍ പ്രകാശം പരത്തുന്ന മറ്റൊരു മികച്ച ഉപകരണം കൂടി ലോക വിപണിയിലെത്തുന്നു. ശാസ്ത്രലോകം ഏകദേശം ഒരു വ്യാഴവട്ടക്കാലം മുമ്പുമാത്രം കണ്ടെത്തിയ ഗ്രാഫീന്‍ എന്ന അത്ഭുതവസ്തുവാണ് ഈ വാഗ്ദാനം നല്‍കുന്നത്. ഗ്രാഫീന്‍ കണ്ടെത്തിയ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റി തന്നെയാണ് ഈ ഗ്രാഫീന്‍ ബള്‍ബിന്റെയും ഉപജ്ഞാതാക്കള്‍. ഗ്രാഫീന്‍ ആവരണം ചെയ്ത എല്‍.ഇ.ഡി ബള്‍ബാണ് അവര്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ഗ്രാഫീന്‍ ബള്‍ബുകള്‍ കുറച്ച് ഊര്‍ജ്ജം മാത്രമേ വികിരണം ചെയ്യുകയുള്ളു. അവ കൂടുതല്‍ കാലം നിലനില്‍ക്കും. നിര്‍മ്മാണച്ചിലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം ഉറപ്പുതരുന്നത്. ഗ്രാഫീന്‍ സുതാര്യവും വൈദ്യുതിയെ വേഗം കടത്തിവിടുന്നതും കൂടുതല്‍ പ്രകാശം തരുന്നതുമാണ്. കൂടതല്‍ ചൂടുത്പാദിപ്പിക്കാതെ, വൈദ്യുതി ഉപയോഗിക്കാതെ കൂടുതല്‍ പ്രകാശം നല്‍കുന്നതിനാല്‍ തന്നെ ഗ്രാഫീന്‍ ബള്‍ബുകള്‍ പരിസ്ഥിതി സൗഹൃദപരവുമാണ്. ഊര്‍ജ്ജ ഉപഭോഗം പത്തുശതമാനമായി കുറയ്കാാകുമെന്ന് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കകം തന്നെ അവ മാര്‍ക്കറ്റിലെത്തും.
ഇംഗ്ലണ്ടില്‍ നിന്ന് പുറത്തുവരുന്ന, ഗ്രാഫീനിന്റെ ആദ്യ വ്യാവസായിക ഉല്‍പ്പന്നമാകും ഗ്രാഫീന്‍ ബള്‍ബ്. മാത്രമല്ല, മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചമുമ്പ് മാത്രം സ്ഥാപിക്കപ്പെട്ട നാഷണല്‍ ഗ്രാഫീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍. ജി.ഐ.) ഉണ്ടാക്കുന്ന ആദ്യ ഉല്‍പന്നവുമാണത്. ഈ സ്ഥാപനത്തിന് എന്‍ജിനീയറിംഗ് ആന്റ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലും യൂറോപ്യന്‍ റീജിയണല്‍ ഡവലപ്മെന്റ് ഫണ്ടും പങ്കാളികളാവുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ മുപ്പത്തഞ്ചിലധികം കമ്പനികളും പങ്കാളികളായിക്കഴിഞ്ഞു. ഇതെല്ലാം ഈ ഉല്‍പന്നം അതിവേഗം വ്യാപകമായി മാര്‍ക്കറ്റിലെത്തിക്കാന്‍ സഹായകമാകും.
ഈ മുന്നേറ്റങ്ങളെ സൂചിപ്പിച്ചുകൊണ്ട് മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയുടെ ഡെപ്യൂട്ടി പ്രസിഡണ്ടും ഡെപ്യൂട്ടി വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ കോളിന്‍ ബെയിലി പറഞ്ഞത് ഗ്രാഫീന്‍ കണ്ടുപിടിച്ച് ഒരു ദശകം പിന്നിടുമ്പോഴേയ്ക്കും ഗ്രാഫീന്‍ ഉല്‍പന്നങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാകുന്നതിന്റെ തെളിവാണ് ഈ ബള്‍ബ് എന്നതാണ്. ശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇത് വളരെ ചുരുങ്ങിയ ഒരു കാലമാണ്. ഇതൊരു തുടക്കം മാത്രമാണ്. ഞങ്ങളുടെ പങ്കാളികള്‍ ഗ്രാഫീനിന്റെ നിരവധി ത്രസിപ്പിക്കുന്ന പ്രയോഗങ്ങളെ ഉന്നം വയ്ക്കുക്കുന്നുണ്ട്. എന്‍. ജി. ഐ. അതിന്റെ വാതില്‍ തുറക്കുമ്പോഴേയ്ക്ക് തങ്ങളുടെ ആദ്യ ഉല്‍പന്നം പുറത്തിറക്കി എന്നത് വളരെ ആവേശകരമാണ്.
എന്‍. ജി. ഐ. യുമായുള്ള പങ്കാളിത്തത്തിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ജീവിതഗന്ധിയായ ഉല്‍പന്നങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ ബള്‍ബ്. ലോകോത്തരമായ ഗ്രാഫീന്‍ ഗവേഷണത്തിനു മാത്രമല്ല, അതിന്റെ വാണിജ്യവല്‍ക്കരണത്തിലും മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റി മുന്നിലുണ്ട് എന്നാണ് ഇതു കാണിക്കുന്നത്
[divider] [author image=”http://luca.co.in/wp-content/uploads/2014/11/gopinath.png” ]പരിഭാഷ : ജി. ഗോപിനാഥന്‍[/author]