തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ (ജിഎസ്എഫ്‌കെ) ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി.ദത്തന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, അമ്യൂസിയം ട്രസ്റ്റിമാരായ ഡോ. അജിത് കുമാര്‍ ജി, ഡോ. രതീഷ് കൃഷ്ണന്‍, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, അമ്യൂസിയം ഗ്യാലറി മാനേജര്‍ രമ്യ വില്‍ഫ്രഡ് എന്നിവര്‍ പങ്കെടുത്തു.
ഈ വര്‍ഷം ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോല്‍സവത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനായി കെഎസ്ഐഡിസിയുടെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം താല്‍ക്കാലികമായി വിട്ടുനല്‍കും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശാസ്ത്രോല്‍സവത്തിനായി 2022ലെ സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ വകയിരുത്തിയിരുന്നു. ആകെ പത്തുകോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയില്‍ ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയും കണ്ടെത്താനാണ് പദ്ധതി.
ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണ് പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തുന്ന മേളയില്‍ ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് മുഖ്യ ആകർഷണം. ഇതിനായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയന്‍ തയ്യാറാക്കും. മെഗാ വാക്-ഇന്നുകൾ, ഡിജിറ്റൽ ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ, റെപ്ലിക്കകൾ, യഥാർഥ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കും. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ‘ജീവന്റെ വൃക്ഷം’ എന്ന പ്രശസ്തമായ ഡ്രോയിംഗിനെ അടിസ്ഥാനമാക്കിയാണ് ജിഎസ്എഫ്‌കെയുടെ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്.
രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ, കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഗോളപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂണ്‍’ ഉള്‍പ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടേയും സംഘടനകളുടേയും മ്യൂസിയങ്ങളുടേയും അന്താരാഷ്ട്ര ശാസ്ത്ര പ്രദർശന ഏജൻസികളുടെയുമെല്ലാം പങ്കാളിത്തം മേളയില്‍ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെയെല്ലാം പവലിയനുകളും മേളയില്‍ ഉണ്ടാകും. കേരള സാങ്കേതിക സർവ്വകലാശാല, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ, മ്യൂസിയം ഓഫ് മൂൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സംഘാടനത്തിൽ സഹകരിക്കുന്നു.
സ്ഥിരം ശാസ്ത്ര പ്രദർശന കേന്ദ്രം തിരുവനന്തപുരത്ത് ഉണ്ടാക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന സയൻസ് സിറ്റിയായി തിരുവനന്തപുരത്തെ മാറ്റുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മേളയിലെ പ്രദര്‍ശനവസ്തുക്കളില്‍ പകുതിയെണ്ണമെങ്കിലും സ്ഥിരം മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
മേളയുടെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിലുള്ള ഔട്‌റീച്ച് പരിപാടികൾ 2023 ജൂലൈ മാസത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട് പരിപാടിയുടെ സന്ദേശമെത്തിക്കും. ഇതുകൂടാതെ സ്ട്രീറ്റ് ഇൻസ്റ്റലേഷനുകൾ, ത്രിമാന മാപ്പിംഗ് പ്രൊജക്ഷനുകൾ, ആർട് വാളുകൾ തുടങ്ങിയവ ഗ്രാമീണമേഖലകളിൽ ഉണ്ടാകും.