
താപനം ഇന്നത്തെ നിലയിൽ തുടരുന്ന പക്ഷം, 2060 –കളോടെ ദൈർഘ്യം കുറവുള്ള റൺവേകളോടു കൂടിയ വിമാന താവളങ്ങൾ പലതും അവയുടെ ഓരോ ഫ്ലൈറ്റിലേയും യാത്രക്കാരുടെ പരമാവധി എണ്ണത്തിൽ 10 പേരുടെയെങ്കിലും കുറവ് വരുത്തേണ്ടി വരുമെന്ന് കരുതപ്പെടുന്നു.
താപനവും വ്യോമയാനങ്ങളുടെ ഭാരവും തമ്മിലെന്ത് എന്നല്ലേ?
നിലത്തു നിന്ന് പറന്നു പൊങ്ങുന്ന വ്യോമയാനങ്ങൾക്ക് ഉയരാൻ ആവശ്യമായ ആയം (momentum) ലഭിക്കുന്നത് വായുവിൽ നിന്നാണ്. സാന്ദ്രതയേറിയ വായുവിന് കൂടുതൽ ശക്തമായ ആയം നല്കുവാനാകും. എന്നാൽ, ആഗോള താപന പ്രതിഭാസത്തിൻ്റെ പ്രഭാവഫലമായി വായുമണ്ഡലത്തിന് ചൂടേറിവരുകയാണ്. ചൂടേറുന്ന അവസ്ഥയിൽ വായുവിൻ്റെ സാന്ദ്രതയിൽ കുറവുണ്ടാകുന്നു. സാന്ദ്രത കുറയും തോറും നിലത്തു നിന്ന് ഉയർന്നു പൊങ്ങുന്ന വ്യോമയാനങ്ങൾക്ക് വായുവിൽ നിന്നും അവശ്യം ലഭിക്കേണ്ട ആയത്തിലും കുറവു വരുന്നു. ഈ അവസ്ഥയിൽ ഭാരമേറിയ വ്യോമയാനങ്ങൾക്ക് ഉയർന്നു പൊങ്ങുന്നതിൽ സ്വഭാവികമായും വൈഷമ്യം നേരിടേണ്ടി വരുന്നു. ഇതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ പരിഹാരമാർഗ്ഗം വ്യോമയാനങ്ങളുടെ ഭാരത്തിൽ കുറവുവരുത്തുകയെന്നുള്ളതാണ്.
ഇക്കാരണത്താൽ പകൽ ഏറ്റവും ചൂടേറിയ സമയത്ത് പറക്കാൻ പൂർണ്ണ സജ്ജമായ വ്യോമയാനങ്ങളിൽ പലതിനും അവയുടെ ഇന്ധനത്തിലൊരു ഭാഗമോ അതുമല്ലെങ്കിൽ ഏതാനും യാത്രക്കാരെയോ അഥവാ സാധന സാമഗ്രികകളിൽ വലിയൊരു ഭാഗമോ ഒഴിവാക്കി ഭാരം കുറക്കേണ്ട അവസ്ഥ വന്നേക്കാം. ഇതൊന്നുമല്ലെങ്കിൽ പറന്നുയരുന്നതിന് ചൂട് കുറയുന്നതുവരെ കാത്തുകിടക്കേണ്ട അവസ്ഥയുമുണ്ടായേക്കാം. വ്യോമയാനത്തിന്റെ മാതൃക, റൺവേയുടെ നീളം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് ഇതിന് വ്യത്യാസം വരാം. അന്തരീക്ഷതാപം വർധിക്കുന്ന അവസ്ഥയിൽ വ്യോമയാനത്തിന്റെ മാതൃകക്കനുസരിച്ച് അതിന് പരമാവധി വഹിക്കാവുന്ന ഭാരം ക്രമപ്പെടുത്തിയാൽ മാത്രമേ സുരക്ഷിതമായ ഉയർന്നുപറക്കൽ സാധ്യമാവുകയുള്ളു. ഇത്തരത്തിൽ ഭാരം ക്രമപ്പെടുത്തുന്ന പ്രക്രിയ അത്ര നിസ്സാരമല്ലാത്ത സാമ്പത്തിക നഷ്ടം വ്യോമയാനസർവീസുകൾക്ക് വരുത്തിവച്ചേക്കാം. ചൂടേറിയ ദിനങ്ങളിൽ ചില വ്യോമയാനങ്ങളിൽ ഇന്ധനം, ലഗേജ് എന്നിവയുടെ ഭാരത്തിൽ നാല് ശതമാനം വരെ കുറവ് വരുത്തേണ്ടി വരും. ചെറിയ ലാഭവിഹിതത്തിൽ നടത്തപ്പെടുന്ന ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം മേൽ അവസ്ഥ നിർണ്ണായകമാണ്. 160 സീറ്റുകളുള്ള ഒരു സാധാരണ വ്യോമയാനത്തെ സംബന്ധിച്ചിടത്തോളം നാല് ശതമാനം ഭാരക്കുറവ് വരുത്തുകയെന്നത് പന്ത്രണ്ടോ പതിമൂന്നോ യാത്രക്കാരെ ഒഴിവാക്കേണ്ടി വരുന്നതിന് സമമാകാം. അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങളോട് സഹിഷ്ണുത കുറഞ്ഞ വ്യോമയാനങ്ങളുടെ കാര്യത്തിലാണ് സ്ഥിതി കൂടുതൽ വഷളാകുന്നത്.

സാധാരണഗതിയിൽ വ്യോമയാനങ്ങൾക്ക് വഹിക്കാനാവുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവുവരുത്തേണ്ടിവരും എന്ന് ചുരുക്കം. സ്വാഭാവികമായും യാത്രാ ചെലവിൽ ആനുപാതിക വർദ്ധന പ്രതീക്ഷിക്കണമല്ലോ? മാത്രമല്ല, ഓരോ യാത്രക്കാർക്കും തങ്ങൾക്കൊപ്പം കൊണ്ടു പോകാവുന്ന സാധനങ്ങളുടെ പരമാവധി ഭാരത്തിലും വെട്ടിച്ചുരുക്കൽ നടത്തേണ്ടി വരും എന്നതും പ്രതിസന്ധിതന്നെ.
കഠിനമായ ചൂട് മൂലം (48 ഡിഗ്രി സെന്റിഗ്രേഡിനടുത്ത്) അമേരിക്കൻ എയർലൈൻസിന്റെ 40 സർവീസുകളോളം റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. 2100 ഓടെ വിമാനത്താവള റൺവേകളിലെ ദൈനംദിന താപനില ഇന്നത്തേതിനേക്കാളും 4 മുതൽ 8 ഡിഗ്രി സെന്റിഗ്രേഡ് വരെ വർധിച്ചേക്കാം. ശക്തമായ താപതരംഗങ്ങളായിരിക്കും പരിണത ഫലം.
താരതമ്യേന നീളം കുറഞ്ഞ റൺവേയോടു കൂടിയ വിമാനത്താവളങ്ങളിൽ ഈ പ്രശ്നം കുറച്ചുകൂടി രൂക്ഷമായി അനുഭവപ്പെടും. കാരണം റൺവേയിൽ കൂടെയുള്ള സഞ്ചാരത്തിൽ വേഗതയാർജ്ജിക്കുമ്പോഴാണ് വിമാനങ്ങൾക്ക് പറന്നു പൊങ്ങാനുള്ള ആയം ലഭിക്കുന്നത്. കൂടുതൽ ഭാരം വഹിക്കേണ്ടി വരുന്ന വിമാനങ്ങൾക്ക് കൂടുതൽ നീളമുള്ള റൺവേകൾ വേണ്ടി വരും. ചൂടേറിയ പ്രദേശങ്ങളിലെ നീളം കുറഞ്ഞ റൺവേകളോടുകൂടിയ വിമാനത്താവളങ്ങൾ, ഉയർന്ന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും വ്യോമയാനങ്ങൾക്ക് പറന്നുയരാനുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഉദാഹരണമായി, നീളം കുറഞ്ഞ റൺവേയോടുകൂടിയ ന്യൂയോർക്കിലെ ലഗ്വാർഡിയ (Laguardia) വിമാനത്താവളത്തിൽ അത്യുഷ്ണം അനുഭവപ്പെടുന്ന ദിനങ്ങളിൽ ഒരു ബോയിങ് 781-800 മോഡൽ വിമാനത്തിന് പറന്നുയരണമെങ്കിൽ ദിവസത്തിന്റെ പകുതി സമയവും ഭാരം കുറക്കേണ്ട അവസ്ഥയുണ്ടാകാം. ദുബായിലെ റൺവേകൾ ദൈർഘ്യമേറിയവയാണ്; പക്ഷെ എല്ലായ്പോഴും കടുത്ത ചൂടനുഭവപ്പെടുന്ന അവസ്ഥാ വിശേഷമുള്ളതിനാൽ ഇതേ പ്രതിസന്ധി തന്നെ വ്യോമയാനങ്ങൾക്ക് ഇവിടെയും അഭിമുഖീകരിക്കേണ്ടി വരും.
പുതിയ എഞ്ചിൻ, പുതിയ രൂപകല്പന എന്നിവ അവലംബിക്കുക വഴിയോ അഥവാ വിശാലമായ റൺവേകൾ ഉണ്ടാക്കുക വഴിയോ ഈ പ്രശ്നങ്ങളെ ലഘൂകരിക്കാനായേക്കാം. എന്നാൽ, ഇത്തരം ഭേദഗതികളെല്ലാം തന്നെ വളരെ ചിലവേറിയവയാണ്. ജനത്തിരക്കേറിയ നഗരങ്ങളിൽ വിശാലമായ റൺവേകൾ പ്രയോഗികവുമല്ല. ഇന്ത്യയിലും വേനൽ മാസങ്ങളിൽ പല സംസ്ഥാനങ്ങളിലും താപ തരംഗ സാധ്യത വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ മേൽ സൂചിപ്പിച്ച പ്രശ്നങ്ങളിൽ നിന്ന് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമുക്തമാകാനിടയില്ല.
എന്നാൽ വാഹകശേഷിക്കുറവുള്ള വിമാനങ്ങൾക്ക് താരതമ്യേന നീളം കുറഞ്ഞ റൺവേ ആയാലും മതി. എന്നാൽ, രണ്ട് സാഹചര്യങ്ങളിലും, ചൂടേറുന്ന അവസ്ഥയിൽ, നിലത്തുനിന്ന് ഉയർന്നു പൊങ്ങുന്ന വ്യോമയാനങ്ങൾക്ക് ആവശ്യമായ ആയം നൽകുവാൻ സാന്ദ്രത കുറഞ്ഞ വായുമണ്ഡലം പ്രാപ്തമല്ലാതെയാകുന്നു.ചൂടേറിയ വേനൽമാസങ്ങളിൽ വ്യോമയാനങ്ങളുടെ ഭാരം കുറക്കേണ്ടി വരുകയെന്നത് ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുന്നു. നിലവിൽ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുള്ളത് വേനൽ മാസങ്ങളിൽ ഒരു ദിവസമോ മറ്റോ ആണ്. എന്നാൽ, താപനം തീവ്രമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ 2060കളോടെ ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങൾ ഈ പ്രതിസന്ധി അനുഭവപ്പടാനിടയുണ്ട്.
താപനകാരികളായ ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ പുറന്തള്ളലിന്റെ കാര്യത്തിൽ വ്യോമഗതാഗതമേഖല ഒരു പ്രധാന സ്രോതസ്സ് ആണ്. ആഗോള ഹരിതഗൃഹവാതക ഉത്സർജനത്തിൽ വ്യോമയാന മേഖലയുടെ സംഭാവന അഞ്ച് ശതമാനമാനത്തിൽ താഴെയാണ്. എന്നാൽപോലും, അതു കൊണ്ടുണ്ടാവുന്ന കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങളിൽ നിന്ന് വ്യോമഗതാഗത മേഖലയടക്കം വിമുക്തമല്ലതാനും.

യൂറോപ്പിന്റെ കാര്യത്തിൽ, നാല് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കൂടുതൽ പ്രതികൂലമായി ബാധിക്കപ്പെടുക :
- ചിയോസ്, ഗ്രീസ്
- പാൻ്റല്ലേറിയ, ഇറ്റലി
- റോം സിയാംപിനോ, ഇറ്റലി
- സാൻ സെബാസ്റ്റ്യൻ, സ്പെയിൻ
എന്നീ നീളം കുറഞ്ഞ റൺവേയോടു കൂടിയ വിമാനത്താവളങ്ങൾക്ക് പ്രത്യേകിച്ചും, അവയുടെ വ്യോമയാനങ്ങളുടെ പരമാവധി വാഹകശേഷി ഉപയുക്തമാക്കുവാൻ കഴിയാതെ വന്നേക്കാം.
താപന സാഹചര്യങ്ങളിൽ ഉഷ്ണതരംഗവേളകൾ അധികരികരിക്കുവാനുള്ള സാധ്യത സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളു. വ്യോമയാനങ്ങളുടെ ഭാരം കുറയ്ക്കുവാനും, യാത്രാചെലവിൽ വർദ്ധനവരുത്തുവാനും വിമാനക്കമ്പനികൾ നിർബന്ധിതരാകുകതന്നെ ചെയ്യും.
ഇടത്തരം വ്യോമയാനങ്ങളുടെ കാര്യത്തിൽ, താരതമ്യേന നീളമേറിയ റൺവേ സൗകര്യമുള്ള ലണ്ടനിലെ ഹീത്രു, ഗാറ്റ്വിക് വിമാനത്താവളങ്ങൾക്ക് പിടിച്ചുനിൽക്കാനായേക്കും. എന്നാൽ വാഹകശേഷി കൂടുതലുള്ള A380 പോലുള്ള വ്യോമയാനങ്ങളുടെ കാര്യത്തിൽ ഇവയും അടി പതറും .
ചൂട് ഏറിവരുന്ന നിലവിലെ പ്രവണതയിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവരുത്തുന്നതുകൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഒരു ദിവസത്തിലെ തന്നെചൂടുകുറഞ്ഞ സമയത്ത് മാത്രമായി വ്യോമയാനങ്ങളുടെ യാത്രാസമയം പുനർനിർണ്ണയിക്കൽ, റൺവേകളുടെ സമയബന്ധിതവും കുറ്റമറ്റതുമായ പരിപാലനം എന്നിവയും നിർബന്ധിതമായി അനുവർത്തിക്കേണ്ടിവരും.
കാലാവസ്ഥാ സൗഹൃദപരമായ കാര്യപരിപാടികൾ ശീലമാക്കുകയെന്നതു മാത്രമാണ് സുസ്ഥിരമായ പോംവഴി. ആഗോളതാപന സാഹചര്യങ്ങൾക്ക് തീക്ഷ്ണതയേറ്റുന്ന തരത്തിൽ ഉത്സർജ്ജനം തുടർന്നു കൊണ്ടേയിരിക്കുന്ന പക്ഷം വ്യോമ ഗതാഗത മേഖല ഉൾപ്പെടെയുള്ള എല്ലാ വിധമണ്ഡലങ്ങളിലും കാലാവസ്ഥാനുബന്ധമായ പ്രശ്നങ്ങളും രൂക്ഷതയാർജ്ജിച്ചു കൊണ്ടേയിരിക്കും. അന്തരീക്ഷ ആർദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, കാറ്റിന്റെ ദിശയിലും ശക്തിയിലുമുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ വ്യോമഗതാഗത മേഖലയ്ക്ക് എപ്രകാരം പുതിയ വെല്ലുവിളികൾ ഉയർത്തുമെന്ന കാര്യം പരിശോധിക്കപ്പെട്ടുവരുന്നതേയുള്ളൂ.

- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും