മുംബൈ നഗരത്തിലെ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന 200 അടി (61 മീറ്റർ) ഉയരമുള്ള ഒരു പാറയാണ് ഗിൽബർട്ട് ഹിൽ. ആറരക്കോടി വർഷങ്ങൾക്ക് മുൻപ്, മീസോസോയിക് യുഗത്തിലാണിത് രൂപം കൊണ്ടത്.
[dropcap]ആ[/dropcap]റരക്കോടി വർഷങ്ങൾക്കുമുൻപ് ഇന്ത്യ ഒരു ദ്വീപായിരുന്നകാലത്ത് ഹിമാലയമൊക്കെ ഉണ്ടാവുന്നതിനും എത്രയോ കാലത്തിനുമുൻപ് ആഫ്രിക്കൻ വൻകരയിൽ നിന്നും അകന്ന് ഭൂമധ്യരേഖയ്ക്കുതാഴെനിന്നും വടക്കോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നകാലത്ത് ഉണ്ടായ അഗ്നിപർവ്വതസ്ഫോടനങ്ങളിൽ ഉരുകിയ ലാവ ഇന്നത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ വലിയപ്രദേശങ്ങളിൽ വ്യാപിച്ചിരുന്നു. രണ്ടുകിലോമീറ്ററോളം കനത്തിൽ വ്യാപിച്ചുകിടന്ന ഇവയുടെ വ്യാപ്തി ഇന്നത്തെ ഇന്ത്യയുടെ പകുതിയോളമായിരുന്നു. അത്തരത്തിലുള്ള ഒരു സ്ഫോടനത്തെത്തുടർന്ന് ഭൂമിയിലെ വിള്ളലിൽക്കൂടി പുറത്തേക്കു തെറിച്ച ലാവ ഖനീഭവിച്ച് ഉണ്ടായ ചെറിയൊരു മല ഇന്നും മുംബൈ നഗരത്തിൽ കാണാം. ഇത് ഗിൽബർട്ട് മല (Gilbert Hill) എന്നാണ് അറിയപ്പെടുന്നത്. മഗ്നീഷ്യവും ഇരുമ്പും വലിയതോതിൽ അടങ്ങിയതും ലാവ പെട്ടെന്നു തണുത്തുറയുമ്പോൾ ഉണ്ടാകുന്നതുമായ ഇത്തരം പാറകളെ ബസാൽട്ട് (Basalt) എന്നാണ് വിളിക്കുന്നത്. അത്ര ചെറുതൊന്നുമല്ല ഈ പാറ. 200 അടിയോളം ഉയരത്തിൽ മുംബൈയിലെ അന്ധേരിപ്രദേശത്ത് ഉയർന്നു നിൽക്കുന്ന ഈ പാറയ്ക്കുചുറ്റും ഇപ്പോൾ വലിയകെട്ടിടങ്ങളും ഫ്ലാറ്റുകളുമാണ് ഉള്ളത്. [box type=”info” align=”” class=”” width=””]ഈ മല ഉണ്ടായ സ്ഫോടനകാലത്താണ് ദിനോസറുകൾ അടക്കം ഭൂമുഖത്തുള്ള മൂന്നിലൊന്നു ജീവജാലങ്ങളും അപ്രത്യക്ഷമായ വംശനാശം സംഭവിച്ചത്.[/box]
പൊട്ടിത്തെറിയിൽ ലാവ നേരെ മുകളിലേക്ക് തെറിച്ച അവസ്ഥയിൽത്തന്നെ ഉറച്ചുപോയതുകൊണ്ട് പാറയുടെ ഭാഗങ്ങൾ ലംബമായിട്ടാണ് നിലകൊള്ളുന്നത്. ചതുരത്തിലും ഷഡ്‌ഭുജാകൃതിയിലുമുള്ള പാറകൾ (columnar basalt or laccolith) ഒരുമിച്ച് നിൽക്കുന്ന രൂപത്തിലാണ് ഈ മല. [box type=”info” align=”” class=”” width=””]ലോകത്തുതന്നെ ഇത്തരത്തിലുള്ള രൂപങ്ങൾ വളരെ അപൂർവ്വമാണ്. 1952 -ൽ ഇതിന് ഒരു ദേശീയോദ്യാനസ്ഥാനം നൽകിയെങ്കിലും 2007 – ൽ പൈതൃകപദവി അനുവദിച്ചെങ്കിലും ഇന്ത്യയിലെ ഈ മഹാദ്ഭുതം അതർഹിക്കുന്ന ഗൗരവമുള്ള രീതിയിലല്ല സംരക്ഷിക്കപ്പെടുന്നത്. [/box] ഇതിന്റെ മുകളിൽ കയറിച്ചെല്ലാൻ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ചുറ്റും നേരത്തെ കാടും പച്ചപ്പും സസ്യങ്ങളുമെല്ലാം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ വലിയ കെട്ടിടങ്ങളും ചേരികളുമാണ്. ഗവേഷകരും ചരിത്രകാരന്മാരും അമ്പലത്തിലേക്കെത്തുന്ന ഭക്തരും മാത്രമാണ് ഇവിടേക്ക് വരാറുള്ളത്. ഇത്രയും പ്രധാനപ്പെട്ട ഒരു പ്രകൃതിസ്മാരകത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് തീരെ അറിവുകുറവാണ്. ഭൂമിയുടെ ജനനത്തെപ്പറ്റിയും പരിണാമത്തെയും പലതരം പാറകളെയുമെല്ലാം പറ്റി പഠിപ്പിക്കുന്ന പുസ്തകങ്ങളിലൊന്നും തൊട്ടടുത്തുള്ള ഈ മാഹാദ്ഭുതത്തെപ്പറ്റി പരാമർശിക്കുന്നേയില്ല. എങ്ങനെയാൺ് ഇതിനെ ഗിൽബർട്ട് ഹിൽ എന്നു പേരുകിട്ടിയതെന്നും അറിവില്ല. കാലങ്ങളായി ഇതിനുചുറ്റും ഒരു സംരക്ഷിതവലയമുണ്ടാക്കണമെന്ന് ആവശ്യമുയർന്നതും നടപ്പിലായിട്ടില്ല. കൂടുതൽ കെട്ടിടങ്ങൾ ഉണ്ടാക്കാനായി ഈ മല ഇടിച്ചുനിരത്തണമെന്ന ആവശ്യം ഒരിക്കൽ ഉണ്ടായപ്പോൾ അതിനുമുകളിൽ ക്ഷേത്രം ഉള്ളതിനാൽ ഭക്തരുടെ എതിർപ്പുണ്ടായതിനെത്തുടർന്നാണ് ആ ആവശ്യം നടപ്പാകാതെപോയത്.
അമേരിക്കയിൽ ഇത്തരത്തിലുള്ള ഡെവിൾസ് ടവർ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാണെന്നുമാത്രമല്ല, അത് ഭൂമിയുടെ ചരിത്രത്തിലെ മഹാസംഭവമായി അവതരിപ്പിക്കുന്നതുവഴി ദശലക്ഷക്കണക്കിന് ആൾക്കാരാണ് വർഷം തോറും അവിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നതും. അവയെപ്പറ്റിയെല്ലാം നൂറുകണക്കിനു ഗ്രന്ഥങ്ങളിലും വെബ്‌പേജുകളിലുമെല്ലാം വിവരങ്ങളും ലഭ്യമാണ്. ഭൂമിയുടെ പരിണാമചരിത്രത്തിൽ അത്രത്തോളം തന്നെ പ്രാധാന്യമുള്ള ഗിൽബർട്ട് മലയേയും മനസുവച്ചാൽ ഇത്തരത്തിൽ ശ്രദ്ധേയമായൊരു ആകർഷണകേന്ദ്രമാക്കിമാറ്റാൻ കഴിഞ്ഞേക്കും.