ദൃശ്യ വി.വി.
ബോട്ടണി വിഭാഗം ഗവേഷക
ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി,
സൂര്യതാപത്താല്‍ വെന്തുരുകുന്ന വേനലില്‍, പൂക്കളാല്‍ ദൃശ്യവിസ്‌മയം തീര്‍ക്കുന്ന ഒരു വള്ളിച്ചെടിയാണ് പുല്ലാനി. മധ്യവേനല്‍ച്ചൂടില്‍ തലോടലായി വരുന്ന ഇളംതെന്നലില്‍ മനോഹരമായ വിത്തുവിതരണ പ്രക്രിയയിലൂടെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന സസ്യം. ഉത്തരമലബാറില്‍ ജഡപ്പൂവ്, പുല്ലാഞ്ഞിവള്ളി, നരയന്‍പൂവ്, വരവള്ളി, പൂരപ്പൂവ് എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. അപ്പോൾ എന്താണ് പുല്ലാനിയുടെ ഭ്രമണചലനം! കേള്‍ക്കുമ്പോള്‍ തന്നെ സംശയമുണര്‍ത്തുന്ന ഈ പ്രയോഗത്തിന്റെ അര്‍ഥമെന്താണ്?
പ്രകൃതിയുടെ വിസ്‌മയങ്ങളിലേക്ക് എന്നെങ്കിലും ദൃഷ്‌ടി പതിപ്പിച്ചിട്ടുള്ളവരൊക്കെയും നിരീക്ഷിച്ചിട്ടുള്ള ഒരു പ്രതിഭാസമായിരിക്കാം ഇത്. കാറ്റത്ത് പറക്കുന്ന അപ്പൂപ്പന്‍താടികള്‍ പോലെ വായുവില്‍ സ്വയം ഭ്രമണം ചെയ്‌ത്, അതായത് കറങ്ങിപ്പോവുന്ന പുല്ലാനിഫലങ്ങള്‍. കണ്ണുകളില്‍ കൗതുകം ജനിപ്പിക്കുന്നതും ചിന്താതന്തുക്കളെ ഉദ്ദീപിക്കുന്നതുമായ ഈ ആകാശവിസ്‌മയത്തിന്റെ ഉള്‍ക്കാഴ്‌ചകളിലേക്ക് നമുക്കൊന്ന് സഞ്ചരിച്ചു വരാം.
പുല്ലാനി (Getonia floribunda Roxb.)
ഇന്ത്യ, ചൈന, പെനിന്‍സുലാര്‍ മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു മരവള്ളി (woody climber) യാണ് പുല്ലാനി. കോംബ്രിട്ടേസിയെ (Combretaceae) എന്ന സസ്യകുടുംബത്തില്‍ (family) ഉള്‍പ്പെടുന്ന പുല്ലാനിയുടെ ശാസ്‌ത്രീയനാമം ജെറ്റോണിയ ഫ്ലോറി ബുണ്ട (Getonia floribunda) എന്നാണ്. ഇംഗ്ലീഷില്‍ പേപ്പര്‍ ഫ്ലവര്‍ ക്ലൈംബര്‍ (Paper flower climber) എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു. ജനുവരി മുതല്‍ മെയ് വരെയാണ് ഈ സസ്യത്തിന്റെ പ്രത്യുല്‌പാദന കാലയളവ്. ജനുവരി അവസാനവാരത്തോട് കൂടി പൂവിട്ട് തുടങ്ങി മെയ് മാസത്തോട് കൂടി വിത്ത് വ്യാപനം അവസാനിക്കുന്നു. അതിനാല്‍ത്തന്നെ ഉത്തര മലബാറില്‍ പുല്ലാനിപ്പൂക്കള്‍ ഈ സമയത്തെ ആചാരാനുഷ്ഠാനങ്ങളുടെ കൂടി ഭാഗമാണ്.
ദളങ്ങളായോ (petals) വിദളങ്ങളായോ (sepals) കൃത്യമായ വേര്‍തിരിവ് പുല്ലാനിയുടെ പൂവുകളില്‍ സാധ്യമല്ലാത്തതിനാല്‍ പുഷ്‌പവൃന്തഭാഗങ്ങളെ ടെപ്പല്‍സ് (tepals) എന്നാണ് ശാസ്‌ത്രലോകം വിളിക്കുന്നത്. ടെപ്പല്‍സ് ഇളംപച്ചനിറത്തില്‍ നിശ്ചിത സിരാവിന്യാസം ഉള്‍ക്കൊള്ളുന്നതും ബീജസംയോഗത്തിന് ശേഷവും നിലനില്‍ക്കുന്നതുമാണ്. മിക്ക സസ്യങ്ങളിലും ബീജസംയോജനത്തിന് ശേഷം പൂവുകളുടെ വിദളങ്ങൾ, ദളങ്ങള്‍, കേസരങ്ങള്‍ എന്നിവ കൊഴിയുകയും ജനി (pistil) ഫലമായി മാറുകയുമാണ് ചെയ്യുന്നത്.
പുല്ലാനിയിൽ ടെപ്പലുകൾ ബീജസംയോഗത്തിന് ശേഷം ചിറകുകളായി രൂപാന്തരമാറ്റം കൈവരിക്കുന്നു. കേസരങ്ങളും പരാഗണസ്ഥലവും (stigma) ഒഴിച്ച് പുല്ലാനിപ്പൂക്കളുടെ മറ്റെല്ലാ ഭാഗങ്ങളും രോമങ്ങളാല്‍ ആവരണം ചെയ്‌തിരിക്കുന്നു. ബീജസംയോഗത്തിന് ശേഷം അണ്ഡാശയം ഫലമാവുകയും അണ്ഡം വിത്ത് (seed) ആയി മാറുകയും ചെയ്യും. പുല്ലാനിക്കായകൾ ഫലഭിത്തി സ്വയം തുറന്ന് വിത്തുവിതരണം നടക്കാത്തതും (indehiscent) ഡ്രൂപ്പ് (drupe) എന്ന വിഭാഗത്തിൽപ്പെടുന്നതുമാണ്. അണ്ഡാശയം ഫലമായി മാറുമ്പോഴേയ്‌ക്കും പുല്ലാനിപ്പൂവുകളിലെ ടെപ്പലുകള്‍ വികസിക്കുകയും, ഈർപ്പം നഷ്‌ടപ്പെട്ട് ഉണങ്ങി സിരാവിന്യാസങ്ങളുടെ പിന്‍ബലത്താല്‍ നിശ്ചിതമായ വക്രതയും വളവുകളും പമ്പരം പോലെ കറങ്ങുന്നതിനായുള്ള ജ്യാമിതീയ ഘടനയും കൈവരിക്കുന്നു.
വേനല്‍ ചൂടേറുമ്പോഴുള്ള വിത്തുവിതരണത്തിന് ഈ രൂപാന്തരമാറ്റം അനിവാര്യമാണ്. ഉണങ്ങുന്നതിലൂടെ ടെപ്പലുകള്‍ക്ക് ഭ്രമണം സാധ്യമാക്കുന്ന ചിറകുകളായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവശ്യമായ ദൃഢതയും ആത്യന്തിക രൂപഘടനയും ലഭ്യമാവുന്നു. ഇങ്ങനെയുണ്ടാകുന്ന ഫലങ്ങള്‍ തന്നെയാണ് പുല്ലാനിയില്‍ വിത്ത് വ്യാപനത്തിന്റെ വിതരണ യൂണിറ്റായി (dispersal unit) പ്രവര്‍ത്തിക്കുന്നത്.
എന്താണീ ഭ്രമണചലനം?
പൂവുകള്‍ കായ്‌കളാവുന്നതും, പിന്നീട് മാതൃസസ്യത്തില്‍ നിന്ന് അടര്‍ന്നുമാറി പുതുസസ്യമായി മാറുന്നതും ലൈംഗിക പ്രത്യുല്‌പാദനം (sexual reproduction) നടത്തുന്ന എല്ലാ സപുഷ്പിസസ്യങ്ങളുടേയും സവിശേഷതയാണ്. പുതിയ ആവാസവ്യവസ്ഥകളില്‍ ചേക്കേറുവാനും, മാതൃസസ്യത്തിന് അടുത്തു തന്നെയുള്ള സന്തതികളുടെ അതിജീവന പരിമിതികള്‍ മറികടക്കാനുമുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ് വിത്ത് വ്യാപനം. ചലനശേഷിയില്ലാത്ത സസ്യങ്ങള്‍ക്ക് മറ്റൊരിടത്തേക്ക് വ്യാപിക്കുവാനായി വിതരണ യൂണിറ്റുകള്‍ക്ക് ചലനശേഷിയുടെ ആവശ്യകതയുണ്ട്. അത്തരത്തില്‍ ഏറെ ദൂരം കാറ്റിലൂടെ വ്യാപിക്കുവാനായി വിതരണ യൂണിറ്റുകളുടെ ഒരു തന്ത്രമാണ് ഭ്രമണചലനം. വായുവില്‍ സ്വയം കറങ്ങി ഭൂമിയിലേക്കുള്ള പെട്ടെന്നുള്ള വീഴ്‌ചയെ തടസ്സപ്പെടുത്തുക. ഒഴുകിവരുന്ന കാറ്റില്‍ ദൂരെ തീരങ്ങള്‍ തേടി പറക്കുക. യന്ത്രങ്ങളുടെ സഹായം കൂടാതെ പ്രകൃതിയുടെ ഹെലികോപ്‌ടറുകളായി കറങ്ങി പറന്നിറങ്ങുക. എന്നാല്‍ എന്തുകൊണ്ടാണ് എല്ലാ വിത്തുകളും ഇതു പോലെ കറങ്ങാത്തതും പറക്കാത്തതും? എങ്ങനെയാണ് ഇങ്ങനെ കറങ്ങാന്‍ സാധിക്കുന്നത്? ചുറ്റുപാടുകൾക്കനുസരിച്ച് പരിണാമത്തിലൂടെ ആർജിച്ചെടുത്ത കൃത്യമായ രൂപ ഘടനയുടെ പ്രാധാന്യമാണ് ഇവിടെ വെളിവാകുന്നത്.
ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതുപോലെ പുല്ലാനിക്കായകള്‍ സ്വന്തം പിണ്ഡകേന്ദ്ര (centre of mass) ത്തിലൂടെ കടന്നുപോവുന്ന അക്ഷത്തെ (axis) ആധാരമാക്കിയാണ് വായുവില്‍ കറങ്ങുന്നത്. ഭ്രമണം എന്നാല്‍ ഒരു ബിന്ദുവിനെ സ്ഥിരമാക്കി നിര്‍ത്തിയുള്ള ഒരു ദൃഢവസ്‌തു (rigid body) വിന്റെ കറക്കമാണ്. ഇവിടെ പുല്ലാനിഫലങ്ങളില്‍ അത് ലംബ അക്ഷ (vertical axis) മാവുന്നുവെന്ന് മാത്രം. ഭ്രമണചലനത്തിനൊപ്പം കാറ്റിന്റെ ഗതി അനുസരിച്ച് വിവര്‍ത്തനചലനം (translatory motion) കൂടി ഇവിടെ സംഭവിക്കുന്നതിലൂടെയാണ് വ്യാപനം എന്ന പ്രക്രിയ പൂര്‍ണമാവുന്നത്.
പുല്ലാനിഫലങ്ങള്‍ വ്യാപനസമയമാവുമ്പോഴേക്കും ത്രിമാനപമ്പരരൂപത്തിലാവുന്നു. ഒരു ഭാഗം കൂര്‍ത്തിട്ടും (pointed) എതിര്‍ഭാഗം ടെപ്പല്‍ ചിറകുകളുടെ നിശ്ചിത ചാക്രിക ക്രമീകരണം കാരണം വൃത്താകൃതിയിലുമാണ് (ചിത്രം 1). പമ്പരം കറങ്ങുന്നതുപോലെ എന്നാല്‍ വായുവില്‍ യാതൊരുവിധ പ്രതലപിന്‍ബലവുമില്ലാതെയാണ് ഈ കറക്കം. വ്യക്‌തമായ ഘടനയോട് കൂടി ചാക്രികമായി ക്രമീകരിച്ചിരിക്കുന്ന ചിറകുകളും, പിണ്ഡകേന്ദ്രത്തിന്റെ മധ്യലംബഅക്ഷ (middle vertical axis) ത്തിലൂടെയുള്ള ക്രമീകരണവും ലംബമായ ഭ്രമണചലനത്തിലേക്ക് നയിക്കുന്നതാണ് ഇതിനു കാരണം. വള്ളിയിൽ ഉണങ്ങിനില്‍ക്കുന്ന പുല്ലാനിക്കായ്‌കളിലേക്ക് ഒരു കല്ല് എടുത്ത് എറിഞ്ഞുനോക്കൂ. കൂട്ടത്തില്‍ നിന്ന് ഇളകി വായുവില്‍ കറങ്ങി പറന്നുപോവുന്ന ഫലങ്ങള്‍ ഒരു പ്രത്യേക അനുഭൂതിയാണ് കണ്ണുകള്‍ക്ക് നല്‍കുക.
സവിശേഷതകള്‍
മാതൃസസ്യത്തില്‍ നിന്നും വേര്‍പെടുന്ന ഫലങ്ങള്‍ പിണ്ഡകേന്ദ്രത്തിന്റ മധ്യലംബ അക്ഷത്തിലെ ക്രമീകരണം കാരണം ഉടന്‍തന്നെ സ്ഥാനപരിവര്‍ത്തനം നടത്തി ചിറകുകള്‍ മുകളിലും വിത്ത് ഉള്‍ക്കൊള്ളുന്ന ഫലഭാഗം താഴോട്ടുമായി ലംബഅക്ഷത്തില്‍ ക്രമീകരിക്കുന്നു. നിമിഷവേഗത്തില്‍ സംഭവിക്കുന്ന ഈ സ്ഥാനമാറ്റത്തെ പരിവര്‍ത്തനഘട്ടം (transition) എന്നു പറയുന്നു. സ്ഥാനപരിവര്‍ത്തനത്തിലൂടെ ലംബ അക്ഷത്തില്‍ ക്രമീകരിക്കുന്ന ഫലങ്ങള്‍ അതിനോടൊപ്പം തന്നെ ഭ്രമണവും ആരംഭിക്കുന്നു. ഇങ്ങനെ ആരംഭിക്കുന്ന ഭ്രമണചലനം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ടെര്‍മിനല്‍ വേഗത (terminal velocity) കൈവരിക്കുകയും ഇറക്കനിരക്ക് (descent rate) കുറയ്‌ക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ വേഗത കൂടിയ ഭ്രമണം ടെര്‍മിനല്‍ വേഗത കൈവരിക്കുന്നതിലൂടെ പിന്നീട് മാറ്റമില്ലാതെ തുടരുന്നു. ടെര്‍മിനല്‍ വേഗത കുറയുംതോറും ഇറക്കനിരക്കും കുറയുന്നു. വീഴ്‌ചയില്‍ വളരെ വേഗത്തില്‍ ടെര്‍മിനല്‍ വേഗത കൈവരിക്കുന്ന ഫലങ്ങളുടെ ഇറക്കനിരക്കും കുറയുന്നതായി കാണുന്നു. ഇവയെ തിരശ്‌ചീനമായി (horizontal) വരുന്ന കാറ്റിന് ഏറെ ദൂരം വഹിച്ചുകൊണ്ടുപോകുവാന്‍ സാധിക്കുന്നു.
പുല്ലാനിഫലങ്ങളുടെ ഭ്രമണചലനത്തിന്റെ മറ്റൊരു സവിശേഷതയാണ് ‘ഭ്രമണദിശ’. ഭൂമിയുടെ ഭ്രമണം പടിഞ്ഞാറുനിന്ന് കിഴക്കോട്ട് എന്ന ദിശയില്‍ മാത്രമാണെന്നതുപോലെ, പുല്ലാനിഫലങ്ങളുടെ ഭ്രമണവും ഒരു ദിശയില്‍ മാത്രമാണ്. ഭൂമിയുടെ അതേ ഭ്രമണദിശയില്‍, അതായത്, എതിര്‍ഘടികാരദിശയില്‍ മാത്രമാണ്. ഏതൊരു പുല്ലാനിഫലം നിരീക്ഷിച്ചാലും ഈ ചലനദിശയില്‍ മാറ്റം കാണാന്‍ സാധിക്കുന്നില്ല. ടെപ്പല്‍ ചിറകുകളുടെ ഒരു വശത്തേക്കുള്ള വളവ് (curve) അല്ലെങ്കില്‍ ചായ്‌വ് (inclination) ആണ് ഭ്രമണചലനത്തിന്റെ നിശ്ചിത ദിശയ്‌ക്ക് കാരണം. ഒരു വശത്ത് മറുവശത്തേക്കാള്‍ ചായ്‌വ് വരുമ്പോള്‍, ഭൂമിയിലേക്ക് ലംബമായി വീഴുന്ന സമയം ആ വശത്ത് വായുവില്‍ ആദ്യം തന്നെ ഒരു തള്ളല്‍ബലം സൃഷ്‌ടിക്കപ്പെടുന്നു. അതിനാല്‍ ന്യൂട്ടന്റെ മൂന്നാം ചലനനിയമപ്രകാരം ചിറകുകളുടെ വളവുള്ള ഭാഗത്ത് പ്രവര്‍ത്തിക്കുന്നതിന് തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനബലം (reaction force) അനുഭവപ്പെടുന്നു. ചിറകുകളുടെ ചാക്രിക ക്രമീകരണം കാരണം, അതേ പ്രതിപ്രവര്‍ത്തനശക്‌തി മറുവശത്തെ ചിറകുകളില്‍ വിപരീതദിശയില്‍ പ്രവര്‍ത്തിക്കുന്നു. ഇതുമൂലം, പ്രതിപ്രവര്‍ത്തന ബലത്തിന്റെ ദിശയില്‍ ഫലം കറങ്ങാന്‍ തുടങ്ങുന്നു. ഇവിടെ പുല്ലാനിഫലങ്ങളുടെ ഓരോ ചിറകുകളുടെ അഗ്രവും ഉപരിതലം സമാന്തരമായി വരുന്ന രീതിയില്‍ ലംബമായി പിടിച്ചുനോക്കുകയാണെങ്കില്‍, വലതുഭാഗത്തേക്ക് ആണ് കൂടുതല്‍ ചായ്‌വ് വരുന്നത് എന്നു കാണാം. അതിനാല്‍ ആ ഭാഗത്തേക്ക് പ്രതിപ്രവര്‍ത്തനബലം ഉണ്ടാവുകയും ആ ദിശയിലേക്ക്, അതായത് എതിര്‍ഘടികാരദിശയിലേക്കുള്ള ഭ്രമണചലനത്തിന് കാരണമാവുകയും ചെയ്യുന്നു.
ലളിതമായ ഒരു പരീക്ഷണത്തിലൂടെ ഈ കാര്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ടെപ്പല്‍ ചിറകുകളുടെ ചായ്‌വുള്ള ഭാഗം മുറിച്ചുകളഞ്ഞാല്‍ ആ ഫലങ്ങളുടെ ഭ്രമണദിശ മാറി എതിര്‍ദിശയില്‍ കറങ്ങുന്നത് കാണാം. അല്ലെങ്കില്‍, കടലാസ് ഉപയോഗിച്ച് സമാനമായ രൂപം ഉണ്ടാക്കി നോക്കൂ. കടലാസ് ചിറകുകളുടെ അഗ്രഭാഗത്തുനിന്നും ഒരു വശത്തേക്ക് മാത്രം, ഉദാഹരണത്തിന് വലതുഭാഗത്തേക്ക് കൂടുതലായി വളച്ച് ചായ്‌വ് വരുത്തിയതിന് ശേഷം അവയുടെ ഭ്രമണദിശ നിരീക്ഷിക്കൂ. വലതുഭാഗത്തേക്ക് വളച്ച് ചായ്‌വ് വരുത്തിയ കടലാസ് പുല്ലാനി മാതൃകകൾ എതിര്‍ഘടികാരദിശയിലും ഇടത് ഭാഗത്തേക്ക് ചായ്‌വ് കൂടുതല്‍ വരുത്തിയ രൂപങ്ങള്‍ ഘടികാരദിശയിലുമാവും കറങ്ങുന്നത്. ഇങ്ങനെ ചിറകിന്റെ ജ്യാമിതീയ ഘടന ഭ്രമണദിശ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ശാസ്‌ത്രീയ കാരണങ്ങള്‍
ഏതൊരു മാധ്യമത്തിലൂടെയുമുള്ള ഒരു വസ്‌തുവിന്റെ ചലനം സാധ്യമാവുന്നത് വ്യത്യസ്‌തങ്ങളായ ബലങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. യാതൊരുവിധ യന്ത്രസംവിധാനങ്ങളുടെയും സഹായംകൂടാതെ ഭൂമി സ്വയം അച്ചുതണ്ടില്‍ കറങ്ങുന്നതുപോലെ സ്വന്തം പിണ്ഡകേന്ദ്രത്തിലൂടെയുള്ള ലംബഅക്ഷത്തില്‍ താനേ ഭ്രമണം ചെയ്യുക എന്നത് പുല്ലാനിഫലങ്ങള്‍ക്ക് സാധ്യമാവുന്നത് വ്യത്യസ്‌തങ്ങളായ മൂന്ന് ബലങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. ഭൂഗുരുത്വാകര്‍ഷണബലം (gravity force), ലിഫ്‌റ്റ് ഫോഴ്‌സ് (lift force), ഡ്രാഗ് ഫോഴ്‌സ് (drag force) എന്നിവയാണവ. മാതൃസസ്യത്തില്‍ നിന്നും വേര്‍പെടുന്ന ഫലങ്ങളില്‍ ഭൂഗുരുത്വാകര്‍ഷണബലം ഭൂമിയിലേക്ക് ലംബഅക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചിറകുകളുടെ വക്രതയും ചാക്രികമായ ക്രമീകണവും കാരണം ലംബമായി മുകളിലേക്ക് തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തന ബലത്തിന് കാരണമാവുന്നു. ഈ പ്രതിപ്രവര്‍ത്തനബലം ചിറകുകളില്‍ അനുഭവപ്പെടുന്ന രണ്ട് ശക്തികളായ ലിഫ്‌റ്റ് ഫോഴ്‌സ്, ഡ്രാഗ് ഫോഴ്‌സ് എന്നിവയുടെ ഫലമാണ്. ലിഫ്‌റ്റ് ഫോഴ്‌സ് എന്നത് ചിറകുകളുടെ ഉപരിതലത്തിലേക്ക് ലംബമായി അനുഭവപ്പെടുന്ന ബലമാണ്. ഇത് കാരണം ലിഫ്‌റ്റ് അല്ലെങ്കില്‍ ഉയര്‍ച്ച ഉണ്ടാവുകയും ഇറക്കനിരക്ക് കുറയുകയും ചെയ്യുന്നു. ചിറകിന്റെ വക്രതയ്‌ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ബലമാണ് ഡ്രാഗ് ഫോഴ്‌സ് / പ്രതിപ്രവര്‍ത്തന ബലം. ഇത് ഭ്രമണത്തിന് കാരണമാവുകയും ചെയ്യുന്നു. ഭ്രമണം തുടങ്ങി ഫലങ്ങള്‍ ടെര്‍മിനല്‍ വേഗത കൈവരിക്കുന്നത് അവയില്‍ അനുഭവപ്പെടുന്ന മുകളിലോട്ടും താഴോട്ടുമുള്ള ഈ ബലങ്ങള്‍ തുല്യമാവുമ്പോഴാണ്. അതായത് അവയില്‍ അനുഭവപ്പെടുന്ന ബലങ്ങള്‍ സന്തുലിതാവസ്ഥയിലെത്തുന്നു. ഈ സമയം മുതല്‍ ഭ്രമണവേഗതയും ഇറക്കനിരക്കും മാറ്റമില്ലാതെ സ്ഥിരമായി തുടരുന്നു. എന്നാല്‍ തിരശ്ചീനമായി വരുന്ന കാറ്റിന്റെ സ്വാധീനത്താലുണ്ടാകുന്ന ബാഹ്യബലം ലിഫ്‌റ്റ് ഫോഴ്‌സിനെ ഗുരുത്വാകര്‍ഷണബലത്തേക്കാള്‍ ഉയര്‍ത്തുവാനും അങ്ങനെ ഭൂമിയിലേക്ക് വീഴാതെ ഫലത്തെ വായുവില്‍ ഏറെ ദൂരം സഞ്ചരിക്കാനും സഹായിക്കുന്നു. രോമാവൃതമായ ഭാഗങ്ങള്‍ വായുവിലൂടെയുള്ള സുഗമമായ ചലനത്തിന് തടസ്സം സൃഷ്‌ടിക്കുകയും അനന്തിരഫലമായി ചലനവേഗത കുറഞ്ഞ് ഇറക്കനിറക്ക് കുറയുകയും ചെയ്യുന്നു.
ഒരു ചെടിയില്‍ തന്നെയുള്ള പുല്ലാനിഫലങ്ങളുടെ ഭാരം, വലുപ്പം, ടെപ്പല്‍ ചിറകുകളുടെ നീളം, വീതി, വിസ്‌തീര്‍ണം, വക്രത, ചാക്രിക ക്രമീകരണം കാരണം സൃഷ്‌ടിക്കുന്ന ചിറകുകളുടെ വ്യാപ്‌തി എന്നിവയില്‍ ഗണ്യമായ വ്യത്യാസം കണ്ടുവരുന്നു. അനന്തരഫലമായി ഈ ഘടകങ്ങള്‍ക്ക് അനുസൃതമായി ഇറക്കനിരക്കും ടെര്‍മിനല്‍ വേഗതയും ഓരോ ഫലത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
ചിറകുകളുടെ ചാക്രിക കോണളവ് നിശ്ചിത ഡിഗ്രിയില്‍ വരികയും ഇതു മൂലം ചിറകുകള്‍ സൃഷ്‌ടിക്കുന്ന ഉപരിതല വ്യാപ്‌തി കൂടുകയും ചെയ്യുമ്പോള്‍ ടെര്‍മിനല്‍ വേഗത, ചലനവേഗത, ഇറക്കനിരക്ക് എന്നിവ കുറയുകയും വ്യാപനശേഷി വര്‍ധിക്കുകയും ചെയ്യുന്നു.
ചലനം പ്രചോദനമാവുമ്പോള്‍
യന്ത്രബാഹ്യബലങ്ങളുടെയോ ആന്തരിക പ്രവര്‍ത്തന ഫലങ്ങളുടെയോ പിന്‍ബലം കൂടാതെ ബാഹ്യരൂപഘടനയിലൂടെ എങ്ങനെ വായുവില്‍ സ്വയം ഭ്രമണചലനം സൃഷ്‌ടിക്കാം എന്നതിന് പ്രകൃതി നമുക്ക് മുന്നില്‍ കാണിച്ചുതന്ന ഉത്തമ ഉദാഹരണമാണ് പുല്ലാനിഫലങ്ങള്‍. ഒന്നു ചുറ്റും നിരീക്ഷിച്ചാല്‍ പുല്ലാനിയിൽ മത്രമല്ല, മറ്റനേകം സസ്യങ്ങളിലും വിത്ത് വ്യാപനത്തിനായി ഭ്രമണചലനമോ മറ്റു സവിശേഷ രീതിയിലുള്ള ചലനങ്ങളോ സൃഷ്‌ടിക്കപ്പെടുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ രൂപഘടനയില്‍ അവയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ അവയില്‍ അനുഭവപ്പെടുന്ന ബലങ്ങളും അവയുടെ ചലന സ്വഭാവവും വ്യത്യാസപ്പെടുന്നു. ഈ രൂപാന്തര വൈവിധ്യം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ച്, നിലനില്‌പിനായുള്ള സസ്യങ്ങളുടെ കൗതുകമുണർത്തുന്ന തന്ത്രങ്ങളുടെ മികച്ച ഉദാഹരണമാണ്.
പ്രകൃതി എന്ന എഞ്ചിനീയറുടെ കരവിരുതില്‍ ഉരുത്തിരിയുന്ന ഇത്തരം സൃഷ്‌ടികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു വെന്ന് മനസ്സിലാക്കുന്നത്, ശാസ്‌ത്രപുരോഗതിക്ക് മാത്രമല്ല, നമ്മുടെ ആവാസവ്യവസ്ഥയുമായി നന്നായി ഇടപഴകാന്‍ കഴിയുന്ന സാങ്കേതികവിദ്യകളുടെ രൂപകല്‌പനയെ പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള ഒരു വഴിയും തുറന്നുകാട്ടുന്നു. ഈ പ്രകൃതിദത്ത സൃഷ്‌ടികളുടെ വൈവിധ്യത്തെ പഠനവിധേയമാക്കുന്നത് ഭാവിയില്‍ ശാസ്‌ത്ര – സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്ക് പ്രചോദനം നല്‍കും.
ശാസ്ത്രകരേളം 2024 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. ശാസ്ത്രകേരളം ഓൺലൈനായി വരിചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധികവായനയ്ക്ക്
- Morphological diversity of winged diaspores of woody angiosperms in South India and their significance in dispersal, Drisya V.V., Pramod C. & A.K. Pradeep, Published on : 30-Sep-2022 DOI : https://dx.doi.org/10.22244/rheedea.2022.32.03.01 >>>
സസ്യ ജാലകം
സസ്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ