എങ്ങനെ ലളിതമായി GenAI മോഡലുകൾ പ്രോംപ്റ്റ് ചെയ്യാം ?
ഈയിടെയായി എഐ മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളെ പറ്റി എഴുതുമ്പോൾ പൊതുവെ ഉയരുന്ന ചോദ്യമാണ്, സാധാരണക്കാർക്ക് ഇത് കൊണ്ട് എന്ത് ഗുണം എന്നത്. പലപ്പോഴും ആധുനിക സാങ്കേതികവിദ്യ നമ്മളറിയാതെ തന്നെ നമുക്ക് ചുറ്റും ഉണ്ടാവും. അത് തെരഞ്ഞ് പിടിച്ച് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഇത് നമുക്ക് ആശങ്ക തരുന്നുള്ളൂ. ഉദാഹരണത്തിന് നിർമ്മിതബുദ്ധി അഥവാ എഐ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ, ടിവി, ആശുപത്രി, സ്കൂൾ. കോളേജ്, ഓഫീസുകൾ എന്നിവടങ്ങളിലെല്ലാം ഇത് ഉപയോഗിക്കപ്പെടുന്നു. ഇവയെല്ലാം മൾട്ടിമോഡൽ ആപ്പുകൾ ആയി മാറിക്കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. അതായത്, വെറും ടെക്സ്റ്റ് മാത്രമല്ല, ഓഡിയോ, വീഡിയോ, ഇമേജ്, പിഡിഎഫ് ഫയലുകൾ തുടങ്ങി ഒരു കംപ്യൂട്ടറിന് സാധിക്കാവുന്ന എന്തും ഇൻപുട്ടും ഔട്ട്പുട്ടും ആക്കാൻ ഇവയ്ക്ക് സാധിക്കുന്നു.
അപ്പോൾ ഡീപ്സീക് പോലുള്ള ആപ്പ് സാധാരണക്കാർ ഉപയോഗിക്കേണ്ടതുണ്ടോ? വേണമെങ്കിൽ ഉപയോഗിക്കാം എങ്കിലും ഒരു സോഫ്റ്റ്വെയർ സേവന പ്ലാറ്റ്ഫോം എന്ന രീതിയിൽ അത് സുരക്ഷിതവും, ദൃഢവും ആയ ഒരു സങ്കേതം ആകുന്നത് വരെ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം പോലെ കണ്ടാൽ മതി. റിസ്ക് എടുക്കാൻ തയ്യാറുള്ളവർ ഉപയോഗിക്കട്ടെ. മാത്സ്, കോഡിങ് ഉപയോഗങ്ങൾക്ക് അത് മറ്റുള്ളവയെക്കാൾ ഒരു പടി മുന്നിലാണെന്ന് തെളിയിച്ച് കഴിഞ്ഞു.
- ചാറ്റ്ജിപിറ്റി 4.0 മോഡൽ – പൊതുവായി ഉള്ള ഉപയോഗങ്ങൾക്ക് നിലവിലെ ഗോൾഡ് സ്റ്റാൻഡേർഡ് ഈ മോഡൽ ആണ്. ഇത് കൂടാതെ ഓരോ വ്യത്യസ്ത ആവശ്യങ്ങൾക്കും ഇവർ ചെറിയ ജിപിറ്റി മോഡലുകൾ ഇറക്കിയിട്ടുണ്ട്.
- ഗൂഗിൾ ജെമിനി 2.0 – സാധാരണക്കാരേക്കാൾ വ്യവസായ മേഖലയിലെ ഉപയോഗങ്ങളെ ലക്ഷ്യമിടുന്നത്.
- ആന്ത്രോപിക് ക്ലോഡ് സോണറ്റ് 3.5 – വളരെ വ്യക്തതയുള്ള പ്രതികരണങ്ങൾ തരുന്ന ഇത് അക്കാദമിക്, ഗവേഷണ മേഖലകൾക്ക് പ്രിയങ്കരം. മണ്ടത്തരങ്ങൾ പറയുന്നത് കുറവായിരിക്കും.
- മെറ്റ എഐ – ഫേസ്ബുക്ക് എഐ ലാബിൽ നിന്ന് വരുന്ന ഇത് നിങ്ങൾക്ക് ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ അപ്പുകൾ വഴി ലഭിക്കുന്നതിനാൽ ഏറ്റവും ജനകീയമായ എഐ മോഡൽ എന്ന് വേണമെങ്കിൽ വിളിക്കാം.
- ഗ്രോക് – സാം ആൾട്ട്മാനൊപ്പം ഓപ്പൺഎഐ സ്ഥാപിച്ച ഇലോൺ മസ്ക് ജിപിടി4 നേക്കാൾ ശക്തിയുള്ള മോഡൽ ഉണ്ടാക്കാനായി തുടങ്ങിയ സംരഭം. ഈ മോഡൽ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോം, ഐഫോൺ, വെബ്സൈറ്റ് എന്നിവടങ്ങളിലൂടെ ഒക്കെ ലഭിക്കും.
- പെർപ്ലക്സിറ്റി – ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിൽ വന്ന ഇത് നിലവിലുള്ള മറ്റ് മോഡലുകൾക്കൊപ്പം ഇന്റർനെറ്റ് സെർച്ച് കൂടി ഉപയോഗിച്ച് ജെൻഎഐ ഉപയോഗിക്കാൻ സഹായിക്കുന്നു.
- ഡീപ്സീക്, കിമി – ചൈനയിൽ നിന്നും വരുന്ന ഇവ രണ്ടും മികച്ച പ്രതികരണങ്ങൾ തരുന്നു എങ്കിലും ഇവയുടെ സേവനങ്ങൾ നമുക്ക് ഉപയോഗിക്കുന്നതിനേക്കാൾ ഓപ്പൺ സോഴ്സ് മോഡൽ ലഭിക്കുന്നു എന്നതാണ് പ്രധാന കാര്യം.
- റൺവേ, ദാൽ-ഇ, മിഡ്ജേർണി, അഡോബി ഫയർഫ്ലൈ, കന്വ, ലിയനാർഡോ, തുടങ്ങിയവ – വീഡിയോ, ഇമേജ്, ഓഡിയോ, തുടങ്ങിയ ക്രിയേറ്റീവ് ജോലികൾക്ക് അനുയോജ്യമായ ചില ആപ്പുകൾ.
- ആപ്പിൾ ഇന്റലിജൻസ്, മൈക്രോസോഫ്റ്റ് കോപൈലറ്റ് – ഇവ രണ്ടും പ്രധാനമായും ഓപ്പൺഎഐ സങ്കേതങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ തരുന്നു.
നമ്മൾ ഉപയോഗിക്കുന്ന എംഎസ് ഓഫീസ് സോഫ്റ്റ്വെയർ, ഗൂഗിൾ ഡോക്സ്, മൊബൈൽ ആപ്പുകൾ, ഓൺലൈൻ ലേർണിംഗ് പ്ലാറ്റ്ഫോമുകൾ, കോഡിങ് സോഫ്റ്റ്വേർ ഇവയിലെല്ലാം ചാറ്റ്ജിപിറ്റി, ക്ലോഡ്, അല്ലെങ്കിൽ ഗൂഗിൾ ജെമിനി വിളക്കി ചേർക്കപ്പെട്ടു കഴിഞ്ഞതിനാൽ വേറെ ആപ്പ് ഉപയോഗിച്ച് പ്രോംപ്റ്റ് ചെയ്യാതെ തന്നെ പല കാര്യങ്ങളും ഇവ ചെയ്തു തരും. ഓപ്പൺഎഐ ആദ്യത്തെ വിജയിച്ച മോഡൽ പുറത്തിറക്കിയതിനാൽ അവർ ഒരുമാതിരിപ്പെട്ട ഡിജിറ്റൽ സേവന ആപ്പുകളിലെല്ലാം എത്തിക്കഴിഞ്ഞു.
എന്നാൽ നേരിട്ട് പ്രോംപ്റ്റ് ചെയ്യുമ്പോൾ പലർക്കും ഉദ്ദേശിച്ച ഫലങ്ങൾ കിട്ടാറില്ല. അല്ലെങ്കിൽ പലർക്കും എങ്ങിനെ ചോദിക്കണമെന്ന് അറിയില്ല. ഇവയിൽ ആദ്യത്തെ ഏഴെണ്ണം ഉപയോഗിച്ച് ഒരാൾക്ക് പൊതുവായി വരുന്ന ആവശ്യങ്ങൾക്ക് ജെൻഎഐ പ്രോംപ്റ്റ് ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ചില മാതൃകകൾ (frameworks) ചുവടെ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക (ചിത്രം കാണുക):

1. T.A.G
- Task – നമ്മുടെ ആവശ്യം എന്തെന്ന് വ്യക്തമാക്കുക
- Action – അതിന് വേണ്ട സ്റ്റെപ്പുകൾ
- Goal – നമ്മുടെ ലക്ഷ്യം, അല്ലെങ്കിൽ ഏത് തരത്തിലുള്ള ഫലമാണ് വേണ്ടതെന്ന വിവരണം.
2. R.I.S.E.
- Role – എന്ത് റോൾ ആണ് നമ്മുടേതെന്ന് പറയുക (ഉദാ: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്)
- Input – നമുക്കാവശ്യമുള്ള വിവരം അല്ലെങ്കിൽ സ്രോതസ്സ് എന്തെന്ന് വ്യക്തമാക്കുക
- Steps – വിശദമായ സ്റ്റെപ്പുകൾ ആവശ്യപ്പെടുക.
- Expectation – അന്തിമ റിസൾട്ട് എങ്ങിനെ വേണമെന്ന് വിശദമാക്കുക.
3. E.R.A.
- Expectation – ആദ്യമേ തന്നെ ഫലം എന്താണ് വേണ്ടതെന്ന് വിശദീകരിക്കുക.
- Role – ആവശ്യമുള്ള വ്യക്തിയുടെ റോൾ വ്യക്തമാക്കുക.
- Action – ഈ ലക്ഷ്യം നേടാൻ ആവശ്യമുള്ള നടപടികൾ ആവശ്യപ്പെടുക.
4. R.A.C.E.
- Role – എന്ത് റോൾ ആണ് നമ്മുടേതെന്ന് പറയുക.
- Action – നമ്മുടെ ലക്ഷ്യം നേടാൻ ആവശ്യമുള്ള നടപടികൾ വിശദമാക്കുക.
- Context – നമുക്ക് നേരിടേണ്ടി വരുന്ന സാഹചര്യം വ്യക്തമാക്കുക.
- Expectation – അന്തിമ റിസൾട്ട് എങ്ങിനെ വേണമെന്ന് വിശദമാക്കുക.
5. A.P.E.
- Action – നമ്മുടെ ലക്ഷ്യം നേടാൻ ആവശ്യമുള്ള നടപടികൾ വിശദമാക്കുക.
- Purpose – ലക്ഷ്യം അല്ലെങ്കിൽ ഉദ്ദേശം വ്യക്തമാക്കുക.
- Expectation – അന്തിമ റിസൾട്ട് എങ്ങിനെ വേണമെന്ന് വിശദമാക്കുക.
6. C.A.R.E.
- Context – നമുക്ക് ചാറ്റ് ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കുക.
- Action – നമുക്ക് എന്താണ് വേണ്ടതെന്ന് വിശദമാക്കുക.
- Result – നമ്മൾ ഉദ്ദേശിക്കുന്ന ഫലം എന്താണെന്ന് വ്യക്തമാക്കുക.
- Example – നമ്മുടെ ഉദ്ദേശം വിശദമാക്കുന്ന ഒരു ഉദാഹരണം കൂടി നൽകുക.
Frameworks Courtsey: Anish Singh Walia


സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം