

കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളിന്റെ മനോനില വിശകലനം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ആധുനിക ഫോറൻസിക് സൈക്യാട്രി വിവിധ മേഖലകളിൽ നേടിയ അറിവുകളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു. ഫോറൻസിക് സൈക്യാട്രിയിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 2025 ഏപ്രിൽ മാസത്തിലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.

1843-ൽ ഇംഗ്ലണ്ടിൽ ഏറെ വിവാദമുണ്ടാക്കിയ ഒരു കൊലപാതകം നടന്നു. ഡാനിയൽ മക്നോട്ടൻ (Daniel McNaug-hten) എന്ന ഒരു സ്കോട്ടിഷുകാരൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി റോബർട്ട് പീലിനെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ, അയാൾക്ക് ആളു മാറി. പീലിന്റെ സെക്രട്ടറിയായിരുന്ന എഡ്വേർഡ് ഡ്രമണ്ടിനാണ് വെടിയേറ്റത്. ഡ്രമണ്ട് മരിച്ചു. മക്നോട്ടൻ അറസ്റ്റിലായി. കോടതിയിൽ, മക്നോട്ടന്റെ വക്കീൽ അദ്ദേഹം ബുദ്ധിഭ്രമമുള്ള ആളാണെന്നും അതിനാൽ താൻ ചെയ്യുന്ന പ്രവൃത്തിയുടെ പരിണിതഫലം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വാദിച്ചു. ഈ വിചാരണയാണ് ആ കൊലപാതകത്തെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയത്. അക്കാലത്ത് മാനസികരോഗമുള്ളയാൾ കുറ്റംചെയ്താൽ എന്തു ചെയ്യണമെന്നതിനെപ്പറ്റി വലിയ ധാരണയൊന്നും ആർക്കുമില്ല. പ്രത്യേക നിയമങ്ങളുമില്ല. എന്നിരുന്നാലും, ജൂറി മക്നോട്ടൻ മാനസിക രോഗിയായതിനാൽ കുറ്റം ചെയ്തിട്ടില്ല (not guilty by reaosn of in-sanity) എന്ന തീർപ്പിലെത്തി. ഇതു വലിയ ചർച്ചയായി. ബ്രിട്ടീഷ് രാജ്ഞിപോലും ഇടപെട്ടു. കാരണം, പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ ഒരു സംഭവമായിരുന്നല്ലോ അത്.
തുടർന്ന്, ബ്രിട്ടീഷ് പാർലമെന്റിന്റെ ഉന്നത സഭയായ ഹൗസ് ഓഫ് ലോർഡ്‌സ് മാനസിക രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധത്തിനായി വ്യക്തമായ നിയമ നിർവചനങ്ങളും നിയമങ്ങളും ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. നിയമം പഠിക്കുന്നവരും ഫോറൻസിക് സയൻസ് പഠിക്കുന്നവരും സൈക്യാട്രി പഠിക്കുന്നവരും ഒരുപോലെ പഠിക്കുന്ന ഒന്നാണ് ‘മക്നോട്ടൻസ് ലോ’. നിരവധി രാജ്യങ്ങൾ തങ്ങളുടെ നിയമ പുസ്‌തകത്തിൽ ചേർത്തിട്ടുള്ള ഈ നിയമം, ഒരു കുറ്റകൃത്യം നടക്കുമ്പോൾ കുറ്റം ചെയ്‌തയാൾ ഗുരുതരമായ മാനസിക രോഗത്തിന് അടിമയായിരുന്നോ എന്ന് പരിശോധിക്കാനും തുടർനടപടി അതിനനുസരിച്ച് തീർപ്പാക്കാനും വേണ്ടിയുള്ളതാണ്.

ഈ സംഭവത്തിനും ഏതാനും വർഷങ്ങൾക്കുമുമ്പേ മാനസിക രോഗമുള്ളവരുടെ കുറ്റവിചാരണയും ശിക്ഷയും അവർ തെറ്റ് ചെയ്യാനുള്ള സാധ്യതകളുമൊക്കെ പഠിച്ച വ്യക്തിയായിരുന്നു അമേരിക്കൻ സൈക്യാട്രിസ്റ്റായിരുന്ന ഡോക്ടർ ഐസക് റേ. അദ്ദേഹം അതിനെപ്പറ്റി ഒരു പുസ്‌തകവും എഴുതിയിരുന്നു. ‘എ ട്രീറ്റൈസ് ഓൺ ദി മെഡിക്കൽ ജൂറി പ്രൂഡൻസ് ഓഫ് ഇൻസാനിറ്റി (1838)‘. മാനസിക രോഗങ്ങളും നിയമവ്യവസ്ഥയും തമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങളെ ഈ പുസ്‌തകത്തിൽ റേ വിശദമായി വിശകലനം ചെയ്തിരുന്നു. 1843-ലെ മക്നോട്ടൻ കേസിൽ, ബുദ്ധിഭ്രമത്തിന്റെ നിയമപരമായ നിർവചനം രൂപപ്പെടുത്താൻ ബ്രിട്ടീഷുകാർ ശ്രമിക്കുമ്പോൾ റേയുടെ ഈ സൈദ്ധാന്തിക പുസ്‌തകം അവരെ വളരെയേറെ സഹായിക്കുകയുണ്ടായി. ക്രിമിനൽ നീതിവ്യവസ്ഥയിൽ മാനസികാരോഗ്യത്തിന് ഒരു ‘ശാസ്ത്രീയസ്വരം’ നൽകിയ ഐസക് റേയെയാണ് ഫോറൻസിക് സൈക്യാട്രിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്നത്.
ഫോറൻസിക് സൈക്യാട്രിയെന്നത് സൈക്യാട്രിയും നിയമവും ഒരേ പോലെ ഉപയോഗിക്കുന്ന ഒരു മേഖലയാണ്. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ അതിലുള്ള പ്രതികളുടെ മനോനില വിശകലനം ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. മാനസിക പ്രശ്‌നമുള്ള ഒരാൾ കുറ്റകൃത്യം ചെയ്തത് മാനസികരോഗം കൊണ്ടാണോ അല്ലയോയെന്നുള്ളത് ഈ ശാസ്ത്രശാഖ പരിശോധിക്കുന്നു. അതോടൊപ്പംതന്നെ, ഇത്തരം രോഗികളുടെ പരിചരണം എങ്ങനെയാകണമെന്നുള്ളതും ഈ ശാസ്ത്രശാഖയുടെ പരിധിയിൽ വരുന്നതാണ്.
എ ഡി രണ്ടാം നൂറ്റാണ്ട് കാലഘട്ടത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷകളിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ഭ്രാന്ത് അനുകരിക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ റോമൻ ചക്രവർത്തിയായ മാർക്കസ് ഓറിലിയ്സ് ഒരു നിയമവ്യവസ്ഥ കൊണ്ടുവന്നു. ഭ്രാന്ത് അനുകരിക്കുന്ന അതായത്, മറ്റുള്ളവരുടെ കാഴ്‌ചയിൽ തികച്ചും ഭ്രാന്തനായ വ്യക്തിയെ അദ്ദേഹത്തിന്റെ ബന്ധുക്കൾ സംരക്ഷിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ ഇയാളെ കാണാതെയാവുകയോ ഈ വ്യക്തിക്ക് ഭ്രാന്തില്ലായെന്ന് വ്യക്തമാവുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ വധിക്കപ്പെടും. ആഫ്രിക്കൻ രാജ്യങ്ങളിൽ ട്രൂത്ത് പെല്ലറ്റ് എന്നൊരു വസ്തു ഉപയോഗിച്ച് വന്നിരുന്നു. കുറ്റവാളികളെ എല്ലാവരെയും ഒരുമിച്ചു കൂട്ടിയതിനുശേഷം അധികാരികൾ ആഡംബരമായി വിളംബരം നടത്തുമായിരുന്നു. കുറ്റവാളിയെ കണ്ടുപിടിക്കാനായി തങ്ങൾ വിഷാംശമുള്ള ട്രൂത്ത് പെല്ലറ്റ് അഥവാ മാജിക് പെല്ലറ്റ് ഉപയോഗിക്കുമെന്നും അത് ഭക്ഷിക്കുന്ന കുറ്റവാളികളിൽ യഥാർഥ തെറ്റുകാരൻ മരണപ്പെട്ടുപ്പോകുമെന്നുമായിരുന്നു അതിൻ്റെ ഉള്ളടക്കം. വൈകാരികത നിറഞ്ഞ ഈ ഒരു അന്തരീക്ഷത്തിൽ ചെറിയ ലെതർ പെല്ലറ്റ് കുറ്റവാളികളുടെ വായിലേക്ക് വെച്ചുകൊടുക്കുകയും ഭയം കാരണം കുറ്റവാളികളുടെ ഉമിനീർ വറ്റുമെന്നും പെല്ലറ്റ് നനയാതെയിരിക്കും എന്നുമുള്ള തത്വത്തിൽ നിന്നാണ് ഈ കുറ്റാന്വേഷണ രീതിയുടെ ഉദ്ഭവം. പുരാതന ചൈനയിലെ രീതി മറ്റൊന്നായിരുന്നു. കുറ്റവാളികളെ ബെൽ അടിച്ചു കണ്ടുപിടിക്കുന്ന രീതിയായിരുന്നു അവരുടേത്. തെറ്റുചെയ്ത ആൾ തൊട്ടാൽ മാത്രമേ ബെൽ അടിക്കുവെന്ന മിഥ്യാധാരണ ആദ്യമേ എല്ലാവരിലേക്കും എത്തിച്ചശേഷം ഒരു ചെറിയ ദ്വാരത്തിലൂടെ കൈ ഇട്ട് ബെൽ അടിപ്പിക്കുന്നരീതി അവർ ആചരിച്ചു പോന്നു. ഈ ബെൽ കരിയിൽ പൊതിഞ്ഞതായിരുന്നു. കുറ്റവാളി ഭയംകൊണ്ട് ബെൽ തൊടാതിരിക്കുകയും ആ കാരണത്താൽത്തന്നെ, കൈയിൽ കരി ആകാതിരിക്കുകയും അങ്ങനെ തെറ്റുകാരനെ കണ്ടുപിടിക്കുകയും ആണ് അവർ ചെയ്തത്. പുരാതന ഗ്രീസിൽ ദി ലീഗൽ കോഡ് ഓഫ് ഡ്രാക്കോ (ഡ്രാക്കോയുടെ നിയമസംഹിത) നിലനിന്നിരുന്നു. അതിക്രൂരമായ രീതിയിൽ കുറ്റവാളികളെ കൈകാര്യം ചെയ്തിരുന്ന നിയമവ്യവസ്ഥയായിരുന്നു അത്. അതിൽനിന്നാണ് ആംഗലേയ പദമായ ഡ്രാക്കോണിയൻ എന്ന വാക്കിന്റെ ഉദ്ഭവം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മന്ത്രവാദങ്ങൾക്ക് അടിമപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ മന്ത്രവാദിയെ ഉപയോഗിച്ച് അവരെ ഉന്മൂലനം ചെയ്യണമെന്നുമുള്ള തിയറിയായിരുന്നു ഒരുകാലത്ത് യുറോപ്യൻ രാജ്യങ്ങളിൽ വർത്തിച്ചു പോന്നിരുന്നത്. അക്കാലത്ത് തടവുകാരുടെ മാനസികാവസ്ഥയെയും അവരുടെ ചികിത്സയെയും കുറിച്ച് പഠിക്കാനും ഇടയ്ക്കിടെ കോടതികളിൽ ഹാജരാകാനും പരിശ്രമിച്ച മനോരോഗ ചികിത്സാ വിദഗ്‌ധരാണ് ഫോറൻസിക് സൈക്യാട്രി എന്ന ശാഖയ്ക്ക് തുടക്കമിട്ടത്.

പൊതുവെ, മാനസികാരോഗ്യ പ്രശനമുള്ളവർ കുറ്റകൃത്യംചെയ്താൽ അവർക്ക് ശിക്ഷലഭിക്കില്ല എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്.
ഇത്തരമൊരു പൊതുബോധം സൃഷ്ടിച്ചതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, സിനിമകളിലുമൊക്കെത്തന്നെ വില്ലന്മാരും എന്തിനധികം നായകന്മാർതന്നെ കുറ്റകൃത്യം നടത്തിയിട്ട് തന്നെയാരും ശിക്ഷിക്കില്ലെന്നും തനിക്ക് മാനസികരോഗമാണെന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെന്നും പറയുന്നത് നാം കേട്ടിട്ടുണ്ടല്ലോ. ഇത് ധാരാളം ആൾക്കാർക്ക് തെറ്റിദ്ധാരണയ്ക്ക് ഇട നൽകിയിട്ടുണ്ട്.
ആധുനിക ഫോറൻസിക് സൈക്യാട്രി വിവിധ മേഖലകളിൽ നമ്മൾ നേടിയ അറിവുകളിൽനിന്നും അവബോധങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപംകൊണ്ടത്. അവയെ ചുരുക്കി ഇങ്ങനെ സംഗ്രഹിക്കാം.
- മാനസികരോഗവും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുവന്ന പുതിയ അറിവുകൾ
- നിയമപരമായി മാനസികരോഗങ്ങളെ നിർവചിക്കുന്നതിനുള്ള പരിശോധനകളുടെ പരിണാമം
- കുറ്റവാളികളായ മാനസിക രോഗികളുടെ ചികിത്സയെ സംബന്ധിച്ച അറിവുകൾ
- മാനസികരോഗങ്ങളെക്കുറിച്ച് പൊതുസമൂഹത്തിലുണ്ടായ അവബോധം
ഇങ്ങനെ നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ മേഖലകളെ സ്‌പർശിച്ച് നിൽക്കുന്ന നാലു തൂണുകളിലാണ് ഫോറൻസിക് സൈക്യാട്രി നിലനിൽക്കുന്നത്.
ഫോറൻസിക് സൈക്യാട്രിയെന്ന ഉപസ്പെഷ്യാലിറ്റിയെ നിർവചിച്ചിരിക്കുന്നത് ‘മാനസികരോഗങ്ങളും നിയമവും തമ്മിലുള്ള സമ്പർക്കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സൈക്യാട്രിയുടെ ശാഖ’യെന്നാണ്. ഇതിനോടൊപ്പം സിവിൽ നിയമ കേസുകളിലെ വിലയിരുത്തലുകളിലും മാനസികാരോഗ്യ നിയമനിർമ്മാണത്തിന്റെ വികസനത്തിലും പ്രയോഗത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും ഫോറൻസിക് സൈക്യാട്രി കൈകാര്യം ചെയ്യുന്നുണ്ട്.
ലോകമെമ്പാടും, മാനസികാവസ്ഥകളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണ വിശാലമായതോടെ വിവിധ തലങ്ങളിലുള്ള നിയമ നടപടികളിൽ കോടതികളിൽ ഫോറൻസിക് വിദഗ്‌ധരുടെ സേവനം വർധിപ്പിക്കുന്നതിലേക്ക് നയിക്കുകയുണ്ടായി.
ഫോറൻസിക് സൈക്യാട്രിയിലെ ചില അടിസ്ഥാന തത്വങ്ങൾ
- വിവേകത്തിന്റെ തത്വം (Principle of Sanity) എല്ലാ മനുഷ്യരും മാനസികാരോഗ്യവും വിവേകവും ഉള്ളവരാണ്, അങ്ങനെയല്ലായെന്ന് തെളിയിക്കപ്പെടും വരെ.
- ബോധത്തോടെ, നൈതികതയോടെ പെരുമാറാൻ കഴിയുകയെന്നത് ഒരാളുടെ മാനസികാരോഗ്യത്തിന്റെ സൂചികയാണ്.
- നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്‌മ ഒരിക്കലും നിയമലംഘനം നടത്താനുള്ള ഒഴിവുകഴിവല്ല.
- പ്രതിക്ക് കുറ്റ വിചാരണ നേരിടാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കണം.
- മാനസികാരോഗ്യം കുറവെന്ന മുൻധാരണകളോടെ പ്രതിയെ സമീപിക്കരുത്. മാനസികരോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രതി കുറ്റം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സാധ്യതകൾ മനസ്സിലുണ്ടാവണം.
- മുമ്പ് മാനസികരോഗം ഉണ്ടായിരുന്നുവെന്നത് ഒരിക്കലും നിലവിലത്തെ പ്രശ്നത്തെ സാധൂകരിക്കുന്നില്ല.
- മാനസികരോഗമുണ്ട് എന്നതുകൊണ്ട് രോഗിക്ക് ചിന്തിക്കുന്നതിനോ തീരുമാനമെടുക്കുന്നതിനോ പ്രശ്നം ഉണ്ടാവണമെന്നില്ല.
- മാനസികാരോഗ്യം കുറവെന്ന പരിഗണനയോ അവഗണനയോ പാടില്ല.
- മനുഷ്യാവകാശം എല്ലാ അർഥത്തിലും പാലിക്കപ്പെടണം.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൊണ്ട് കുറ്റവിചാരണ നേരിടാൻ യോഗ്യരല്ലെന്ന് കണ്ടെത്തുന്ന പ്രതികളെ അവരുടെ വിചാരണയ്ക്കുള്ള കഴിവ് പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു. അവർക്ക് ചികിത്സ നൽകിയശേഷം
വിചാരണ നേരിടാനുള്ള കഴിവുനേടിയെന്ന് മനോരോഗ വിദഗ്‌ധർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അവരെ വീണ്ടും വിചാരണയ്ക്കായി കൊണ്ടുവരുകയുള്ളു. അതോടൊപ്പംതന്നെ ഒരു വ്യക്തിയെ ‘അപകടകാരിയായ കുറ്റവാളി’യായി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷകൾക്ക് സാധാരണയായി ഫോറൻസിക് വിദഗ്‌ധരുടെ സേവനം ആവശ്യമാണ്. ഇത്തരം വ്യക്തികളുടെ ഭാവിയിലെ അപകടസാധ്യത വിലയിരുത്തൽ, പ്രവചനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവും ശാസ്ത്രീയവുമായ വിവരങ്ങൾ കോടതികൾക്ക് നൽകുന്നതും ഇവരാണ്.
ഒരു കുറ്റവാളിയെ ശിക്ഷിച്ചുകഴിഞ്ഞാൽ, ഫോറൻസിക് സൈക്യാട്രിസ്റ്റുകളുടെ ഒരു പ്രധാന കടമ, വ്യത്യസ്‌തതരം രോഗങ്ങൾക്കനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുകയെന്നുള്ളതാണ്. ഇതോടൊപ്പംതന്നെ. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്യേണ്ടിവരും.
കേസിന്റെ വിചാരണയ്ക്കുശേഷം മാനസികരോഗംകൊണ്ടാണ് പ്രസ്‌തുത വ്യക്തി കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞാൽ അവരെ ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ഇത്തരം കുറ്റവാളികൾക്ക് പരോളിനുള്ള ശിപാർശയും അവരെ ചികിത്സയ്ക്കുശേഷം നിയമ സംവിധാനത്തിൽനിന്ന് വിടുതൽ ലഭിക്കുന്നതിനുമുമ്പും ഫോറൻസിക് സൈക്യാട്രിസ്റ്റുകൾ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടോയെന്നുള്ളതിനെക്കുറിച്ചുള്ള അഭിപ്രായം നിയമ സംവിധാനങ്ങൾക്ക് നൽകാറുണ്ട്.
സിവിൽ നിയമം
ഒരു കക്ഷിയിൽ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുടെ സാന്നിധ്യം നിർണ്ണയിക്കാൻ സൈക്യാട്രിസ്റ്റുകളും മറ്റ് മാനസികാരോഗ്യ വിദഗ്‌ധരും പലപ്പോഴും വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്. ഉദാഹരണമായി, മോട്ടോർവാഹന അപകടത്തിൽ ഉൾപ്പെട്ട കേസുകളിൽ പരിക്കുകളുടെ തീവ്രത വ്യക്തമാക്കുന്നതിനുള്ള പരിശോധനകൾ, ഒരു വിൽപത്രം എഴുതാനോ കരാറുകളിൽ ഏർപ്പെടാനോ ഉള്ള ശേഷിയുടെ വിലയിരുത്തലുകൾ, ജോലി ചെയ്യാനുള്ള യോഗ്യതയ്ക്കുള്ള വിലയിരുത്തലുകൾ, വൈകല്യ ഇൻഷ്വറൻസിൽ പരിഗണിക്കുന്ന ആനുകൂല്യങ്ങളിലേക്കുള്ള പരിക്കുകളുടെ വിലയിരുത്തലുകൾ അവയുടെ ശതമാനം എന്നിവയെപ്പറ്റി ഫോറൻസിക് സൈക്യാട്രിസ്റ്റുകൾ അഭിപ്രായം നൽകാറുണ്ട്.
സാധാരണയായി, നിയമത്തിൽ പറയുന്നത് എല്ലാ വ്യക്തികൾക്കും തീരുമാനങ്ങളെടുക്കാൻ കഴിവുണ്ടെന്നാണ്. മറ്റുവിധത്തിൽ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ, ഒരു വ്യക്തി തീരുമാനങ്ങളെടുക്കാൻ പ്രാപ്ത്‌തനാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കൂടാതെ, ഒരു മാനസികാരോഗ്യപ്രശ്നത്തിന്റെ അനന്തരഫലമായുണ്ടായ വൈകല്യം (കഴിവില്ലായ്മ) കണ്ടെത്തുന്നത് നിയമപരമായ പ്രശ്‌നങ്ങളെയും ആശ്രയിച്ചിരിക്കും. അത്, കാലാകാലങ്ങളിൽ അവലോകനം ചെയ്യേണ്ടിവരും. ഉദാഹരണത്തിന്, പക്ഷാഘാതംമൂലം ഒരു വ്യക്തി മോട്ടോർ വാഹനം ഓടിക്കാൻ കഴിവില്ലാത്തവനായി കണക്കാക്കപ്പെട്ടേക്കാം. എന്നാൽ, ആ വ്യക്തിക്ക് ഇപ്പോഴും കരാറുകളിൽ ഏർപ്പെടാനോ വ്യക്തിപരമായ സാമ്പത്തികകാര്യങ്ങൾ കൈകാര്യംചെയ്യാനോ ഉള്ള ശേഷിയും കഴിവും ഉണ്ടായിരിക്കാം. സമയവും ശരിയായ പുനരധിവാസവും ഉണ്ടെങ്കിൽ, ആ വ്യക്തിക്ക് വാഹനമോടിക്കാനുള്ള ശേഷിയും വീണ്ടടുക്കാൻ കഴിഞ്ഞേയ്ക്കും.
സാധാരണയായി, ഒരു വ്യക്തിയുടെ കഴിവില്ലായ്‌മ (ഡിസെബിലിറ്റി) വിലയിരുത്തലിന് അദ്ദേഹം സമ്മതം നൽകണം. അല്ലെങ്കിൽ വിലയിരുത്തലുമായി സഹകരിക്കുന്നതിനോ അല്ലെങ്കിൽ വിവരങ്ങൾ ശേഖരിക്കുന്നതിനോ നിയമപരമായ ഉത്തരവ് നേടേണ്ടതുണ്ട്.
മാനസികാരോഗ്യ നിയമനിർമ്മാണ സംവിധാനങ്ങളും
സാധാരണയായി കുറ്റവാളികളായ മാനസിക രോഗികൾ ഒരു ഘട്ടത്തിൽ മാനസികാരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടിയതിനുശേഷം തിരികെ ജയിലിൽ പോവുകയും ജയിലിൽനിന്നും രോഗം മൂർഛിക്കുമ്പോൾ തിരിച്ച് മാനസികാരോഗ്യ സ്ഥാപനങ്ങളിലേക്ക് വരുകയും ചെയ്യും. ഇതിന് ഡബിൾ റിവോൾവിങ് ഡോർ പ്രതിഭാസം എന്നാണ് പറയുന്നത്. ഫോറൻസിക് സൈക്യാട്രിസ്റ്റുമാരെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ചുമതലപ്പെടുത്താറുണ്ട്. നിയമപരമായ കാര്യങ്ങളിലുള്ള അവരുടെ പങ്കാളിത്തം കാരണം, ഫോറൻസിക് സൈക്യാട്രിസ്റ്റുകൾ മാനസികാരോഗ്യ നിയമനിർമ്മാണത്തിൻ്റെ കരട് തയ്യാറാക്കലിലും പ്രധാന പങ്കുവഹിക്കുന്നു.

ചികിത്സയ്ക്കപ്പുറം ഫോറൻസിക് സൈക്യാട്രിസ്റ്റുകൾ ഒരു വ്യക്തി അപകടകാരിയാണോ അല്ലയോ എന്നത് വിലയിരുത്തേണ്ടിവരും. മാനസികപ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയെ ജയിലിൽനിന്നും മോചിപ്പിച്ചതിനുശേഷം അദ്ദേഹം ഭാവിയിൽ സമാന കുറ്റകൃത്യങ്ങൾ ചെയ്യുമോ ഇല്ലയോ എന്നുള്ളതിന്റെ വിലയിരുത്തലുകളും അവർ നടത്തേണ്ടിവരും.
മാനസികരോഗങ്ങളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി കുറ്റക്യത്യങ്ങൾ തടയുന്നതിൽ മാനസികരോഗ വിദഗ്‌ധർക്ക് പ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇപ്പോൾ വ്യക്തമാണ്. ഇതോടൊപ്പംതന്നെ, ഇത്തരം വ്യക്തികളുടെ ദീർഘകാല പരിചരണമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഫോറൻസിക് സൈക്യാട്രിസ്റ്റുകൾക്ക് സുപ്രധാന സ്ഥാനമുണ്ട്. നമ്മുടെ നാട്ടിൽ ഫോറൻസിക് സൈക്യാട്രിയെന്ന ശാസ്ത്രശാഖയുടെ വളർച്ച ഇപ്പോഴും ഏറെക്കുറെ ശൈശവാവസ്ഥയിലാണെന്നതുകൂടി ഓർമ്മിപ്പിക്കുന്നു.
