Read Time:7 Minute

”നിങ്ങളുടെ ആഹാരമാവട്ടെ നിങ്ങളുടെ ഔഷധവും” – ഹിപ്പോക്രേറ്റസ്

ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. ആഹാരരീതിയുമായി ബന്ധപ്പെടാത്ത രോഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പഴയകാലങ്ങളിൽ ആഹാരത്തിന്റെ ലഭ്യത കുറവായിരുന്നു. അക്കാലത്ത് ആഹാരം സമ്പാദിക്കുന്നതിനുവേണ്ടിയായിരുന്നു മനുഷ്യധ്വാനം. ആഹാരത്തിന്റെ കുറവുകൊണ്ടുള്ള അസുഖങ്ങളായിരുന്നു അധികവും, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും മറ്റ് ദുർബല വിഭാഗങ്ങളെയും പോഷകാഹാരക്കുറവ് ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംമുതൽ ഇതിൽ മാറ്റമുണ്ടായി. കാർഷികവിപ്ലവവും കൃഷിരീതിയിലെ നൂതന മാർഗങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും കാരണം ആഹാരം ആവശ്യത്തിൽക്കൂടുതൽ കഴിക്കുന്നതിന് കാരണമായി. ഇതുമൂലമുള്ള രോഗങ്ങളും ധാരാളമായി. ഒരുഭാഗത്ത് ആവശ്യത്തിൽ കൂടുതൽ കലോറികൾ അകത്താക്കുന്നതുകൊണ്ട് പൊണ്ണത്തടി, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൂടുതലായി. മറുഭാഗത്ത് അസന്തുലിതമായ ആഹാരരീതി കാരണം വിറ്റാമിനുകൾ, ധാതു മൂലകങ്ങൾ (അയോഡിൻ, ഇരുമ്പുസത്ത് തുടങ്ങിയവ) കുറയുന്നത് കൊണ്ടുള്ള രോഗങ്ങളും ഉണ്ടാവുന്നു. ഒരേ വ്യക്തിയിൽത്തന്നെ കലോറി കൂടുതൽ കഴിക്കുന്നതുകൊണ്ടുള്ള രോഗങ്ങളും സൂക്ഷ്മ പോഷണ ഘടകങ്ങളുടെ കുറവുകൊണ്ടുള്ള രോഗങ്ങളും (പ്രത്യക്ഷമല്ലാത്ത വിശപ്പ്) കാണുന്ന അവസ്ഥയുണ്ടായി.

ആഹാരം എല്ലാവർക്കും ഒരേ അളവിലല്ല വേണ്ടത്. കാര്യമായ അധ്വാനം ഇല്ലാത്തവരും ആവശ്യത്തിലധികം ശരീരഭാരമുള്ളവരും പ്രധാന ഭക്ഷ്യഘടകങ്ങളിൽ (Macronutrients) കുറവ് വരുത്തണം. എന്നാൽ, സൂക്ഷ്മ ഘടകങ്ങൾ (Micronutrients) കുറയാനും പാടില്ല. കായികധ്വാനം കൂടുതലുള്ളവർ, വളരുന്ന കുട്ടികൾ, ഗർഭിണികൾ ഇങ്ങനെ ആഹാരം കൂടുതൽ ആവശ്യമുള്ളവരുമുണ്ട്. അതുകൊണ്ട്, എല്ലാവർക്കും പൊതുവായി സ്വീകരിക്കാവുന്നതല്ല ആഹാര രീതി.

ശരീരഭാരം, ശരീരസ്ഥൂലത (BMI) എന്നിവ ആഹാരത്തിലെ കലോറി നൽകുന്ന പ്രധാന ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കുന്നതിനുള്ള സൂചികകളാണ്. പൊതുവേപറഞ്ഞാൽ സമീപകാലത്തെ നമ്മുടെ ആഹാരരീതിയിൽ മധുരം, എണ്ണ, ഉപ്പ്, സംസ്‌കരിച്ച ധാന്യങ്ങൾ എന്നിവയുടെ അളവ് ആവശ്യത്തിൽ കൂടുതലാണ്. കലോറികൾമാത്രം നൽകുകയും മറ്റു സൂക്ഷ്മ പോഷണ ഘടകങ്ങൾ കാര്യമായി ഇല്ലാത്തതുമായ ആഹാരങ്ങളെ ‘ജംഗ് ഫുഡ്’ എന്ന് വിശേഷിക്കുന്നു. മധുരമാണ് ഇതിൽ പ്രധാന ഘടകം. ഇത്തരം അനാരോഗ്യകരമായ ആഹാരങ്ങളുടെ ലഭ്യത വളരെ കൂടുതലാണ്.

എന്തുകഴിക്കുന്നു എന്നതുപോലെതന്നെ, എത്ര കഴിക്കുന്നുവെന്നതും പ്രധാനമാണ്. എല്ലാം ഭക്ഷിക്കാം എന്നാൽ, ആവശ്യമായ അളവിൽ മാത്രം. അധികമായാൽ ഏത് ആഹാരവും വിഷമാകും, കുറഞ്ഞാലോ അനാരോഗ്യവും. അതുകൊണ്ട്, ഓരോ വ്യക്തിയും അവരുടെ ആരോഗ്യസ്ഥിതിയും ശരീരഭാരവുമനുസരിച്ച് ആവശ്യമായ അളവിൽ ഭക്ഷണം ക്രമീകരിക്കണം. ആരോഗ്യകരമായ ആഹാരരീതിയിൽ എല്ലാത്തരം ഭക്ഷണങ്ങളും ആവശ്യമായ അളവിൽ ഉൾപ്പെടുത്തുന്നതാണ്, ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കൾ മാത്രം ആശ്രയിക്കുന്നതിനേക്കാൾ നല്ലത്. പൊതുവേ കേരളത്തിലെ ആഹാരരീതിയിൽ പച്ചക്കറികൾ, ഇലകൾ, പഴവർഗങ്ങൾ എന്നിവ കുറവായി കാണുന്നുണ്ട്, പ്രത്യേകിച്ച് ഹോട്ടൽ ഭക്ഷണത്തിൽ. സൂക്ഷ്മ പോഷണ ഘടകങ്ങൾ ധാരാളം അടങ്ങിയവയാണ് പച്ചക്കറികളും പഴങ്ങളും. ഇതിൽത്തന്നെ പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ മധുരം കൂടിയ പഴങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, വളരെ ചിട്ടപ്പെടുത്തേണ്ടതാണ് നമ്മുടെ ആഹാരരീതി. ഒരു വ്യക്തിയുടെ ആവശ്യത്തിനും ആരോഗ്യനിലയ്ക്കും പ്രായത്തിനുമനുസരിച്ച് ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ, എന്തെല്ലാം എത്ര അളവ് കഴിക്കണം എന്നത് സന്തുലിതമായ ആഹാരരീതിയിൽ പ്രധാനമാണ്. അതുപോലെതന്നെ, ഭക്ഷണം പാചകം ചെയ്യുന്നരീതി, കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നതിലെ ശുചിത്വം എന്നിവയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അനുബന്ധ വായനയ്ക്ക്

  1. ഭക്ഷണ സംസ്‌കാരവും മാറ്റങ്ങളും
  2. കുട്ടികളിൽ വർധിച്ചുവരുന്ന പൊണ്ണത്തടി
  3. അൾട്രാ പ്രോസസ്ഡ് ഫുഡ്‌സും ജീവിതശൈലീ രോഗങ്ങളും
  4. ജീവിതശൈലീ രോഗങ്ങളും പരിണാമവും

ശാസ്ത്രഗതി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 7
Next post വ്യാഴത്തിലെ മലയാളം!
Close