[dropcap]യു.എ.ഇ[/dropcap]യുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആറ് മണിക്കൂറോളം നീണ്ട ബഹിരാകാശയാത്രയ്ക്ക് ഒടുവിലാണ് ഹസ്സയും രണ്ടു സഹയാത്രികരും നിലയത്തിലെത്തിയത്. ജെസിക്കാ മെയ്ര്‍, ഒലെക് സ്ക്രിപോച്ക എന്നിവരാണ് മറ്റു രണ്ടു പേര്‍.യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അൽ മൻസൗരി ബഹിരാകാശനിലയത്തിൽ സുരക്ഷിതമായി എത്തിച്ചേര്‍ന്നു..
സെപ്റ്റംബർ 24 നാണ് കസാക്കിസ്താനിലെ ബെയ്ക്കനൂര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് സോയൂസ് റോക്കറ്റിലേറി അവര്‍ ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്നു. സോയൂസ് MS-15 എന്ന പേടകത്തില്‍ നാല് തവണ ഭൂമിയെ വലം വച്ച ശേഷമാണ് യാത്രികർ നിലയത്തിലെത്തിയത്. സ്റ്റേഷന്‍ കമാന്‍ഡര്‍ ആയ അലക്സിയും സഹതാമസക്കാരായ ക്രിസ്റ്റീന, നിക്ക്, ആന്‍ഡ്രൂ, ലൂകാ, അലക്സാണ്ടര്‍ എന്നിവരും ചേര്‍ന്ന് പുതിയ അംഗങ്ങളെ ബഹിരാകാശവീട്ടിലേക്ക് സ്വാഗതം ചെയ്തു! [box type=”info” align=”” class=”” width=””]വലിയൊരു ചരിത്രത്തിലേക്കാണ് ഹസ്സ അല്‍ മന്‍സൗരി കാലെടുത്തു വച്ചത്. യു എ ഇയുടെ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന ബഹുമതി മാത്രമല്ല, അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍ താമസിക്കുന്ന ആദ്യ യു എ ഇ പൗരന്‍ എന്ന ബഹുമതി കൂടിയാണ് ഹസ്സയെ തേടിയെത്തിയത്. നിലയം സന്ദര്‍ശിച്ച പത്തൊന്‍പതാമത്തെ രാജ്യമാണ് യു എ ഇ.[/box]
എട്ടു ദിവസമാണ് ഹസ്സ അല്‍ മന്‍സൗരി നിലയത്തില്‍ തുടരുക. ഇപ്പോള്‍ ഒന്‍പതു പേരാണ് ബഹിരാകാശനിലയത്തിലുള്ളത്. എട്ടു ദിവസം ഒന്‍പതു പേര്‍ നിലയത്തില്‍ തുടരുന്നത് ഇത് ആദ്യമായാണ്. 2015 സെപ്റ്റംബറിൽ ഒന്‍പതു പേര്‍ ഇത്പോലെ നിലയത്തില്‍ താമസിച്ചിരുന്നു. ഏഴു ദിവസമേ അവര്‍ പക്ഷേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബര്‍ 3ന് സോയസ് MS 12 പേടകത്തിലാവും ഇനി ഹസ്സയുടെ മടക്കയാത്ര. ഇരുന്നൂറു ദിവസത്തോളം നിലയത്തില്‍ കഴിഞ്ഞ നിക്ക് ഹേഗ്, അലക്സി ഒവ്ചിനിന്‍ (Alexey Ovchinin) എന്നിവരും ഹസ്സയ്ക്കൊപ്പം അന്ന് തിരിച്ചുപോരും.
ഹസ്സയ്ക്കൊപ്പം നിലയത്തിലേക്കു പോയ രണ്ടു പേരും ഇനി ആറു മാസത്തോളം അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തും. 250ഓളം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കാവും അവര്‍ നേതൃത്വം നല്‍കുക. പ്രപഞ്ചത്തിലെ അജ്ഞാതദ്രവ്യം അഥവാ ഡാര്‍ക്ക് മാറ്ററിനെക്കുറിച്ചു പഠിക്കാന്‍ നിലയത്തില്‍ സ്ഥാപിച്ചിട്ടുള്ള ആല്‍ഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി അതിനെ മെച്ചപ്പെടുത്തലും പരീക്ഷണങ്ങളുടെ ഭാഗമായി നടക്കും.
യു എ ഇയുടെ ആദ്യ രണ്ട് ബഹിരാകാശസഞ്ചാരികളിലൊരാളാണ് ഹസ. 1983ല്‍ അബുദാബിയില്‍ ജനിച്ച ഹസ തന്റെ കുട്ടിക്കാലസ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ്. 2017ലാണ് യു എ ഇ വൈസ്പ്രസിഡന്റ് തങ്ങളുടെ ആസ്ട്രനോട്ട് പ്രോഗ്രാം പ്രഖ്യാപിക്കുന്നത്. ബഹിരാകാശസഞ്ചാരിയാവാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതില്‍നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ (ബഹിരാകാശസ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ) നാലായിരത്തോളം പേര്‍ മാത്രമാണ് ഉണ്ടായത്. അവരില്‍നിന്ന് രണ്ടു പേരെയാണ് ആസ്ട്രനോട്ട് ആവാന്‍ തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുല്‍ത്താന്‍ അല്‍ നയാദിയായിരുന്നു (Sultan Al Nayadi) മറ്റൊരാള്‍. ബാക്കപ്പ് ആസ്ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം.
സോയൂസ്- വിക്ഷേപണച്ചടങ്ങ് വീഡിയോ കാണാം