ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിന് മുന്നോടിയായി സ്വകാര്യ ജാപ്പനീസ് കമ്പനി അവശിഷ്ടങ്ങളുടെ വളരെ അടുത്തുനിന്നുള്ള ആദ്യ ചിത്രം പകർത്തിയിരിക്കുന്നു. ADRAS-J (Active Debris Removal by Astroscale- Japan) ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ചിത്രം എടുത്തിരിക്കുന്നത്.
ഉപയോഗം കഴിഞ്ഞ റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, ശീതീകരിച്ച ഇന്ധനം, എന്നിവ ഉൾപ്പെടെ 9,000 മെട്രിക് ടണ്ണിലധികം മാലിന്യങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ കുരുങ്ങിക്കിടക്കുന്നു. അത് നീക്കം ചെയ്യാനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബഹിരാകാശ ഏജൻസികൾ. മണിക്കൂറിൽ 17,500 മൈൽ വേഗതയിൽവരെ നീങ്ങുന്ന ഈ അവശിഷ്ടങ്ങൾ പുതുതായി വിക്ഷേപിച്ച ഉപഗ്രഹങ്ങൾക്കും ബഹിരാകാശവാഹനങ്ങൾക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുമൊക്കെ ഭീഷണിയാണ്. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളോ റോക്കറ്റുകളുടെ ഭാഗങ്ങളോ തമ്മിലുള്ള കൂട്ടിയിടി വലിയ അവശിഷ്ടങ്ങളെ ചെറിയ കഷണങ്ങളാക്കി വിഘടിപ്പിക്കും. തുടർന്നുണ്ടാകുന്ന ഒരു ചെറിയ അവശിഷ്ടത്തിനുപോലും മതിയായ ആവേഗത്തോടെ ബഹിരാകാശ പേടകത്തിനെ അപായപ്പെടുത്താൻ കഴിയും.
സ്വകാര്യ ബഹിരാകാശ കമ്പനിയായ Astroscale വിക്ഷേപിച്ച ബഹിരാകാശ പേടകമാണ്, 2009 മുതൽ ഭൂമിയെ വലംവെക്കുന്ന ജാപ്പനീസ് H-IIA റോക്കറ്റിന്റെ മുകൾ ഘട്ടത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പകർത്തിയത്. ശേഖരിച്ച ചിത്രങ്ങളും ഡാറ്റയും ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള തുടർശ്രമങ്ങൾക്ക് നിർണ്ണായക വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയെക്കൂടാതെ യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ClearSpace-1 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം 2025-ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ആറ് സ്വകാര്യ യുഎസ് ബഹിരാകാശ കമ്പനികളുമായി സഹകരിച്ച് നാസ നിലവിൽ സ്വന്തം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പരിപാടി വികസിപ്പിക്കുന്നുണ്ട്.
അവലംബം: astroscale.com