ആഗസ്റ്റ് 6 ഹിരോഷിമദിനം. ഈ കഥ വായിക്കുന്ന ലോകത്തെങ്ങുമുള്ള കുട്ടികൾ ഇത്തരമൊരു ദുരന്താനുഭവം ഭാവിയിലുണ്ടാവാതിരിക്കുവാൻ ശ്രമിക്കുമെന്ന പ്രതീക്ഷയെടെ തോഷി മാറുകി പറയുന്നു…
വിവർത്തനം: വി.കെ. ജയ് സോമനാഥൻ
ചിത്രങ്ങൾ: അവിനാശ് ദേശ് പാണ്ഡെ
ഗ്രാഫിക്‌സ്: അഭയ്കുമാർ ഝാ
പ്രസിദ്ധീകരണ വർഷം 2012, Bharath Gyan Vigyan Samithi (BGVS)
ഒന്ന് നെടുവീർപ്പിട്ടതിന് ശേഷം അവർ തുടർന്നു. “ഭയാനകമായ ആ സംഭവത്തിന് ശേഷം ഞാൻ ഹിരോഷിമയിൽനിന്നും ഹോകയാഡൊവിലേക്ക് താമസം മാറ്റി. കടുത്ത ദുരനുഭവങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് വന്ന എന്നോട് ഇവിടുത്തെ ജനങ്ങൾ ഒരു സഹാനുഭൂതിയും പ്രകടിപ്പിച്ചില്ല. ഞനെന്റെ അനുഭവങ്ങൾ വല്ലപ്പോഴും വിവരിക്കാൻ ശ്രമിച്ചാൽ അവർ പറയും. സഹതാപം പിടിച്ചുപറ്റാനുള്ള വേലയാണ്. ഓരോന്നുണ്ടാക്കി പൊലിപ്പിച്ച് പറയുകയാണ്. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാനും ആ സംഭവം മനസ്സിൽനിന്നും പറിച്ച് കളയാൻ ശ്രമിച്ചു. ആ കടുത്ത അനുഭവങ്ങളെക്കുറിച്ച് ആരോടും ഒന്നും പറയാതിരിക്കാൻ ശ്രദ്ധിച്ചു.”
അത്രയും പറഞ്ഞതിന് ശേഷം അവർ അൽപനേരം കണ്ണുകളടച്ചിരുന്നു. അതിന് ശേഷം അവിടെയുള്ള മൈക്ക് കയ്യിലെടുത്ത് അവിടെ കൂടിയവരോടെല്ലാമായി സംസാരിക്കാനാരംഭിച്ചു. “നിങ്ങളിവിടെ കൂടിയവരെല്ലാം അൽപനേരം എന്റെ വാക്കുകൾ കേൾക്കാൻ ദയ കാണിക്കൂ. മുഴുവൻ കേൾക്കാൻ സന്മനസ്സ് കാണിച്ചാൽ ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസമാകും.” എന്നിട്ടവർ വിങ്ങുന്ന മനസ്സോടെ തന്റെ കഥ പറഞ്ഞു. ആറ്റംബോംബ് സ്‌ഫോടനത്തെ തുടർന്ന് അനുഭവിക്കേണ്ടിവന്ന ദുരന്തപൂർണമായ കഥ. ഭർത്താവിനേയുമെടുത്ത് മകളുടെ കയ്യും പിടിച്ച് എങ്ങിനെയാണ് ഓടി രക്ഷപ്പെട്ടതെന്ന് അവർ വിവരിച്ചു. എല്ലാവരും അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടു. എല്ലാം വിവരിച്ച് തീർന്നപ്പോൾ അവർ പറഞ്ഞു: “ഇത്രയും കേൾക്കാൻ തയ്യാറായതിന് നിങ്ങൾക്കേവർക്കും നന്ദി.” അപ്പോൾ പലരും കണ്ണുകൾ തുടയ്ക്കുന്നത് കാണാമായിരുന്നു.
ആ സംഭവം എന്നെ വല്ലാതെ സ്വാധീനിച്ചു. ആ ദൃശ്യങ്ങൾ എന്റെ മനോമുകുരത്തിൽനിന്ന് പോയതേയില്ല. അന്ന് ആ സ്ത്രീ പറഞ്ഞ അനുഭവകഥയെ ആസ്പദമാക്കിയാണ് ഞാനീ കൊച്ചു പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ബോംബ് സ്‌ഫോടനത്തെ തുടർന്ന് മറ്റ് ചിലർക്കുണ്ടായ അനുഭവങ്ങളും ഞാനിതിൽ സന്ദർഭാനുസരണം കൂട്ടിച്ചേർത്തിട്ടുണ്ട്.
എനിക്കിപ്പോൾ എഴുപത് വയസ്സ് കഴിഞ്ഞു. കുട്ടികളോ പേരക്കുട്ടികളോ ഇല്ല. എന്നാൽ ലോകത്തെമ്പാടുമുള്ള കുട്ടികളുടേയും പേരക്കുട്ടികളുടേയും ശോഭനമായ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ഞാനിത് എഴുതിയിട്ടുള്ളത്. വേദനാജനകവും അപമാനകരവുമായ ആ സംഭവം കുട്ടികളോട് വിവരിക്കുക എന്നത് വളരെയേറെ പ്രയാസകരമാണെന്നത്‌കൊണ്ടുതന്നെ ഈ കഥ മുഴുമിപ്പിക്കുവാൻ കുറെയേറെ സമയമെടുത്തു. ഈ കഥ വായിക്കുന്ന ലോകത്തെങ്ങുമുള്ള കുട്ടികൾ ഇത്തരമൊരു ദുരന്താനുഭവം ഭാവിയിലുണ്ടാവാതിരിക്കുവാൻ ശ്രമിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
– തോശി മാറൂകി
ഹിരോഷിമയിലെ തീ
ജപ്പാനിലെ ഹിരോഷിമ നഗരത്തിന്റെ ആകാശത്തിന് ആ ദിവസങ്ങളിൽ നീലനിറമായിരുന്നു. സൂര്യൻ പ്രഭ ചൊരിഞ്ഞു നിന്നു. ആളുകൾ ബസ്സിലും കാറിലും ട്രാമിലുമൊക്കെയായി ജോലിക്കു പൊയ്‌ക്കൊണ്ടിരുന്നു. ഹിരോഷിമയിലെ ഏഴ് നദികളും മന്ദം മന്ദം ഒഴുകിക്കൊണ്ടിരുന്നു. സൂര്യകിരണങ്ങൾ ജലോപരിതലത്തിൽ തട്ടി തിളങ്ങി.
ജപ്പാനിലെ ടോക്കിയൊ, ഒസാക്ക, നഗായൊ, തുടങ്ങിയ വൻ നഗരങ്ങളിൽ ഇതിനകം വിമാനാക്രമണങ്ങൾ നടന്നു കഴിഞ്ഞിരുന്നു. ഹിരോഷിമ ഇതുവരെ രക്ഷപ്പെട്ട് നിൽക്കുകയാണെന്നതിൽ ജനങ്ങൾ ആശ്വാസം കൊണ്ടിരുന്നു. എന്നാൽ ഏത് സമയവും വിമാനാക്രമണങ്ങളുണ്ടാകാമെന്നതിനാൽ രക്ഷപ്പെടാൻ സാധ്യമായതെല്ലാം അവർ ചെയ്തിരുന്നു. തീ പടരുന്നത് തടയാനായി പഴയ കെട്ടിടങ്ങളൊക്കെ അവർ ഇടിച്ചുനിരത്തി. റോഡുകളുടെ വീതികൂട്ടി. തീയ്യണക്കാനായി നിരവധി സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ചുവെച്ചു. ബോംബുകൾ വീഴുമ്പോൾ ആളുകൾക്ക് ഒളിച്ചിരിക്കാൻ സുരക്ഷിത താവളങ്ങളൊരുക്കി. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ ബോംബുകളിൽനിന്ന് രക്ഷ നേടാനായി അത്യാവശ്യ മരുന്നുകൾ നിറച്ച ഒരു കൊച്ചു സഞ്ചി എല്ലാവരും കയ്യിൽ കൊണ്ടു നടന്നു. 1945 ആഗസ്ത് 6 ന് രാവിലെ 8.15 ന് ആണ് ഹിരോഷിമയിൽ ബോംബ് വീണത്.
ബോംബ് സ്‌ഫോടനത്തിന്റെ ആഘാതം മൂലം ‘മായി’ തത്സമയം ബോധരഹിതയായി. ഏതാനും മണിക്കൂർ കഴിഞ്ഞ് അവൾക്ക് ബോധം വന്നു. എങ്ങും ശ്മശാന നിശ്ശബ്ദത. ആകാശമാകെ കറുത്തിരുണ്ടിരുന്നു. ഒന്നിളകാൻ പോലും തനിക്കാവില്ലെന്നവൾക്ക് തോന്നി. ചുറ്റുപാടും വ്യാപിക്കുന്ന അഗ്നിനാളങ്ങൾ അവളെ ഭയപ്പെടുത്തി. ഇരുട്ടിൽ അകലെയെന്തോ ചുവന്ന വെളിച്ചം അവൾ കണ്ടു. അൽപംകൂടി കഴിഞ്ഞപ്പോൾ അമ്മയുടെ നേർത്ത സ്വരം അവൾ കേട്ടു. മായിയെ അന്വേഷിക്കുകയാണ്. അവൾ കാതോർത്തു. ഇപ്പോൾ അമ്മ വിളിക്കുന്നത് അവൾക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. അവൾക്ക് മുകളിലായി കിടന്നിരുന്ന പലകയും മറ്റ് സാധനങ്ങളും പ്രയാസപ്പെട്ട് എടുത്ത് മാറ്റി. അപ്പോഴേക്കും അമ്മ അവൾക്കരികിലേക്ക് ഓടിയെത്തിയിരുന്നു. മകളെ എഴുന്നൽക്കാൻ സഹായിച്ചു. നമുക്കിവിടെ നിന്നെത്രയും വേഗം രക്ഷപ്പെടണം മോളെ. നിന്റെ അച്ഛന്റെ അവസ്ഥ നോക്ക്. തീയ്ക്കുള്ളിൽ പെട്ടിരിക്കയാണ് . അതും പറഞ്ഞവൾ മകളെ കെട്ടിപ്പുണർന്നു.
അതിവേഗത്തിലവൾ ഭർത്താവിനരികിലെത്തി. അദ്ദേഹത്തെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. അഗ്നിയുടെ ക്രൂരതാണ്ഡവം നോക്കി അവർ ഒരു നിമിഷം നിന്നുപോയി. ഭർത്താവിന്റെ ശരീരത്തിലെ മുറിവ് അപ്പോളാണവർ കണ്ടത്. ശരീരത്തിന്റെ പല ഭാഗവും പൊള്ളിയിരുന്നു. അവർ തന്റെ അരയിൽ കെട്ടിയ വസ്ത്രത്തിൽ നിന്നൊരു ഭാഗം മുറിച്ചെടുത്ത് ബാൻഡേജാക്കി മുറിവേറ്റ ഭാഗത്ത് വരിഞ്ഞുകെട്ടി. അവശനായ അദ്ദേഹത്തെ പുറത്തിരുത്തി മായിയുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങി.
എത്രയും പെട്ടെന്ന് നദീതീരത്തെത്തണം എന്ന് പറഞ്ഞുകൊണ്ട് മായിയുടെ അമ്മ ഓടിക്കൊണ്ടിരുന്നു. മൂന്ന് പേരും പുഴയോരത്തെത്തി വെള്ളത്തിലേക്ക് ചാടി. ഇതിനിടയിൽ മായിയുടെ കയ്യിൽനിന്നും അമ്മയുടെ പിടിവിട്ടുപോയി. മായി മോളെ എന്നെ മുറുകെ പിടിച്ചോളൂ എന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. തിയ്യിൽനിന്നും രക്ഷപ്പെട്ടോടുന്നവരുടെ വൻതിരക്കായിരുന്നു എവിടേയും. കുട്ടികളും മുതിർന്നവരുമുൾപ്പെടെ പലരുടേയും ശരീരഭാഗങ്ങൾ പൊള്ളിയിരിക്കുന്നത് മായി ശ്രദ്ധിച്ചു. അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറിയും അലറിക്കരഞ്ഞും ആളുകൾ ചുറ്റിത്തിരിയുന്നത് കാണാമായിരുന്നു. പലരും ക്ഷീണിച്ചവശരായി വീഴുന്നുണ്ടായിരുന്നു. ചിലർ വീണ് കിടക്കുന്നവരുടെ മേൽ വന്നു വീണു. എവിടേയും മനുഷ്യക്കൂമ്പാരമായിരുന്നു.
പക്ഷെ അവശരായിരുന്നെങ്കിലും മായിയും മാതാപിതാക്കളും ഓട്ടം നിർത്തിയില്ല. വേഗത്തിൽ രണ്ടാമത്തെ നദിയും അവർ മുറിച്ച് കടന്നു. നദീതീരത്തെത്തിയതും മായിയുടെ അമ്മ ഭർത്താവിനെ ഇറക്കിവെച്ചു. അവശയായിരുന്ന അവർ ഭർത്താവിന്നരികിലേക്ക് കുഴഞ്ഞു വീണു. കുറച്ചുനേരം ഒരേ കിടപ്പ് കിടന്നു.
മായിക്ക് കാലിന്നരികിലൂടെ ടപ്…..ടപ്……. എന്ന് ശബ്ദമുണ്ടാക്കി എന്തോ പോകുന്നതായി അനുഭവപ്പെട്ടു. അവൾ കുനിഞ്ഞ് തൊട്ട് നോക്കി. ഒരു കുരുവിക്കുഞ്ഞായിരുന്നു. അതിന്റെ ചിറക് കരിഞ്ഞുപോയിരുന്നു. പറക്കാൻ അതിന് കഴിയുമായിരുന്നില്ല. ഒരു മനുഷ്യന്റെ ശരീരം പുഴയിലൂടെ ഒഴുകിപ്പോകുന്നത് മായി കണ്ടു. ആ ശരീരത്തിന് മുകളിൽ ഒരു പൂച്ച ഇരിപ്പുണ്ടായിരുന്നു.
അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു യുവതി കൈക്കുഞ്ഞുമായി നിന്ന് കരയുന്നത് കണ്ടു. ഞാനെങ്ങിനെയയൊ രക്ഷപ്പെട്ട് ഇവിടെവരെ എത്തി. ഇവന് പാൽ കൊടുക്കാൻ പോലും എനിക്കാകില്ല. ഇനി അവനൊരിക്കലും പാൽ കുടിക്കില്ല – അവർ ഉറക്കെ കരഞ്ഞുകൊണ്ട് കുഞ്ഞിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നദിയിലേക്ക് പ്രവേശിച്ചു. സാവധാനത്തിൽ നദിയുടെ ആഴങ്ങളിലേക്ക് അവർ നീങ്ങിപ്പോയി. അവസാനം മായിയുടെ കാഴ്ചയിൽനിന്നും അവർ അപ്രത്യക്ഷമായി.
ഇതിനിടയിൽ വീണ്ടും ആകാശം കറുത്തിരുണ്ടു. മേഘങ്ങൾ ഗർജിക്കാൻ തുടങ്ങി. പിന്നാലെ മഴയും വന്നു. ഉഷ്ണക്കാലമായിരുന്നിട്ടും തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. മുകളിൽനിന്നും കറുത്ത നിറമുള്ള മഴത്തുള്ളികൾ ദേഹത്ത് വീണ് പശപോലെ ഒട്ടിപ്പിടിച്ചു. കറുത്തിരുണ്ട ആകശത്തിനൊരു മാറ്റം വന്നത് ഒരു കോണിൽ പ്രത്യക്ഷപ്പെട്ട മഴവില്ലോടെയാണ്. നേരിയ വെളിച്ചം കടന്നുവന്നതോടെ മരിച്ചവരേയും പരിക്കേറ്റവരേയും എളുപ്പത്തിൽ തിരിച്ചറിയാനായി.
അൽപം ശക്തി കൈവന്നത് പോലെ മായിയുടെ അമ്മയ്ക്ക് തോന്നി. അവശനായിരുന്ന ഭർത്താവിനെ താങ്ങിപ്പിടിച്ച് മുതുകിലിരുത്തി മായിയേയും കൂട്ടി വീണ്ടും അവർ ഓടാൻ തുടങ്ങി. ആളിപ്പടരുന്ന തീയ്യിൽപ്പെടാതെ, വീണ് കിടക്കുന്ന ടെലിഫോൺ കമ്പികൾ ചാടിക്കടന്നും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിൽ ചവിട്ടിയും അവർ മൂന്നാമത്തെ പുഴയുടെ തീരത്തെത്തി. പുഴയിലേക്കിറങ്ങിയതോടെ മായിക്ക് ഉറക്കം വരാൻ തുടങ്ങി. ഇതിനിടയിൽ എത്രയോ കവിൾ വെള്ളം അവർ അകത്താക്കിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ അമ്മ അവളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. വളരെയേറെ കഷ്ടപ്പെട്ട് അവർ നദിക്ക് അക്കരെയെത്തി.
ഹിരോഷിമയുടെ പുറത്ത് സമുദ്രതീരത്തെത്തിയപ്പോഴേക്കും അവർ ജീവഛവങ്ങളായി മാറിയിരുന്നു. ആ അവസ്ഥയിലും അങ്ങകലെ സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മിയാസാമ ദ്വീപ്് അവർക്ക് കാണാനായി. ഒരു തോണി കിട്ടിയിരുന്നെങ്കിൽ അങ്ങോട്ട് പോകാമായിരുന്നു – മായിയുടെ അമ്മ പറഞ്ഞു. പൈൻ മരങ്ങളും മറ്റ് ഫലവൃക്ഷങ്ങളും നിറഞ്ഞ് തിങ്ങിയിരുന്ന മിയാസാമാ ദ്വീപ് മനോഹരമാണ്. നല്ല തെളിഞ്ഞ ശുദ്ധജലം ദ്വീപിൽ ലഭ്യമാണ്. വലിയൊരാപത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നവർക്ക് തോന്നി. നീണ്ട ദുർഘടയാത്രകളാൽ ക്ഷീണിച്ചവശരായിരുന്നതിനാൽ ആ കടൽ തീരത്ത് കിടന്നതും അവരുറങ്ങിപ്പോയി.
സൂര്യൻ മറഞ്ഞു. രാത്രി വന്ന് പോയി. വീണ്ടും സൂര്യനുദിക്കുകയും അസ്തമിക്കുകയുമുണ്ടായി. മൂന്നാം ദിവസം വീണ്ടും സൂര്യനുദിച്ചു. ഇന്നെന്താ ദിവസം? മായിയുടെ അമ്മ അതിലൂടെ പോവുകയായിരുന്ന ഒരാളോട് ചോദിച്ചു. സമുദ്ര തീരത്ത് കിടക്കുന്നവരെ നിരീക്ഷിക്കുകയായുരുന്നു അയാൾ. ഇന്ന് 9-ാം തിയതിയാണ്. അയാൾ പറഞ്ഞു. മായിയുടെ അമ്മ അത് കേട്ട് ഞെട്ടിപ്പോയി. അവർ വിരലുകൾ മടക്കി കൂട്ടിനോക്കി. സംഭവം നടന്നിട്ട് ഇന്നേക്ക് നാല് ദിവസമായി. എത്ര ദിവസമായി ഞങ്ങളിവിടെ കിടക്കുന്നു?
മായിക്ക് വിശപ്പ് സഹിക്കാനായില്ല. അവൾ കരയാൻ തുടങ്ങി. അടുത്ത് കിടന്ന ഒരു വൃദ്ധ തന്റെ സഞ്ചിയിൽനിന്നിനും ഒരു അരിയുണ്ടയെടുത്ത് അവൾക്ക് കൊടുത്തു. എന്നിട്ട് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് കണ്ണടച്ചു. അവർ പിന്നീട് എഴുന്നേറ്റില്ല. മായി മുറുകെ പിടിച്ചിരുന്ന ചോപ്പ്സ്റ്റിക് അപ്പോളാണ് അവളുടെ അമ്മയുടെ ശ്രദ്ധയിൽപെട്ടത്. (ചോപ്പ്സ്റ്റിക് – ജപ്പാനിലും ചൈനയിലുമൊക്കെ ആളുകൾ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന കോൽ) അതിങ്ങ് തരൂ മോളെ – അവർ പറഞ്ഞു. എന്നാൽ എത്ര ശ്രമിച്ചിട്ടും അവൾക്ക് വിരലുകൾ ചലിപ്പിക്കാനായില്ല. ബോംബ് വീണ് നാലാംദിവസമായിട്ടും കയ്യിലുള്ള ചോപ്പ്സ്റ്റിക്കിന്റെ പിടി അവൾ വിട്ടിരുന്നില്ല. അമ്മ വിരലുകളോരോന്നായി നിവർത്തി അത് പുറത്തെടുത്തു.
ഇതിനിടയിൽ അടുത്തൊരു ഗ്രാമത്തിൽ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന സംഘം അവിടെ എത്തി. സൈനികർ മൃതദേഹങ്ങളെടുത്ത് മാറ്റുന്നത് കാണാമായിരുന്നു. ഇനിയും തകരാത്ത ഒരു സ്‌ക്കൂൾ കെട്ടിടം താൽക്കാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു. മായിയുടെ അച്ഛനെ അവിടെ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഡോക്ടർമാർ, മരുന്ന്, ബാൻഡേജ് തുടങ്ങി ഒന്നുമുണ്ടായിരുന്നില്ല. തങ്ങാനൊരു സ്ഥലം. അത്രമാത്രം.
പട്ടണത്തിൽ പോയി തങ്ങളുടെ വീടൊന്ന് കാണുന്നതിനെപ്പറ്റി, മായിയും അമ്മയും ആലോചിച്ചു. അവിടെയെന്തെങ്കിലും ബാക്കി കാണുമോ? ഹിരോഷിമയിലെങ്ങും ഒരു മരമോ, ഒരു വീടൊ അവശേഷിച്ചിരുന്നില്ല. പുൽനാമ്പുകൾപോലും കരിഞ്ഞുപോയിരുന്നു. ഒരു ചാരക്കൂമ്പാരമായി മാറിയ ഹിരോഷിമാ നഗരം ശ്മശാനത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഒരുപാടു കഴിഞ്ഞതിനുശേഷമാണ് മായിയും അമ്മയും തങ്ങളുടെ വീടുണ്ടായിരുന്ന സ്ഥലത്തെത്തിയത്. മായി ഭക്ഷണം കഴിക്കാനുപയോഗിച്ചിരുന്ന പാത്രം അവിടെ കിടന്നിരുന്നു. അത് ഞണുങ്ങിയിരുന്നു. ഒരു ഭാഗം പൊട്ടിപ്പോവുകയും ചെയ്തിരുന്നു. ഞങ്ങളിത്രയും കാലം സുഖദുഃഖങ്ങൾ പങ്കിട്ട് ജീവിച്ച വീട്ടിൽനിന്നും കിട്ടിയ ഏക തെളിവായിരുന്നു അത്. എന്നാൽ പാത്രത്തിലപ്പോഴും ചക്കരക്കിഴങ്ങിന്റെയൊരു കഷ്ണം കിടപ്പുണ്ടായിരുന്നു.
തകർന്നു തരിപ്പണമായിക്കിടന്നിരുന്ന തങ്ങളുടെ നഗരക്കാഴ്ച മായിക്കും അമ്മക്കും അസഹനീയമായിരുന്നു. എന്നാൽ അതേ ദിവസം 1945 ആഗസ്ത് 9 ന് നാഗസാക്കിയിലും ആറ്റംബോംബിട്ടു. അവിടേയും ഹിരോഷിമയിലെന്നപോലെ ആയിരങ്ങൾ മരിച്ചു. അവശേഷിച്ചവർക്കാവട്ടെ എല്ലാം നഷ്ടപ്പെട്ടു. മരിച്ചവർ ജപ്പാൻകാർ മാത്രമായിരുന്നില്ല. കൊറിയ, ചൈന, റഷ്യ, ഇന്തോനേഷ്യ, അമേരിക്ക എന്നിവടങ്ങളിൽനിന്നുള്ളവരുമുണ്ടായിരുന്നു. ആറ്റംബോംബ് പോലൊരു വിനാശകാരിയായ സ്‌ഫോടകവസ്തു അതുവരെ ആരും ഉപയോഗിച്ചിരുന്നില്ല. ആയിരം സാധാരണ ബോംബുകൾ ഒരുമിച്ച് പൊട്ടുമ്പോഴുണ്ടാവുന്നതിനേക്കാൾ എത്രയോ നാശകാരിയായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട ബോംബുകൾ. അതിൽനിന്നും വമിക്കുന്ന വിഷമയമായ റേഡിയോ പദാർഥങ്ങളടങ്ങിയ കിരണങ്ങൾ വർഷങ്ങൾ നീണ്ടുനിൽക്കുന്ന രോഗങ്ങൾക്കും, മരണത്തിനും കാരണമായി. മായിയുടെ വളർച്ച, അതിന് ശേഷം മുരടിച്ച് പോയി. നിരവധി വർഷങ്ങൾ കഴിഞ്ഞും മായിയുടെ ഉയരവും, തൂക്കവും പഴയത് പോലെ ഇരുന്നു; ഏഴ് വയസ്സുകാരിയുടേത്‌പോലെ. “എല്ലാം ആറ്റംബോംബിട്ടതിന്റെ പരിണതഫലം” – മായിയുടെ അമ്മ പറയും.
മായിയുടെ തലയിൽ ചിലപ്പോൾ ചൊറിച്ചിലുണ്ടാകും. അപ്പോളവളുടെ അമ്മ ചെറിയ കൊടിലുപയോഗിച്ച് മകളുടെ തലയിൽനിന്നും തിളങ്ങുന്ന വസ്തു എടുത്ത് മാറ്റും. ഗ്ലാസിന്റെ ചെറുതരികളാണവ. ബോംബ് വീണപ്പോൾ തലയിൽ തറഞ്ഞുകയറിയവ കുറേശ്ശെ കുറേശ്ശെയായി പുറത്തേക്ക് വരികയാണ്.
മായിയുടെ അച്ഛന്റെ ശരീരത്തിൽ ഏഴ് മുറിവുകളുണ്ടായിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ മുറിവുണങ്ങിയതിനാൽ പൂർണ ആരോഗ്യവാനായി എന്ന് അദ്ദേഹം കരുതി. എന്നാലൊരു തണുപ്പുകാലത്ത് അദ്ദേഹത്തിന്റെ തലയിലെ രോമങ്ങളൊന്നായി കൊഴിഞ്ഞു. കടുത്ത ചുമയും വന്നു. വായിൽ നിന്ന് ഇടക്കിടെ രക്തം വരാൻ തുടങ്ങി. ശരീരത്തിലാകെ തടിച്ച പാടുകൾ പ്രത്യക്ഷപ്പെട്ടു. ഏതാനും ദിവസങ്ങൾ കൂടിയെ അദ്ദേഹം ജീവിച്ചിരുന്നുള്ളു.
ഈശ്വരന്റെ കൃപകൊണ്ടാണ് നമ്മൾ രക്ഷപ്പെട്ടതെന്ന് ധരിച്ചിരുന്നവരുടെ ശരീരത്തിലും ആറ്റംബോംബ് സ്‌ഫോടനത്തെതുടർന്ന് വിഷാണുക്കൾ കയറിക്കൂടിയിരുന്നു എന്നത് അവർ അറിഞ്ഞില്ല. പിന്നീട് രോഗങ്ങളൊന്നായി ആക്രമിച്ചപ്പോളാണവർക്ക് മനസ്സിലായത്
1945 ലാണ് ആറ്റംബോംബ് വർഷിച്ചത്. എന്നാൽ ഇന്നും ആളുകൾ ആശുപത്രിയിൽ കഴിയുന്നു. ഈ രോഗത്തിന് ചികിത്സയില്ല.
എല്ലാ ആഗസ്ത് 6 നും ഹിരോഷിമയിലെ ജനങ്ങൾ ആറ്റംബോംബിനാൽ മരണപ്പെട്ടവരുടെ പേരുകൾ കടലാസ് കൊണ്ടുണ്ടാക്കിയ റാന്തൽ വിളക്കിലെഴുതും. ഈ വിളക്കുകൾ കത്തിച്ച് ഹിരോഷിമയിലെ നദികളിലൊഴുക്കിവിടും. ആറ്റംബോംബിന്റെ കെടുതികൾ മൂലം ജിവഹാനി സംഭവിച്ചവരുടെ ഓർമകളും പേറിയുള്ള ഈ വിളക്കുകളും വഹിച്ച് നദികൾ സാവധാനം സമുദ്രത്തിൽ ലയിച്ച് ചേരും.
എത്രയോ വർഷങ്ങൾ പിന്നിട്ടു. മായി ഇപ്പോഴും ചെറിയ കുട്ടിയെപ്പോലിരുന്നു. ഒരു റാന്തൽവിളക്കിലവൾ അച്ഛൻ എന്നെഴുതി. മറ്റൊന്നിൽ കുരുവി എന്നും. റാന്തൽ വിളക്കുകൾ കത്തിച്ച് മായി പുഴയിലൊഴുക്കുന്നത് നിറക്കണ്ണുകളോടെ അവളുടെ അമ്മ നോക്കിയിരുന്നു. അവരുടെ മുടിയിഴകളെല്ലാം അപ്പോഴേക്കും നരച്ചിരുന്നു. “ആരും ഇനി ബോംബിടാതിരുന്നെങ്കിൽ ഇത്രയോ, ഇതിൽ കൂടുതലോ നാശം ഇനി ആവർത്തിക്കില്ല എന്നുറപ്പിക്കാമായിരുന്നു.” അവർ പറഞ്ഞു.