Read Time:9 Minute


ഡോ.ജോർജ്ജ് തോമസ്

ലൂക്ക – ലോക നീർത്തടദിനം പ്രത്യേക പതിപ്പ് സ്വന്തമാക്കാം

തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും 

തണ്ണീര്‍ത്തടങ്ങള്‍ (wetlands) എന്നു വിളിക്കുന്ന പരിസ്ഥിതിവ്യൂഹത്തിന്റെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത് അടുത്തകാലത്ത് മാത്രമാണ്. ലോകത്ത് ആകെയുള്ള കരയില്‍ (മഞ്ഞു മൂടിയ പ്രദേശങ്ങളെ മാറ്റി നിര്‍ത്തിയാല്‍) ആറു ശതമാനം തണ്ണീര്‍ത്തടങ്ങളാണെന്ന് കണക്കാക്കിയിട്ടുണ്ട്.

കരപ്രദേശങ്ങള്‍ക്കും തുറന്ന ജലപ്പരപ്പിനുമിടയില്‍ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ മേഖലകളാണ്‌ തണ്ണീര്‍ത്തടങ്ങള്‍. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനല്‍ക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീര്‍ത്തടത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും.
തണ്ണീര്‍ത്തടങ്ങളിലെ ജലപൂരിതമായ അവസ്ഥ ധാരാളം ജലമുള്ള സാഹചര്യത്തില്‍ മാത്രം വളരുന്ന ജലസസ്യങ്ങളുടെയും ജലപക്ഷികളുടെയും ആവാസസ്ഥാനമായി ഇവയെ മാറ്റുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ.എസ്.എ.ഹെജ്മദി റംസാർ ഉടമ്പടിയിൽ ഒപ്പുവെക്കുന്നു

ലോകമെമ്പാടും വളരെയധികം തണ്ണീര്‍ത്തടങ്ങള്‍ നികന്നു പോയിട്ടുണ്ട്.  തണ്ണീര്‍ത്തടങ്ങള്‍ നികത്തി കൃഷി ചെയ്യുന്നതിലോ, മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലോ ആര്‍ക്കുമൊരു പ്രശ്നവും തോന്നിയിരുന്നില്ല!  ഇങ്ങനെ അനിയന്ത്രിതമായി ഇവ നികത്തുന്നത് തണ്ണീര്‍ത്തടങ്ങളെ ആവാസകേന്ദ്രമാക്കിയ പക്ഷിജാലങ്ങളെ (waterfowls) ബാധിക്കുന്നു എന്ന തിരിച്ചറിവാണ് ഇവയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിലേക്ക് നയിച്ചത്. UNESCO യുടെ ആഭിമുഖ്യത്തില്‍ ഇറാനിലെ റാംസാര്‍ എന്ന സ്ഥലത്തു വെച്ച് അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, ജലപക്ഷികളുടെ ആവാസ സ്ഥാനങ്ങളായവയെക്കുറിച്ച് ഒരു കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി. 1971 ഫെബ്രുവരി 2-നാണ് ഇത് നടന്നത്.  കണ്‍വന്‍ഷനില്‍ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു ഉടമ്പടിയുണ്ടാക്കാന്‍ തീരുമാനമായി. ഇന്ത്യ ഉള്‍പ്പെടെ 171 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.  ലോകമൊട്ടാകെ 2424  (2021 ജൂലൈ വരെ)ല്‍പ്പരം തണ്ണീര്‍ത്തടങ്ങള്‍  റാംസാര്‍ സൈറ്റുകളായി പ്രഖ്യാപിച്ച് പ്രത്യേക സംരക്ഷണ നടപടികള്‍ എടുത്തു വരുന്നു. ഇന്ത്യയിലെ 47 തണ്ണീര്‍ത്തടങ്ങളെ അന്താരാഷ്ട്ര പ്രാധാന്യം കണക്കിലെടുത്ത് റാംസാര്‍ സൈറ്റുകളായി അംഗീകരിച്ചിട്ടുണ്ട്.  ഉത്തർപ്രദേശിലെ Haiderpur Wetland ആണ് അവസാനമായി പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ മൂന്ന് റംസാർ സൈറ്റുകളാണുള്ളത്. വേമ്പനാട്-കോള്‍, അഷ്ടമുടി, ശാസ്താംകോട്ട എന്നിവയാണവ.

 

ലോകമാസകലമുള്ള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുണ്ടാക്കിയ റാംസാര്‍ ഉടമ്പടി പ്രകാരം തണ്ണീര്‍ത്തടങ്ങളെ നിര്‍വ്വചിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: “സ്ഥിരമോ, താത്കാലികമോ, ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ, പ്രകൃതിജന്യമോ, മനുഷ്യനിര്‍മ്മിതമോ ആയതും ശുദ്ധജലമോ, ഉപ്പുജലമോ ഉള്ളതും വേലിയിറക്കസമയത്ത് 6 മീറ്ററിലധികം ആഴമില്ലാത്തതുമായ” എല്ലാത്തരം ജലമേഖലകളും ‘തണ്ണീര്‍ത്തടങ്ങള്‍‘ എന്ന വിശാല പരിസ്ഥിതി വ്യൂഹത്തില്‍ ഉള്‍പ്പെടും. നദികള്‍, തടാകങ്ങള്‍, അണക്കെട്ടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍, നദീമുഖങ്ങള്‍, കണ്ടലുകള്‍, ഉപ്പളങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍, ഓരുജല തടാകങ്ങള്‍, പൊക്കാളി, കയ്പ്പാട്, കുട്ടനാട്, കോള്‍ പ്രദേശങ്ങള്‍, ഏലാകള്‍ തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള തണ്ണീര്‍ത്തടങ്ങളുണ്ട്. കായലുകളിലെപ്പോലെ ഉപ്പുരസമുള്ളതും പുഴകളിലെപ്പോലെ ശുദ്ധജലമുള്ളതുമായ തണ്ണീര്‍ത്തടങ്ങളുമുണ്ട്.

തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്‍വെന്‍ഷന്‍ നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. 2021 ഇതിന്റെ അമ്പതാംവാർഷികമായിരുന്നു. “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്ന തീമിലായിരുന്നു കഴിഞ്ഞ വർഷത്തെ തണ്ണീർത്തട ദിനാചരണം.  ശുദ്ധജലത്തിന്റെ സ്രോതസ്സ് എന്ന നിലയില്‍ തണ്ണീര്‍ത്തടങ്ങളെ മനസ്സിലാക്കാനും സംരക്ഷിക്കാനുമുള്ള ആഹ്വാനമാണിത്.

ഈ ഭൂമിക്കും മാനവരാശിക്കും വേണ്ടി തണ്ണീർത്തടങ്ങളെ സംരക്ഷിക്കാം എന്നതാണ് ഈ വർഷത്തെ തണ്ണീർത്തടദിന സന്ദേശം. തണ്ണീർത്തടങ്ങളെ വിലമതിക്കുക, പരിപാലിക്കുക, പുനസ്ഥാപിക്കുക (VALUE – MANAGE – RESTORE) എന്നീ മൂന്നു കർമ്മപദ്ധതികളിൽ ഊന്നിയുള്ള പരിപാടികൾ ഇതിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്നു.

ഈ ഭൂമി നിരവധി പരിസ്ഥിതിവ്യൂഹങ്ങള്‍ ചേര്‍ന്നതാണ്. ഭൂമിയുടെ നിലനില്പിന് പലതരത്തിലും രൂപത്തിലുമുള്ള ഈ പരിസ്ഥിതി വ്യൂഹങ്ങള്‍ നിലനില്ക്കേണ്ടതുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ അവയിലൊരു പരിസ്ഥിതി വ്യൂഹം മാത്രം. ഇവയുടെ സംരക്ഷണവും പുനരുദ്ധാരണവും നമ്മുടെ ഭാഗധേയങ്ങളെയും ബാധിക്കും. സമുദ്രം, കടല്‍, പുഴകള്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വനം, പുല്‍മേടുകള്‍, കൃഷിഭൂമി തുടങ്ങിയവയ്ക്ക് പരിസ്ഥിതിപരമായി പല ജോലികളുമുണ്ട്. കാര്‍ബണ്‍ പിടിച്ചുവെക്കല്‍ മുതല്‍ ജല സംഭരണം വരെ. ഇവയുടെ മൂല്യം പക്ഷേ, വ്യത്യാസപ്പെട്ടിരിക്കും. 1997-ല്‍  ‘നേച്ചര്‍’ എന്ന പ്രസിദ്ധ ശാസ്ത്രജേര്‍ണലില്‍ വന്ന പഠനം പ്രകാരം ഇവയില്‍ യൂണിറ്റ്‌ അടിസ്ഥാനത്തില്‍ ഏറ്റവുമധികം പരിസ്ഥിതി മൂല്യമുള്ളത് തണ്ണീര്‍ത്തടങ്ങള്‍ക്കാണ്.

കേരളത്തിന്റെ ആകെ വിസ്തീര്‍ണമായ 38,864 ചതുരശ്രകിലോമീറ്ററില്‍ ഏകദേശം അഞ്ചിലൊന്ന് തണ്ണീര്‍ത്തടങ്ങളാണ്. ചെറുതും വലുതുമായ 217 തണ്ണീര്‍ത്തടങ്ങള്‍ കേരളത്തിലുണ്ടന്ന് കണക്കാക്കിയിരിക്കുന്നു. ഏലാകള്‍ എന്ന് വിളിക്കുന്ന പാടശേഖരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല, അവയെ പ്രത്യേകമായി പരിഗണിക്കുന്നു.

ഈ വർഷത്തെ നീർത്തടദിന പോസ്റ്റർ

തണ്ണീര്‍ത്തടങ്ങളെ കൂടുതല്‍ അപചയത്തിനു വിധേയമാക്കാതെ സംരക്ഷിച്ചേ മതിയാവൂ. ഇതിനാദ്യം വേണ്ടത് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം ജനങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കുക എന്നതാണ്. തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം പരിഗണിച്ചുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള നിയമസഭ പാസാക്കിയ 2008-ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇവിടെ പരാമർശിക്കേണ്ടതുണ്ട്. നേരിട്ടുള്ള വയല്‍ നികത്തലും, കളിമണ്‍ ഖനനവും, കയ്യേറ്റവും കൂടാതെ വ്യവസായ വല്‍ക്കരണം, കണ്ടല്‍ക്കാടുകളുടെ നശീകരണം, മണ്ണിടിച്ചില്‍, കളവളര്‍ച്ച, അശാസ്ത്രീയമായ മത്സ്യകൃഷി, വിസര്‍ജ്ജ്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളല്‍, മറ്റു തരത്തിലുള്ള മലിനീകരണം – എന്നിങ്ങനെ തണ്ണീര്‍ത്തടങ്ങള്‍ നേരിടുന്ന ഭീഷണികള്‍ പലതാണ്‌. പഞ്ചായത്തുതലത്തിലുള്ള ബോധവല്‍ക്കരണവും വയലുകളുള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക കര്‍മ്മപരിപാടികളും അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു.

 


ലൂക്ക ഗ്രാഫിക് കാർഡുകൾ

നീർത്തടദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വീഡിയോകൾ, പ്രസന്റേഷനുകൾ എന്നിവയ്ക്ക്  സന്ദർശിക്കുക https://www.worldwetlandsday.org/materials


Happy
Happy
11 %
Sad
Sad
22 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഫെബ്രുവരി 2 -ലോക തണ്ണീർത്തട ദിനം
Next post മനുഷ്യൻ, പ്രകൃതി, എഞ്ചിനീയറിംഗ്
Close