ഏതോ ബുദ്ധിയുള്ള ജീവികൾ നടത്തിയ വിസ്തൃതമായ നിർമാണമാകുമോ കെപ്ലർ ദൂരദർശിനി കണ്ടത്?
അനേകം നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങളെയും ഗ്രഹമണ്ഡലങ്ങളെയും കണ്ടെത്തിക്കൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ. ഇങ്ങനെ കണ്ടെത്തിയ സൗരേതര ഗ്രഹങ്ങളുടെ എണ്ണം മൂവായിരം കടന്നിരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ എണ്ണത്തെ കണ്ടെത്തിയത് നാസയുടെ ‘കെപ്ലർ സ്‌പേസ് മിഷൻ ‘ തന്നെ. സംതരണരീതി (transit method) ആണ് കെപ്ലർ മുഖ്യമായി ആശ്രയിക്കുന്ന മാർഗങ്ങളിലൊന്ന്.
സംതരണരീതി വളരെ ലളിതമാണ്. സൂര്യന്റെ മുന്നിലൂടെ ബുധനും ശുക്രനുമെല്ലാം കറുത്ത പൊട്ടുപോലെ കടന്നുപോകുന്നത് നമ്മൾ പണ്ടേ കാണുന്ന കാഴ്ചയാണ്. സംതരണ സമയം അളന്ന് സൂര്യനിലേക്കും പ്രസ്തുത ഗ്രഹങ്ങളിലേക്കുമുള്ള ദൂരം കണക്കാക്കാൻ എഡ്മണ്ട് ഹാലി ഉപയോഗിച്ച മാർഗവും നമുക്കറിയാം. ബുധസംതരണവും ശുക്രസംതരണവും പോലെ മറ്റു നക്ഷത്രങ്ങളിലും ഗ്രഹസംതരണം നടക്കും. പക്ഷേ, അതു കാണാൻ പറ്റില്ല; കാരണം അതു നടക്കുന്നത് പ്രകാശവർഷങ്ങൾ അകലെയാണ്. നക്ഷത്രത്തെ തന്നെ നമ്മൾ കഷ്ടിച്ചാണ് കാണുന്നത്.
അപ്പോൾപ്പിന്നെ എന്തുചെയ്യും? നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോൾ നക്ഷത്ര പ്രകാശം അല്‍പ്പം തടയപ്പെടും. നക്ഷത്രശോഭയിൽ ഇതുമൂലം ഉണ്ടാകുന്ന കുറവ് ഏതാണ്ട് ഒരു കോടിയിൽ ഒരംശമേ വരൂ. (ഇതു ഗ്രഹത്തിന്റെ വലുപ്പത്തെയും നക്ഷത്രത്തിൽ നിന്നുള്ള ദൂരത്തെയും ആശ്രയിച്ചിരിക്കും) ഇത്ര ചെറിയ കുറവുപോലും അളന്നു തിട്ടപ്പെടുത്താൻ ആധുനിക ഉപകരണങ്ങൾക്കു കഴിയും. ഏതാനും മണിക്കൂർ ആണ് സംതരണ ദൈർഘ്യം. ഇതിന്റെ ആവർത്തനകാലം ഗ്രഹത്തിന്റെ പരിക്രമണകാലത്തിനു തുല്യമായിരിക്കും. പരിക്രമണകാലം, പ്രകാശത്തിലുണ്ടാകുന്ന കുറവ്, നക്ഷത്രശോഭ ഇവ അളന്ന് ഗ്രഹത്തെ സംബന്ധിച്ച പല കാര്യങ്ങളും മനസ്സിലാക്കാം. ഗ്രഹത്തെ നാം കാണാതെ ‘കാണുന്നു’ എന്നർഥം.
2011നും 2013നും ഇടയ്ക്ക് കെപ്ലർ എടുത്ത ചിത്രങ്ങൾ പരിശോധിച്ച തബേത്ത ബൊയാജിയാൻ (Tabitha Boajian) എന്ന ഗവേഷക അത്ഭുതകരമായ ഒരു കാര്യം കണ്ടെത്തി: KIC 8462852 എന്ന നക്ഷത്രത്തിന്റെ പ്രകാശം 2011 മാർച്ച് 5ന് 15 ശതമാനവും 2013 ഫെബ്രുവരി 28ന് 22 ശതമാനവും കുറഞ്ഞു. ഇടവേള 750 ദിവസം. ഇതു തികച്ചും അസാധാരണമായിരുന്നു. ചുരുങ്ങിയത് ഭൂമിയുടെ 1000 മടങ്ങെങ്കിലും പ്രതല വിസ്തൃതിയുള്ള ഒരു വസ്തു നക്ഷത്രത്തെ ചുറ്റുന്നുണ്ടെങ്കിലേ ഇത്ര വലിയ കുറവുണ്ടാകൂ. വ്യാഴത്തിന്റെ പത്തിരട്ടി വലുപ്പമുള്ള ഒരു ഗ്രഹവുമായിക്കൂടേ അത് എന്നു ചോദിക്കാം. പക്ഷേ, അത്തരം ഒരു ഗ്രഹം വലിയ അളവിൽ ഇൻ ഫ്രാറെഡ് വികിരണങ്ങൾ പുറത്തുവിടണം (വ്യാഴം അങ്ങനെ ചെയ്യുന്നുണ്ട്.) എന്നു മാത്രമല്ല, പ്രകാശത്തിലുണ്ടായ കുറവ് സ്ഥിരവുമല്ലിവിടെ. ഒരിക്കൽ 15 ശതമാനവും പിന്നെ 22 ശതമാനവും. വീണ്ടും 750 ദിവസം കഴിഞ്ഞ് (2015 മാർച്ചിൽ) നടക്കേണ്ട നിരീക്ഷണം നടന്നില്ല, കെപ്ലറിലെ ചില തകരാറുകൾ കാരണം. ഇനി 2017 വരെ കാത്തിരിക്കണം.
തബേത്ത ജ്യോതിശാസ്ത്രർക്കു മുന്നിൽ അവതരിപ്പിക്കുന്നത് രണ്ട് പരികല്‍പ്പനകളാണ്: ഒന്ന്, ഒരുപറ്റം ധൂമകേതുക്കളോ ഛിന്നഗ്രഹങ്ങളോ കൂട്ടം ചേർന്ന് നക്ഷത്രത്തെ ചുറ്റി സഞ്ചരിക്കുന്നുണ്ടാവാം. അവയുടെ അണിചേരലിൽ വരുന്ന മാറ്റം കൊണ്ടാകാം പ്രകാശത്തിലെ കുറവിലും മാറ്റം സംഭവിച്ചത്. രണ്ട്, ഏതോ ബുദ്ധിയുള്ള ജീവികൾ വിസ്തൃതമായ എന്തോ നിർമാണം നടത്തിയതാകാം. ഉദാ: ഒരു ഡൈസൺ സ്വാം (DySon Swarm ). വളരെ കൂടുതൽ ഊർജം ഉപയോഗിക്കുന്ന വികസിത സംസ്‌കാരങ്ങൾ നക്ഷത്രപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്താൻ വിശാലമായ സോളാർ പാനൽ നിരകളോ മറ്റു സംവിധാനങ്ങളോ ബഹിരാകാശത്ത് ഒരുക്കുന്നതാണ് ഡൈസൺ എന്ന ശാസ്ത്രജ്ഞൻ അവ
തരിപ്പിച്ച ഡൈസൺ സ്വാം.
ജ്യോതിശ്ശാസ്ത്രജ്ഞർ ഈ രണ്ടാമത്തെ ഊഹത്തെ നിസ്സാരമായല്ല എടുക്കുന്നത്. അതിനൊരു കാരണം ഇതാണ്. KIC 8462852 (ഇപ്പോൾ താബേയുടെ നക്ഷത്രം എന്നാണത് അറിയപ്പെടുന്നത്) F3 വിഭാഗത്തില്‍പ്പെടുന്ന ഒരു നക്ഷത്രമാണ്. (സൂര്യൻ G2 വിഭാഗത്തിലാണ്). F,G വിഭാഗത്തില്‍പ്പെടുന്ന നക്ഷത്രങ്ങൾ മിതമായ അളവിൽ ദീർഘകാലം ഊർജം നല്‍കുന്നവ ആയതുകൊണ്ട് അവയ്ക്കു ചുറ്റും ഭൂമിക്കു സമാനമായ ഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവിടെ ജീവൻ ഉണ്ടാകാനും വികസിത സംസ്‌കാരങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. താബേത്തയുടെ നക്ഷത്രം സൂര്യന്റെ അഞ്ച് ഇരട്ടിയോളം ഊർജം ഉല്‍പ്പാദിപ്പിക്കുന്നതും സൂര്യന്റെ ഒന്നര മടങ്ങ് വലുപ്പമുള്ളതുമായ ഒന്നാണ്. സിഗ്നസ് ഗണത്തിൽ, 1480 പ്രകാശവർഷം അകലെയാണത്. കാന്തിമാനം 11.7 ആയതിനാൽ നല്ല ടെലിസ്‌കോപ്പ് വേണം കാണാൻ . തബേത്തയും അവരുൾപ്പെട്ട ‘ഗ്രഹവേട്ടക്കാ’രുടെ സംഘമായ ‘യേൽ എക്‌സോപ്ലാനറ്റ് ഗ്രൂപ്പും’ ഈ നക്ഷത്രത്തെ വിടാതെ പിന്തുടരുകയാണിപ്പോൾ. സഹായത്തിന് SETI (Search for Extra Terrestrial Intelligence) യും ഉണ്ട്. തബേത്തയുടെ അന്വേഷണം വിജയിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.