Read Time:10 Minute


പ്രദീപ് കുമാർ കെ.പി, കല്ല്യാശ്ശേരി

ദൃശ്യപ്രകാശ ദൂരദർശിനികളുടെ വികാസചരിത്രം വായിക്കാം… ഒപ്പം വിശാലമായി വന്ന മനുഷ്യന്റെ പ്രപഞ്ചസങ്കൽപ്പത്തിന്റെയും

ദൂരദര്‍ശിനികള്‍

വളരെ വിദൂരതയിലുള്ള വസ്തുക്കളെ അടുത്തു കാണാന്‍ സഹായിക്കുന്ന ഉപകരണമാണ് ദുരദര്‍ശിനി (telescope). ദൃശ്യപ്രകാശ ദൂരദര്‍ശിനികള്‍ക്ക് പ്രധാനമായും രണ്ട് ഭാഗമാണ് ഉള്ളത്. ദൂരെയുള്ള വസ്തുവില്‍ നിന്നും വരുന്ന പ്രകാശത്തെ ശേഖരിക്കുന്ന ഒബ്ജ‌ക്ടീവും (objective/ objective glass) ഇത്തരത്തില്‍ ശേഖരിക്കുന്ന പ്രകാശത്തെ നിരീക്ഷകന്റെ കണ്ണില്‍ എത്തിക്കുന്ന ഐ പീസും (Eyepiece/ Ocular). ഒബ്ജക്ടീവ് ഗ്ലാസിനെ അടിസ്ഥാനമാക്കി ദൃശ്യപ്രകാശ ദൂരദര്‍ശിനികളെ മൂന്നായി തിരിക്കാം.

1.അപവര്‍ത്തന ദൂരദര്‍ശിനി (Refracting Telescope)

ഉദാ: ഗലീലിയന്‍ ടെലിസ്കോപ്പ് , കെപ്ലേറിയന്‍ ടെലിസ്കോപ്പ്, ബൈനോകുലര്‍

2.പ്രതിഫലന ദൂരദര്‍ശിനി (Reflecting Telescope)

അവതല ദര്‍പ്പണം (Concave Mirror) ഒബ്ജക്ടീവ് ആയി ഉപയോഗിക്കുന്ന ദൂരദര്‍ശിനി.

ഉദാ: ന്യൂട്ടോണിയന്‍ ടെലിസ്കോപ്പ്, കാസഗ്രെയിന്‍ ടെലിസ്കോപ്പ്. 

3.സംയുക്ത ദൂരദര്‍ശിനി (Compound Telescope/ Catadioptric Telescope)

ലെന്‍സും അവതല ദര്‍പ്പണവും ഒബ്ജക്ടീവ് ആയി ഉപയോഗിക്കുന്നു. 

ഉദാ : മാക്സുട്ടോവ് – കാസഗ്രെയിന്‍ ടെലിസ്കോപ്പ്, ഷിമിറ്റ് – കാസഗ്രെയിന്‍ ടെലിസ്കോപ്പ്

ദൂരദർശിനിയുടെ നാള്‍വഴികള്‍…

1608 

സ്പൈ  ഗ്ലാസ്

ഡച്ചുകാരനായ ഹാന്‍സ്‌ലെപ്പാര്‍ഷെ എന്ന കണ്ണട കച്ചവടക്കാരനാണ് ദൂരദര്‍ശിനി കണ്ടുപിടിച്ചത്. സ്പൈ ഗ്ലാസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. കടലില്‍ ദൂരെ  നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളെ കരയില്‍ നിന്നും നോക്കി മനസ്സിലാക്കാനാണ് സ്പൈഗ്ലാസ് ഉപയോഗിച്ചിരുന്നത്. കൈയില്‍ എടുത്ത് നടക്കാവുന്ന വലുപ്പത്തിലുള്ളവയാണ് ഇവ.

1609

സൗരകേന്ദ്ര സിദ്ധാന്തത്തിന് തെളിവുകള്‍…

ഇറ്റലിയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലി യൂറോപ്പില്‍ വ്യാപകമായ സ്പൈ ഗ്ലാസിനെക്കുറിച്ച് അറിയാനിടയായി. അദ്ദേഹം സ്വന്തമായി സ്പൈഗ്ലാസ് മാതൃകയില്‍ ഒരു ദൂരദര്‍ശിനി ഉണ്ടാക്കുകയും അതുപയോഗിച്ച് ആകാശഗോളങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. രണ്ട് ഇഞ്ച് വ്യാസമുള്ള ഒരു ഉത്തല ലെന്‍സാണ് (convex lens) ഒബ്ജക്ടീവ് ആയി ഉപയോഗിച്ചത്. ഐപീസായി (Eye piece) ഒരു അവതല ലെന്‍സും (concave lens). 20x വരെ മാഗ്‌നിഫിക്കേഷന്‍ ഉള്ള ദൂരദര്‍ശിനി അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങള്‍ ശുക്രന്റെ വൃദ്ധിക്ഷയങ്ങള്‍ (phases of venus) എന്നിവ ദൂരദര്‍ശിനിയിലൂടെ നിരീക്ഷിച്ചു.

ഗലീലിയോ ഗലീലി

ഈ നിരീക്ഷണത്തിലൂടെ എല്ലാ ആകാശഗോളങ്ങളും ഭൂമിയെയാണ് ചുറ്റുന്നത് എന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തം തെറ്റാണെന്നും കോപ്പര്‍നിക്കസ് അവതരിപ്പിച്ച സൗരകേന്ദ്ര സിദ്ധാന്തം ശരിയാണെന്നും തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചന്ദ്രന്റെ ഗര്‍ത്തങ്ങള്‍, സൗരകളങ്കങ്ങള്‍ എന്നിവയും ദൂരദര്‍ശിനിയുടെ സഹായത്താല്‍ അദ്ദേഹത്തിന് നിരീക്ഷിക്കാന്‍ കഴിഞ്ഞു.

ജോഹാന്‍സ് കെപ്ലര്‍

1611

കെപ്ലറുടെ സംഭാവന

ഗലീലിയോ നിര്‍മിച്ച ദൂരദര്‍ശിനിയുടെ പ്രധാനപ്പെട്ട ഒരു ന്യൂനത അതിന്റെ ദൃശ്യപരിധി (field of view) വളരെ കുറവാണ് എന്നതായിരുന്നു. ചന്ദ്രനെ നിരീക്ഷിക്കുമ്പോൾ ചന്ദ്രബിംബത്തിന്റെ പകുതി മാത്രമേ ദൃശ്യപരിധിയില്‍ വന്നിരുന്നുള്ളൂ. ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ജോഹാന്‍സ് കെപ്ലര്‍ ദൂരദര്‍ശിനിയുടെ ദൃശ്യപരിധി കൂട്ടാനായി ഐപീസിലെ അവതല ലെന്‍സിന് പകരം ഉത്തല ലെന്‍സ് ഉപയോഗിച്ചു. കൂടുതല്‍ ദൃശ്യപരിധിയും  മാഗ്‌നിഫിക്കേഷനും ഉണ്ടാക്കാന്‍ കെപ്ലേറിയന്‍ ദൂരദര്‍ശിനികള്‍ക്ക് കഴിഞ്ഞു.

ക്രിസ്റ്റ്യന്‍ ഹൈജന്‍സ്

1655

ഡച്ചുകാരനായ ക്രിസ്റ്റ്യന്‍ ഹൈജന്‍സ് ഐപീസില്‍ ഒരു ലെന്‍സിന് പകരം രണ്ട് ലെന്‍സുകള്‍ ഉപയോഗിച്ച് ദൂരദര്‍ശിനിയുടെ മാഗ്‌നിഫിക്കേഷന്‍ ഉയര്‍ത്തി. ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തിയത് ഇദ്ദേഹമാണ്.

1672 -ന്യൂട്ടന്റെ രണ്ടാമത്തെ പ്രതിഫലന ദൂരദർശിനി- മാതൃക

1668

പ്രതിഫലന ദൂരദര്‍ശിനിക്ക് തുടക്കം

ഗലീലിയന്‍ ദൂരദര്‍ശിനിയുടെ  പ്രധാനപ്പെട്ട മറ്റൊരു ന്യൂനത അതില്‍  ഒബ്ജക്ടീവ് ആയി ഉപയോഗിക്കുന്ന ഉത്തലലെന്‍സ് ഉണ്ടാക്കുന്ന വര്‍ണവിപര്യയമാണ് (chromatic aberration). ഇത് കാരണം ദൃശ്യത്തിന് വ്യക്തത കുറവായിരിക്കും. ഇത് പരിഹരിക്കാന്‍ ഐസക്‌ന്യൂട്ടണ്‍ ഒബ്ജക്ടീവ് ലെന്‍സിന് പകരം അവതല ദര്‍പ്പണം (concave mirror) ഉപയോഗിച്ചു.

ന്യൂട്ടോണിയൻ ടെലിസ്കോപ്പ് – റേ ഡയഗ്രം

അവതല ദര്‍പ്പണത്തിന്റെ ഫോക്കസില്‍ 45 ഡിഗ്രി അളവില്‍ ചെരിച്ച് ഘടിപ്പിച്ച സമാന്തര ദര്‍പ്പണത്തില്‍ (plane mirror) പ്രകാശം പതിക്കുകയും അവ പ്രതിഫലിച്ച് ഐപീസില്‍ എത്തുകയും ചെയ്യും. ആദ്യത്തെ പ്രതിഫലന ദൂരദര്‍ശിനി പിറവിയെടുത്തു.

Schmidt–Cassegrain ടെലസ്കോപ്പ് – റേ ഡയഗ്രം

1672

കസെഗ്രെയിന്‍ ദൂരദര്‍ശിനി (Cassegrain Telescope)

പ്രൈമറി മിറര്‍ ആയി അവതല ദര്‍പ്പണവും  സെക്കന്ററി മിറര്‍ ആയി ഉത്തല ദര്‍പ്പണവും ഉപയോഗിച്ചുള്ള  ദൂരദര്‍ശിനി.

Achromatic ലെൻസ് ഒബ്ജക്ടീവ് ആയ ടെലിസ്കോപ്പ്

1733

വര്‍ണ വിപര്യയം കുറഞ്ഞ ഗലീലിയന്‍ ദൂരദര്‍ശിനി

അക്രോമാറ്റിക് ലെന്‍സ് (Achromatic lens) ഒബ്ജക്ടീവ് ആയി ഉപയോഗിക്കുന്ന ദൂരദര്‍ശിനി. വെളിച്ചം നാനാവര്‍ണങ്ങളായി പിരിഞ്ഞുപോകുന്നത് തടയാനായി രണ്ടോ മൂന്നോ ലെന്‍സുകള്‍ കൂട്ടിച്ചേര്‍ത്താണ് അക്രോമാറ്റിക് ലെന്‍സ് ഉണ്ടാക്കുന്നത്. ഗലീലിയന്‍ ദൂരദര്‍ശിനിയിലെ വര്‍ണ വിപര്യയം കുറയ്ക്കുന്നതിനാണ് ഉത്തല ലെന്‍സിന് പകരം അക്രോമാറ്റിക് ലെന്സുകള്‍ ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചെസ്റ്റര്‍ മൂര്‍ ഹാള്‍ ആണ് അക്രോമാറ്റിക് ലെന്‍സ് ഉപയോഗിച്ചുള്ള ടെലിസ്കോപ്പ് കണ്ടുപിടിച്ചത്.

200 inch ഹേൽ ടെലസ്കോപ്പ്

1900

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ  ദൂരദര്‍ശിനിയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 1 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ദര്‍പ്പണങ്ങള്‍ ഉപയോഗിച്ചുള്ള ദൂരദര്‍ശിനികള്‍ വ്യാപകമായി. അതി വിദൂരതയില്‍ മറഞ്ഞിരിക്കുന്ന  പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്താന്‍ കൂറ്റൻ  ദൂരദര്‍ശിനികള്‍ ഇന്ന് നമുക്ക് കൂട്ടിനായുണ്ട്.

പ്രധാനപ്പെട്ട ദൃശ്യപ്രകാശ ദൂരദർശിനികൾ

ലാര്‍ജ് ബൈനോക്കുലര്‍ ടെലിസ്കോപ്പ്

അമേരിക്കയിലെ അരിസോണയിലെ മൗണ്ട് ഗ്രഹാം ഇന്റര്‍നാഷണല്‍ ഒബ്സര്‍വേറ്ററിയിലാണ് ഈ കൂറ്റന്‍ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്.  8.4 മീ. വ്യാസമുള്ള രണ്ട് ദര്‍പ്പണങ്ങളാണ് ഒബ്ജക്ടീവ് ആയി പ്രവര്‍ത്തിക്കുന്നത്. 2004 ല്‍ ആദ്യ നിരീക്ഷണം.

സുബരു ടെലിസ്കോപ്പ്

അമേരിക്കയിലെ ഹവായ് ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള ഈ ദൂരദര്‍ശിനി ജപ്പാന്റെ ഉടമസ്ഥതയിലുള്ളതാണ്. 8.2 മീറ്റര്‍ വ്യാസമുള്ള ഒറ്റ ദര്‍പ്പണമാണ് ഒബ്ജക്ടീവ് ആയി പ്രവര്‍ത്തിക്കുന്നത്. 1999 ല്‍ ആദ്യ നിരീക്ഷണം.

ഇന്ത്യയിലെ ഏറ്റവും വലിയ ദൃശ്യപ്രകാശ ദൂരദര്‍ശിനി

നൈനിറ്റാളില്‍ സ്ഥാപിച്ചിട്ടുള്ള ഈ ദൂരദര്‍ശിനിയില്‍ 3.6 മീ. വ്യാസമുള്ള ഒറ്റ ദര്‍പ്പണമാണ് ഒബ്ജക്ടീവ് ആയി പ്രവര്‍ത്തിക്കുന്നത്. 2016 ല്‍ ആദ്യ നിരീക്ഷണം.


2022 ഫെബ്രുവരി ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
13 %
Angry
Angry
0 %
Surprise
Surprise
25 %

2 thoughts on “ദൃശ്യപ്രകാശ ദൂരദർശിനികളുടെ നാൾവഴികൾ

Leave a Reply

Previous post ജീവപരിണാമത്തിന്റെ ഉന്മത്തനൃത്തം – ചിത്രം കാണാം
Next post കുഞ്ഞുണ്ണി വർമ്മ നിര്യാതനായി
Close