എല്ലാറ്റിനെയും ശുദ്ധിയാക്കുന്ന അഥവാ സര്‍വ്വതിനെയും എരിക്കുന്ന പ്രതിഭാസമാണ് അഗ്നി. ജീവജാലങ്ങള്‍ ഏറ്റവുമധികം ഭയപ്പെടുന്നതും അഗ്നിയെയാണ്. അഗ്നിയെ വരുതിയിലാക്കിയാണ് ആദിമ മനുഷ്യന്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷ കണ്ടെത്തിയത്. ഒരു പക്ഷെ അഗ്നിയെ വരുതിയലാക്കാന്‍ കഴിഞ്ഞു എന്നതാകാം മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപെട്ട നേട്ടം. മദമിളകി വരുന്ന കാട്ടാന പോലും തീയുടെ മുന്നില്‍ തിരിഞ്ഞോടും. കാട്ടുതീ ജൈവ വൈവിധ്യത്തിനു സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല.
കാട്ടുതീയില്‍ എരിഞ്ഞടങ്ങുന്ന വനമേഖലകള്‍ വീണ്ടും അതുപോലെ നിബിഡവനമായി മാറാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരും. അതിനാല്‍ തന്നെ നമ്മുടെ നാട്ടിലുള്ള ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും, ആര്‍ദ്ര ഇലപൊഴിയും വനങ്ങളും, വരണ്ട ഇലപൊഴിയും കാടുകളും, പുല്‍മേടുകളും എല്ലാം വലിയ രീതിയില്‍ കാട്ടുതീ ഭീഷണി നേരിടുന്നവയാണ്.
എന്നാല്‍ സാവന്ന എന്നയിനം പുല്‍മേടുകളില്‍ വളരുന്ന സസ്യങ്ങള്‍ തീയെ പ്രതിരോധിക്കാന്‍ ശീലിച്ചവയാണ്. സാവന്നകളില്‍ കൂടുതലും പുല്‍വര്‍ഗ്ഗത്തില്‍ വരുന്ന സസ്യങ്ങള്‍ക്കാണ് മേല്‍കൈ, എന്നാല്‍ ചെറിയ ചില മരങ്ങളും അവിടവിടെയായി കാണപ്പെടുന്നു. വേനല്‍ക്കാലമാകുമ്പോള്‍ പുല്ലുകളെല്ലാം ഉണങ്ങി വരണ്ടു നില്‍ക്കും, അതിനാല്‍ തന്നെ ഈ സമയം പടര്‍ന്നു പിടിക്കുന്ന തീ ഇവിടെ ഒരു പുതുമയല്ല. ഇവിടെക്കാണുന്ന മിക്കവാറും എല്ലാ പുല്ലുകളുടെയും ജീവചക്രം ഇതിനു കണക്കാക്കി തന്നെ പരിണമിച്ചവയാണ്. അവ വേനല്‍ തുടങ്ങുമ്പോഴേക്കും പുഷ്പിച്ച് വിത്ത് വിതരണവും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ടാകും, മാത്രമല്ല അഗ്നിയെ പ്രതിരോധിക്കാന്‍ മണ്ണിനടിയില്‍ ആഴത്തില്‍ കിഴങ്ങ്പോലെ തടിച്ച വേരുകളും ഉണ്ടാവും. മണ്ണിനുമുകളില്‍ കത്തുന്ന തീ ഇത്തരം വേരുകളെ നശിപ്പിക്കില്ല. അപ്പോള്‍ അടുത്ത മഴക്ക് ചാരത്തില്‍ നിന്നും ഇവ ആദ്യം മുളച്ച് പൊങ്ങും.
ഇവിടെ കാണുന്ന മരങ്ങളും ഇത് പോലെയൊക്കെ തന്നെ ഏതെങ്കിലും തരത്തില്‍ അഗ്നിയെ പ്രതിരോധിക്കുന്നവയാണ്. ഇത്തരം പ്രതിരോധശക്തി ഇല്ലാത്ത ഏതെങ്കിലും സസ്യവര്‍ഗ്ഗം ഇവിടെ മുളക്കുകയാണെങ്കില്‍ ഒരു തീക്കാലത്തിനപ്പുറം അവക്ക് നിലനില്‍ക്കാനാവില്ല.
അഗ്നിയെ സ്വയം പ്രതിരോധിക്കുകയും എന്നാല്‍ അതെസമയം തന്നെ ഏറ്റവുമധികം തീപ്പിടുത്തം പ്രോത്സാഹിപ്പികുകയും ചെയ്യുന്ന ഒരു മരമുണ്ട്. ഓസ്ട്രേലിയ സ്വദേശിയായ യൂക്കാലിപ്റ്റസ് മരങ്ങളാണ് അവ.
ഏകദേശം 700 സ്പീഷീസുകള്‍ യൂക്കാലിപ്റ്റസ് ഉണ്ടെങ്കിലും മിക്കവാറും എല്ലാം ഓസ്ട്രേലിയയില്‍ മാത്രം കാണുന്നവയാണ്. ആദ്യം എങ്ങനെയാണ് ഇവ അഗ്നിയെ പ്രതിരോധിക്കുന്നത് എന്ന് നോക്കാം. നെടുങ്ങനെ ഉയരത്തില്‍ പോകുന്ന തായ് തടി ഈ മരങ്ങളുടെ ഒരു പ്രത്യേകതയാണ്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള മരങ്ങളില്‍ കാലിഫോര്‍ണിയയിലെ സെക്ക്വയ മരങ്ങള്‍ക്കൊപ്പം തന്നെ ഓസ്ട്രേലിയയിലെ യൂക്കാലിപ്റ്റസ് മരങ്ങളും വരുന്നുണ്ട്.
വളരെ ഉയരെ ആയതിനാല്‍തന്നെ അത്രപെട്ടെന്നു ഈ മരങ്ങളുടെ ഇലപ്പടര്‍പ്പിലേക്ക് അഗ്നിക്ക് എത്തിപ്പെടാന്‍ സാധിക്കുകയില്ല. ഇവയുടെ തായ്തടി വളരെ ഉറപ്പുള്ള എന്നാല്‍ എളുപ്പം അടര്‍ന്നു പോകുന്ന തരം തോലികളാല്‍ മൂടിയിരിക്കും, പുറമെയുള്ള തോലികളില്‍ തീപിടിച്ചു തുടങ്ങിയതും അവ അടര്‍ന്നു വീഴുകയും മരത്തിനു കാര്യമായ നാശം വരാതെ നോക്കുകയും ചെയും. ചെറിയ യൂക്കാലി ചെടികള്‍ ആണെങ്കില്‍ അവയുടെ വേരിനു താഴെ ലിഗ്നോട്യുബര്‍ എന്നറിയപ്പെടുന്ന കിഴങ്ങുപോലെ തടിച്ച എന്നാല്‍ കട്ടിയുള്ള ഭാഗങ്ങള്‍ ഉണ്ടാകും. എത്ര വലിയ തീ ചെടിയെ വിഴുങ്ങിയാലും ഈ ഭാഗം ജീവനോടെ കാണും, അഗ്നിബാധ കഴിഞ്ഞു ഇവപൊട്ടി മുളച്ച് പുതിയ ശാഖകള്‍ ഉടനെ വരികയും ചെയ്യും. വളരെ വിപുലമായതും ആഴത്തിലുള്ളതുമായ വേരുപടലം അത് പോലെ തന്നെ അഗ്നിയെ പ്രതിരോധിക്കാന്‍ ഇവയെ സഹായിക്കാറുണ്ട്.
യൂക്കാലിയുടെ വിത്തുകള്‍ പിക്സിടിയം കാപ്സ്യുള്‍ എന്നറിയപ്പെടുന്ന പ്രത്യേക തരം കായകളില്‍ ആണ് ഉണ്ടാകുന്നത്. വളരെ കട്ടിയേറിയ ആവരണമുള്ള ഇവയും അഗ്നിയെ പ്രതിരോധിക്കുന്നവയാണ്. ചില പിക്സിടിയത്തില്‍ നിന്നും വിത്തുകള്‍ പുറത്ത് വരണമെങ്കില്‍ തീ പിടിച്ചെങ്കില്‍ മാത്രമേ കഴിയൂ എന്ന അവസ്ഥ വരെ എത്തി നില്‍ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അടി മുടി അഗ്നിയെ പ്രതിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മരങ്ങളാണ് യൂകാലിപ്റ്റസ്.
ഇനി എന്തിനാണ് ഇവ ഇങ്ങനെ അഗ്നിയെ പ്രതീക്ഷിച്ച് നില്‍കുന്നത് എന്ന് നോക്കാം. ഓരോ യൂകാലിപ്റ്റസ് മരവും ഓരോ വെടിമരുന്ന് ശാലയാണ് എന്ന് പറയാം. തങ്ങളുടെ സവിശേഷ ദ്വിതീയ ചയാപചയങ്ങള്‍ (Secondary Metabolism) വഴി നിര്‍മ്മിക്കപ്പെടുന്ന, അതിവേഗത്തില്‍ തീ പിടിക്കുന്ന ധാരാളം എണ്ണകളാല്‍ സമൃദ്ധമാണ് ഇവയുടെ ഇലകളും, കമ്പും, തടിക്കകവും മറ്റും. ഈ എണ്ണയാണ് നമ്മള്‍ യൂക്കാലി തൈലം ആയി ഇതില്‍ നിന്നും എടുത്ത് ഉപയോഗിക്കുന്നത്.
പഴുത്ത് ഉണങ്ങി നിലത്ത് വീഴുന്ന ഇലകള്‍ അവയുടെ തൂവല്‍ ആകൃതി നിമിത്തം വായുവിലൂടെ സഞ്ചരിച്ചു ദൂരെ തറയില്‍ വീഴുന്നു. യൂക്കാലി മരങ്ങള്‍ക്ക് ചുറ്റും ഒരുപാടു ദൂരത്തോളം ഈ ഇലകള്‍ എത്തിപ്പെട്ട് കിടക്കുന്നുണ്ടാകും. പുറമേ മരത്തിന്‍റെ തടി തീയെ പ്രതിരോധിക്കുമെങ്കിലും അകം ഇത്തരം എണ്ണകളാല്‍ പൂരിതമാണ്. തീ വരുമ്പോള്‍ വളരെ വേഗത്തില്‍ ആളിപ്പിടിക്കുവാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം. നിലത്ത് കിടക്കുന്ന ഇലകള്‍ അതിവേഗം തീ പടര്‍ത്തും, എണ്ണകളുടെ സാന്നിധ്യം മൂലം യൂക്കാലിയുടെ പച്ചപ്പും വേഗത്തില്‍ കത്തിപ്പിടിക്കുകയും എളുപ്പം കത്തിതീരുകയും ചെയ്യും. ഇതിനാല്‍ തന്നെ ചെറിയ തീപ്പിടുത്തം കൊമ്പുകള്‍ക്ക് ഏല്‍ക്കാതെ പോവും.
എന്നാല്‍ വന്‍ കാട്ടുതീയില്‍ യൂക്കാലി മരങ്ങള്‍ വെടിമരുന്നുപോലെ പൊട്ടിത്തെറിക്കുന്നത് സാധാരണമാണ്. അപ്പോള്‍ എന്തുകൊണ്ടും വെടിക്കോപ്പുകള്‍ തയ്യാറാക്കി, കേവലം ഒരു അഗ്നിസ്ഫുലിംഗത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ ഈ മരങ്ങള്‍ എന്ന് ചുരുക്കം.
ഇനി എന്തിനാണീ തീക്കളി?. യൂക്കാലി മരങ്ങള്‍ വളരുന്ന വനങ്ങള്‍ മറ്റനേകം സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയാണ്. അതുകൊണ്ടു തന്നെ ജലത്തിനും ചെടികള്‍ക്കാവശ്യമായ മൂലകങ്ങള്‍ക്കും വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കും. കൂടെ വളരുന്ന സസ്യങ്ങള്‍ വളരെ വേഗം ഉപരിതല ജലാംശവും മറ്റു പോഷകങ്ങളും ഉപയോഗിച്ച് അതിവേഗം വളരുന്നത് യൂക്കാലി മരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളിയാണ് ഉണ്ടാക്കുക. വ്യത്യസ്ത തരം കുറ്റിച്ചെടികളും ചെറുമരങ്ങളും ഈ കൂട്ടത്തിലുണ്ടാകും. ഈ ചെറു സസ്യങ്ങളെ ഒറ്റയടിക്ക് തുരത്താനാണ് യൂക്കാലി മരങ്ങള്‍ അഗ്നിയെ കൂട്ട് പിടിക്കുന്നത്. സ്വയം അഗ്നിയെ പ്രതിരോധിക്കുകയും അതെ സമയം തന്നെ തീ പടര്‍ന്ന്‍ പിടിക്കുന്നതിനെ കാര്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി എതിരാളികളെ ഒന്നൊഴിയാതെ നാമാവശേഷമാക്കുകയും ചെയ്യും.
ഇത് മൂലം മറ്റൊരു സ്വാര്‍ഥലാഭം കൂടെ യൂക്കാലി മരങ്ങള്‍ക്കുണ്ട്, കാട്ടുതീക്ക് ശേഷം അവശേഷിക്കുന്ന ചാരത്തില്‍ നിന്നും യൂക്കാലി മരങ്ങള്‍ക്ക് പോഷക സമൃദ്ധമായ വളം ലഭിക്കുമല്ലോ. യൂകാലിപ്റ്റസ് മരങ്ങളുടെ അഗ്നികൊണ്ടുള്ള ഈ സൂത്രപണി വലിയ അഗ്നിബാധ സൃഷ്ടിക്കുകയും അവ സ്വയം വെടിമരുന്നു പോലെ പൊട്ടിത്തെറിക്കുകയും ചെയ്താലും മണ്ണിനടിയില്‍ സുരക്ഷിതരായി കഴിയുന്ന ലിഗ്നോട്യൂബറുകള്‍ വഴി പൊട്ടിത്തെറിച്ച് കത്തിയമര്‍ന്ന മരങ്ങള്‍ പുനര്‍ജീവിക്കും.
മണ്ണിനടിയില്‍ ഒളിച്ചിരിന്ന് രക്ഷതേടിയ മറ്റു സസ്യങ്ങളെക്കാള്‍ വേഗത്തില്‍ വളരുവാനും, പോഷകമൂലകങ്ങളും ജലവും ഉപയോഗിക്കുന്നതില്‍ വ്യക്തമായ മേധാവിത്തം പുലര്‍ത്തുവാനും യൂകാലിപ്റ്റസ് മരങ്ങള്‍ക്ക് തങ്ങളുടെ സുരക്ഷിതവും ആഴങ്ങളിലേക്ക് ഊന്നി നില്‍ക്കുന്നവയുമായ വേരുകളുടെ സഹായത്തോടെ സാധിക്കും. കൂടാതെ യൂകാലിപ്റ്റസിന്‍റെ വിത്തുകള്‍ക്ക് എളുപ്പം മുളച്ചു പോങ്ങവുന്ന രീതിയില്‍ അവയുടെ കായ്ക്കളുടെ കട്ടിയുള്ള പുറംതോട് അപൂര്‍ണ്ണമായി കത്തി നശിച്ചിട്ടുമുണ്ടാകും.
ചുരുക്കത്തില്‍ പരിണാമപരമായി കാട്ടുതീയെ തനിക്കു ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാന്‍ യൂകാലിപ്റ്റസ് മരങ്ങള്‍ക്ക് സാധിക്കുന്നു.
ജീവനം ഒരു കടുത്ത മൽസരമാണ്, ഓരോ ജീവിവർഗ്ഗവും സ്വന്തം നിലനിൽപ്പ് ഭദ്രമാക്കുന്നതിനോടൊപ്പം മറ്റു സഹ മത്സരാർത്ഥികളെ തന്ത്രപരമായി ഒഴിവാക്കുക കൂടി ചെയ്താണ് മൽസരത്തിൽ മുന്നിലെത്തുന്നത്, യൂക്കാലി മരങ്ങൾ ഇതിന് ഉപയോഗിക്കുന്നതാവട്ടെ സർവ്വസംഹാരിയായ അഗ്നിയെയും.
നമ്മുടെ നാട്ടിലും ഒരുകാലത്ത് പുല്‍മേടുകള്‍ മുഴുവന്‍ യൂകാലിപ്റ്റസ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പ്രവണത നിലനിന്നിരുന്നു, പുല്‍മേടുകളിലെ ജൈവ വൈവിധ്യത്തെ അവ സാരമായി ബാധിച്ചു എന്നത് കൊണ്ട് ഇന്ന് അവയെ പ്രോത്സാഹിപ്പിക്കുന്നില്ല. യൂകാലിപ്റ്റസ് മരങ്ങള്‍ നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ വനങ്ങളില്‍ വളരുന്നത് കാട്ടുതീ അതിവേഗം പടരുന്നതിന് കാരണമാവുകയും കാലക്രമേണ നമ്മുടെ വനങ്ങളിലെ തദേശീയരായ സസ്യങ്ങളുടെ സ്ഥാനത്ത് സ്വയം അവരോധിക്കുകയും ചെയ്യും.
പള്‍പ്പിനും വിറകിനും വേണ്ടി തീ കൊണ്ട് കളിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ ഓരോ യൂകാലിപ്റ്റസ് മരവും മറ്റു സഹജീവികളോട് പറയാതെ പറയുന്നതും ഇതുതന്നെയാണ് “ഈ കളി തീക്കളിയാണെ”