Read Time:20 Minute

ആശിഷ് ജോസ് അമ്പാട്ട്

ഈ കുറിപ്പിൽ വിക്രം സിനിമയുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രീയ വസ്തുത വിശദീകരിക്കുകയാണ്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്‌പോയിലർ കടന്നുവരുന്നുണ്ടെന്നതിനാൽ അത് മനസിലാക്കി മാത്രം തുടർന്ന് വായിക്കാൻ അപേക്ഷിക്കുന്നു.

വിക്രം സിനിമയുടെ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോയിന്റ് ആയി കാണിക്കുന്നത് മുൻപുള്ള ചെന്നൈയിലെ കൊക്കയെന് ലഹരി മാഫിയയുടെ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ തവണ കൊക്കെയ്‌നുപകരം അതിന്റെ റോ ഫോം ആയ ‘Erythroxylum novogranatense’ ആണ് കടത്തപ്പെട്ടതെന്നും ഇതിന്റെ ഒരു ഗ്രാമിൽ നിന്നും ഒരുക്കിലോ എന്ന കണക്കിൽ കൊക്കെയ്‌ൻ ഉണ്ടാക്കാമെന്നുമാണ്. കഥയുടെ മുന്നോടുള്ള ഭാഗങ്ങളിൽ ഈ പദാർത്ഥത്തെ ‘റോ കൊക്കെയിനെന്നാണ്’ വിശേഷിപ്പിക്കുന്നത്.

ഈ കാര്യം പലപ്രാവശ്യം സിനിമയിൽ ആവർത്തിച്ചു പരാമർശിക്കപ്പെടുന്നുമുണ്ട്. ചെമ്പൻ വിനോദിന്റെ കഥാപാത്രം കാളിദാസൻ അവതരിപ്പിച്ച പോലീസ് കഥാപാത്രത്തോട് പറയുന്നത്; നീ പിടിച്ചത് രണ്ടു ടൻ കൊക്കെയ്‌നല്ല ലക്ഷക്കണക്കിന് കോടിരൂപയുടെ മൂല്യമുള്ള എറിത്രോക്സിലമാണ്, രണ്ടായിരം ടൻ കൊക്കെയ്‌ന് നിർമ്മിക്കാവുന്ന റോ മെറ്റീരിയൽ എന്നാണ്! ഈ അവകാശവാദങ്ങൾ സിനിമയുടെ പ്ലോട്ടിനെ മുന്നോട്ടു നയിക്കാൻ വേണ്ടി രൂപപ്പെടുത്തിയ ശാസ്ത്രീയമായി സാധ്യമല്ലാത്ത ഒരു ഭാവനനിർമ്മിതിയാണ്.

കോകാ ചെടി കടപ്പാട്:Ilmari Karonen

കൊക്കയിനെന്ന സൈക്കോ ആക്റ്റീവ് ലഹരി പ്രധാനമായും വേർതിരിച്ചെടുക്കുന്ന കോകാ ചെടികളിൽ  [Coca plant] ഏറ്റവും പോപ്പുലറായ ഒരിനത്തിന്റെ സ്പീഷ്യസിനെ സൂചിപ്പിക്കുന്ന ശാസ്ത്രീയ നാമം ആണ് Erythroxylum novogranatense.  അതായത് സിനിമയിൽ പറയുന്നത് പോലെ ഇതൊരു വെള്ളപ്പൊടിയല്ല ഒരു ചെടിയുടെ പേരാണ്. മനുഷ്യന്റെ ശാസ്ത്രീയ നാമം Homo sapiens എന്നായിരിക്കുന്നത് പോലെയാണ് ഇത്. തൽക്കാലം സിനിമയിൽ കാണിക്കുന്നത് ട്രാൻസ്‌പോർട്ട് ചെയ്യാനുള്ള എളുപ്പത്തിനു ഇത്തരം കോകാ ചെടികളുടെ ഇല ഉണക്കി പൊടിച്ചതാണെന്നു  കരുതാം. 

സംസ്കരിച്ച കോകാ  ഇലകൾ കടപ്പാട്: dallasnews.com

മറ്റുള്ള ലഹരി പദാർത്ഥങ്ങളെ അപേക്ഷിച്ച് പൊതുവെ ലളിതമായ എക്സ്ട്രാഷൻ പ്രോസസ് ആണ് കൊക്കെയ്‌നുള്ളത്; വിളവ് എടുക്കപ്പെട്ടുന്ന കോകാ ചെടിയുടെ ഇലകൾ ഡീസലിൽ  മുക്കിവയ്ക്കുകയും പതുക്കെ ഡീസൽ വറ്റിച്ചെടുക്കുകയും കൊക്കെയ്ൻ ബേസ് എന്നുവിളിക്കാവുന്ന ഒരു ഉണങ്ങിയ പദാർത്ഥം വേർതിരിച്ചു എടുക്കുകയും ചെയ്യും, ഇത് ഒരു ലായകത്തിൽ ലയിപ്പിക്കുകയും അധികമായ ലായകങ്ങൾ നീക്കം ചെയ്യുകയും കൊക്കെയ്‌ൻ ബ്രിക്‌സ് രൂപപ്പെടുത്തുകയും ചെയ്യുന്നു, ഇത് ആവശ്യാനുസരണം പൊട്ടിച്ചെടുത്താണ് ലഹരി മാഫിയ കൊക്കെയ്‌ൻ പൗഡർ ഫോമിലോട്ട് മാറ്റുന്നത്. കൊക്കെയ്‌നെന്ന  പേരിൽ സിനിമകളിൽ ഉൾപ്പടെ കാണിക്കുന്നത് ഇത്തരത്തിൽ നിർമ്മിച്ചു എടുക്കുന്ന കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് എന്ന വെള്ളപ്പൊടിയാണ്.

ഗുരുതര സ്വഭാവത്തിൽ ദുരുപയോഗപരമായി substance abuse’ന് വേണ്ടി ട്രാഫിക് ചെയ്യപ്പെടുന്ന നിയമവിരുദ്ധവുമായ ലഹരി പദാർത്ഥം ആയതിനാൽ ആണ് പരമാവധി കുറച്ചുള്ള വിശദാംശങ്ങൾ മാത്രം ചേർത്തിടുള്ളതെന്നും, ഇങ്ങനെ ക്രൂഡ് ആയിട്ടുയല്ലാതെ GCMS, HPLC എന്നീ ക്രോമാറ്റോഗ്രാഫി ബേസ് ചെയ്തുള്ള ഗവേഷണ ആവശ്യങ്ങൾക്കുവേണ്ടിയുള്ള എക്‌സ്ട്രാഷൻ പ്രോട്ടോക്കോളുകൾ ഉണ്ടെന്നു കൂടി സൂചിപ്പിക്കട്ടെ.
കട്ടിയായ കൊക്ക പേസ്റ്റ് കടപ്പാട്:Ilmari i.insider.com

ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ [DEA] ഓഫീസ് സ്ട്രാറ്റജിക് ഇന്റലിജൻസ് വിഭാഗത്തിന്റെ ലാറ്റിൻ അമേരിക്ക യൂണിറ്റ് ‘Coca Cultivation and Cocaine Processing: An Overview‘ എന്നപ്പേരിൽ 1991’ൽ പ്രസിദ്ധകരിച്ച ഗവേഷണ പ്രബന്ധം പ്രകാരം പൊതുവെ 0.1 മുതൽ 0.8 ശതമാനം വരെയാണ് കൊക്കൊ ചെടികളുടെ ഇലകളിലെ കൊക്കെയ്‌ൻ സാനിധ്യം. രണ്ടു ടൻ അഥവാ രണ്ടായിരം കിലോ കൊക്കൊ ഇലകളുണ്ടെങ്കിൽ രണ്ടുകിലോ മുതൽ 16 കിലോ വരെ കൊക്കയെനുണ്ടാക്കാം. 

അതായത് സിനിമയിൽ പറയുന്നത് പോലെ രണ്ടു ടൻ എറിത്രോക്സിലം നോവോഗ്രാനറ്റൻസുണ്ടെങ്കിൽ എത്ര കിലോ കൊക്കയെനുണ്ടാക്കാമെന്നു ചോദിച്ചാൽ ഉത്തരം ശാസ്ത്രീയമായി നോക്കിയാൽ പരമാവധി ഇരുപതു കിലോയോളം മാത്രമെന്നാണ്!

കൊളംബിയ, അർജന്റീന, വെനസ്വേല, ഇക്വഡോർ, പെറു എന്നിങ്ങനെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധരാജ്യങ്ങളിലോട് പർവ്വതശിഖരങ്ങളുമായി പടർന്നു കിടക്കുന്ന ഭൂമിയിലെ തന്നെ ഏറ്റവും ഉയർന്ന പരവ്വതനിരകളിൽ ഒന്നായ ആന്തിസുമായി ചുറ്റപ്പെട്ട പ്രദേശങ്ങളിലാണ് ലോകത്തിൽ ആകമാനമുള്ള കൊക്കൊ ചെടികളിൽ വലിയൊരു ഭാഗവും കൃഷി ചെയ്യുന്നതും, കൊക്കയെന് നിർമ്മിച്ചുടുക്കുന്നതും,  മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ധനികനായ ക്രിമിനുകളിൽ ഒരാളായിരുന്ന പാബ്ലോ എസ്കോബാർ എഴുപതുകളുടെയും തൊണ്ണൂറുകളുടെയും ഇടയിൽ കൊളംബിൻ വന-ഗിരി പ്രദേശങ്ങളിൽ ഇങ്ങനെ കൊക്കയെൻ നിർമ്മിച്ചെടുത്തു ഇലീഗൽ ട്രാഫിക്കിംഗ് നടത്തിയാണ് പ്രധാനമായും പണം സമ്പാദിച്ചതും Medellín Cartel എന്ന ക്രൈം സിൻഡിക്കേറ്റ് രൂപപ്പെടുത്തിയെടുത്തതും.

നമ്മുടെ നാട്ടിൽ ഉൾപ്പെടെ ഇന്ന് സുലഭമായ കൊക്കക്കോളയുടെ പേരു വരുന്നത് കോകാ ചെടിയിയുടെ ഇലയും കോലായുടെ പരിപ്പും [Kola nuts] ചേർത്തുള്ള ഉന്മേശദായകവും മെഡിക്കൽ പ്രോപ്പർട്ടിയുമുള്ള പാനീയമെന്ന പരസ്യത്തിന്റെ ഭാഗം ആയിട്ടാണ്. പിന്നീട് കൊക്കെയ്‌ന് ഒരു അപകടകരമായ ലഹരി വസ്തുവാണെന്നു തിരിച്ചു അറിഞ്ഞപ്പോൾ അത് കൊക്കക്കോളയിൽ നിന്നും ഒഴിവാക്കി ഇന്നത്തെ കാർബൺ ഡയോക്സൈഡ് ചേർത്ത മധുരപാനീയമാക്കി മാറ്റിയെങ്കിലും പഴയ പേരു അതുപോലെതന്നെ നിലനിർത്തുക ആയിരുന്നു.

അതെന്തയാലും cocaine alkaloids ഉയർന്ന ഭൗമപ്രാദേശങ്ങളുമായി കൂടുതലായ ആഭിമുഖ്യം കാണിക്കുന്ന ഒരുതരം ഫൈറ്റോകെമിക്കൽ ആയതിനാൽ ആന്തിസ് പർവ്വതനിരകളിലെ ഭൗമോപരിതലത്തിൽ നിന്നുമെറ്റവും ഉയർന്ന ചിലയിടങ്ങളിൽ വളരുന്ന ചില കോകാ ചെടികളിൽ 1.2% വരെ കൊക്കയെന് കണ്ടന്റ് വരാമെങ്കിലും അത്തരം പ്രദേശങ്ങളിൽ ലാർജ് സ്കെയിലിൽ കൃഷി ചെയ്യുന്നതോ വിളവെടുപ്പ് നടത്തുന്നതോ ബുദ്ധിമുട്ട് ആയതിനാൽ പൊതുവെ ഒരു ശതമാനത്തിൽ താഴെയാണ് കൊക്കെയ്നിന്റെ സാനിധ്യമെന്നാണ് DEA’യുടെ ഗവേഷണ റിപ്പോർട്ടിലുള്ളത്. 

Substance abuse’നുവേണ്ടിയുള്ള കൊക്കെയ്‌ൻ ട്രാഫിക്കിംഗ് എന്നത് പൂർണ്ണമായും നിയമവിരുദ്ധമായ കള്ളക്കടത്തിന്റെ ഭാഗം ആയതിനാലും ലീഗൽ റെഗുലേഷൻ ഇല്ലാത്തത് കൊണ്ടും കൂടുതൽ ലാഭത്തിനു വേണ്ടി വെള്ളനിറത്തിലുള്ള പലവിധത്തിലുള്ള പൊടികൾ മായമായി ചേർത്താണ് പൗഡർ ഫോമിലുള്ള കൊക്കെയ്‌ൻ എൻഡ്-യൂസറിന്റെ അടുത്ത് വിൽപ്പന ചെയ്യപ്പെട്ടുന്നത്. ഇങ്ങനെ മായം ചേർക്കുന്ന പ്രോസസിനെ lacing എന്നാണ് വിശേഷിപ്പിക്കുന്നത്. ഹോമിയോപ്പതി ഗുളികളിൽ കാണുന്ന ലാക്ടോസ്/ഗ്ലൂക്കോസ് പഞ്ചാരപ്പൊടി മുതൽ ചോക്കുപൊടിയും വെറ്ററിനറി ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ആന്റി-പാരസൈറ്റ് മരുന്നായ levamisole ഉം തുടങ്ങിയ ധാരാളം വസ്‌തുക്കൾ ഇങ്ങനെ കൊക്കെയ്നിൽ മായമായി ചേർക്കുന്നുണ്ട്. Narcotics is dirty business എന്നുപറയുമ്പോൾ അതിൽ ഒരുവിധത്തിലുമുള്ള ഇന്റീഗ്രിയും പ്രതീക്ഷിക്കുന്നത് ശരിയല്ല. കളവിലും ചതിയുണ്ട്!

DEA’യുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസിന്റെയും [NIDA] വിവിധ റിപ്പോർട്ടുകൾ പ്രകാരം 40% വരെ പലവിധത്തിലുള്ള വെള്ളപ്പൊടി രൂപത്തിലുള്ള മായങ്ങൾ ചേർത്താണ് എൻഡ്‌-യൂസറിന്റെ അടുത്ത് ഇലീഗൽ ട്രാഫിക്കിംഗിന്റെ ഭാഗമായി കൊക്കെയ്‌നെത്തുന്നത്. ഇങ്ങനെ ചേർക്കുന്ന മായങ്ങൾ കൊക്കെയ്‌ന് സ്വയമേ സൃഷ്‌ടിക്കുന്ന ഗുരുതരമായ ശാരീരിക-മാനസിക പാർശ്വഫലങ്ങൾക്കു ഒപ്പം കൂടുതൽ പ്രശ്നങ്ങളും സിസ്റ്റീമിക് ആയിട്ടും ലോക്കൽ ആയിട്ടും സൃഷ്‌ടിക്കാം. പലപ്പോഴും മായം ചേർത്തു ‘വീര്യം കുറഞ്ഞു പോയ’ കൊയ്‌യെനിന്റെ ലഹരി സ്വഭാവം വീണ്ടെടുക്കാനോ അതല്ലാതെ വർദ്ധിപ്പിക്കാനോ ചേർക്കുന്ന കുറച്ചുകൂടി മാരകമായ ലഹരി പദാർത്ഥമായ fentanyl കൊക്കയെൻ ഉപയോഗിച്ചതിനെ തുടർന്ന് നടക്കുന്ന acute overdosing മരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണെന്നാണ് സെന്റർ ഫോർ ഡിസിസ് കണ്ട്രോൾ ആൻഡ് പ്രിവൻനേഷൻ [CDC] ഈ വർഷം പ്രസിദ്ധീകരിച്ച  over dosing deaths ഉം ആയി ബന്ധപ്പെട്ട റിവ്യൂ റിപ്പോർട്ടിൽ രേഖപെടുത്തിയിട്ടുള്ളത്.

എഴുത്തിന്റെ മൗലികമായ വിഷയത്തിലോട് മടങ്ങി വന്നാൽ കാളിദാസ് ജയറാം അവതരിപ്പിച്ച പോലീസ് കഥാപാത്രം പിടിച്ചെടുക്കുകയും പിന്നീട് കമലഹാസന്റെ നായക കഥാപാത്രത്തിന്റെ നേതൃത്വത്തിൽ നശിപ്പിക്കുകയും ചെയ്യുന്ന രണ്ടു ടൻ അഥവാ രണ്ടായിരം കിലോ എറിത്രോക്സിലത്തിൽ നിന്നും 2 മുതൽ 16 കിലോ കൊക്കയെന് വരെയാണ് നിർമ്മിക്കാമെന്നാണ് പറയാവുന്നത്. അതിൽ lacing ആയി മറ്റു മായങ്ങൾ ചേർത്താലും പരമാവധി 22 കിലോയോളം മാത്രം. 

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്[DRI]യുടെ ഡാറ്റ പ്രകാരം ഏകദേശം 9 കോടിയോളം രൂപയാണ് ഇപ്പോൾ ഇന്ത്യയിൽ ഒരുക്കിലോ കൊക്കെയിനിലുള്ളത്. അതായത് വിക്രം സിനിമയിൽ പറയുന്ന അത്രയും ‘റോ കൊക്കയെന്’ ഏകദേശം ഇരുനൂറു കോടിയോളം മാത്രമാണ് പരമാവധി മൂല്യം.  ഇതിൽ നിന്നും കൊക്കയെന് എക്സ്‌ട്രാഷനുള്ള സാങ്കേതികവിദ്യയ്ക്കുള്ള ഓപ്പറേഷനൽ കോസ്റ്റും, ട്രാൻസ്‌പോർട്ട് ചെയ്യാനുള്ള ചിലവും, പലവിധത്തിലുള്ള കൈക്കൂലി കൊടുക്കാനുള്ള പണവും കണ്ടെത്തണം. ചെമ്പൻ വിനോദിന്റെയും വിജയ് സേതുപതിയുടെയും മറ്റു അനവധി കഥാപാത്രങ്ങളും കഥയിലെ ഒരു ഫാക്ട് പോലെ പറയുന്നത് പ്രകാരം ലക്ഷക്കണക്കിന് കോടി രൂപയോ സ്വന്തമായി ഒരു സർക്കാർ രൂപീകരിക്കാനുള്ള പണമോ ഇതുവഴി കണ്ടെത്താൻ സാധിക്കുകയില്ല. 

ഇരുനൂറു കോടി എന്നത് ഒറ്റയ്ക്കു നോക്കുമ്പോൾ വളരെ വലിയ തുക ആയി തോന്നുമെങ്കിലും ഇന്ത്യയിൽ ഇപ്പോൾ തന്നെ കടത്തപ്പെട്ടതുന്ന കൊക്കെയിന്റെ അളവ് വച്ചുള്ള മൂല്യം നോക്കിയാൽ അത്ര വലിയ തുകയല്ല എന്നതാണ് സത്യം. ഒരൊറ്റ ഉദാഹരണം പറഞ്ഞാൽ: ഈ വർഷം മെയ് 26’ന് ഗുജറാത്തിലെ  ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള  മുന്ദ്ര തുറമുഖത്തിൽ നിന്നും അഞ്ഞൂറു കോടിയോളം രൂപയുടെ 52 കിലോ കൊക്കെയ്ൻ DRI ഒരൊറ്റ റെയ്ഡിൽ നിന്നും മാത്രം പിടിച്ചെടുത്താണ്. വിക്രം സിനിമയിൽ പറയുന്ന ആകെയുള്ള ‘റോ കൊക്കെയിന്റെ’ മൂല്യത്തിന്റെ ഇരട്ടിയിൽ അധികം തുക. 

സിനിമയുടെ കഥയെ മുന്നോട്ടു നയിക്കാൻ കഥയുടെ ഉള്ളിൽ ആന്തരികമായ കോണ്ഫ്ലിക്കറ്റുകളൊന്നുമില്ലായെങ്കിൽ ഇത്തരം ശാസ്ത്രീയമായി സാധ്യമല്ലാത്ത ഫാന്റസി ഇലമെന്റുകൾ ചേർക്കുന്നത് ഒരിക്കലും ഒരു മോശം കാര്യമായി കാണുന്ന വ്യക്തിയല്ല ഞാൻ. വിക്രം സിനിമ കൊക്കെയ്‌ൻ ട്രാഫിക്കിംഗ് വിവരിക്കുന്ന ഡോകുമെന്ററി ഒന്നുമല്ല ഒരു മാസ്-ആക്ഷൻ-ത്രില്ലറാണ് ആ അർത്ഥത്തിൽ വ്യക്തിപരമായി തന്നെ മൊത്തത്തിൽ നോക്കുമ്പോൾ ആസ്വദിച്ച സിനിമയാണ് ഇത്. ഒരു സയന്റിഫിക് ട്രിവിയ എന്ന രീതിയിൽ ഒരു കുറിപ്പ് എഴുതിയെന്നു മാത്രമേ ഉള്ളൂ.

സിനിമയുടെ കഥാകൃത്തും സംവിധായകനുമായ ലോകേഷ് കനകരാജിന്റെ ഇഷ്ട ഫാന്റസി യൂണിവേഴ്‌സിൽ ഒന്നായ മാർവേലിന്റെ ഭാഷയിൽ പറഞ്ഞാൽ വിക്രം സിനിമയുടെ കഥ നടക്കുന്നത് നമ്മുടെ റിയാലിറ്റിയിലെ എർത്ത്-പ്രൈം [Earth-1218] അടങ്ങിയ പ്രപഞ്ചത്തിൽ ആണെന്നൊരു അവകാശവാദമില്ലാത്തത് കൊണ്ടും ലോകേഷ് കനകരാജ് ഭാവനപ്രപഞ്ചത്തിലെ ബയൊക്കെമിക്കൽ കണ്വെവെൻഷൻസ് വ്യത്യസ്തമായി നടക്കാമെന്നതും കൊണ്ടും ഈ ഒരു ഫാക്ട് സിനിമയുടെ പ്ലോട്ടിനുള്ളിൽ ഒരു പ്രശ്‌നമല്ലെന്ന് അംഗീകരിച്ചു അത്തരം ഒരു ഭാവന പ്രപഞ്ചത്തിന്റെ വെളിയിൽ ഈ അവകാശവാദമെന്തുക്കൊണ്ട് ശാസ്ത്രീയമായി തെറ്റാണെന്നു വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ ലേഖനത്തിന്റെ പുറകിലുള്ളതെന്നു പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കട്ടെ.

ഇന്ത്യയിൽ കൊക്കെയ്‌ൻ എന്ന ലഹരി വസ്തു ഉൽപ്പാദിപ്പിക്കുന്ന തരം കൊക്കോ ചെടികളുണ്ടോ?

ട്രാഫിക്കിംഗ് സ്കെയിലിൽ എറിത്രോക്സിലമെന്ന കൊക്കോ സസ്യം വളർത്തിയിട്ടില്ലായെന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ ഉൾപ്പെടെ റഫർ ചെയ്തുള്ള UNODC (United Nations Office on Drugs and Crime) യുടെ ‘The cocaine problem in India’ എന്ന ഹിസ്റ്റോറിക്കൽ രേഖയിലുള്ളത്. ലണ്ടനിൽ നിന്നുള്ള ഗവേഷകർ 1880’കളിൽ ഇവിടെ നിലഗിരി മലകളിൽ  ഇത്തരം കോക്കോ സസ്യങ്ങൾ വളർത്താൻ ഭാഗികമായി വിജയിച്ചുവെങ്കിലും താരതമ്യേന ഉഷ്ണം കൂടുതൽ ഉള്ള ഇവിടെത്തെ താഴ്ന്ന സമതലങ്ങളിൽ നട്ടുപിടിപ്പിച്ചവ തഴച്ചുവളർന്നില്ല, എളുപ്പത്തിൽ നശിച്ചു പോകുകയാണ്. ഇന്നു നീലഗിരിയിൽ അവയുടെ ചില റെലിക്‌സ് കണ്ടെത്തിയെന്നു ചില ഫീൽഡ് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഏതെങ്കിലും വിധത്തിൽ ഉപയോഗമോ ദുരുപയോഗമോ സാധ്യമായ അളവിൽ കൊക്കെയ്ൻ കണ്ടന്റ് അതിൽ ഇല്ലായിരുന്നു എന്നാണ് UNODC റിപ്പോർട്ട് ചെയ്യുന്നത്. 

ഇനി എന്തിനാണ് അത്തരം കൊക്കോ ചെടി ഇവിടെ കൊണ്ടുവരാൻ നോക്കിയെതെന്നു ചോദിച്ചാൽ ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രൂപത്തിൽ വികസിക്കും മുൻപ് ഒരുതരം സർവ്വരോഗ ശമനത്തിനുള്ള അത്ഭുത മരുന്ന് എന്ന അന്ധവിശ്വാസം അവ പേറിയിരുന്നു എന്നതാണ് ഉത്തരം. ഒരുതരം panacea remedy.

PS: നമ്മുടെ നാട്ടിൽ പൊതുവ  കൊക്കോ മരമെന്നു വിളിക്കുന്ന ചോക്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന cacao tree’യുടെ ശാസ്ത്രീയ നാമം Theobroma cacao എന്നാണ്. ഇതും കൊക്കെയ്‌ൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന Coca ചെടിയും തീർത്തും വ്യത്യസ്തമായ സസ്യങ്ങളാണ്. എറിത്രോക്സിലമെന്ന ജീനസിൽ ഉൾപ്പെട്ട cultivars’ നിന്നാണ് കൊക്കെയ്‌ൻ ഉൽപ്പാദിപ്പിക്കുന്നത് അവ നമ്മുടെ നാട്ടിലെ കൊക്കോ മരമേ അല്ല എന്നു കൂടി വ്യക്തത വരുത്തുന്നു. 



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK
Next post ഡോ. ജെയിൻ റിഗ്ബി – ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ വനിത
Close