രാജാക്കന്മാർ മരിക്കുമ്പോൾ മഹാമാരികൾ ഉണ്ടാകുമോ?
പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ, ആളുകൾക്കിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു: ഒരു രാജാവു മരിക്കുമ്പോൾ ഒരു പ്ലേഗ് ഉണ്ടാവുന്നു. മദ്ധ്യകാലഘട്ടത്തിൽ പ്ലേഗ് ആയിരുന്നു യൂറോപ്പ്യന്മാർ ഏറ്റവും ഭയപ്പെട്ടിരുന്ന മഹാമാരി. പ്ലേഗ് എന്നത് ഒരു തരം ബാക്റ്റീരിയ പരത്തുന്ന രോഗമാണ്, എലികളാണ് രോഗവാഹകരായി പ്രവർത്തിക്കുന്നത്. എലികളിൽ പെരുകുന്ന ബാക്റ്റീരിയ പിന്നീട് മനുഷ്യരിലേക്ക് സംക്രമിക്കുമ്പോൾ അതൊരു മാരകമായ രോഗമായി തീരുന്നു. പലപ്പോഴും വൃത്തിഹീനമായ പരിസരങ്ങളിലാണ് എലികൾ കൂടുതലായി ഉണ്ടാകുന്നത് എന്നതുകൊണ്ട് ഈ രോഗവും പരിസര ശുചിത്വവും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
അന്നൊക്കെ പായ്ക്കപ്പലുകളിലാണ് ചരക്കുകൾ രാജ്യാന്തരമായി കൊണ്ടുപോയിരുന്നത്. മാസങ്ങൾ എടുക്കുന്ന യാത്ര. ഒരു സ്ഥലത്തുനിന്ന് കപ്പൽ വേറൊരു നഗരത്തിലേക്കുപോകുമ്പോൾ കുറെ എലികളും കപ്പലിനോടൊപ്പം യാത്ര ചെയ്യുമായിരുന്നു; അവയുടെ കൂടെ പ്ലേഗിന്റെ ബാക്റ്റിരിയകളും. അവ നാവികർക്കിടയിൽ പരക്കുകയും രോഗം ഉണ്ടാക്കുകയും ചെയ്യും. രോഗികളായ നാവികർ പുതിയ രാജ്യത്തെത്തുമ്പോൾ രോഗവും അവിടെ എത്തിപ്പെടുന്നു. കുറെക്കഴിഞ്ഞപ്പോഴേക്കും കപ്പലുകൾ അത്ര സുരക്ഷിതമല്ല എന്ന ബോധ്യം നഗരാധികാരികൾക്ക് ഉണ്ടായി. പക്ഷേ എലികളിൽക്കൂടിയാണ് രോഗം പരത്തുന്നത് എന്നൊന്നും അവർക്കറിഞ്ഞുകൂടായിരുന്നു. കപ്പലിൽ രോഗികൾ ഉണ്ടെങ്കിൽ അത് കരയിൽ പരക്കാൻ അധികസമയം വേണ്ട എന്നവർ മനസ്സിലാക്കി. അതുകൊണ്ട് സംശയാസ്പദമായ സ്ഥലങ്ങളിൽനിന്നു വരുന്ന കപ്പലുകൾക്ക് അവർ ഒരു വിലക്കേർപ്പെടുത്തി-
നാല്പതു ദിവസം പുറം കടലിൽ കഴിഞ്ഞതിനുശേഷം മാത്രമേ കപ്പലിനു തുറമുഖത്തേക്ക് അടുക്കാൻ അനുവാദം കൊടുക്കുകയുള്ളു. അങ്ങിനെ രോഗവാഹകരായ കപ്പലുകളെ അവർ ഒഴിവാക്കാൻ പഠിച്ചു. ‘നാല്പത്’ എന്നർത്ഥം വരുന്ന ലത്തീൻ വാക്കിൽ നിന്നാണ് ‘ക്വാറന്റൈൻ’ എന്ന വാക്ക് നമുക്കു ലഭിച്ചത്- ഈ വിലക്കിന്റെ പേര് അതായിരുന്നു. ഇന്നും ഈ അകൽച്ചപാലിക്കലിന് നാം ക്വാറന്റൈൻ എന്നുതന്നെയാണു പറയുന്നത്.
എന്നാൽ പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിൽ പ്ലേഗ് എന്ന വാക്കിനു പകർച്ചവ്യാധി എന്ന വിശാലമായ അർത്ഥമാണുണ്ടായിരുന്നത്. ഏതു തരത്തിലുള്ള രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലിനെയും അവർ പ്ലേഗ് എന്നാണു വിളിച്ചിരുന്നത്. പലപ്പോഴും ക്ഷയരോഗവും കുഷ്ടവും, വസൂരിയും എല്ലാം ഇങ്ങിനെ പ്ലേഗ് എന്നു വിളിക്കപ്പെട്ടു. പ്ലേഗുകളുടെ കാരണങ്ങളെ പ്പറ്റി ശാസ്ത്രീയമായ യാതൊരറിവും അന്നു ലോകത്തിൽ ഇല്ലായിരുന്നു; കൂടുതലും ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഇങ്ങിനെയുള്ള മഹാമാരികൾ രാജാക്കന്മാർ മരിക്കുകയും പുതിയ രാജാവ് വാഴിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത് എന്നാണവർ വിശ്വസിച്ചിരുന്നത്.
ഈ വിശ്വാസം അസംബന്ധമാണെന്നു സ്ഥാപിച്ചത് ലണ്ടൻ നഗരത്തിൽ താമസിച്ചിരുന്ന ജോൺ ഗ്രോണ്ട് എന്ന ഒരു തുണിക്കച്ചവടക്കാരൻ ആയിരുന്നു. ഗ്രോണ്ടിന്റെ അച്ഛനും തുണിബിസിനസ്സിലായിരുന്നു. അച്ഛന്റെ കച്ചവടം അദ്ദേഹം തുടർന്നു കൊണ്ടുനടന്നു, നാട്ടു നടപ്പുപോലെ. വളരെ നല്ല നിലയിൽ നടന്നിരുന്ന ബിസിനസ്സിനുപുറമേ ഗ്രോണ്ടിന് ഒരു ഹോബികൂടി ഉണ്ടായിരുന്നു. ലണ്ടനിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘ബിൽസ് ഓഫ് മോർട്ടാലിറ്റി’ എന്ന പ്രതി വാരക്കണക്കുകൾ ശേഖരിക്കുകയും അവ സൂക്ഷ്മമായി പഠിക്കുകയും ആയിരുന്നു അത്. ബിൽസ് ഓഫ് മോർട്ടലിറ്റി എന്നു പറഞ്ഞാൽ ഏകദേശം നമ്മുടെ മരണ സർട്ടിഫിക്കറ്റിന്റെ ഒരു പൂർവരൂപം. ലണ്ടൻ നഗരത്തിൽ നടക്കുന്ന മരണങ്ങളും ജനനങ്ങളും നഗരസഭ കൃത്യമായി രേഖപ്പെടുത്തിവന്നിരുന്നു. (ഇത് പതിനേഴാം നൂറ്റാണ്ടിൽ ആണെനോർക്കണം! നാം ഇപ്പോഴും ഇത് കൃത്യമായി ചെയ്തുതുടങ്ങിയിട്ടില്ല!). അവ പക്ഷേ ആർക്കും വേണ്ടാതെ കൂട്ടി വെച്ചിരിക്കുകയായിരുന്നു. തുണിക്കച്ചവടക്കാരനായ ഗ്രോണ്ട് അവ പരിശോധിക്കാനുള്ള അനുമതി ചോദിച്ചപ്പോൾ അതിൽ അപാകതയൊന്നും ആരും കണ്ടില്ല.
ആ കണക്കുകൾ പരിശോധിച്ചുകൊണ്ട് ഗ്രോണ്ട് രചിച്ച ‘ഒബ്സെർവേഷൻസ് ഓൺ ദി ബിൽസ് ഓഫ് മോർട്ടാലിറ്റി’ – മോർട്ടാലിറ്റി ബില്ലുകളേപ്പറ്റിയുള്ള നിരീക്ഷണങ്ങൾ- എന്ന പുസ്തകം ആ സാധരണ തുണിക്കച്ചവടക്കാരന് അന്നത്തെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാസ്ത്രജ്ഞന്മാരൂടെ കൂട്ടമായ- സർ ഐസക് ന്യൂട്ടണും മറ്റും അംഗമായിരുന്ന- റോയൽ സൊസൈറ്റിയിൽ അംഗത്വം നേടിക്കൊടുത്തു. മാത്രമല്ല, രണ്ടുപുതിയ ശാസ്ത്രശാഖകൾക്ക്- ജനസംഖ്യാപഠനങ്ങളുടെ ശാസ്ത്രമായ ‘ഡെമോഗ്രഫി’യും, രോഗവ്യാപനത്തിന്റെയും, രോഗോൽപ്പത്തിയുടെയും ശാസ്ത്രമായ ‘എപ്പിഡെമിയോളജി’യും- രൂപം കൊടുക്കുകയും ചെയ്തു; അത് ആ സമയത്ത് വ്യക്തമായിരുന്നില്ലെങ്കിൽ പോലും. അങ്ങനെ രണ്ടു ശാസ്ത്രശാഖകളുടെ സ്ഥാപകസ്ഥാനത്ത് നിയതമായി ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഗ്രോണ്ട് അവരോധിക്കപ്പെട്ടു.
ഗ്രോണ്ടിന്റെ നിരീക്ഷണങ്ങൾ
എന്തൊക്കെയായിരുന്നു ഗ്രോണ്ടിന്റെ പ്രസക്തമായ നിരീക്ഷണങ്ങൾ? രാജാവിന്റെ മരണവും പ്ലേഗുമായി ബന്ധമൊന്നുമില്ല എന്നു സ്ഥാപിച്ചതിനുപുറമേ , ജനനങ്ങളുടെയും മരണങ്ങളുടെയും എണ്ണമെടുത്താൽ, ആണുങ്ങളുടെ എണ്ണം പെണ്ണുങ്ങളുടെ എണ്ണത്തിൽ കൂടുതലാണെന്നു ഗ്രോണ്ട് കണ്ടു. ഇത് സാർവത്രികമായ ഒരു സത്യമാണ്. ജനിക്കുന്ന കുട്ടികളുടെ ലിംഗാനുപാതം – സെക്സ് റേഷ്യോ- സ്വാഭാവികമായി ആൺകുട്ടികൾക്ക് അനുകൂലമായിരിക്കും; അതായത് ആയിരം പെൺകുട്ടികൾക്ക് ആയിരത്തിലധികം ആൺകുട്ടികൾ ജനിക്കുന്നു. എന്നാൽ അവരുടെ മരണനിരക്കും കൂടിയിരിക്കുന്നതുകൊണ്ട്, അഞ്ചുവയസ്സാകുമ്പോഴേക്കും ആയിരം പെൺകുട്ടികൾക്ക് ആയിരത്തിൽ താഴെ ആൺകുട്ടികളേ ഉണ്ടാകൂ. മൊത്തം മരണങ്ങളിലുള്ള സെക്സ് റേഷ്യോയും സ്ത്രീകൾക്ക് അനുകൂലമാണ്- താരതമ്യേന കൂടുതൽ ആണുങ്ങൾ മരിക്കുന്നു. (ഇതുകൊണ്ടാണ് സ്വാഭാവികമായ അവസ്ഥയിൽ സ്ത്രീകൾക്ക് ആയുർദൈർഘ്യം കൂടുതലായിരിക്കും എന്നു നാം കാണുന്നത്). ഈ സത്യം ഇന്നും പ്രസക്തമാണ്.
ഗ്രോണ്ടിന്റെ മറ്റൊരു നിരീക്ഷണം, ലണ്ടനിൽ ശരാശരി ജനനങ്ങളെക്കാൾ മരണങ്ങൾ നടക്കുന്നുണ്ട് എന്നായിരുന്നു. അതോടൊപ്പം വർഷം തോറും പുതിയ പാർപ്പിടങ്ങൾ ഉയർന്നു വരുന്നതു കാണുന്നതുകൊണ്ട്, നാട്ടിൻപുറങ്ങളിൽ നിന്ന് വലിയതോതിലുള്ള കുടിയേറ്റം നഗരത്തിലേക്കു നടക്കുന്നുണ്ട് എന്നു ഗ്രോണ്ട് കൃത്യമായി അനുമാനിച്ചു. ഇത് വ്യാവസായികവിപ്ലവത്തിനൊക്കെ മുൻപുള്ള ലണ്ടൻ നഗരമാണെന്നോർക്കണം- അന്നു തന്നെ നഗരങ്ങളുടെ വളർച്ച തുടങ്ങിക്കഴിഞ്ഞിരുന്നു. (നഗരങ്ങളാണ് മഹാമാരികൾ എളുപ്പം പടർന്നുപിടിക്കുന്ന ഇടങ്ങൾ എന്നു നാം അടുത്തകാലത്ത് കണ്ടുവല്ലോ).
ലണ്ടൻ നഗരത്തിന്റെ മൊത്തം ജനസംഖ്യ ഏകദേശം കൃത്യമായി കണക്കാക്കാനും ഗ്രോണ്ടിനു സാധിച്ചു. ഇന്നത്തെപ്പോലെ സെൻസസുകൾ ഒന്നും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. ജനനങ്ങളുടെയും മരണങ്ങളുടെയും പട്ടികകൾ തയ്യാറാക്കി അവയിൽനിന്ന് ‘ലൈഫ് ടേബിളുകൾ’- ആയുർദൈർഘ്യം കണക്കാക്കാനുള്ള പട്ടികകൾ – ഉണ്ടാക്കാനും ഗ്രോണ്ട് ഉദ്യമിച്ചു. ഇന്നും ജനസംഖ്യാശാസ്ത്രത്തിന്റെ ശ്രദ്ധേയമായ ഒരു സങ്കേതമാണ് ലൈഫ് ടേബിളുകൾ.
അന്നുതന്നെ ലണ്ടൻ നഗരത്തിൽ മരണം സംഭവിക്കുന്നത് കൂടുതൽ ആണുങ്ങൾക്കാണെങ്കിലും, ഡോക്ടർമാരെ സന്ദർശിക്കുന്നവരിൽ കൂടുതൽ സ്ത്രീകളാണെന്നതും ഗ്രോണ്ട് കണ്ടുപിടിച്ചു. രോഗാതുരതയുടെ കാര്യത്തിലുള്ള ഈ ആൺ-പെൺ വ്യത്യാസവും ഇന്നും പൊതുവേ സത്യമാണ്.
ഇങ്ങനെയൊക്കെ ദൂരവ്യാപകമായ പല നിരീക്ഷണങ്ങളും നടത്തി റോയൽ സൊസൈറ്റി അംഗത്വമൊക്കെ നേടിയെങ്കിലും, ഗ്രോണ്ടിന്റെ അവസാനകാലം സുഖകരമായിരുന്നില്ല. ലണ്ടനിൽ നടന്ന ഒരു വലിയ തീപ്പിടുത്തത്തിൽ അദ്ദേഹത്തിന്റെ കട കത്തിനശിക്കുകയും, ബിസിനസ്സ് പൊളിഞ്ഞ് അദ്ദേഹം പാപ്പരാകുകയും ചെയ്തു. അതോടൊപ്പം അവസാനകാലത്ത് അദ്ദേഹം കത്തോലിക്കാമതത്തിലേക്ക് ചേർന്നതും ആംഗ്ലിക്കൻ മതക്കാർക്ക് ഭൂരിപക്ഷമുള്ള ഇംഗ്ലണ്ടിൽ അദ്ദേഹത്തിനു സ്നേഹിതന്മാരുടെയും പൊതുജനത്തിന്റെയും അപ്രീതി നേടിക്കൊടുത്തു. അങ്ങനെ ഒട്ടും സന്തുഷ്ടനായല്ല ഗ്രോണ്ട് മരിക്കുന്നത്. ഇതൊന്നും പോരാതെ അദ്ദേഹത്തിന്റെ മരണത്തിനു വളരെവർഷങ്ങൾക്കു ശേഷം ഇങ്ങനെ ഒരാളേ ജീവിച്ചിരുന്നിട്ടുണ്ടോ എന്നു ചില ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്ന വില്യം പെറ്റി എന്ന മറ്റൊരു പ്രശസ്തന്റേതായിരുന്നു എന്നും, ഗ്രോണ്ട് എന്നത് പെറ്റിയുടെ തൂലികാനാമമാണെന്നും വരെ ചിലർ എഴുതി. യഥാർത്ഥത്തിൽ പെറ്റി ഗ്രോണ്ടിന്റെ ഉറ്റ തോഴനായിരുന്നു. ഏതായാലും വർഷങ്ങൾക്കുശേഷമാണെങ്കിലും ചരിത്രം ഗ്രോണ്ടിനോടു നീതിപുലർത്തി.
ജനസംഖ്യാശാസ്ത്രത്തിലും, എപ്പിഡെമിയോളജിയിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്നു ഇന്നാരും സമ്മതിക്കും. ‘നമുക്ക് ഒരു ജന്മം കൊണ്ട് നേടാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടിയാണ് അദ്ദേഹം ഒരു ജീവിതകാലം കൊണ്ട് നേടിയത്’ എന്നാണ് ആധുനിക എപ്പിഡെമിയോളജിസ്റ്റുകളിൽ പ്രമുഖനായ കെന്നത് റോത്ത്മാൻ ഗ്രോണ്ടിനെ പറ്റി എഴുതിയത്.
ഗ്രോണ്ടിന്റെ ഏറ്റവും വലിയ സംഭാവന- അതിനെ അദ്ദേഹം അങ്ങിനെ അടയാളപ്പെടുത്തിയില്ല എങ്കിൽ പോലും- വലിയ സംഖ്യകളുടെ നിയമം – ‘ദി ലാ ഓഫ് ലാർജ് നംബേഴ്സ്’- അദ്ദേഹം വ്യക്തമായി മനസ്സിലാക്കി എന്നതാണ്. അതായത് ഒരു വ്യക്തിയുടെ കാര്യത്തിൽ പ്രവചനങ്ങൾ – മരിക്കുന്ന സമയത്തുള്ള പ്രായം, രോഗം വരാനുള്ള സാദ്ധ്യത എന്നിങനെ പലതും- തെറ്റിപ്പോകാൻ സാദ്ധ്യത വളരെക്കൂടുതലാണെങ്കിലും, ഒരു സമൂഹത്തിന്റെ കാര്യത്തിൽ കൃത്യമായ പ്രവചനങ്ങൾ കുറെയൊക്കെ സാധ്യമാണ്. ഇന്നത് വളരെ വ്യക്തമായ കാര്യമാണെന്നാരും സമ്മതിക്കുമെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ അത് ഒട്ടും അറിയപ്പെടുന്ന ഒരു കാര്യമായിരുന്നില്ല. എപ്പിഡെമിയോളജിയുടെ ആദ്യനിയമങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കാം.
എപ്പിഡെമിക്കുകൾ ചരിത്രത്തിൽ
എപ്പിഡെമിയോളജി എന്ന ശാസ്ത്രത്തിന്റെ ഉദയത്തിന് ഒരു പക്ഷേ ഗ്രോണ്ടിന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു എങ്കിലും, എപ്പിഡെമിക്കുകൾ- രോഗങ്ങൾ ജനങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെടുന്ന പ്രതിഭാസം- അതിനൊക്കെ വളരെ മുമ്പേ- ഒരു പക്ഷേ ചരിത്രാതീതകാലം മുതൽ- മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നു എന്നതിന് ചില സൂചനകളെങ്കിലും ഉണ്ട്. വളരെ പ്രതാപത്തിലും ഐശ്വര്യത്തിലും കഴിഞ്ഞിരുന്ന സിന്ധുനദീതട സംസ്ക്കാരം ഏതാനും ചില നൂറ്റാണ്ടുകൾക്കിടയിൽ കുറ്റിയറ്റു പോയതിനു പല കാരണങ്ങളുണ്ടായേക്കാമെങ്കിലും, അവയുടെ കൂടെ അജ്ഞാതമായ ഏതോ മഹാമാരിയും ഉണ്ടായിരുന്നിരിക്കാം എന്നു ചിലരെങ്കിലും എഴുതിയിട്ടുണ്ട്.
ഒരുപക്ഷേ എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ആദ്യത്തെ എപ്പിഡെമിക്കിന്റെ ചരിത്രം ഏതൻസിലെ മഹാമാരിയെക്കുറിച്ചുള്ളതായിരിക്കണം. ബി സി 430-426 കാലഘട്ടത്തിലാണിതുണ്ടായത്. ബി സി431ൽ തുടങ്ങിയ ‘പെലെപ്പൊനേഷ്യൻ’ യുദ്ധങ്ങളുടെ ആദ്യകാലമായിരുന്നു അത്. മാത്രമല്ല പെലെപ്പൊനേഷ്യൻ യുദ്ധങ്ങളുടെ ചരിത്രകാരനായ തുസൈഡിഡസ് ഈ മഹാമാരിയെക്കുറിച്ചും വിപുലമായി വർണ്ണിക്കുന്നുണ്ട്. അതിനൊരു കാരണവും ഉണ്ടായിരുന്നു- അദ്ദേഹത്തിന് ഈ രോഗം പിടിപെടുകയും അദ്ദേഹം രക്ഷപ്പെടുകയും ഉണ്ടായി. അതുകൊണ്ട് രോഗത്തിന്റെ വർണനയോടൊപ്പം രോഗലക്ഷണങ്ങളുടെ അനുഭവത്തിൽ നിന്നുള്ള വർണനയും അദ്ദേഹത്തിന്റെ രചനയിലുണ്ട്.
തൂസൈഡിഡസിന്റെ അനുമാനത്തിൽ ഈ രോഗം ആഫിക്കയിലെ എത്യോപ്യാ പ്രദേശത്തുനിന്നാരംഭിച്ച് മദ്ധ്യധരണ്യാഴി കടന്ന് പിറയൂസ് എന്ന ഏതൻസിന്റെ ഒരേയൊരു തുറമുഖം വഴിയാണ് നഗരത്തിൽ പ്രവേശിച്ചത്. യുദ്ധത്തിന്റെ ഇടയിൽക്കൂടി ആക്രമിച്ച മഹാമാരിയെക്കുറിച്ച് വ്യക്തമായ വർണനകൾ അദ്ദേഹം നൽകുന്നു. ശക്തമായ പനി, ദാഹവും തൊണ്ടവരൾച്ചയും, വയറിളക്കം, ശ്വാസതടസ്സം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്കുപുറമേ തൊലിപ്പുറത്തുള്ള പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. മൃതദേഹങ്ങൾ കഴുകന്മാർ പോലും ഭക്ഷിക്കാൻ ഭയപ്പെട്ടിരുന്നു എന്നദ്ദേഹം എഴുതിയിരിക്കുന്നു. ഒരുപാട് രോഗികൾ മരിച്ചുവീഴുമ്പോഴും, പലരും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു എന്നതും തൂസൈഡിഡസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്നെ അതിനൊരു ഉദാഹരണമായിരുന്നു.
ഏതൻസിലെ മഹാമാരി കൃത്യമായി ഏതു രോഗമായിരുന്നുവെന്നത് ഇന്നും തർക്കവിഷയമാണെങ്കിലും, ചരിത്രത്തിലെ മറ്റു ചില മഹാമാരികളെക്കുറിച്ച് അങ്ങനെ സംശയമൊന്നും അവശേഷിക്കുന്നില്ല. പൊതുവർഷം 541ൽ ബൈസാന്റിയം സാമ്രാജ്യത്തിൽ പടർന്നുപിടിച്ചത് പ്ലേഗ് തന്നെയായിരുന്നു. ദിവസവും പതിനായിരക്കണക്കിനു മരണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തിയായ ജസ്റ്റീനിയനുതന്നെ പ്ലേഗ് പിടിപെട്ടതുകൊണ്ട് ‘ജ്സ്റ്റീനിയന്റെ പ്ലേഗ്’ എന്ന പേരിലാണ് ഈ സംഭവം അറിയപ്പെടുന്നത്. അതിനുശേഷം 1347 ഓടുകൂടി ഇറ്റലിയിൽനിന്ന് പടർന്നു പിടിച്ച പ്ലേഗ് യൂറോപ്പിലെ പല മഹാനഗരങ്ങളെയും നാമാവശേഷമാക്കി. ജനസംഖ്യ പകുതിയോളമായി കുറയാനും ഇത് വഴിവെച്ചു. ‘ബ്ലാക്ക് ഡെത്ത്’- കറുത്ത മരണം എന്ന പേരിലാണ് ഈ സംഭവം അറിയപ്പെട്ടത്. മധ്യകാലത്തെ കലാസൃഷ്ടികളിൽ, പ്രത്യേകിച്ച് ചിത്രങ്ങളിൽ, പലപ്പോഴും ഒരു തലയോട്ടി എവിടെയെങ്കിലും വരച്ചുവെച്ചിരിക്കുന്നതു കാണാം. ‘മെമെന്റോ മോറി’- മരണത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നാണ് ഈ സംപ്രദായത്തിനു പറയുന്നത്- അതായത് കാണുന്നവരുടെ നശ്വരതയെപ്പറ്റി അവരെ ഓർമ്മപ്പെടുത്തൽ. ഈ ഒരു രീതി തുടങ്ങിയത് ബ്ലാക്ക് ഡെത്തിനോടനുബന്ധിച്ചാണെന്നു പറയുന്നു.
പിന്നീട് പ്ലേഗ് ഉണ്ടായത് 1629ൽ ആണ്- അതും ഇറ്റലിയിൽ തന്നെ. ഇത്തവണ പ്രധാനമായും ബാധിച്ചത് വെനീഷ്യൻ റിപ്പബ്ലിക്കിനെയാണ്. അന്ന് ലോകത്ത് വളരെ പ്രശസ്തിയും പണവുമുള്ള ഒരു രാജ്യമായിരുന്നു വെനീസ്. രാജക്കന്മാരല്ല, ‘ഡോജു’കൾ എന്നറിയപ്പെട്ടിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ് വെനീസിനെ ഭരിച്ചിരുന്നത്. കച്ചവടത്തിൽനിന്നാണ് വെനീസിന്റെ പ്രൗഢി ഉയർന്നു വന്നത്. പക്ഷേ പ്ലേഗ് വന്നതും കപ്പലുകൾ വഴിതന്നെആയിരുന്നു. വളരെ കർശനമായ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുപോലും നഗരത്തിന്റെ ജനസംഖ്യയുടെ മൂന്നിലൊന്നോളം ഇല്ലാതായി. ഇതോടുകൂടി ലോകരാഷ്ട്രങ്ങൾക്കിടയിൽ വെനീസിനുണ്ടായിരുന്ന സ്ഥാനം പോലും നഷ്ടപ്പെട്ടു.
ഇതിനുശേഷം 1665ലും 66ലും ലണ്ടനിലും പ്ലേഗ് പടർന്നുപിടിക്കുകയുണ്ടായി. രാജാവടക്കം പ്രഭുക്കന്മാരെല്ലാവരും നഗരത്തിൽ നിന്ന് കൂടുതൽ സുരക്ഷിതമായ നാട്ടിൻപുറവസതികളിലേക്ക് രക്ഷപ്പെട്ടു. നഗരത്തിൽ വസിച്ചിരുന്നവരെ വീട്ടിൽതന്നെ കഴിഞ്ഞുകൂടാൻ കർശനമായി നിർദ്ദേശിക്കുന്ന ‘ഹോം ക്വാറന്റൈൻ’ ആദ്യമായി നടപ്പാക്കിയത് ഈ കാലത്താണ്. 1666ൽ ലണ്ടൻ സാധാരണനിലയിലേക്ക് വന്നെങ്കിലും, അടുത്തവർഷം തന്നെ ഉണ്ടായ വൻ തീപിടുത്തത്തിലും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായി. (ഈ തീപിടുത്തത്തിലാണ് ഗ്രോണ്ടിന്റെ കട കത്തിനശിച്ചുപോയത്!)
അതിപ്രാചീനകാലം മുതൽ മനുഷ്യനു പരിചയമുള്ള ഒരു രോഗമാണ് വസൂരി. വസൂരി എന്നും മനുഷ്യന്റെ ഒപ്പം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ധാരാളമുണ്ട്. പ്രാചീനകാലത്തെ ഈജിപ്ഷ്യൻ മമ്മികളില്പോലും പിന്നീട് അവയെ പരിശോധിച്ചപ്പോൾ വസൂരിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തിലും വളരെമുൻപുതന്നെ സുപരിചിതമായ ഒരു മഹാമാരിയായിരുന്നു വസൂരി. നാം അതിനെ ദേവിയുടെ കോപം കൊണ്ടുണ്ടാകുന്ന വിപത്തായിട്ടാണ് കരുതിയിരുന്നത്. ദേഹത്ത് കുമിളകൾ പൊന്തിവരുന്നത് വസൂരിയുടെ ലക്ഷണങ്ങളിൽ ഒന്നായിരുന്നു. ദേവി എറിയുന്ന ‘വിത്ത്’ ആയിട്ടാണ് അവയെ നാം കണ്ടിരുന്നത്. അതോടൊപ്പം പനിയും ശക്തിയായ തലവേദന, മേലുവേദന എന്നീ ലക്ഷണങ്ങളും കണ്ടിരുന്നു. കണ്ണിലും മുഖത്തും മറ്റുമുണ്ടാകുന്ന കുമിളകൾ വളരെ അപകടകാരികളായിരുന്നു; വൈകൃതവും അന്ധതയും വരെ അവയുടെ ഫലമായി ഉണ്ടാകുന്നത് അപൂർവമല്ലായിരുന്നു. രോഗം വരുന്നവരിൽ പകുതിയോ അതിലധികമോ പേർ മരിച്ചുപോകുന്നതും അസാധാരണമായിരുന്നില്ല. വസൂരി എന്ന രോഗം ഇന്നു നമുക്കിടയിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. അതിനുകാരണം അതിനെതിരായുള്ള പ്രതിരോധകുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ, എഡ്വേഡ് ജെന്നർ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് വസൂരിക്കെതിരായ കുത്തിവെപ്പ് കണ്ടുപിടിച്ചത്.
പശുക്കളെ നോക്കുന്നവരിൽ സാധാരണ ഉണ്ടാകാറുള്ള ഒരു രോഗമായിരുന്നു കൗപോക്സ്. വസൂരിയുടെ ലക്ഷണങ്ങൾ പലതും ഉണ്ടെങ്കിലും, കൗപോക്സ് പക്ഷേ വസൂരിയെ അപേക്ഷിച്ച് വളരെ മൃദുവായ ഒരു രോഗമായിരുന്നു. മിക്കവാറും പൂർണ്ണമായും സുഖപ്പെടുന്ന രോഗം. മാത്രമല്ല കൗപോക്സ് വന്നുഭേദമായവരിൽ പിന്നീട് വസൂരി വരുന്നത് കേട്ടുകേൾവിപോലുമില്ലായിരുന്നു. ഈ വസ്തുതയാണ് ജെന്നറെ ചിന്തിപ്പിച്ചത്. അദ്ദേഹം കൗപോക്സ് വന്ന ഒരു രോഗിയുടെ കുമിളയിൽനിന്ന് ശേഖരിച്ച സ്രവം ആരോഗ്യവാനായ ഒരു കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചു. പിന്നീട് അവന്റെ ശരീരത്തിൽ വസൂരി കുത്തിവെച്ചപ്പോൾ ആ ബാലനു വസൂരി ഉണ്ടായില്ല. അതോടുകൂടി വസൂരിയെ നിയന്ത്രിക്കാനുള്ള ഒരു ആയുധം മനുഷ്യരാശിക്ക് ലഭിക്കുകയായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യം പിടിമുറുക്കിയതോടുകൂടി പല നഗരങ്ങളുടെയും ജനസംഖ്യ വളരെ വർദ്ധിക്കുകയുണ്ടായി. അതോടൊപ്പം ഒരു പുതിയ മഹാമാരിയും ഏഷ്യയിൽനിന്ന് ലോകത്തിലേക്ക് പടർന്നുപിടിച്ചു: കോളറ. വീണ്ടും വീണ്ടും ഉണ്ടായ കോളറ എപ്പിഡെമിക്കുകൾ ഏഷ്യയും കടന്ന് യൂറോപ്പിലെത്തി; സാമ്രാജ്യത്തിന്റെ കേന്ദ്രനഗരമായ ലണ്ടനിൽ തുടരെ കോളറാ എപ്പിഡെമിക്കുകൾ ഉണ്ടാകുന്ന അവസ്ഥയിൽ എത്തി.
ഗ്രോണ്ടിന്റെ പിൻഗാമികൾ
ജോൺ ഗ്രോണ്ട് പതിനേഴാം നൂറ്റാണ്ടിൽതന്നെ എപ്പിഡെമിയോളജി എന്ന ശാസ്ത്രത്തിനു ബീജാവാപം ചെയ്തെങ്കിലും, ആ ചെടി വേരുപിടിക്കാൻ പിന്നെയും ഇരുനൂറുകൊല്ലങ്ങൾ കഴിയേണ്ടിവന്നു. പത്തൊൻപതാം നൂറ്റാണ്ടായപ്പൊഴേക്കും ലണ്ടൻ നഗരത്തിൽ പൈപ്പുവഴിയുള്ള ജലവിതരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. പ്രൈവറ്റ് കമ്പനികളാണ് അന്ന് ജലവിതരണം നടത്തിയിരുന്നത്. തെംസ് നദിയിൽ നിന്നുള്ള വെള്ളം പൈപ്പ്ലൈൻ വഴി നേരിട്ട് വീടുകളിൽ എത്തിക്കുക എന്ന പ്രാകൃതമായ ഒരു സംവിധാനമാണ് അന്നുണ്ടായിരുന്നത്. ഇന്നത്തെ പോലെ വിപുലമായ ശുദ്ധീകരണപ്രക്രിയകളൊന്നും അന്നു പ്രചാരത്തിൽ ഇല്ലായിരുന്നു. ഈ സമയത്തു തന്നെ ലണ്ടനിൽ വ്യാപകമായി വാട്ടർ ക്ലോസെറ്റ് എന്ന ആധുനിക കക്കൂസുകളും വീടുകൾക്കകത്ത് ഉപയോഗിക്കുന്നത് പ്രചാരത്തിലായി. ഇവയിൽ നിന്നുള്ള മാലിന്യവും നേരിട്ട് തെംസ് നദിയിലേക്കുതന്നെ തള്ളുകയായിരുന്നു.
അങ്ങനെയിരിക്കെ ലണ്ടനിൽ വ്യാപകമായി കോളറ പടർന്നുപിടിച്ചു. നിർത്താതെയുള്ള ശക്തമായ ഛർദ്ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാനലക്ഷണങ്ങൾ. ശരീരത്തിന്റെ ജലംശം നഷ്ടപ്പെട്ട് രോഗി പലപ്പോഴും മരിച്ചുപോകും. ഈ പുതിയരോഗത്തിന്റെ ആവിർഭാവത്തെക്കുറിച്ച് അന്നാർക്കും വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. അന്ന് പ്രചാരത്തിലിരുന്ന ചില വിശ്വാസങ്ങൾ അനുസരിച്ച്, മിയാസ്മ എന്നു വിളിക്കപ്പെട്ട ഒരു ‘ആവി’- വൃത്തികേടുകൾക്കുമുകളിൽ തങ്ങിനിൽക്കുന്ന അശുദ്ധമായ അന്തരീക്ഷം എന്നു വേണമെങ്കിൽ പറയാം- ആണു രോഗകാരണം എന്നാണ് വിശ്വസിച്ചിരുന്നത്. ആ സമയത്താണ് ജോൺ സ്നോ എന്ന ഭിഷഗ്വരൻ കോളറയെപ്പറ്റി പഠിക്കാൻ തുനിഞ്ഞത്. അദ്ദേഹം ചെയ്തത് കോളറ രോഗം ബാധിച്ചതും അല്ലാത്തതുമായ വീടുകളിൽപ്പോയി വിവരശേഖരണം നടത്തുകയായിരുന്നു. അദ്ദേഹത്തിന് ബോധ്യപ്പെട്ട ഒരു കാര്യം, വീടുകളിലെ ജലവിതരണവുമായി കോളറക്കുള്ള ബന്ധമാണ്. തെംസ് നദിയുടെ ആരംഭത്തിൽനിന്ന് ജലം ശേഖരിച്ചു വിതരണം ചെയ്യുന്ന കമ്പനിയിൽനിന്ന് ജലം ലഭിക്കുന്ന വീടുകളിൽ, നദിയുടെ താഴെയുള്ള ഭാഗങ്ങളിൽനിന്ന് ജലം ശേഖരിച്ചുവിതരണം ചെയ്യുന്ന കമ്പനിയിൽനിന്ന് ജലം ലഭിക്കുന്ന വീടുകളെ അപേക്ഷിച്ച് കോളറാമരണങ്ങൾ കുറവാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പട്ടിക താഴെക്കൊടുത്തിരിക്കുന്നു:
ജോൺ സ്നോയുടെ കോളറാമരണ പട്ടിക:
ജലവിതരണ കമ്പനി | ജനസംഖ്യ | 1854 ഒക്റ്റൊബറിൽ അവസാനിക്കുന്ന 14ആഴ്ചകളിൽ കോളറാ കൊണ്ടുള്ള മരണങ്ങൾ | പതിനായിരം ‘ജീവിത’ങ്ങളിൽ എത്ര മരണങ്ങൾ എന്നത് |
സൗത്‌വാർക്ക് ആൻഡ് വാക്ഷാൾ | 266516 | 4093 | 153 |
ലാംബെത്ത് | 173748 | 461 | 26 |
ലണ്ടൻ ആകെ | 2362236 | 10367 | 43 |
സൗത്‌വാർക്ക് ആൻഡ് വാക്ഷാൾ കമ്പനിയെ അപേക്ഷിച്ച് ലാംബെത്തിൽ നിന്ന് വെള്ളം വാങ്ങിയിരുന്ന വീടുകളിൽ കോളറാമരണങ്ങൾ തുലോം കുറവാണെന്നാണ് സ്നോ സ്ഥാപിച്ചത്. (കാരണം വളരെ വ്യക്തമായിരുന്നു: ലാംബെത്ത് വെള്ളം എടുത്തിരുന്നത് തെംസ് നദിയുടെ കുറച്ചുകൂടി മുകളിൽ ഉള്ള ഭാഗത്തുനിന്നായിരുന്നു; താരതമ്യേന മനുഷ്യമലം കലരാത്ത വെള്ളം). സ്നോക്ക് പക്ഷേ കോളറാ അണുക്കളെക്കുറിച്ചൊന്നും അറിവില്ലായിരുന്നു; പിന്നെയും ഇരുപതുവർഷത്തോളം കഴിഞ്ഞാണ് റോബർട്ട് കോഖ് കോളറയുടെ ബാക്റ്റീരിയയെ കണ്ടുപിടിക്കുന്നത്.
എങ്കിലും എപ്പിഡെമിയോളജിയിലെ ഒരു പ്രധാനപ്പെട്ട തത്വമാണ് സ്നോ മുന്നോട്ടുവെച്ചത്: താരതമ്യം. ഏതെങ്കിലും രോഗത്തിന്റെ നിരക്ക് ഉയർന്നതെന്നോ താഴ്ന്നതെന്നോ പറയണമെങ്കിൽ വേറൊന്നുമായി താരതമ്യം ചെയ്തുകൊണ്ടു മാത്രമേ സാധിക്കുകയുള്ളു.
വിയന്നയിലെ പ്രശസ്തമായ ആശുപത്രിയിലാണ് ഇഗ്നാസ് സെമ്മൽവൈസ് ജോലിചെയ്തിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ ഒരു പക്ഷേ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു വിയന്ന. ആസ്റ്റ്രോഹംഗേറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം. സെമ്മൽവൈസ് ഹംഗറിക്കാരനായിരുന്നു. അന്ന് ആ ആശുപത്രിയിൽ ഒരുപാട് പ്രസവങ്ങൾ നടന്നിരുന്നു. പ്രസവത്തിനു പ്രധാനമായും രണ്ടു വാർഡുകളാണ് ഉണ്ടായിരുന്നത്: ഡോക്ടർമാർ പ്രസവമെടുക്കുന്ന വാർഡും, നഴ്സുമാർ പ്രസവമെടുക്കുന്ന വാർഡും. അന്നൊക്കെ ‘പ്യൂർപെറൽ ഫീവർ’ എന്നറിയപ്പെട്ടിരുന്ന പേറ്റുപനി ഒരുപാടു സ്ത്രീകളുടെ ജീവൻ അപഹരിച്ചിരുന്നു. പ്രസവാനന്തരം ശക്തമായ പനിയും മറ്റു ലക്ഷണങ്ങളും വന്ന് രോഗി മരണമടയുന്ന ഒരു രോഗമായിരുന്നു പേറ്റുപനി. പ്രസവാനന്തരമുള്ള അണുബാധയാണ് പേറ്റുപനിക്ക് കാരണം എന്നു ഇന്നു നമുക്കറിയാം; പക്ഷെ അന്നത്തെ കാലത്ത് അത് അജ്ഞാതമായിരുന്നു. (പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭമാണെന്നോർക്കണം- ഇരുനൂറോളം വർഷങ്ങൾക്കുമുൻപ്). സെമ്മൽവൈസിന്റെ ശ്രദ്ധയിൽ ഒരു വിചിത്രമായ കാര്യം കടന്നുവന്നു: ഡോക്ടർമാരുടെ പ്രസവവാർഡിൽ, നഴ്സുമാരുടെ പ്രസവവാർഡിനെ അപേക്ഷിച്ച് പേറ്റുപനിമുലമുള്ള മരണങ്ങൾ വളരെ അധികമായിരുന്നു, ഒരു എപ്പിഡെമിക്കിന്റെ സ്വഭാവത്തോടെ. ഏകദേശം പകുതിയോളം രോഗികൾ ചില മാസങ്ങളിൽ മരിച്ചുവീഴുന്നത് പതിവായിരുന്നു. രോഗികളുടെ വീട്ടുകാർക്കും ഈ കാര്യം അറിയാമായിരുന്നു: അവർ ഡോക്ടർമാരുടെ വാർഡിൽ അഡ്മിറ്റ് ആകുവാൻ പൊതുവേ വിസമ്മതിച്ചു. രണ്ടുവാർഡുകളിലെയും മരണനിരക്കുകൾ ശ്രദ്ധയോടെ പഠിച്ച സെമ്മൽവൈസ്, മറ്റൊരു കാര്യം കൂടി കണ്ടുപിടിച്ചു: ഡോക്ടർമാരിൽ പലരും വാർഡിൽ വരുന്നത് ശവപരിസോധനാമുറിയിൽ നിന്നാണ്. അന്നൊക്കെ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന ഒരു ആശുപത്രികൂടിയായിരുന്നു അത്. അതുകൊണ്ട് പല ഡോക്ടർമാരും ഡിസ്സെക്ഷൻ- ശവപരിഷോധന- കഴിഞ്ഞ് നേരെ പ്രസവമുറിയിൽ എത്തുമായിരുന്നു. ശവങ്ങളിൽനിന്ന് അവരുടെ കൈയിൽ പറ്റുന്ന എന്തോ ആണോ ഈ മരണങ്ങൾക്ക് കാരണം എന്ന് സെമ്മൽവൈസ് സംശയിച്ചു.അതുകൊണ്ട് അദ്ദേഹം ഒരു കാര്യം ചെയ്തു: രണ്ട് വാർഡുകളുടെയും മുന്നിൽ ഹൈപോക്ലോറൈറ്റ് ലായിനികൊണ്ടു കൈകഴുകാനും തുടയ്ക്കാനുമുള്ള ഏർപ്പാടുകൾ ചെയ്തു. എല്ലാവരും നിർബന്ധമായും കൈ കഴുകണമെന്ന് ഓരോ ബോർഡും എഴുതിവെച്ചു. ഫലം അദ്ഭുതാവഹമായിരുന്നൂ: കുറച്ചു മാസങ്ങൾക്കുള്ളിൽ രണ്ടുവാർഡുകളിലെയും മരണനിരക്ക കുറഞ്ഞു എന്നു മാത്രമല്ല, ഏകദേശം സമമായി. കൈ കഴുകുക എന്ന ഒരു ലളിതമായ പ്രക്രിയയിലൂടെ രോഗപ്രതിരോധം സാധ്യമാണ് എന്ന് സെമ്മൽവൈസ് അസന്നിഗ്ദ്ധമായി തെളിയിച്ചു. അദ്ദേഹത്തിനും രോഗാണുക്കളെക്കുറിച്ചൊന്നും അറിവില്ലായിരുന്നു; താരതമ്യം എന്ന ചെറിയ ഉപായം ഉപയോഗിച്ചു മാത്രമാണ് അദ്ദേഹം ഒന്ന് മറ്റേതിൽനിന്ന് മോശമാണെന്നു കണ്ടത്.
കണക്കുകൾ താരതമ്യം ചെയ്യുക എന്ന മാർഗ്ഗം അവലംബിച്ചുതന്നെയാണ് പിയർ ലൂയി, ഫ്രാൻസിൽ അന്നത്തെകാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ‘ചോരവാർക്കൽ’ എന്ന ചികിത്സ യാതൊരു പ്രയോജനവും ചെയ്യുകയില്ലെന്നു മാത്രമല്ല, പലപ്പോഴും രോഗിക്ക് അപകടം വരുത്തിവെക്കുകയും ചെയ്യുമെന്ന് കണ്ടുപിടിച്ചത്. (രോഗിയുടെ ഞരമ്പ് (വെയ്ൻ) മുറിച്ച് കുറെ ‘ദുഷിച്ച’ രക്തം പുറത്തേക്കു കളയുക എന്ന ചികിത്സാരീതി അന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. രക്തം വാർക്കാൻ അട്ടകളെക്കൊണ്ട് കടിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. പലപ്പോഴും രോഗി മരിക്കാനാണ് ഈ ചികിത്സകൾ കൊണ്ട് ഇടവന്നത്. ഈ പ്രാകൃതമായ ചികിത്സാരീതികൾ കണ്ടു മനം മടുത്തിട്ടാണ് സാമുവെൽ ഹനിമാൻ മറ്റൊരു പുതിയ ചികിത്സാരീതിക്ക് തുടക്കം കുറിക്കാൻ തുനിഞ്ഞത്).
പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന മറ്റൊരു മഹാനാണ് വില്യം ഫാർ. ഫാർ ഗ്രോണ്ടിനെപ്പോലെ പല കാര്യങ്ങളും സൂക്ഷ്മമായി പഠിച്ച ഒരാളായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു നിരീക്ഷണത്തിൽ, കോളറാ രോഗികളിൽ പകുതിപ്പേരോളവും മരിക്കുന്നെങ്കിലും, ബാക്കി പകുതിപ്പേരും ജീവനോടെ രക്ഷപ്പെടുന്നുണ്ട്. പക്ഷേ ക്ഷയരോഗം വരുന്ന മിക്കവാറും എല്ലാ രോഗികളും അന്നത്തെ കാലത്ത് ക്രമേണ മരിച്ചുപോകുകയാണുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോൾ ക്ഷയം കോളറയെ അപേക്ഷിച്ച് ഭയപ്പെടേണ്ട രോഗമാണ്. എന്നാൽ സാധാരണമനുഷ്യർക്ക് ക്ഷയത്തേക്കാൾ എത്രയോ ഭീതി ഉളവാക്കുന്ന ഒരു രോഗമായിരുന്നു കോളറ. കോളറാമരണങ്ങൾ രോഗംവന്ന് ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ സംഭവിക്കുമ്പോൾ ക്ഷയരോഗം മൂലം മരിക്കാൻ വർഷങ്ങൾ എടുത്തേക്കും എന്നുള്ളതുകൊണ്ടാണ് ആളുകൾ കോളറയെ ഭയക്കുന്നത് എന്ന് ഫാർ ശരിയായി അനുമാനിച്ചു.
രോഗവ്യാപനത്തിനെ ശക്തി- ഫോഴ്സ് ഓഫ് അറ്റാക് എന്നു നാം ഇന്നു വിളിക്കുന്ന പ്രതിഭാസം- കോളറയിൽ കൂടുതലാണെന്ന തത്വമാണ് ഫാർ കണ്ടുപിടിച്ചത്. ഒരു രോഗം പടർന്നുപിടിക്കുന്നത് പഠനവിധേയമാക്കുമ്പോൾ, സമയം ഒരു മാനമാണെന്നത് എപ്പിഡെമിയോളജിയിലെ മറ്റൊരു പ്രധാന തത്വമാണ്. ഇന്നു നാം കോവിഡിനെതിരെ പടപൊരുതുമ്പോഴും, ഇന്ത്യയിൽ വർഷത്തിൽ അഞ്ചുലക്ഷത്തോളം ക്ഷയരോഗമരണങ്ങളൂണ്ടാകുന്നു എന്നത് നാം ഓർക്കേണ്ടതാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോഴേക്കും ലൂയി പാസ്റ്റർ, റോബർട്ട് കോഖ് എന്നിങ്ങനെ പല ശാസ്ത്രജ്ഞരുടെയും കൂട്ടായ ശ്രമഫലമായി, രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് രോഗം ഉണ്ടാക്കാമെന്നുള്ള കാര്യം അസന്നിഗ്ദ്ധമായി സ്ഥാപിച്ചു. രോഗാണുമൂലമുണ്ടാകുന്ന പല രോഗങ്ങൾക്കും പ്രതിവിധിയായി കുത്തിവെപ്പുകളും കണ്ടുപിടിച്ചു. ചോരവാർക്കലിന്റെ യുഗത്തിൽനിന്ന് തികച്ചും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളിൽ ഊന്നിയുള്ള ചികിത്സ രൂപം കൊള്ളാൻ തുടങ്ങി. ആ യാത്ര ഇന്നും തുടരുന്നു. എങ്കിലും എപ്പിഡെമിക്കുകൾ മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൊവിഡ് എപ്പിഡെമിക്ക്.
എപ്പിഡെമിക്കുകളെ ആധാരമാക്കിയ കലയും സാഹിത്യവും
നിയന്ത്രിക്കാനാകാതെ പടർന്നു കേറി മനുഷ്യസംസ്കാരങ്ങളുടെ നിലനില്പിനെ ഭീഷണിപ്പെടുന്ന മഹാമാരികൾ കലാ- സാഹിത്യകാരൻമാരുടെ ഭാവന ധാരാളം വിഹരിക്കുന്ന ഒരു രംഗമാണ്, എന്നും. ബൈബിളിൽ മഹാമാരികളെക്കുറിച്ച് പല പരാമർശവുമുണ്ട്. പലപ്പോഴും ഒരു ജനത ഒട്ടാകെ ഏറ്റുവാങ്ങുന്ന ഒരു ശാപമായിട്ടാണ് എപ്പിഡെമിക്കുകളെ കണ്ടിരുന്നത്. അവർ കൂട്ടായി ചെയ്ത ഏതോ പ്രവൃത്തിക്ക് ഏറ്റുവാങ്ങേണ്ടിവരുന്ന ദൈവകോപം. പല മതഗ്രന്ഥങ്ങളിലും വറുതി, ക്ഷാമം, പ്രളയം തുടങ്ങിയ സ്വാഭാവികമായി ഉണ്ടാകുന്ന ഭീഷണികൾക്കൊപ്പമാണ് മഹാമാരികളെയും ഉൾപ്പെടുത്തിയിരുന്നത്.
1960ൽ ഒരു കാറപകടത്തിൽ മരിച്ച, നൊബേൽ സമ്മാനിതനായ പ്രശസ്ത സാഹിത്യകാരനാണ് കമ്യു. അൾജീരിയയിൽ ജനിച്ച ഫ്രെഞ്ചുകാരനായ കമ്യുവിന്റെ പ്രശസ്തമായ നോവലാണ് ‘ദി പ്ലേഗ്’. നാൽപ്പതുകളിൽ ഒരു ചെറു അൾജീരിയൻ തുറമുഖനഗരമായ ഓറാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിയാണ് കഥക്കാധാരം. എല്ലാവരുടെയും ജീവനു ഭീഷണിയാകുന്ന ഒരു മഹാമാരി നമ്മെ വിഴുങ്ങാൻ തയ്യാറായി മുന്നിൽ നിൽക്കുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന ആധിയും, ജീവിതത്തോടുള്ള ആർത്തിയും, സ്വാർത്ഥതയും, ക്രൂരതയും, സഹജീവികളോടുള്ള കാരുണ്യമില്ലായ്മയും ഒക്കെയാണ് നോവലിന്റെ വിഷയം. ലോകസാഹിത്യത്തിലെ ഒരു രത്നമായി ഇന്നും നിലനിൽക്കുന്ന ഒരു നോവലാണ് ‘ദി പ്ലേഗ്. യൂറോപ്പാകെ പടർന്നുപിടിച്ച നാത്‌സി ഭരണത്തെക്കുറിച്ചുള്ള ഒരു ‘അലിഗറി’ ആണെന്നും പറയപ്പെടുന്നുണ്ട്. മലയാളത്തിൽ പ്രശസ്തസാഹിത്യകാരനായ കാക്കനാടൻ ‘വസൂരി’ എന്ന പേരിൽ എഴുതിയ നോവലും പടർന്നുപിടിക്കുന്ന എപ്പിഡെമിക്കിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്.
മലയാളത്തിൽ നിർമിക്കപ്പെട്ട വളരെമനോഹരമായ സിനിമയാണ് ‘നിർമ്മാല്യം’ പ്രശസ്ത സാഹിത്യകാരനായ എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം പ്രെസിഡെന്റിന്റെ സ്വർണ്ണമെഡൽ നേടിയ സിനിമയാണ്. നിർമ്മാല്യത്തിലും വസൂരി ഒരു കേന്ദ്ര കഥാപാത്രമാണ്. ദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്ന ഒരു വെളിച്ചപ്പാടിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. കഥയുടെ തുടക്കത്തിൽ വെളിച്ചപ്പാടിനെ നാട്ടുകാർക്കാർക്കും വേണ്ടാത്ത അവസ്ഥയാണെങ്കിൽ, വസൂരി പൊട്ടിപ്പുറപ്പെടുന്നതോടെ ആളുകളുടെ ഭയം മൂർദ്ധന്യത്തിലെത്തുന്നു. വസൂരി ദേവിയുടെ കോപമാണെന്ന വിശ്വാസം പരക്കെ ഉണ്ടായിരുന്നതുകൊണ്ട് ദേവീപ്രീതിക്കായി വെളിച്ചപ്പാടിനെയും പ്രീതിപ്പേടുത്താൻ ജനം തയ്യാറാവുകയാണ്. പക്ഷെ അതിനിടയിൽ അദ്ദേഹത്തിന്റെ കുടുംബജീവിതം താറുമാറായിക്കഴിഞ്ഞിരുന്നു. എം ടിയുടെ തന്നെ പ്രശസ്തനോവലായ ‘അസുരവിത്തി’ലും വസൂരി ഒരു കേന്ദ്ര കഥാപാത്രമാണ്.
വസൂരികൊണ്ട് മരിക്കുന്ന ജഡങ്ങൾ മറവുചെയ്യുന്നത് ഒരു വലിയ പ്രശ്നമായിരുന്നു, കാരണം അവയിൽനിന്നും രോഗം പടരാനുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ട് വസൂരിവന്നു ഭേദമായി രോഗപ്രതിരോധശക്തി കൈവരിച്ച ചുരുക്കം ചിലർ മാത്രമാണ് ഈ പണിക്കു നിയോഗിക്കപ്പെട്ടിരുന്നത്. അവരാകട്ടെ, അവസരം മുതലെടുത്ത് കനത്ത തുക ഈടാക്കുകയും ചെയ്തിരുന്നു. വസൂരി വന്നു മരിക്കുന്ന ശവങ്ങൾക്ക് ‘പണ്ടാരം’ എന്നു പറയുമായിരുന്നു. ഇത് സംസ്കരിക്കുക- അടക്കുക- എന്നത് ഒരു കീറാമുട്ടിയാണ് എന്ന അർത്ഥത്തിലാണ് ഏതു കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോഴും ‘പണ്ടാരടങ്ങാൻ’ എന്ന പ്രയോഗം ഉണ്ടായത്. അങ്ങനെ ഭാഷയെതന്നെ പല വിധത്തിൽ സ്വാധീനിച്ചിട്ടുള്ളതാണ് എപ്പിഡെമിക്കുകൾ. പ്രശസ്തമായ ഒരു ഇംഗ്ലീഷ് നഴ്സറി റൈമിന്റെ അന്ത്യത്തിൽ, ‘വീ ആൾ ടംബിൾ ഡൗൺ’ (നമ്മൾ എല്ലാരും താഴെ വീഴുന്നു) എന്ന വരി ലണ്ടൻ പ്ലേഗു മൂലം നിരനിരയായി മരിച്ചുകൊണ്ടിരുന്ന നഗരവാസികളെക്കുറിച്ചാണത്രേ!
ഹോളിവുഡിലും എപ്പിഡെമിക്കുകൾ പശ്ചാത്തലമാക്കി സിനിമകൾ വന്നിട്ടൂണ്ട്. അതിലൊന്നാണ് ‘കണ്ടേജിയൺ’. മലയാളത്തിൽ യഥാർത്ഥത്തിൽ നടന്ന നീപ്പാ എപ്പിഡെമിക്കിനെ ആധാരമാക്കി നിർമിച്ച ‘വൈറസ്’ പുറാത്തുവന്നിട്ട് അധികകാലമായിട്ടില്ല
സെമ്മൽവെയ്സിന്റെ അന്ത്യനാളുകൾ
കൈ കഴുകലിന്റെ പ്രാധാന്യം എങ്ങിനെ സെമ്മൽവെയ്സ് മറ്റു ഡോക്ടർമാരെ ബോധ്യപ്പെടുത്തി എന്നു നാം കണ്ടു. ഇന്നും പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നമുക്കു വളരെ ഫലപ്രദമായി സ്വീകരിക്കാവുന്ന ഒരു ലളിതമായ മാർഗമാണ് വ്യക്തിശുചിത്വം. ഇതുകൊണ്ട് നാം സെമ്മൽവെയ്സിനെ ‘ആന്റിസെപ്സിസ്’ – അണുനാശകരീതികൾ- ന്റെ പിതാക്കന്മാരിൽ ഒരാളായി അംഗീകരിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടില്ല എന്നതാണ് സത്യം. കൈ കഴുകുന്നതിന്റെ ശക്തി അദ്ദേഹം കാണിച്ചുകൊടുത്തെങ്കിലും വിയന്ന ജനറൽ ഹോസ്പിറ്റലിലെ – അദ്ദേഹം ജോലിചെയ്തിരുന്ന ആശുപത്രി- മറ്റു ഡോക്ടർമാരിൽ പലരും അത് സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ജോലിയുടെ കോണ്ട്രാക്റ്റ് പുതുക്കിക്കൊടുക്കാൻ പോലും അവർ വിസമ്മതിച്ചു. അദ്ദേഹം കൊതിച്ചിരുന്ന പ്രൊഫെസർ പോസ്റ്റ് ലഭിക്കുകയില്ല എന്ന് ഏകദേശം ഉറപ്പായപ്പോൾ, വളരെ വേദനയോടെ സെമ്മൽവെയ്സ് തലസ്ഥാനമായ വിയന്ന വിട്ട് സ്വന്തം ജന്മനാടായ ഹംഗറിയിലെ ബുദാ-പെസ്റ്റ് നഗരത്തിലെ പെസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഒരു ജോലി സ്വീകരിച്ചു; ക്രമേണ അവിടെ പ്രസൂതിശാസ്ത്രത്തിന്റെ – ഓബ്സ്റ്റട്രിക്സ്- തലവനാകുകയും ചെയ്തു. കൈകഴുകലിനെപറ്റിയും, പേറ്റുപനി എങ്ങിനെ കുറക്കാം എന്നതിനെ പറ്റിയും അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടും ഇരുന്നു. എങ്കിലും ജന്മനാട്ടിലും ഡോക്ടർമാരുടെ ഇടയിൽ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചില്ല. ഇത് കുറെയൊക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സവിശേഷതകൾ കൊണ്ടാണെന്നു എഴുതപ്പെട്ടിട്ടുണ്ട്. ആരോടും അധികം ഇടപഴകാത്ത ആളും, മറ്റുള്ളവർ ‘വിഢ്ഢികൾ’- ആണെന്നും മറ്റുമുള്ള പ്രസ്താവനകളും അദ്ദേഹത്തിനെ സഹപ്രവർത്തകരിൽ നിന്ന് അകറ്റി നിർത്തി. അവസാനകാലത്ത് അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടാകുകയും, ബലമായി ഭ്രാന്തിനു ചികിത്സിക്കുന്ന കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടത്തെ സൂക്ഷിപ്പുകാരോട് ഏറ്റുമുട്ടി പരുക്കേറ്റ്, പരുക്കുകളിൽ അണുബാധയുണ്ടായാണ് അദ്ദേഹം മരിച്ചതെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ന് അദ്ദേഹത്തിന്റെ പേരിൽ പെസ്റ്റ് നഗരത്തിൽ ഒരു മ്യൂസിയം ഉണ്ട്. വൈദ്യശാസ്ത്രചരിത്രത്തിൽ നിഷേധിക്കാനാകാത്ത സ്ഥാനവും സെമ്മൽവെയ്സിനു നാം കല്പിക്കുന്നു. എന്നാൽ ജീവിതകാലത്ത് എന്തുകൊണ്ട് ആ പ്രതിഭ ആരും അറിയാതെ പോയി എന്നുള്ളത് ചിന്തനീയമാണ്.
ലണ്ടൻ കോളറയെ പറ്റിയുള്ള പഠനങ്ങൾ തുടർന്ന ജോൺ സ്നോ, അവിടെ കോളറയുടെ ഒരു ഉറവിടമായി കണ്ട ബ്രോഡ്സ്റ്റ്രീറ്റ് എന്ന ഭാഗത്തെ ഒരു വെള്ളപ്പമ്പിന്റെ പിടി ഊരിക്കളഞ്ഞ സംഭവം പ്രസിദ്ധമാണ്. അനേകം ആളുകൾ വെള്ളം പമ്പുചെയ്യാനായി ആ പമ്പിന്റെ പിടി- ഹാൻഡിൽ- സ്പർശിക്കുന്നതുമൂലം വീണ്ടും വീണ്ടും കോളറയുടെ ഉറവിടമായി അതു മാറുന്നു എന്ന സ്നോയുടെ കൃത്യമായ നിരീക്ഷണമായിരുന്നു ആ പ്രവൃത്തിക്കു പിന്നിൽ. ബ്രോഡ് സ്റ്റ്രീറ്റിലെ പമ്പ് ഇന്നും സ്നോയുടെ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. ഇതൊക്കെയാണെങ്കിലും സ്നോയെയും അന്നത്തെ മെഡിക്കൽ സമൂഹം വളരെയൊന്നും അംഗീകരിച്ചില്ല. കോളറ പടരുന്നത് വെള്ളത്തിലൂടെയല്ലെന്നും, അത് മിയാസ്മയുടെ കുഴപ്പം കൊണ്ടാണെന്നുമുള്ള തങ്ങളുടെ സിദ്ധാന്തം ഡോക്ടർമാർ ആവർത്തിച്ചുകൊണ്ടിരുന്നു. എങ്കിലും സെമ്മൽവെയ്സിന്റെ ദുരനുഭവം സ്നോക്കുണ്ടായില്ല. അതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു. അനസ്തേഷ്യാ എന്ന വേദനനിവാരണശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളീൾ ഒരാൾ കൂടിയായിരുന്നു സ്നോ. അന്ന് ബ്രിട്ടൻ ഭരിച്ചിരുന്ന വിക്റ്റോറിയാ രാജ്ഞിക്ക് എട്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന അവസരത്തിൽ ക്ലോറോഫോം ഉപയോഗിച്ച് അനസ്തേഷ്യാ കൊടുത്ത് വേദനനിവാരണം വരുത്തിയത് സ്നോവായിരുന്നു. ക്രിസ്തീയ വിശ്വാസമനുസരിച്ച് സ്ത്രീ വേദനയെടുത്ത് പ്രസവിക്കണം എന്ന് പറയുന്നുണ്ടെങ്കിലും, രാജ്ഞിയുടെ പ്രസവമായതുകൊണ്ട് വേദനനിവാരിണി ഉപയോഗിക്കുന്നത് എതിർക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. അതോടെ പ്രസവസമയത്തുള്ള വേദനനിവാരണം എല്ലാ സ്ത്രീകൾക്കും പ്രാപ്യമാവുകയും ചെയ്ത്രു. അതുകൊണ്ടൊക്കെയായിരിക്കണം, സെമ്മൽവെയ്സിന്റെ ദുരനുഭവം സ്നോക്കുണ്ടാവാതിരുന്നത്.
ഡോ വി.രാമന്‍കുട്ടി എഴുതുന്ന ഈ ലേഖനപരമ്പരയുടെ ഒന്നാം ഭാഗം വായിക്കാം