എന്റെ ശാസ്ത്രപുസ്തകം പംക്തിയിൽ ഡോ വി രാമൻകുട്ടി എഴുതുന്നു…
ചെറുപ്പത്തിൽതന്നെ വായന ഒരു ശീലമായിരുന്നെങ്കിലും, ഞാൻ ആദ്യമായി വായിച്ച ശാസ്ത്രസംബന്ധിയായ പുസ്തകം, ക്വെന്റിൻ റെയിനോൾഡ്സ് ഇംഗ്ലീഷിൽ എഴുതിയ റൈറ്റ് സഹോദരന്മാരുടെ ജീവചരിത്രത്തിന്റെ (The Wright brothers, pioneers of American aviation – Quentin Reynolds) മലയാള പരിഭാഷയായിരുന്നു. അതുവരെ എന്റെ വായന മിക്കവാറും ‘മാലി’ എന്ന ശ്രീ. വി. മാധവൻ നായരുടെ ‘മാലി രാമായണം’, ‘മാലി ഭാരതം’, ‘സർക്കസ്’, ‘പോരാട്ടം’ എന്നി പുസ്തകങ്ങളിലൊക്കെ ഒതുങ്ങി നിന്നു. അത് കൂടാതെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ഒരു പുസ്തകത്തിൽ, രാജ്യാന്തരയാത്രനടത്തുന്ന ഒരു ‘പേപ്പർ ബാലനെ’ക്കുറിച്ചുള്ള പുസ്തകം ഓർക്കുന്നു. പല രാജ്യങ്ങളിലെയും ആളുകളുടെ ജീവിതരീതികളെക്കുറിച്ചറിയാൻ അത് ഉപകരിച്ചു. ഒരു ചെറിയ സയൻസ് ഫിക്ഷൻ എന്നു പറയാം. അതു കൂടാതെ ‘മണി എത്രയായി’ എന്ന, ഘടികാരങ്ങളുടെ ചരിത്രം പറയുന്ന പുസ്തകവും, മനുഷ്യന്റെ അന്നനാളത്തെയും പചന വ്യവസ്തയെയും വിവരിക്കുന്ന പുസ്തകവും ഓർമ്മയുണ്ട്.
എങ്കിലും ആദ്യമായി സയൻസ് പുസ്തകം എന്ന നിലക്കുതന്നെ വായിക്കുന്നത് ‘റൈറ്റ് സഹോദരന്മാർ’ എന്ന ജീവചരിത്ര പുസ്തകമാണ്. അന്ന് മൂന്നിലോ നാലിലോ പഠിക്കുകയായിരുന്നു. എൻ.ബീ.എസിന്റെ വാർത്താബുള്ളറ്റിനിൽ ‘മനുഷ്യനു പറക്കാൻ കഴിയും എന്നു കണ്ടുപിടിച്ച സഹോദരന്മാരുടെ ജീവചരിത്രം’ എന്നാണ് പരസ്യപ്പെടുത്തിയിരുന്നത്. അതു വായിച്ച് പറക്കാനുള്ള ഏതോ സൂത്രം അതിലുണ്ടെന്നു വിശ്വസിച്ച് അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിന്റെ ഫലമായി-അച്ഛനെ ശല്യപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് അന്നേ അറിയാമായിരുന്നു, മാത്രമല്ല, ശല്യപ്പെടുത്താൻ അദ്ദേഹം വീട്ടിൽ അപൂർവമായെ ഉണ്ടാകറുള്ളു- എൻ ബി എസിന്റെ സ്റ്റാറ്റ്യൂവിലുള്ള വില്പനശാലയിൽനിന്ന് പുസ്തകം മേടിച്ചുതന്നത് ഇപ്പോഴും ഓർമ്മയുണ്ട്.
എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കം ഞാൻ വിചാരിച്ച സംഭവമേ അല്ലായിരുന്നു. തർജ്ജമയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും, തുടർച്ചയായി രണ്ടു മൂന്നു ദിവസം കൊണ്ട് അത് വായിച്ചു തീർത്തതോർക്കുന്നു. അമേരിക്കയിലെ നാട്ടിൻപുറത്ത് ജനിച്ചുവളർന്ന, മിൽടൺ റൈറ്റ് എന്ന ഉപദേശി- പാസ്റ്ററുടെ മക്കളായ വിൽബറും, ഓർവിലും അന്നു മുതൽ എന്റെ ഹീറോകളായി- ഇന്നും. ചെറുപ്പം മുതൽ പറക്കലിനെക്കുറിച്ച് സ്വപ്നം കണ്ട ആ ജ്യേഷ്ഠനും അനുജനും, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകാരണം സ്കൂളിൽ വെച്ച് പഠിത്തം അവസാനിപ്പിച്ചു. കുടുംബം പുലർത്താൻ വേണ്ടി സൈക്കിൾ റിപ്പയർ കട നടത്തുകയായിരുന്നു. പക്ഷേ പറക്കലിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പഠിക്കുകയും, ഗ്ലൈഡർ, പട്ടം മുതലായവ ഒഴിവുസമയങ്ങളിൽ പറത്തിക്കൊണ്ട് പ്രായോഗിക ജ്ഞാനം നേടുകയും ചെയ്തു.
പറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവർ അന്ന് വേറെയും ഉണ്ടായിരുന്നു; പലരും പ്രഗൽഭർ. ഓട്ടോ ലിലിയെന്താൾ, Octave ചാന്യൂട്ട് എന്ന പ്രശസ്ത ശാസ്ത്രജ്ഞന്മാർ ഈ മേഖലയിൽ പ്രശസ്തരായിരുന്നു. അവരിൽ ചിലരെങ്കിലും വായുവിൽ ഉയർന്നു പൊങ്ങുന്ന ഭാരം കുറഞ്ഞ ബലൂണുകളിലാണ് പരീക്ഷണങ്ങൾ നടത്തിയിരുന്നത്. ഓർവില്ലിനും വിൽബറിനും അതിനോട് വലിയ പ്രിയം തോന്നിയില്ല. അവർ ആഗ്രഹിച്ചത്, വായുവിനെക്കാൾ ഭാരമുള്ള ഒരു വസ്തുവിനെ വായുവിൽ പറപ്പിക്കാൻ കഴിയണം എന്നതായിരുന്നു. എന്നാൽ അന്നത്തെ ഏറ്റവും പ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനായിരുന്ന കെൽവിൻ പ്രഭു, വായുവിനെക്കാൾ ഭാരമുള്ള ഒരു വസ്തുവിന് പറക്കാനേ കഴിയുകയില്ല എന്നു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ശാസ്ത്രലോകത്തിൽ വലിയ വിലയുണ്ടായിരുന്നു. അതുകൊണ്ട്തന്നെ പലരും വിൽബറും ഓർവിലും ഭ്രാന്തന്മാരാണെന്നു വിധിയെഴുതി.
എന്നാൽ കോളേജിലൊന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കാം, അതൊന്നും അവരെ അലട്ടിയില്ല. വായുവിൽ മുന്നോട്ടുപോകാൻ വെള്ളത്തിൽ ചലിക്കുന്ന നൗകയിലെന്നതുപോലെ യന്ത്രത്തുഴകൾ അഥവാ പ്രൊപ്പല്ലറുകൾ വേണമെന്നവർക്ക് മനസ്സിലായി. അതിനെ ചലിപ്പിക്കാൻ ശക്തമായ ഒരു എൻജിന്റെ ആവശ്യകതയും അവർക്ക് ബോധ്യപ്പെട്ടു. ഒരു നിമിത്തം പോലെ അക്കാലത്ത് യൂറോപ്പിൽ ഡിസലും പെട്രോളും കൊണ്ട് ചക്രങ്ങളെ ചലിപ്പിക്കുന്ന എൻജിനുകൾ കണ്ടുപിടിക്കപ്പെട്ടു. എന്നാലത് ആരും അതുവരെ പറക്കാൻ ഉയോഗിച്ചിട്ടില്ലായിരുന്നു. പിന്നെ അതായി അവരുടെ ഒരൊറ്റ ചിന്ത: എങ്ങിനെ പ്രൊപ്പല്ലർ ചലിപ്പിച്ച് ആവശ്യമുള്ള ‘ത്രസ്റ്റ്’ (തള്ളൽ) ഉത്പാദിപ്പിക്കാം എന്നത്.
പല പരീക്ഷണങ്ങളും നടത്തി തങ്ങളുടെ സമ്പാദ്യം മുഴുവനും അവർ ഇല്ലാതാക്കി. രണ്ടുപേരും വിവാഹം കഴിച്ചില്ല- ജീവിതാന്ത്യം വരെ. ചേട്ടന്മാരെ സഹായിക്കാൻ അവരുടെ വീട്ടുകാരിയായി കൂടെക്കൂടിയ കുഞ്ഞനിയത്തി കാതറൈനും അവിവാഹിതയായി തുടർന്നു. അവരുടെ സഹായവും പ്രോൽസാഹനവും സഹോദർന്മാരെ കുറച്ചൊന്നുമല്ല മുന്നോട്ടു കൊണ്ടുപോയത്. അവസാനം, കിറ്റി ഹാക്കിലെ ഒരു കാറ്റു നിറഞ്ഞ ഡിസംബർ സായാഹ്നത്തിൽ, അവർ സ്വയം ഉണ്ടാക്കിയ, ‘റൈറ്റ് ഫ്ലയർ’ എന്നവർ പേരിട്ടുവിളിച്ച, വളരെ പരുക്കനായ (ക്രൂഡ്) ആ ഇരട്ടച്ചിറകൻ (മുകളിലും താഴെയും സമാന്തരമായി രണ്ടു ചിറകുകൾ ഓരോ വശത്തും— ആദ്യകാല വിമാനങ്ങളുടെ ഡിസൈൻ അങ്ങിനെയായിരുന്നു. പൈലറ്റ് അവക്കിടയിൽ കമിഴ്ന്നുകിടന്നുകൊണ്ടാണ് വിമാനം നിയന്ത്രിച്ചിരുന്നത്) പ്രൊപ്പല്ലർ വിമാനം, സ്വന്തം എൻജിന്റെ ബലത്തിൽ ഭൂമിയിൽനിന്ന് പൊങ്ങുകയും, പന്ത്രണ്ടു സെക്കൻഡ് വായുവിൽ മുന്നോട്ടുപോവുകയും ചെയ്തു. രണ്ടുപേരെയും താങ്ങാനുള്ള ശേഷി വിമാനത്തിനില്ലാത്തതുകൊണ്ട്, ആരാദ്യം പറക്കണം എന്ന് നറുക്കിട്ടെടുക്കുകയായിരുന്നു. വെറും പന്ത്രണ്ടു സെക്കൻഡ്! മാനവചരിത്രത്തിലെ ഒരു പക്ഷേ ഏറ്റവും നാടകീയമായ പന്ത്രണ്ടു സെക്കൻഡ്!. അതിനുശേഷം മനുഷ്യജീവിതം മുഴുവനായി മാറി മറിഞ്ഞു. ആകാശയാത്രയുടെയും ആകാശ യുദ്ധങ്ങളുടെയും യുഗം പിറന്നു.
കഥ മാത്രമല്ല പുസ്തകത്തിൽ ഉണ്ടായിരുന്നത്; ശാസ്ത്രവും ഉണ്ടായിരുന്നു. വിമാനത്തിന്റെ ചിറകുകളുടെ പിൻഭാഗത്ത് മടങ്ങാവുന്ന രീതിയിലുള്ള രണ്ടു പാളികൾ- എയ്ലിറോണുകൾ- ഉപയോഗിച്ചാണ് വിമാനം വായുമാർദ്ദത്തെ സമർത്ഥമായി ഉപയോഗിച്ച് ഭൂമിയിൽ നിന്ന് പൊങ്ങിപ്പറക്കുന്നത് എന്നെനിക്ക് മനസ്സിലായി. (വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചിറകിന്റെ വശത്ത് ഇരിക്കുകയാണെങ്കിൽ, താഴേക്ക് ഇറങ്ങുന്ന വിമാനം എയ്ലിരോണുകളെ ചലിപ്പിക്കുന്നത് വ്യക്തമായി കാണാൻ കഴിയും). വിചിത്രമായ വാലുകൾ, വിമാനത്തിന്റെ ദിശമാറ്റാൻ സഹായിക്കുന്ന ചുക്കാനുകൾ ആണെന്നതും പുതിയ അറിവായിരുന്നു. ഈ വിശദാംശങ്ങളൊക്കെ കോളേജിൽ പോകാത്ത ആ ജ്യേഷ്ഠാനുജന്മാരുടെ ഭാവനയിൽ വിരിഞ്ഞത് ഇപ്പോഴും വലിയ മാറ്റം വരുത്തേണ്ട ആവശ്യം വന്നിട്ടില്ല. രണ്ടു പുതിയ വാക്കുകളും പഠിച്ചു- ലംബവും, തീരശ്ചീനവും! (വെർട്ടിക്കൽ, ഹോറിസോണ്ടൽ)
അറുപതോളം വർഷങ്ങൾ കഴിഞ്ഞിട്ടും ആ പുസ്തകത്തിന്റെ ഓർമ്മ എന്നെ ആവേശം കൊള്ളിക്കുന്നു, ശാസ്ത്രത്തിന്റെ രീതികളെക്കുറിച്ചും ഒരു സങ്കല്പം യാഥാർത്ഥ്യം ആക്കുവാൻ വേണ്ട പരിശ്രമത്തെക്കുറിച്ചും ആദ്യമായി കിട്ടിയ ബോധം അതിൽ നിന്നായിരുന്നു. ആ ത്രിൽ ഇപ്പോഴും അനുഭവിക്കുന്നു.