ചരിത്രത്തിൽ സ്ഥാനം പിടിച്ച സാഹസികയാത്രകളിലൊന്നാണ് ധ്രുവ പര്യവേക്ഷകൻ ഏണസ്റ്റ് ഷാക്കിൾട്ടന്റെ നേതൃത്വത്തിൽ നടത്തിയ എൻഡ്യൂറൻസ് കപ്പലിലെ യാത്ര. അന്റാർട്ടിക്ക് ഭൂഖണ്ഡം ആദ്യമായി മറികടക്കുക എന്നായിരുന്നു ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക് പര്യവേഷണം (Imperial Trans-Antarctic Expedition) എന്ന് പേരിട്ടിരുന്ന 1915 ജനുവരിയിൽ ആരംഭിച്ച ഈ യാത്രയുടെ ലക്ഷ്യം.
എന്നാൽ, യാത്രയുടെ അടുത്ത മാസം തന്നെ കപ്പൽ ഹിമപാളികളാൽ ചുറ്റപ്പെടുകയും മാസങ്ങളോളം ഹിമപാളികളിൽ അകപ്പെട്ട് നവംബറിൽ മുങ്ങുകയുമായിരുന്നു. കപ്പൽ തകർന്നെങ്കിലും 28 സംഘാംഗങ്ങളും അതിശയകരമാംവിധം രക്ഷപ്പെടുകയുണ്ടായി. ലൈഫ് ബോട്ടിൽ 16 ദിവസം തുഴഞ്ഞു 1300 കി.മീ അകലെ തെക്കൻ ജോർജിയയിലെ ദ്വീപിലേക്ക് എത്തിപ്പെടുകയായിരുന്നു. കാലാവസ്ഥാ പ്രവചനവും സാറ്റലൈറ്റ് ഇമേജിങ്ങും ഇല്ലാത്ത ഒരു കാലത്തായിരുന്നു ഷാക്കിൾട്ടന്റെ സാഹസികയാത്ര.
1915-ൽ അപകടത്തിൽപ്പെട്ടു മുങ്ങിയ എൻഡ്യൂറൻസ് കപ്പൽ അന്റാർട്ടിക്കൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്തിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. അന്തർവാഹിനികളുടെ സഹായത്തോടെ ഫാക്ലാൻഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റ് (Falklands Maritime Heritage Trust) മുൻ കൈയെടുത്തു നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ വെഡൽ കടലിൽ (Weddel sea) 3,008 മീറ്റർ ആഴത്തിലാണ് ഈ കപ്പലുണ്ടായിരുന്നത്. സെക്സ്റ്റൻഡ് ഉപയോഗിച്ച് ക്യാപ്റ്റൻ അവസാനമായി രേഖപ്പെടുത്തിയ സ്ഥാനത്തിന്റെ ഏകദേശം 9 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് 100 വർഷങ്ങൾക്കിപ്പുറം കപ്പൽ കണ്ടെത്തിയത്.
ഏറ്റവും അതിശയം ജനിപ്പിക്കുന്ന കാര്യം കപ്പലിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്. കപ്പലിന്റെ അമരത്തിൽ എൻഡ്യൂറൻസ് എന്ന പേരും വ്യക്തമായി കാണാം. ധ്രുവപര്യവേക്ഷണത്തിലെ ഒരു നാഴികക്കല്ലാണ് എൻഡ്യൂറൻസിന്റെ കണ്ടെത്തൽ.
ഏപ്രിൽ 2022 ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്
അവലംബം: www.bbc.com
മറ്റു ലേഖനങ്ങൾ