എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹികപ്രശ്നത്തിൽ ബൗദ്ധിക സത്യസന്ധത കൈവിടാതെയുള്ള അന്വേഷണങ്ങളും പുനഃപരിശോധനകളുമാണ് സയന്‍സ് കാട്ടിത്തരുന്ന നേര്‍വഴി. ശാസ്ത്രീയമായ കൃത്യതയോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതില്‍ പഠനത്തിലേര്‍പ്പെട്ടവരുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും വിട്ടുവീഴ്ച്ച ചെയ്യപ്പെട്ടിട്ടുണ്ടോ?. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ വൈദ്യനൈതികതയുടെയും ബൗദ്ധിക സത്യസന്ധതയുടെയും മെഡിക്കൽ പ്രൊഫഷണലിസത്തിന്റെയും പശ്ചാത്തലത്തിൽ വിമർശനാത്മകമായി വിലയിരുത്തുന്നു. ഒപ്പം എൻഡോസൾഫാൻ വിഷയത്തിൽ നാളിതുവരെ നടന്ന സർക്കാർ ഇടപെടലുകളെ പരിശോധിക്കുന്നു. ശാസ്ത്രഗതി 2024 മേയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം
ആമുഖം
കാസര്‍ഗോഡ് ജില്ലയിലെ കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വായു മാര്‍ഗേണ തളിച്ചതിന്റെ ഫലമായി ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ദുരന്തസമാനമായ രീതിയില്‍ ജനങ്ങള്‍ കൊല്ലപ്പെടുകയും വളരെയേറെപ്പേര്‍ നിത്യരോഗികളാക്കപ്പെടുകയും ചെയ്തു എന്ന പൊതുവേയുള്ള ധാരണയാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം. ഇതുസംബന്ധിച്ച് ധാരാളം പഠനങ്ങളും റിപ്പോര്‍ട്ടുകളും പ്രക്ഷോഭങ്ങളും കോടതി കേസുകളും ഉണ്ടാവുക മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒന്നായി എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഏറെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇന്നും ആ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് പൂര്‍ണ്ണമായും പറയാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്ക്യുപ്പേഷണല്‍ ഹെല്‍ത്തിന്റെയും പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങളെ പൂര്‍ണ്ണമായി സാധൂകരിച്ചതായി കരുതപ്പെടുന്നു.
സുപ്രീംകോടതിയിലെ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച എന്‍ഡോസള്‍ഫാനെതിരെയുള്ള തെളിവുകള്‍ അതിശക്തവും ചോദ്യം ചെയ്യാനാവാത്തവയുമാണെന്നും പൊതുവില്‍ വിശ്വസിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ഡോക്ടറുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും മെഡിക്കല്‍ പ്രൊഫഷണലിസവും വിമര്‍ശനാത്മകമായി പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ആദ്യമായി, ഈ പരിശോധനയുടെ മാനദണ്ഡമായ മേല്പറഞ്ഞ ധാര്‍മ്മിക മൂല്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.
വൈദ്യനൈതികത
വൈദ്യരംഗത്തുള്ള പ്രവൃത്തികളെ പൊതുവില്‍ നിയന്ത്രിക്കുന്ന ധാര്‍മ്മിക തത്വങ്ങളെയാണ് വൈദ്യനൈതികത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വൈദ്യശാസ്ത്രരംഗത്തെ നന്മയും-തിന്മയും തെറ്റും-ശരിയും ആണ് ഇത് പരിശോധിക്കുന്നത്. ക്ലിനിക്കല്‍ മെഡിസിന്‍ പരിശീലനത്തിനും ശാസ്ത്രീയ ഗവേഷണത്തിനും മൂല്യങ്ങള്‍ ബാധകമാക്കുന്ന ധാര്‍മ്മിക തത്വങ്ങളുടെ ഒരു ചട്ടക്കൂടാണിത്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സംശയങ്ങള്‍ ഉണ്ടായാല്‍ ആശ്രയിക്കാന്‍ കഴിയുന്ന മൂല്യങ്ങളാണ് വൈദ്യനൈതികതയുടെ അടിസ്ഥാനം എന്ന് വിക്കിപീഡിയ വിശദീകരിക്കുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്സ് റെഗുലേഷന്‍സ് 2002 ചേര്‍ത്തിട്ടുണ്ട്. ഈ റെഗുലേഷന്‍സിന്റെ ഭാഗം 7.7-ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു; “രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ നിയമപരവും ഭരണപരവും മറ്റുമായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളും മറ്റു രേഖകളും അവരുടെ പദവിമൂലം ഒപ്പിടേണ്ടി വരാം. അസത്യമായതോ തെറ്റായി നയിക്കുന്നതോ ആയ റിപ്പോര്‍ട്ടുകളോ സര്‍ട്ടിഫിക്കറ്റുകളോ കണ്ടിട്ടുണ്ടെങ്കില്‍ ആ ഡോക്ടറുടെ പേര് രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യപ്പെടാം”. ഇതു സൂചിപ്പിക്കുന്നത്, ഡോക്ടര്‍മാര്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം മാത്രമല്ല, എത്രമാത്രം ഗൗരവത്തോടെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും രേഖകളും സമൂഹത്തില്‍ വിലമതിക്കപ്പെടുന്നത് എന്നുമാണ്.
മെഡിക്കല്‍ പ്രൊഫഷണലിസം
മെഡിക്കല്‍ പ്രൊഫഷണലിസം എന്നത് ഒരു വിശ്വാസ ചട്ടക്കൂടാണ്. അതനുസരിച്ച് മെഡിക്കല്‍ പ്രൊഫഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തമ്മിലും പൊതുജനങ്ങളോടും തങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങളും ധാര്‍മ്മിക മൂല്യങ്ങളും ജോലിയില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് അത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകളില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ചും അത് വിശദീകരിക്കുന്നു. രോഗികളോടും സമൂഹത്തോടും സ്വന്തം തൊഴിലിനോടുമുള്ള ഉത്തരവാദിത്വവും സത്യനിഷ്ഠയുടെ പ്രകടനവുമാണത്. (അമേരിക്കന്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ നിര്‍വചനം)
ബൗദ്ധിക സത്യസന്ധത
ബൗദ്ധിക സത്യസന്ധത എന്നാല്‍ ആശയങ്ങളുടെ സ്വീകരണം, വിശകലനം, പ്രേഷണം എന്നിവയിലെ സത്യസന്ധതയാണ്. സത്യം അറിഞ്ഞുകൊണ്ട് സത്യം തന്നെ വിളിച്ചു പറയുന്നതാണിത്. സത്യാന്വേഷണത്തില്‍ ഒരു വ്യക്തിയുടെ വിശ്വാസമോ വിശ്വസമില്ലായ്മയോ രാഷ്ട്രീയമോ തടസ്സമാകാന്‍ പാടില്ല. സ്വന്തം സിദ്ധാന്തത്തിന് എതിരാണെങ്കില്‍പ്പോലും പ്രസക്തമായ വസ്തുതകളും വിവരങ്ങളും മനഃപൂര്‍വം മറച്ചുവെക്കാതിരിക്കലും ഇതില്‍പ്പെടുന്നു. കൂടാതെ, വസ്തുതകള്‍ വളച്ചൊടിക്കുകയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ഒരു കാഴ്ചപ്പാടിന് മറ്റൊന്നിനുമേല്‍ പ്രാമാണ്യം ലഭിക്കുന്ന രീതിയിലോ ആവാതെ പക്ഷപാതരഹിതമായി അവതരിപ്പിക്കുന്നതും ബൗദ്ധിക സത്യസന്ധതയാണ് (വിക്കിപീഡിയ).
ഗവേഷണത്തിന്റെ മേഖലയിലെ നൈതികത
ഒരു ഗവേഷകന്റെ സ്വഭാവം ധാര്‍മ്മികതയ്ക്കും ഗവേഷണ സ്റ്റാന്‍ഡേര്‍ഡുകള്‍ക്കും നിരക്കാത്തതാണെങ്കില്‍ അത് ഗവേഷകന്റെ സ്വഭാവദൂഷ്യമായി കരുതപ്പെടും. (ref. 1 & 2, JCCMBR 2000, SCOT-LICHTER,.2012, WAGER AND KLEINERT 2011). ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചശേഷം വരുന്ന എഴുത്തുകള്‍ക്കും കമന്റുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഗവേഷകന്‍ മറുപടി പറയേണ്ടതും അധിക വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ലഭ്യമാക്കേണ്ടതുമാണ് (WAGER AND KLEINERT 2011).
ഇനി നമ്മുടെ സംസ്ഥാനത്ത് ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന ആരോഗ്യപരവും സാമൂഹികവുമായ എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ മേല്‍ വിശദീകരിച്ച ധാര്‍മ്മിക മൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനവിധേയമാക്കാം.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം
1981 മുതലാണ് കാസറഗോഡ് ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടങ്ങളില്‍ വായുമാര്‍ഗേണ തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിക്കാന്‍ ആരംഭിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കുശേഷം നിരന്തരമായ പരാതികളും പ്രക്ഷോഭങ്ങളും ഉയര്‍ന്നു വന്നതോടെ മരുന്നുതളിക്കുന്നത് നിര്‍ത്തിവെച്ചു. മരുന്നു തളിക്കുന്നതുമൂലം സമീപ പഞ്ചായത്തുകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു എന്നതായിരുന്നു പ്രക്ഷോഭങ്ങളുടെ അടിസ്ഥാനം. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായി 6,728 പേരെ എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം രോഗികളായതായി വിദഗ്ധ ഡോക്ടര്‍മാര്‍ തരം തിരിച്ചു. ഇതുവരെ 779 പേര്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം മരിച്ചുവെന്നു കണക്കാക്കി അവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കിക്കഴിഞ്ഞു. ദുരിത ബാധിതരെന്നു കണക്കാക്കിയവര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം, ചികിത്സാസഹായം, യാത്രാ സഹായം, പുതിയ വീടുകള്‍, വായ്പ എഴുതിത്തള്ളല്‍, കടങ്ങള്‍ക്ക് മൊറട്ടോറിയം, എംപ്ലോയ്മെന്റ് നിയമനത്തില്‍ മുന്‍ഗണന, ആയിരംരൂപ ഓണസമ്മാനം, പുനരധിവാസഗ്രാമം, സൗജന്യ റേഷന്‍ തുടങ്ങിയ നിരവധി സഹായങ്ങളുമുണ്ടായി. നബാര്‍ഡിന്റെ 220 കോടി രൂപയുടെ സഹായ പദ്ധതികള്‍ വേറെയും. ഇതുവരെ ചെലവഴിച്ച തുക 720 കോടി രൂപയോളംവരും എന്നു കണക്കാക്കാം. സര്‍ക്കാരിന്റെ ഒരു കോര്‍പ്പറേഷന്‍ ഇന്നാട്ടിലെ ജനങ്ങളോട് കാണിച്ച ക്രൂരതയ്ക്ക് ഇതൊന്നുംതന്നെ മതിയായ പരിഹാരമാകുന്നില്ല എന്ന വാദവുമായി ഇനിയും സഹായങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങളും നിരന്തരം നടക്കുന്നുണ്ട്. സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വലിയ പിന്തുണ ഈ സമരങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പഠനവും ഉയരുന്ന സംശയങ്ങളും
എന്‍ഡോസള്‍ഫാന്‍ പ്രശ്നം അന്വേഷിച്ച അച്യുതന്‍ കമ്മീഷന്‍ 2001-ല്‍ നിര്‍ദേശിച്ച എപ്പിഡെമിയോളജി പഠനം നടത്തിയത് 2010-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആണ്. 2011 ഫെബ്രുവരി 19-ന് അവര്‍ 55 പേജുള്ള പൂര്‍ണ്ണറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു (ref. 9). പക്ഷേ, 2011 ഏപ്രില്‍ 24-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് 15 പേജുള്ള മറ്റൊരു റിപ്പോര്‍ട്ടാണ് പത്രങ്ങള്‍ക്ക് നല്‍കിയത് (ref. 10). അതിലെ ഗവേഷകരുടെ പേരുകളുടെ ക്രമം ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതില്‍ പല പട്ടികകളും ഒഴിവാക്കിയിരുന്നു. അന്നത്തെ സംസ്ഥാന ആരോഗ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയതും ഈ 15 പേജുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പതിനഞ്ചു പേജുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയുകയേയില്ല എന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത് (E6-8652/2012 MCC dated 23.6.2012). സ്വന്തം ഗവേഷകര്‍ തയ്യാറാക്കി കേരള ആരോഗ്യ വകുപ്പുമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഇത്തരത്തില്‍ അവ്യക്തമായ ഒരു മറുപടി സ്ഥാപനം നല്‍കിയിരിക്കുന്നത്.
കൗതുകകരമായ മറ്റൊരു വസ്തുത മുഖ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന ഒരു പട്ടികയിലെ ഒരു കോളം അപ്പാടെ ഒഴിവാക്കിയതാണ്. 55 പേജുള്ള റിപ്പോര്‍ട്ടിലെ അവസാനത്തെ പട്ടികയില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ ചിലരുടെ രക്തത്തിലെ എന്‍ഡോസള്‍ഫാന്റെ അളവും അവരുടെ ആരോഗ്യ പ്രശ്നങ്ങളും കാണിച്ചിട്ടുണ്ട്. എന്നാല്‍, 15 പേജുള്ള റിപ്പോര്‍ട്ടിലെ ഇതേ പട്ടികയില്‍ ‘ആരോഗ്യപ്രശ്നങ്ങള്‍’ എന്ന കോളം ഒഴിവാക്കിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്റെ അവശിഷ്ട അളവും ആരോഗ്യപ്രശ്നങ്ങളും തമ്മില്‍ ഒരു ബന്ധവും കാണാത്തതുകൊണ്ടാണ് ആ കോളം ഒഴിവാക്കിയത് എന്ന് സംശയിക്കണം. മുഖ്യ റിപ്പോര്‍ട്ടിലെ വളരെ പ്രസക്തമായ ഒരു കോളം ഒരു ന്യായീകരണവുമില്ലാതെ ഒഴിവാക്കിയയത് ഗവേഷണ നൈതികതകയ്ക്കും ബുദ്ധിപരമായ സത്യസന്ധതയ്ക്കും നിരക്കുന്നതാണോ? കൂടാതെ, കീടനാശിനി തളിക്കാത്ത ബാനവും തളിച്ച ബോവിക്കാനവും തമ്മില്‍ രോഗാതുരതയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്നു കാണിക്കുന്ന 5, 6, 10, 11 എന്നീ പട്ടികകള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്ന കാര്യവും പ്രത്യേകം പരിശോധിക്കപ്പെടണം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പലതരം രോഗാവസ്ഥകളെക്കുറിച്ചു സര്‍വെ നടത്തിയിട്ടുണ്ട്. ഉദാ: ക്ഷീണം, കരള്‍രോഗങ്ങള്‍, വിറയല്‍, മാനസിക വെല്ലുവിളി, മാനസികരോഗങ്ങള്‍ തുടങ്ങിയവ. ഈ രോഗാവസ്ഥകളെ കൃത്യമായി നിര്‍വചിച്ചാല്‍ മാത്രമേ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വസ്തുനിഷ്ഠമായി സര്‍വെ നടത്താന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം, സര്‍വെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ത്തന്നെ നടത്തിയാല്‍ മാത്രമേ വസ്തുതാപരമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. എന്നാല്‍, രോഗാവസ്ഥകളെ നിര്‍വചിച്ചിട്ടില്ല എന്ന് 19.01.2015-ല്‍ ലഭിച്ച വിവരാവകാശ മറുപടിയില്‍നിന്നും വ്യക്തമാണ് (operational definition സംബന്ധിച്ച ഉത്തരം, RTI മറുപടി നമ്പര്‍ E6/20006/14/MCC dt 19.01.2015). പരിണിതപ്രജ്ഞരായ ഡോക്ടര്‍മാരല്ല, ആരോഗ്യ പ്രവര്‍ത്തകരാണ് സര്‍വെ നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാനാകും. ഇത് പഠനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും (Research methodology) ആധികാരികതയെ സംബന്ധിച്ചും തീര്‍ച്ചയായും ചോദ്യങ്ങളുയര്‍ത്തുന്നു.
പ്രസിദ്ധീകരിക്കുന്ന പഠനങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിനായി അതിന്മേല്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളോടും സംശയങ്ങളോടും സത്യസന്ധമായി പ്രതികരിക്കുക എന്നതാണ് അക്കാദമിയമായ രീതി. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ എപ്പിഡെമിയോളജി പഠനത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം 2013 ജനുവരി 13 ലെ കറന്റ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു (ref. 5, Sreekumar and Prathapan, 2013). പക്ഷേ, അതിനോടുള്ള പ്രതികരണമോ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ വിശദീകരണമോ സംശയങ്ങള്‍ക്കുള്ള മറുപടിയോ എപ്പിഡെമിയോളജി പഠനം നടത്തിയ ഗവേഷകര്‍ നല്‍കിയില്ലായെന്നത് അക്കാദമിക് സത്യസന്ധതയ്ക്കും ഗവേഷണ നൈതികതക്കും നിരക്കുന്നതല്ല.
മെഡിക്കല്‍ ക്യാമ്പുകള്‍:
2010-ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം കൊടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ബജറ്റില്‍ തുക നീക്കിവെക്കുകയും ചെയ്തു. ദുരിതബാധിതരെ കണ്ടെത്താന്‍ 26 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 4,182 പേരെ കണ്ടെത്തി. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 45 വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പുകളില്‍ പങ്കെടുത്തത്.
എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി കീടനിയന്ത്രണത്തിനു വേണ്ടി ഉപയോഗിച്ചാല്‍ മനുഷ്യരില്‍ അത് ഇന്നിന്നതരം രോഗങ്ങള്‍ക്ക് കാരണമാകും എന്നത് മെഡിക്കല്‍ കോളേജുകളിലെ ഒരു പഠന വിഷയമല്ല. അതിനാല്‍, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ കൂട്ടായി പഠിച്ച് രോഗലക്ഷണങ്ങള്‍ക്ക് ഒരു പൊതു മാനദണ്ഡം ഉണ്ടാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം രോഗങ്ങളെ വൈദ്യ ശാസ്ത്രപരമായി തരംതിരിക്കേണ്ടത്; പ്രത്യേകിച്ചും, എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചശേഷം പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍. കൂടാതെ, മെഡിക്കല്‍ ക്യാമ്പില്‍ രോഗിയെ പരിശോധിക്കാന്‍ ലഭിക്കുന്ന ഏതാനും മിനിറ്റുകള്‍കൊണ്ട് അവരുടെ രക്തത്തിലോ കൊഴുപ്പിലോ അടങ്ങിയ എന്‍ഡോസള്‍ഫാന്‍ അവശിഷ്ട അളവ് പരിശോധിക്കാനും രോഗലക്ഷണങ്ങളുമായി ബന്ധപ്പെടുത്തി നിഗമനങ്ങളിലെത്താനും സ്വാഭാവികമായും സാധിക്കുകയില്ല. അതിനാലാണ് മെഡിക്കല്‍ പ്രൊഫഷണലിസത്തിന്റെയും ഗവേഷണത്തിലെ ബൗദ്ധികസത്യസന്ധതയുടെയും മുന്നുപാധി എന്ന നിലയില്‍ മേല്പറഞ്ഞ ചില തയ്യാറെടുപ്പുകളും മാനദണ്ഡ രൂപവല്‍ക്കരണവും അനിവാര്യമാകുന്നത്.
എന്നാല്‍, അങ്ങനെ ഒരു പ്രൊഫഷണല്‍ കൂടിയാലോചനയോ മാനദണ്ഡരൂപവല്‍ക്കരണമോ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിട്ടില്ല. അങ്ങനെയാണ് മുഴുവന്‍ ശാരീരിക-മാനസിക ഭിന്നശേഷികളും മൈഗ്രേനും കാന്‍സറും തലവേദനയും തിമിരവും അടക്കം മുന്നൂറില്‍പരം രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ രോഗങ്ങളുലൂടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് എന്നു വേണം മനസ്സിലാക്കാന്‍ (ref. 6). മേല്‍ വിശദീകരിച്ച കരണങ്ങള്‍കൊണ്ടുതന്നെ എത്രമാത്രം അശാസ്ത്രീയവും പ്രൊഫഷണലിസത്തിനു നിരക്കാത്തതുമായിരുന്നു ഈ നടപടി എന്ന് ഡോക്ടര്‍മാരുടെ സംഘടനകളെങ്കിലും പരിശോധിക്കേണ്ടിയിരുന്നു. ക്യാമ്പില്‍ കണ്ടെത്തിയ രോഗങ്ങളുടെ തരംതിരിവ് ഇപ്രകാരമാണ്: നാഡീവ്യൂഹ സംബന്ധം – 38%, അന്ത:സ്രാവ ഗ്രന്ഥി, പ്രത്യുത്പാദന പ്രശ്നങ്ങള്‍-15%, ജന്മനാലുള്ള വിവിധ വൈകല്യങ്ങള്‍ – 17.5%, അലര്‍ജി, ത്വക്ക്, ശ്വാസകോശ പ്രശ്നങ്ങള്‍ – 26.8%, കാന്‍സറുകള്‍ – 8%.
എന്‍ഡോസള്‍ഫാന്‍ വിഷബാധ സംബന്ധിച്ച കേസില്‍ കേരള ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു (ref. 7: ഗവ: ഓഫ് കേരള, 2011). മെഡിക്കല്‍ ക്യാമ്പുകളില്‍ നടന്ന ഈ അശാസ്ത്രീയതകളെ പൂര്‍ണ്ണമായും വെള്ളപൂശുന്ന നിലപാടാണ് ആ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ റിപ്പോര്‍ട്ടിലെ 20-33 പേജുകളില്‍ എന്‍ഡോസള്‍ഫാന്‍ ഓരോ ശരീരവ്യൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് കാണിക്കുന്ന പഠനങ്ങള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ കീടനിയന്ത്രണത്തിന് വേണ്ടി തളിച്ചതുകാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യരില്‍ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നില്ല സമര്‍പ്പിച്ചവയില്‍ ഭൂരിപക്ഷവും. ആകെയുള്ള 136 പഠനങ്ങളില്‍ അത്തരം പഠനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമേയുണ്ടായിരുന്നുള്ളൂ.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നല്‍കിയ പഠനങ്ങള്‍:
- നാഡീവ്യൂഹത്തിന്മേലുള്ള പ്രത്യാഘാതങ്ങള്‍ – 13 പഠനങ്ങള്‍ (ref. 7, പേജ് 20 കാണുക): എന്‍ഡോസള്‍ഫാന്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച കേസുകളാണ് പഠനങ്ങള്‍ 1, 9, 10 എന്നിവ. പഠനം 2 ചിലന്തിയിലെ വിഷബാധയാണ്. പഠനം 4 എലിക്ക് മനപൂര്‍വ്വം ഉയര്‍ന്ന ഡോസ് കൊടുത്തതാണ്. പഠനം 7, 8 മത്സ്യങ്ങളിലെ വിഷബാധയാണ്. പഠനം 6, 11 എന്‍ഡോസള്‍ഫാന്‍ തളിയും ക്രിപ്റ്റോര്‍ക്കിഡിസവും ഓട്ടിസവുമായി നേര്‍ത്ത ബന്ധം കാണിക്കുന്നതാണ്. ഇത് കാര്‍ഷികാവശ്യത്തിന് വേണ്ടി തളിച്ച സാഹചര്യമാണ്. ഈ വിഷം പെട്ടെന്ന് തന്നെ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും എന്ന പഠനം (Mawhinney, 2005) ഒഴിവാക്കിയിരിക്കുന്നു.
- ജനിതക/ കോശ/ ഭ്രൂണ വിഷബാധ – 33 പഠനങ്ങള്‍ (ref. 7, പേജ് 28 കാണുക): പഠനങ്ങള്‍ ഒന്നും തന്നെ ഭ്രൂണ വിഷബാധ ഉണ്ടാക്കുന്നതായി കാണിക്കുന്നില്ല, ടിഷ്യുകള്‍ച്ചര്‍ പഠനങ്ങളില്‍ ഉയര്‍ന്ന മാത്രയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതൊഴിച്ചാല്‍. പഠനങ്ങള്‍ 2, 3, 5, 6, 7, 9, 10, 13, 14, 17, 19, 22, 24, 25 എന്നിവ കോശകള്‍ച്ചറുകളില്‍ കീടനാശക മാത്രയെക്കാളും ഉയര്‍ന്ന മാത്രയില്‍ ഉപയോഗിച്ചവയാണ്. പഠനങ്ങള്‍ 1, 2, 23, 27 എന്നിവ സസ്യങ്ങളിലെ പഠനങ്ങളാണ്. പഠനങ്ങള്‍ 3, 11, 12 എന്നിവ അവശിഷ്ട അപഗ്രഥന രീതിശാസ്ത്രം പ്രതിപാദിക്കുന്നവയാണ്. ഇവിടെ തീര്‍ത്തും അപ്രസക്തം.
- കാന്‍സര്‍ ബന്ധം – 5 പഠനങ്ങള്‍ (ref. 7, പേജ് 30 കാണുക): പരീക്ഷണ മൃഗങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നില്ല എന്ന പഠനം (Mc Gregor, 1998) ഒഴിവാക്കിയിരിക്കുന്നു. പഠനം 1 തിയറി തലത്തിലുള്ള അപഗ്രഥനമാണ്. ലോകത്ത് ഒരിടത്തുപോലും കാര്‍ഷിക ആവശ്യമാത്രയില്‍ തളിച്ചാല്‍ ഹോര്‍മോണ്‍ അളവ് ഉയര്‍ത്തുന്ന ഫലം കണ്ടിട്ടില്ലാത്തതിനാല്‍ പഠനങ്ങള്‍ 2, 4 അപ്രസക്തം. മനുഷ്യകലയുടെ കള്‍ച്ചറില്‍ രാസാഗ്നികള്‍ നേരിയ മാറ്റം വരുത്തുമെന്നാണ് പഠനം 5-ല്‍ ഉള്ളത്. പക്ഷേ അതിനു വേണ്ട അളവ് രക്തത്തില്‍ ഉണ്ടാവണമെങ്കില്‍ 10 – 100 മില്ലി നേര്‍പ്പിക്കാത്ത എന്‍ഡോസള്‍ഫാന്‍ കഴിക്കണം. അതുതന്നെ മാരകമാണ്.
- പ്രതിരോധ വ്യൂഹത്തിലെ വിഷബാധ – 10 (5+5) പഠനങ്ങള്‍ (ref. 7, പേജ് 32 കാണുക): കീടനാശകമാത്രയില്‍ മനുഷ്യശരീരത്തിനകത്ത് ഉയര്‍ന്നതോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഈ പഠനങ്ങള്‍ കാണിക്കുന്നില്ല. പഠനങ്ങള്‍ 1, 3, 5 ഉയര്‍ന്ന മാത്രയില്‍ വിഷം മനുഷ്യകോശ കള്‍ച്ചറില്‍ പ്രയോഗിച്ചവയാണ്. പഠനങ്ങള്‍ 3, 5, 8, 9, 10 എന്നിവ പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന സന്നദ്ധസംഘടന തയ്യാറാക്കിയതാണ്. അതിനാല്‍ വസ്തുനിഷ്ഠമെന്ന് പറയാനാകില്ല. പഠനം 4 ഊഹപരമാണ്. പഠനങ്ങള്‍ 6, 7 എന്നിവ ജൈവ സാന്ദ്രികരണ സ്വഭാവം സംബന്ധിച്ചാണ്. പക്ഷേ ഈ വിഷം വളരെവേഗം തന്നെ ഉയര്‍ന്ന മൃഗങ്ങളില്‍ വിഘടിക്കപ്പെട്ട് വിസര്‍ജ്ജിക്കപ്പെടുന്നു എന്ന് ആധികാരികമായ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു (Arrebola, F.J., Vidal, J.M. and Fernández-Gutiérrez, A., 1999. Excretion study of endosulfanin urine of a pest control opera-tor. Toxicology letters, 107(1-3), pp.15-20).
- പ്രത്യുല്‍പാദനവ്യൂഹ വിഷബാധ – 28 പഠനങ്ങള്‍ (ref. 7, പേജ് 22 കാണുക): പഠനങ്ങള്‍ 1, 7, 9, 12, 14 എന്നിവ മനുഷ്യകലയുടെ കള്‍ച്ചറിലാണ് നടത്തിയത്. ref. 11 എന്‍ഡോമെട്രിയോസിസുമായുള്ള ബന്ധമാണ്. പഠനങ്ങള്‍ 2, 5 അപഗ്രഥന രീതിശാസ്ത്രമാണ്. പഠനങ്ങള്‍ 8, 10, 13 മൃഗപഠനങ്ങളാണ്. പഠനം 6 സ്പെയിനിലെ പോളിഹൗസുകളില്‍ എന്‍ഡോസള്‍ഫാന്‍ പലതവണ ഉപയോഗിച്ച സാഹചര്യങ്ങളില്‍ കൊഴുപ്പ് (17.33 ppb) മുലപ്പാല്‍ (11.38 ppb) പൊക്കിള്‍ കൊടി (7.74 ppb) എന്നിവകളിലെ എന്‍ഡോസള്‍ഫാന്‍ അവശിഷ്ടം സംബന്ധിച്ചാണ്. പക്ഷേ അവിടെയുള്ള അല്പം ഉയര്‍ന്ന തോതിലുള്ള ക്രിപ്റ്റോര്‍ക്കിഡിസവുമായി ഈ അവശിഷ്ടത്തിനുള്ള ബന്ധം പുര്‍ണ്ണമായി തെളിഞ്ഞിട്ടില്ല (suggestive, not conclusive).
- അന്തസ്രാവ വിഭംഗന സ്വഭാവം – 27 പഠനങ്ങള്‍ (ref. 7, പേജ് 25 കാണുക): പഠനങ്ങള്‍ 1, 3, 4, 5, 7, 11, 12, 13, 14, 15, 16, 17, 18, 20, 21, 26 എന്നിവ കോശകള്‍ച്ചറിലുള്ള പഠനങ്ങള്‍. കോശകള്‍ച്ചറുകള്‍ക്ക് സാധാരണ ശരീരത്തിലുള്ള കോശങ്ങളെപ്പോലെ പലതരത്തിലുള്ള സംരക്ഷണകവചങ്ങളില്ല എന്ന പരിമിതിയുണ്ട്. കീടനാശിനികള്‍ കോശങ്ങളില്‍ കടന്നുകഴിഞ്ഞാലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് കൂടുതല്‍ പഠനങ്ങളും. പഠനം 2-ല്‍ കീടനാശിനികളെക്കുറിച്ചു പരാമര്‍ശിക്കുന്നതേയില്ല. 6-ല്‍ എലികളില്‍ വയറ്റിലേക്ക് എന്‍ഡോസള്‍ഫാന്‍ കൊടുത്തുള്ള പഠനം, 8-ല്‍ മല്‍സ്യങ്ങളിലുള്ള പഠനം, 9 അവലോകന പഠനം, ഇതില്‍ എന്‍ഡോസള്‍ഫാന്‍ ആണ്‍കുട്ടികളില്‍ ലിംഗവലിപ്പം കുറയ്ക്കുമെന്ന് പറയുന്ന പഠനമുണ്ട്. 10 സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ കീടനാശിനികളെക്കുറിച്ചു പരാമര്‍ശമില്ല, 19 കീടങ്ങളിലുള്ള പഠനം, 22 പാരിസ്ഥിതിക ഈസ്ട്രജനുകളെ കണ്ടെത്താനുള്ള രീതി വിവരിക്കുന്നതാണ്. 23 സ്തനാര്‍ബുദത്തെക്കുറിച്ചാണ്, കീടനാശിനികളെക്കുറിച്ചു പരാമര്‍ശമില്ല, പഠനങ്ങള്‍ 25, 27 ഈസ്ട്രജനിക് സംയുക്തങ്ങളുടെ പ്രവര്‍ത്തനം കണ്ടെത്തുന്ന രീതി വിവരിക്കുന്നു; ഓസ്ട്രേലിയന്‍ പെസ്റ്റിസൈഡ്സ് ആന്റ് വെറ്റിനറി മെഡിസിന്‍ അതോറിറ്റി (APVMA) റിപ്പോര്‍ട്ട് 2005 പേജ് 57-58-ല്‍ ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങളുടെ അവലോകനവും അതോറിറ്റിയുടെ തീരുമാനവുമുണ്ട്. എന്നാല്‍ അത് ഒഴിവാക്കിയാതായി കാണുന്നു.
ഈ പഠനങ്ങള്‍ക്കൊന്നുംതന്നെ കാസര്‍ഗോഡ് സാഹചര്യവുമായി സാമ്യം ഇല്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മേല്‍പ്പറഞ്ഞ 136 പഠനങ്ങളില്‍ ഒന്നുപോലും ഉഷ്ണമേഖല പ്രദേശത്ത് വര്‍ഷത്തില്‍ രണ്ടുതവണ എന്‍ഡോസള്‍ഫാന്‍ തളിക്കുക വഴി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മുന്നൂറില്‍പ്പരം രോഗങ്ങക്ക് കാരണമാകും എന്ന് അസന്നിഗ്ധമായി തെളിയിക്കുന്നില്ല. നേരിട്ടു ബന്ധിപ്പിക്കാനാകാത്ത കുറെ പഠനങ്ങളുടെ റഫറന്‍സുകള്‍ കാണിക്കുകയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഡോക്ടര്‍(മാര്‍) ചെയ്തിരിക്കുന്നത് എന്ന വിമര്‍ശനം പ്രസക്തമാകുന്നതിവിടെയാണ്.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വായുമാര്‍ഗേണ എന്‍ഡോസള്‍ഫാന്‍ ത്സെത്സെ (Tsetse fly) ഈച്ചകളെ കൊല്ലാന്‍ തളിച്ചതിനു ശേഷം നടത്തിയ ആരോഗ്യ പഠനങ്ങള്‍, ഓസ്ട്രേലിയന്‍ പരുത്തിക്കൃഷിയില്‍ 20 കൊല്ലക്കാലം വായുമാര്‍ഗേണ തളിച്ചതിനുശേഷം നടത്തിയ ആരോഗ്യപഠനങ്ങള്‍, ഉഷ്ണമേഖലയില്‍ എന്‍ഡോസള്‍ഫാന്‍ അവശിഷ്ടങ്ങള്‍ മണ്ണിലും വെള്ളത്തിലും രക്തത്തിലും ഏതാനും ആഴ്ചകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന് കാണിക്കുന്ന പഠനങ്ങള്‍, അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റി (USEPA), ഓസ്ട്രേലിയന്‍ പെസ്റ്റിസൈഡ്സ് ആന്റ് വെറ്റിനറി മെഡിസിന്‍ അതോറിറ്റി (APVMA), യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി (ECHA), Pest Management Regulatory Agency PMRA CANADA, എന്‍വിയോണ്‍മെന്റല്‍ റിസ്ക് മാനേജ്മെന്റ് അതോറിറ്റി (ERMA) ന്യൂസിലാന്‍ഡ്, തുടങ്ങിയ ഏജന്‍സികളുടെ വിശദമായ അവലോകന പഠനങ്ങള്‍ -അവ മുകളില്‍ കൊടുത്ത 136 പഠനങ്ങളെ അടക്കം അധികരിച്ച് നടത്തിയ പഠനങ്ങളും നിഗമനങ്ങളുമാണ്- ഇവയൊക്കെ ഒഴിവാക്കിയിരിക്കുന്നു. ചുരുക്കത്തില്‍, ഭരണാധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും സുപ്രീംകോടതിക്കു മുന്നിലും വയ്ക്കപ്പെട്ട ഈ റിപ്പോര്‍ട്ട്, അതു തയ്യാറാക്കിയ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ എത്തിക്സിനും പ്രൊഫഷണിലിസത്തിനും ബുദ്ധിപരമായ സത്യസന്ധതക്കും മേല്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നു.
2013 മുതലുള്ള മെഡിക്കല്‍ ക്യാമ്പുകള്‍
2010-ലെ മെഡിക്കല്‍ ക്യാമ്പുകള്‍ വഴി ഇത്രയേറെ രോഗങ്ങളെ എന്‍ഡോസള്‍ഫാന്‍ജന്യ രോഗങ്ങളായി പട്ടികപ്പെടുത്തിയതോടെ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ അതിശക്തമായ സമ്മര്‍ദം വിവിധ തുറകളില്‍നിന്നുമുണ്ടായി. 2011-ല്‍ ക്യാമ്പുകള്‍ വഴി 1,318 പേരെക്കൂടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ നിരവധി സഹായങ്ങളും സൗജന്യങ്ങളും ലഭിക്കുമെന്നതുകൊണ്ട് കൂടുതല്‍ ക്യാമ്പുകള്‍ നടത്താനുള്ള ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങികൊടുക്കേണ്ടിവന്നു. അങ്ങനെ, 2013-ല്‍ 337 പേരെയും 2017-ല്‍ 891 പേരെയും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ ക്യാമ്പുകളില്‍ രോഗികളെ തിരഞ്ഞെടുക്കുന്നതിന് താഴെ പറയുന്ന മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നു:
- ജീവശാസ്ത്രപരമായ സാധ്യത /വിശ്വസനീയത (biological plausibility)
- ജിയോഗ്രഫിക്കല്‍ ടൈം ടെംപെറാലിറ്റി
- മറ്റ് കൃത്യമായ കാരണങ്ങളുടെ അഭാവം
- രോഗാവസ്ഥ എന്‍ഡോസള്‍ഫാന്‍ കൊണ്ടുണ്ടാകുന്നതാണെന്ന പഠനങ്ങളുടെ ലഭ്യത
- 1974-ല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച ശേഷമാണ് രോഗം ഉണ്ടായത് എന്ന് വ്യക്തമാക്കുന്ന രേഖകളുടെ ലഭ്യത
- രോഗിയോ രോഗിയുടെ മാതാപിതാക്കളോ എന്‍ഡോസള്‍ഫാനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്ന കാര്യം
ജീവശാസ്ത്രപരമായ സാധ്യത: മുമ്പ് സൂചിപ്പിച്ച 136 പഠനങ്ങള്‍ തന്നെയാണ് ഈ മാനദണ്ഡത്തിനുള്ള അടിസ്ഥാനമായി പറഞ്ഞിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ കീടനിയന്ത്രണാവശ്യത്തിനായി ഉഷ്ണമേഖലാ പ്രദേശത്ത് വര്‍ഷത്തില്‍ രണ്ട്-മൂന്ന് തവണ തളിച്ചു കഴിഞ്ഞാല്‍ വ്യാപകമായ ജനിതക വൈകല്യങ്ങളും കാന്‍സറും മറ്റ് രോഗങ്ങളും വരുമെന്ന് അസന്ദിഗ്ധമായി പറയുന്ന ഒരു പഠനം പോലുമില്ല എന്ന് ചൂണ്ടിക്കാണിച്ചിരുന്നല്ലോ.
ജിയോഗ്രഫിക്കല്‍ ടൈം ടെംപെറാലിറ്റി: അതായത്, തളിച്ച സ്ഥലത്ത് പ്രത്യേക രോഗങ്ങള്‍ അല്ലെങ്കില്‍ ചിലതരം രോഗങ്ങള്‍ കുടുതല്‍, തളിക്കാത്ത സ്ഥലത്ത് അത്തരം രോഗങ്ങളില്ല, അഥവാ കൂടുതലില്ല എന്ന അവസ്ഥ. തളിച്ച കാലത്തിനു മുമ്പും പിമ്പും പ്രത്യേക രോഗങ്ങളില്ല അഥവാ കൂടുതലില്ല എന്നതാണ് ഈ മാനദണ്ഡം. കാസറഗോഡ് ഇതല്ല സാഹചര്യമെന്ന് സംസ്ഥാന ആരോഗ്യവകുപ്പുതന്നെ നടത്തിയ അംഗപരിമിത സെന്‍സസിന്റെ (ref. 3, ഗവ: ഓഫ് കേരള, 2015) അപഗ്രഥനം (ref. 8, Sreekumar and Prathapan, 2021) കൃത്യമായി കാണിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ 55 പേജ് പഠന റിപ്പോര്‍ട്ടിലെ പട്ടിക, മെഡിക്കല്‍ ക്യാമ്പുകളുടെ അപഗ്രഥനം, വികലാംഗ പെന്‍ഷന്‍ ഡാറ്റ, അംഗപരിമിത പുനരധിവാസത്തിനായുള്ള ദേശീയ പദ്ധതി (NPRPD) ഡാറ്റ ഒക്കെയും കാണിക്കുന്നത് കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി ഒരു അസുഖവും സവിശേഷമായി കൂടുതലായിട്ടില്ല എന്നാണ്.
മറ്റ് കൃത്യമായ കാരണങ്ങളുടെ അഭാവം:
എന്‍ഡോസള്‍ഫാന്‍ തളിയല്ലാതെ മറ്റൊന്നുംതന്നെ ഈ രോഗങ്ങള്‍ളുടെ അധികരിച്ച പ്രാബല്യത്തിന് കാരണമായി കാണുന്നില്ല എന്നാണ് ഈ മാനദണ്ഡം. ഇത് നിലനില്‍ക്കുന്നതല്ല എന്ന് നേരത്തെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. കേരളത്തിലെ ഏതു ഗ്രാമത്തിലും സര്‍വസാധാരണമായി കാണുന്ന രോഗങ്ങള്‍ തന്നെയാണ് കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ തളിച്ച ഗ്രാമങ്ങളിലും ഉള്ളത്. മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയ രോഗികളുടെ രോഗാവസ്ഥയുടെ ഡാറ്റ ഇതു വ്യക്തമാക്കുന്നു.
രോഗാവസ്ഥ എന്‍ഡോസള്‍ഫാന്‍ കൊണ്ടുണ്ടാകുന്നതാണെന്ന പഠനങ്ങളുടെ ലഭ്യത:
ഇതുസംബന്ധിച്ചും നേരത്തെ പഠനങ്ങള്‍ വിശകലനം ചെയ്യുന്ന വേളയില്‍ ചര്‍ച്ചചെയ്തിരുന്നു. ഇതഃപര്യന്തമുള്ള എല്ലാ പഠനങ്ങളും കീടനിയന്ത്രണ മാത്രയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചാല്‍ ഒരു രോഗവും ഉണ്ടാക്കുന്നതായി നിസ്സംശയം തെളിയിക്കുന്നില്ല.
1974-ല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച ശേഷമാണ് രോഗം ഉണ്ടായത് എന്ന് വ്യക്തമാക്കുന്ന രേഖകളുടെ ലഭ്യത: ഇത് സംബന്ധിച്ച രേഖകള്‍ രോഗി ഹാജരാക്കണമെന്നതാണ് നിബന്ധന. 1974-നുശേഷം ഈ മുന്നൂറോളം രോഗങ്ങളില്‍ ഏതു വന്നാലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെടാനാകും എന്നൊരവസ്ഥ നിലവിലുണ്ട്. അതേസമയം, 1974-നുശേഷം എന്ന മാനദണ്ഡം നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല. 1981 മുതല്‍ കാസറഗോഡ് തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിയ്ക്കാന്‍ തുടങ്ങി. 1984 മുതല്‍ ചീമേനിയിലും. അതിനുമുമ്പ് 1976-77 കാലയളവില്‍ ആഡൂരില്‍ ഒരു പരീക്ഷണ തളിയ്ക്കല്‍ നടത്തി ഡാറ്റ അപഗ്രഥിച്ചിരുന്നു. അപ്പോഴും 1974-നുശേഷം എന്നൊരു തീയതി പ്രസക്തമാകുന്നില്ല.
രോഗിയോ രോഗിയുടെ മാതാപിതാക്കളോ എന്‍ഡോസള്‍ഫാനുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്നകാര്യം:
ഈ മാനദണ്ഡമനുസരിച്ച് രോഗിയോ രോഗിയുടെ മാതാപിതാക്കളോ എന്‍ഡോസള്‍ഫാന്‍ തളിച്ച കാലത്ത് തളിച്ച സ്ഥലങ്ങളില്‍ ജീവിച്ചിരുന്നോ കീടനാശിനിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം വന്നിരുന്നോ എന്നതാണ് പരിശോധനാ വിഷയം. എന്‍ഡോസള്‍ഫാന്‍ അമ്പതുകൊല്ലം ഉപയോഗിച്ച യൂറോപ്യന്‍ യൂണിയനിലോ ഓസ്ട്രേലിയയിലോ അമേരിക്കയിലോ ഒരു പഠനം എങ്കിലും കീടനാശക ആവശ്യത്തിനു തളിക്കുക വഴി ജനിതകമാറ്റംവന്ന് അടുത്ത തലമുറയില്‍ രോഗങ്ങള്‍ ഉണ്ടായി എന്നു തെളിയിക്കുന്നതായി ഇല്ലാതിരിക്കെയാണ് ഈ മാനദണ്ഡം വച്ചിരിക്കുന്നത്.
1981 മുതല്‍ 2000 വരെ എന്‍ഡോസള്‍ഫാന്‍ വായു മാര്‍ഗേണ തളിക്കുക വഴി 779 പേര്‍ വിഷബാധ മൂലം മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ രക്തത്തിലോ കൊഴുപ്പിലോ ഉള്ള എന്‍ഡോസള്‍ഫാന്റെ അളവോ മറ്റെന്തെങ്കിലുമോ മരണകാരണം നിശ്ചയിക്കുന്നതില്‍ തെളിവായി എടുത്തിട്ടില്ല. ആധുനിക വൈദ്യം തെളിവധിഷ്ഠിതമാണ് എന്നംഗീകരിക്കപ്പെടുമ്പോഴും എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലമാണ് മരിച്ചത് എന്നതിന് യാതൊരു തെളിവും നല്‍കേണ്ടതില്ല എന്നൊരവസ്ഥയും നിലവിലുണ്ട്.
മേല്‍ വിശദമാക്കിയ മാനദണ്ഡങ്ങള്‍ ഇതുവരെയും ഒരു വിദഗ്ധ സമിതിയും അംഗീകരിച്ചിട്ടില്ല എന്നതും കൗതുകകരമാണ്. അതായത്, സംസ്ഥാനതലത്തില്‍ ഉണ്ടാക്കിയ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലല്ല കോടിക്കണക്കിനു രൂപ കാസറഗോഡ് വിതരണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്‍ ജനിതക രോഗികളായി യഥേഷ്ടം മാറ്റാനാകുന്ന തരത്തില്‍ സാമൂഹികജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ഈ പ്രശ്നം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേമാക്കേണ്ടതുണ്ടെന്നു കാണാം. അങ്ങനെമാത്രമേ, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പരിക്കുപറ്റിയ വൈദ്യ നൈതികതയും മെഡിക്കല്‍ പ്രൊഫഷണലിസവും ബൗദ്ധിക സത്യസന്ധതയും പുനഃസ്ഥാപിക്കാന്‍ കഴിയൂ.
ഉപസംഹാരം
എന്‍ഡോസള്‍ഫാന്‍ വിഷബാധയുടെ പേരില്‍ കാസറഗോഡ് ജില്ലയില്‍ കോടിക്കണക്കിന് രൂപ പല പ്രകാരത്തില്‍ ചെലവഴിച്ചു കഴിഞ്ഞു. ഇനിയും ധനസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജില്ലയുടെ ആരോഗ്യമേഖലയില്‍ ആസൂത്രണത്തോടുകൂടി അര്‍ഥപൂര്‍ണ്ണമായി ചെലവാക്കേണ്ട തുകയാണ് ഇങ്ങനെ വക മാറ്റപ്പെടുന്നത്. ഇതിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. കേരള അംഗപരിമിത സെന്‍സസും മറ്റു സ്ഥിതിവിവരക്കണക്കുകളും കൃത്യമായി കാണിക്കുന്നത് കാസറഗോഡ് അധിക ആരോഗ്യ പ്രശ്നങ്ങളില്ല എന്നുതന്നെയാണ് (ref. 8, Sreekumar and Prathapan, 2021). മറ്റു ജില്ലകളിലും കാസറഗോഡ് തന്നെ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത പ്രദേശങ്ങളിലും കിടപ്പു രോഗികളും മാനസിക ശാരീരിക വെല്ലുവിളികള്‍ ഉള്ളവരും കാന്‍സര്‍ രോഗികളും ഉണ്ട്. പക്ഷേ, അവര്‍ക്കൊന്നും കാസറഗോഡ് ലഭിക്കുന്നതുപോലെ ധനസഹായവും മറ്റു സഹായങ്ങളും ലഭിക്കുന്നില്ല എന്നതും കാണേണ്ടതുണ്ട്. ധനസഹായ പദ്ധതികള്‍ വലിയ തോതില്‍ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ജില്ലാ കളക്ടറുടെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു (Lr. No. DCKSGD/ 15745/18/ EC2 dated 24.7.2020). ദുരിതബാധിതരുടെ പട്ടികയില്‍ ഒരുപാട് അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടും വെളിപ്പെടുത്തുന്നു (Lr. No. E1-14144,/17 vigilance and Anticorruption bureau dated 3.6.2017). 20,400 പേരാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഇടംപിടിക്കാനായി വിവിധ ആശുപത്രികളില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് എന്നതും ഈ പ്രശ്നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ തികച്ചും ആരോഗ്യപരമായ ഈ വിഷയം ശാസ്ത്രീയമായ കൃത്യതയോടെ സമീപിക്കുന്നതില്‍ പഠനത്തിലേര്‍പ്പെട്ടവരുടെ വൈദ്യനൈതികതയും ബൗദ്ധിക സത്യസന്ധതയും വിട്ടുവീഴ്ച ചെയ്യപ്പെട്ടു എന്ന് ഇതുവരെ നടത്തിയ വിശകലനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സമൂഹം മുമ്പോട്ട് പോകേണ്ടത് ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റേയും അടിസ്ഥാനത്തിലാവണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. തെളിവാധിഷ്ഠിതമായ ഒരു നയരൂപവല്‍ക്കരണ പ്രക്രിയയിലേക്കു ഭരണകര്‍ത്താക്കള്‍ വളരേണ്ടത് ആധുനിക സമൂഹനിര്‍മ്മാണത്തിനുള്ള മുന്നുപാധിയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹികപ്രശ്നത്തിലും ബൗദ്ധിക സത്യസന്ധത കൈവിടാതെയുള്ള അന്വേഷണങ്ങളും പുനഃപരിശോധനകളുമാണ് സയന്‍സ് കാട്ടിത്തരുന്ന നേര്‍വഴി.
- JCCMBR (Joint consensus conference on misconduct in biomedical research) (2000): >>>
- Scott-Lichter D (2012). The Editorial Policy Committee, CSE’s White Paper on Promoting Integrity in Scientific Journal Publications, Council of Science Editors.org
- Govt. of Kerala. (2015). Disability census 2015, District wise disability in table no. 2.3 and 2.4 pp.114-117, district wise bed ridden patients in table 3.6 pp 146. >>>
- Wager, E. and S. Kleinert (2011). Responsible research publication: international standards for authors. A position statement developed at the 2nd World Conference on Research Integrity, Singapore, Promoting Research Integrity in a Global Environment, pp 309-16, (ISBN 978-981-4340-97-7).
- Sreekumar, K. M. and K. D. Prathapan (2013). ‘A critique of the epidemiological studies on health in allegedly endosulfan- affected areas in Kasaragod, Kerala’ Current Science, 104 (1):16-21. >>>
- Sreekumar, K. M. (2015): List of patients classified as endosulfan victims in the medical camps.>>>
- Govt.of Kerala (2011) Report on Health effects of endosulfan and progress of rehabilitation activities in Kerala, Dept. of Health and Family Welfare, Govt. of Kerala, 20th April, 2011. >>>
- Sreekumar K.M. and Prathapan K.D (2021) An evidence based inquiry into the endosulphan tragedy of Kasaragod , Kerala. Economic and Political Weekly, October 9, 2021. >>>
- Epidemiological studiesrelated to health in Endosulfan affected areas at Kasaragod District, Kerala 21010-11 >>>
- Epidemiological study of health status of Population at Kasaragode District, Kerala, Part 1, II and III >>>