Read Time:5 Minute

സാബു ജോസ്

അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപണത്തിന് തയ്യാറായി. അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഈ ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിക്കും. 2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 2020 ജൂലൈ മാസത്തെ ലോഞ്ച് വിൻഡോയിൽ വിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉപഗ്രഹ വിക്ഷേപണം 2022 വരെ ദീർഘിക്കും. ജപ്പാന്റെ H – 2 A റോക്കറ്റാണ് വിക്ഷേപണ വാഹനം.

കടപ്പാട് emiratesmarsmission.ae

എമിറേറ്റ്സിലെ മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററാണ് അൽ-അമൽ ഓർബിറ്റർ നിർമിച്ചത്. കൊളറാഡോ യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, ബെർക്ക്ലേ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പേടകത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചൊവ്വയിലെ കാലാവസ്ഥാ ചക്രത്തേക്കുറിച്ചും പൊടിക്കാറ്റുകളേക്കുറിച്ചുമുള്ള പഠനമാണ് അൽ-അമൽ ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വാതകങ്ങൾ, പ്രധാനമായും ഓക്സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെ കാരണം അന്വേഷിക്കുന്നതും ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യത്തേക്കുറിച്ച് പഠിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. രണ്ട് വർഷമാണ് ഈ ഓർബിറ്റർ ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാവുക.

കടപ്പാട് www.emiratesmarsmission.ae

1350 കിലോഗ്രാം മാസുള്ള ഓർബിറ്ററിന് 2.37 മീറ്റർ വീതം നീളവും വീതിയും 2.9 മീറ്റർ ഉയരവുമുണ്ട്. രണ്ട് സോളാർ പാനലുകൾ ഉപയോഗിച്ച് 1800 വാട്ട്സ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് പേടകത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യും. ജപ്പാനിലെ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് ആണ് വിക്ഷേപണത്തിന്റെ കോൺട്രാക്ടർ. 20,000 കിലോമീറ്റർ സമീപ അക്ഷവും (Periareon) 43,000 കിലോമീറ്റർ വിദൂര അക്ഷവും (Apoareon) ഉള്ള ഭ്രമണപഥമാണ് അൽ-അമൽ പേടകത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. 55 മണിക്കൂർ കൊണ്ട് പേടകം ഒരു തവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യും.

കടപ്പാട് www.emiratesmarsmission.ae

2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിക്കപ്പെട്ടതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയായിരിക്കും രാജ്യം. പ്രതീക്ഷ (Hope) എന്നാണ് അൽ-അമൽ എന്ന വാക്കിന് അറബിക് ഭാഷയിലുള്ള അർഥം. 2014 ജൂലൈ മാസത്തിൽ എമിറേറ്റ്സ് പ്രസിഡണ്ടായിരുന്ന ഷേയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ആണ് അൽ-അമൽ പദ്ധതി പ്രഖ്യാപിക്കുന്നത്. അറേബ്യയിലെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബഹിരാകാശ പദ്ധതി ആയതുകൊണ്ടാണ് അൽ-അമൽ എന്ന പേര് സ്വീകരിച്ചത്. പേടകം ശേഖരിക്കുന്ന വിവരങ്ങൾ ലോകമെമ്പാടുമുള്ള ഇരുന്നൂറിൽ പരം സാങ്കേതിക സ്ഥാപനങ്ങളുമായി പങ്കു വയ്ക്കും. എമിറേറ്റ്സിന്റെ ഭാവി പദ്ധതികൾക്ക് ഐ.എസ്.ആർ.ഒ യുടെ പിൻതുണയുമുണ്ടാകും.

നാസ, ഇസ, റോസ്കോസ്മോസ്, ഇസ്റോ എന്നീ ബഹിരാകാശ ഏജൻസികളുമായി ചേർന്നാണ് അൽ-അമൽ സ്പേസ്ക്രാഫ്റ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇപ്പോൾ ചൊവ്വയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രേസ് ഗ്യാസ് ഓർബിറ്റർ, ചൊവ്വയുടെ ഭ്രമണപഥത്തിലുള്ള മാവെൻ എന്നീ സ്പേസ്ക്രാഫ്റ്റുകളുമായി അൽ-അമൽ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.


അൽ – അമൽ – എമിറേറ്റ് മാര്‍സ് മിഷന്റെ സഞ്ചാരപഥം

Animation of Emirates Mars Mission around Sun

ചൊവ്വയുടെ ഭ്രമണപഥത്തില്‍

Animation of Emirates Mars Mission around Mars


കൂടുതല്‍ വിവരങ്ങള്‍ക്ക്

  1. www.emiratesmarsmission.ae
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജാനറ്റ് പാര്‍ക്കറും വസൂരി നിര്‍മ്മാര്‍ജ്ജനവും
Next post ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ? 
Close