സൗരയൂഥഗ്രഹങ്ങളിലെ മൂലകങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി.8 സൗരയൂഥഗ്രഹങ്ങള്‍ കൂടാതെ ചന്ദ്രന്‍, പ്ലൂട്ടോ എന്നിവയിലെ പ്രധാന അഞ്ച് മൂലകങ്ങളെക്കുറിച്ചുള്ള ഗ്രാഫിക്സ് തയ്യാറാക്കിയത് Lunar and Planetary Institute ആണ്. ഇന്ന് ബുധനിലെ മൂലകങ്ങളെ പരിചയപ്പെടാം.
ബുധന്റെ ഉപരിതലത്തിലെ മൂലകങ്ങള്‍
സൗരയൂഥത്തിലെ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളിലുൾപ്പെടുന്ന അവസാന അംഗഗ്രഹമാണ് (end member) ബുധന്‍. സൂര്യനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഗ്രഹം. 2004 ൽ നാസ വിക്ഷേപിച്ച മെസ്സഞ്ചര്‍ MErcury Surface Space ENvironment GEochemistry and Ranging (MESSENGER) എന്ന ബഹിരാകാശ പേടകത്തിന്‍റെ സഹായത്തോടെ നടത്തിയ പഠനത്തിൽ നിന്നും സൾഫർ, അയൺ തുടങ്ങിയവയുടെ അധികസാന്നിധ്യമാണ് ബുധന്റെ പ്രതലത്തിൽ കണ്ടെത്താന്‍ കഴിഞ്ഞത്. ബുധന്റെ രൂപീകരണസമയത്ത് ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നു (ചന്ദ്രനെയും ശുക്രനെയും അപേക്ഷിച്ച്) എന്ന നിഗമനത്തിലേക്കാണ് ഇത് വഴി തുറന്നത്. ബുധനെ സംബന്ധിച്ചിടത്തോളം അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രൈമറി ക്രസ്റ്റിന്റെ ഘടനയാണ്. ഒരു ഗ്രഹത്തിൽ രൂപപ്പെടുന്ന ആദ്യ പുറന്തോടിനെയാണ് പ്രൈമറി ക്രസ്റ്റ് എന്നത്‌കൊണ്ട് അർത്ഥമാക്കുന്നത്. ബുധനിൽ ചന്ദ്രനു സമാനമായ പ്രൈമറി ക്രസ്റ്റ് രൂപീകരണം കാണാൻ കഴിയുമെങ്കിലും അതിന്റെ ഉപരിതലത്തിലുള്ള ഉരുകിയ പദാർത്ഥത്തിൽ (മാഗ്മ) ഗ്രഫൈറ്റാണ് ഒഴുകുന്നത്. എന്നാൽ ചന്ദ്രനിലാകട്ടെ അതിൽകാണപ്പെടുന്ന ഇരുണ്ട വസ്തുക്കള്‍ അഗ്നിപർവ്വത പ്രവർത്തനത്തിന്റെയും വെളുത്ത വസ്തുക്കള്‍ പ്ലേജിയോക്ലേസ് എന്ന ധാതുവിന്റേയും കാരണത്താലാകുന്നു. ഇതാണ് ചന്ദ്രന്റെ പ്രൈമറി ക്രസ്റ്റ് ഘടന. ഭാരം കൂടിയ ധാതുക്കൾ പുറന്തോടിന്റെ ഉള്ളിലേക്കും ഭാരം കുറഞ്ഞവ പ്രതലത്തിലും ഒഴുകുകയാണ് ചെയ്യുന്നത്. ബുധന്റെ ഭൂരിഭാഗം പുറന്തോടും അഗ്നിപർവ്വതപ്രവർത്തനത്താൽ മൂടപ്പെട്ടിട്ടുണ്ടെങ്കിലും കാർബൺ സമ്പന്നമായ ഈ പുറന്തോടിന്റെ അവശിഷ്ടങ്ങൾ ബുധന്റെ പ്രതലത്തിൽ രൂപപ്പെട്ട ഇംപാക്ട് ബേസിനുകളുടെ അഗ്രങ്ങളിൽ കാണാൻ കഴിയും. മറ്റു ഗ്രഹങ്ങളിൽ നിന്നും ബുധനെ വ്യത്യസ്തമാക്കുന്ന ചില കാര്യങ്ങളിൽ പ്രധാനം അതിനെ രൂപപ്പെടുത്തിയ ഘടകങ്ങളാണെന്ന് വ്യക്തമാണ്.
(പരിഭാഷ: ശ്രീബാല – ആസ്ട്രോ ക്ലബ്,തിരുവനന്തപുരം)
One thought on “സൗരയൂഥഗ്രഹങ്ങളും മൂലകങ്ങളും – ബുധന്‍”