
ലോകമെമ്പാടുമുള്ള പെൺകുട്ടികൾ മാറ്റുരയ്ക്കുന്ന ഗണിത ഒളിമ്പ്യാഡിൽ മലയാളി പെൺകുട്ടി സഞ്ജനചാക്കോയ്ക്ക് വെള്ളിമെഡൽ. 56 രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം. റിപ്പബ്ളിക് ഓഫ് കൊസോവയിൽ 2025 ഏപ്രിൽ 11 മുതൽ 17 വരെ നടന്ന 14-ാമത് യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്സ് ഒളിസ്യാഡിലെ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു സഞ്ജന. ഇന്ത്യൻ ടീമിൽ ഒപ്പമുണ്ടായിരുന്ന ശ്രേയ ശന്തനുവിന് വെള്ളി മെഡലും സായ് പാട്ടീൽ, ശ്രേയ ഗുപ്ത എന്നിവർക്ക് വെങ്കല മെഡലും ലഭിച്ചിട്ടുണ്ട്. ഇത്തവണ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ 12-ാം സ്ഥാനമാണുള്ളത്. മുംബൈയിലെ ഹോമി ഭാഭാ സെൻ്റർ ഫോർ സയൻസ് എഡ്യൂക്കേഷനാണ് ഇവരെ തിരഞ്ഞെടുത്തതും പരിശീലനം നൽകിയതും. സ്കൂൾ വിദ്യാർത്ഥികൾക്കായി രാജ്യമെമ്പാടും നടക്കുന്ന ഗണിത ഒളിമ്പ്യാഡിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ മിടുക്കുകാണിക്കുന്നവരിൽ നിന്നാണ് ഈ അന്താരാഷ്ട്ര മത്സരത്തിനുള്ള നാലംഗ ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ടീമംഗങ്ങളെല്ലാവരും മെഡലുകൾ നേടിയെന്നതും ശ്രദ്ധേയമാണ്.


സഞ്ജന ചാക്കോ
തിരുവനന്തപുരത്ത് മുക്കോല സെയ്ന്റ് തോമസ് റെസിഡെൻഷ്യൽ സ്കൂളിൽ പഠിക്കുന്ന സഞ്ജന ചാക്കോ ആദ്യമായല്ല ഇത്തരം നേട്ടം കൈവരിക്കുന്നത്. 2023-ൽ സ്ലൊവേനിയയിൽ വെച്ചു നടന്ന മത്സരത്തിൽ വെങ്കല മെഡലും 2024-ൽ ജോർജിയയിൽ വെച്ചു നടന്ന മത്സരത്തിൽ വെള്ളിമെഡൽ നേടിയിരുന്നു. 42 – ൽ 26 പോയിൻ്റ് നേടിയാണ് ഇത്തവണ വെള്ളിമെഡൽ കരസ്ഥമാക്കിയത്. സ്വർണ്ണമെഡലിനു വേണ്ട മിനിമം പോയിൻ്റ് 27 ആണ്. അതായത്ഒരു പോയിൻ്റിനാണ് സ്വർണ്ണമെഡൽ ലഭിക്കാതെ പോയത്. ഗണിതത്തിൽ വളരെ മിടുക്കിയായ ഓൺലൈൻ മാത് ക്ലബ് പോലെയുള്ള ഗ്രൂപ്പുകളിൽ സജീവമാണ്. സഞ്ജനയുടെ വീഡിയോകൾക്കുള്ള ചില ലിങ്കുകൾ ഇവിടെ ലഭ്യമാണ്.

ഒളിമ്പ്യാഡുകളെക്കുറിച്ചറിയാൻ ഹോമി ഭാഭാ സെൻ്ററിൻ്റെ ലിങ്കുകൾ ഇതാ: