അമേരിക്കയുടെ ആദ്യ അണുബോംബ് നിര്‍മാണ പ്രൊജക്ടില്‍ (മാന്‍ഹാട്ടന്‍ പ്രൊജക്ട്) പ്രമുഖ പങ്കുവഹിച്ച രണ്ടു ശാസ്‌ത്രജ്ഞരായിരുന്നു ഡേവിഡ് ഓപ്പണ്‍ഹൈമറും എഡ്‌ടെല്ലറും. രണ്ടുപേര്‍ക്കും ഭൗതികശാസ്‌ത്രത്തിന്റെ രീതികളും നന്നായി അറിയാമായിരുന്നു. യുറേനിയം അണുകേന്ദ്രത്തിലേക്ക് ഒരു ന്യൂട്രോണിനെ എയ്‌തുവിട്ടാല്‍ അത് അണുകേന്ദ്രത്തെ പിളര്‍ന്ന് എത്രമാത്രം ഊര്‍ജം സ്വതന്ത്രമാക്കുമെന്നവര്‍ കൃത്യമായി കണക്കുകൂട്ടി. ഹിറ്റ്‌ലര്‍ക്കും നാസി ആധിപത്യത്തിനും എതിരെ ശക്തിയേറിയ ആയുധം എന്ന നിലയ്‌ക്കാണ് അവര്‍ അണുബോംബ് നിര്‍മിക്കാന്‍ മുന്‍കയ്യെടുത്തത്. പക്ഷേ, അത് നിര്‍മിച്ചെടുത്തപ്പോഴേക്കും യുദ്ധം കഴിഞ്ഞിരുന്നു. ആയുധം നിര്‍മിച്ചാല്‍ ഒന്നു പ്രയോഗിച്ചു നോക്കണ്ടേ? അങ്ങനെയാണ് കീഴടങ്ങാന്‍ തയ്യാറായി നിന്ന ജപ്പാനുമേല്‍ അമേരിക്കന്‍ സൈന്യം അതു പ്രയോഗിച്ചത്. അതിന്റെ ഭീകരഫലങ്ങള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
ഹിരോഷിമയും നാഗസാകിയും കഴിഞ്ഞപ്പോള്‍ ഓപ്പണ്‍ ഹൈമര്‍ പറഞ്ഞു – ഇതു മനുഷ്യവിരുദ്ധമാണ്; ഈ ഗവേഷണം തുടരരുത്; സമാധാനത്തിനുള്ള ശ്രമങ്ങള്‍ ആണു വേണ്ടത്. എന്നാല്‍ എഡ്‌ടെല്ലര്‍ പറഞ്ഞു – കൂടുതല്‍ ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുണ്ടാക്കണം; അമേരിക്ക ലോകശക്തിയാകണം.
ശാസ്‌ത്രവും ശാസ്‌ത്രത്തിന്റെ രീതികളും അറിഞ്ഞതുകൊണ്ടു മാത്രം ശരിയായ തീരുമാനം എടുക്കാന്‍ കഴിയണമെന്നും മനുഷ്യസമൂഹം സുരക്ഷിതമാകണമെന്നുമില്ല എന്നാണിത് സൂചിപ്പിക്കുന്നത്.
ഒപ്പം, മികച്ച സാമൂഹ്യബോധം കൂടി വേണം. രണ്ടും കൂടി ചേര്‍ന്നതാണ് ശാസ്‌ത്രബോധം. അതു ശാസ്‌ത്രജ്ഞര്‍ക്കു മാത്രം പോര, എല്ലാവര്‍ക്കും വേണം. രാജ്യം ഭരിക്കുന്നവര്‍ക്ക് പ്രത്യേകം വേണം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിനും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനും അതുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ആയുധ നിര്‍മാണ മേഖല പൂര്
ണമായും സര്‍ക്കാറിന്റേതാക്കി നിലനിര്‍ത്തിയത്. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും അനുഭവം അവര്‍ക്കു മുന്നിലുണ്ടായിരുന്നു. സ്വകാര്യ വ്യവസായികളാകുമ്പോള്‍ ലാഭം വേണം; വ്യവസായം വികസിക്കണം. അതിന് ആയുധങ്ങള്‍ കൂടുതല്‍ വില്‍ക്കണം. അതിന് യുദ്ധങ്ങള്‍ വേണം. യുദ്ധങ്ങള്‍ രാജ്യങ്ങള്‍ തമ്മിലോ രാജ്യങ്ങള്‍ക്കുള്ളിലോ ആകാം. എന്തായാലും, സമാധാനം ആയുധനിര്‍മാണ വ്യവസായത്തിന്റെ ശത്രുവാണ്.
ഇപ്പോഴത്തെ നമ്മുടെ സര്‍ക്കാര്‍ ശാസ്‌ത്രബോധത്തോടൊന്നും വലിയ കൂറുള്ള കൂട്ടത്തിലല്ല. എങ്ങനെയും ശക്തിനേടണം; അതിനു ജനങ്ങള്‍ രണവീര്യമുള്ളവരാകണം. ബുദ്ധനും ഗാന്ധിജിയുമാണ് ഇന്ത്യയില്‍ അഹിംസയ്‌ക്കു പ്രചാരം നല്‍കിയത്. അതു തിരുത്തണം. ഒപ്പം ആയുധനിര്‍മാണം ശക്തിപ്പെടണം. അതിന് സ്വകാര്യ മേഖലയും വിദേശമൂലധനവും ഒക്കെയാവാം. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു.
ഇന്ത്യ പ്രവേശിക്കുന്നത് ആയുധ മത്സരങ്ങളുടെ ഒരു കാലഘട്ടത്തിലേക്കാണ്. അമേരിക്ക വിയറ്റ്‌നാം യുദ്ധവും കൊസോവോ ഇടപെടലും ഇറാക്ക് – ലിബിയ – സിറിയ യുദ്ധങ്ങളുമെല്ലാം നടത്തിയത് അമേരിക്കന്‍ ആയുധനിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്. അമേരിക്കന്‍ വിദേശനയം നിയന്ത്രിക്കുന്നതു തന്നെ അവരാണ്. നമ്മളും ആ വഴിക്കാണ് നീങ്ങുന്നത്.
പാവം നമ്മുടെ ജനത. ശാസ്‌ത്രവുമില്ല, ശാസ്‌ത്രബോധവുമില്ല. അക്ഷരവിദ്യപോലും പേരിന്. പൗരാണിക മഹത്വത്തില്‍ അഭിരമിക്കാന്‍ നിര്‍ബന്ധിതരായവര്‍, ഒരു പ്രതിഷേധവുമില്ലാതെ അവരിതെല്ലാം സ്വീകരിക്കുന്നു. ഇടയ്‌ക്കിടെ “ലോകാസമസ്‌തോ സുഖിനോഭവന്തു” എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് `വരൂ, വരൂ’ എന്ന് വിദേശ ആയുധനിര്‍മാതാക്കളെ നാം ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. അശാന്തി എത്ര പെരുകിയാലെന്ത്, നമ്മുടെ കയ്യില്‍ യോഗ ഉണ്ടല്ലോ !