ലഹരിക്കുള്ളിലെ ലഹരി – ഒരു അന്വേഷണം
“TOBACCO CAUSES PAINFUL DEATH” “QUIT TODAY” എന്ന വാചകവും വായിച്ച് ഗോൾഡ് ഫ്ലൈക്കിന്റെ പെട്ടിയും തുറന്ന് ഒരു കുറ്റി എടുത്തു ചുണ്ടിനോട് ചേർക്കുമ്പോൾ, ഒരു നിമിഷം. വേണോ? നല്ലതല്ലാട്ടോ…! എന്നിട്ടും ഞാൻ തുടർന്നു. എന്തുകൊണ്ട്.? എന്റെ ബുദ്ധിക്ക് അതീതമായി എന്നെ നിയന്ത്രിക്കുന്നതിന്റെ ശാസ്ത്രം എന്താണ്?
‘ലഹരി’ എന്ന വാക്കിനുതന്നെ എന്തൊരു ലഹരിയാണ്! വേട്ടചെയ്‌തു ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർതൊട്ട് തുടങ്ങുന്നുണ്ട് ലഹരികളുടെ കഥ. അസാധാരണമായ, എന്തിനെയും മനുഷ്യൻ ദൈവമായി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പയ്യെ, ലഹരികൾ മതങ്ങളിലേക്കും അവിടെ നിന്നു ആചാരങ്ങളിലേക്കുമായി മനുഷ്യന്റെ ഒപ്പം കൂടി, അല്ല! മനുഷ്യൻ ഒപ്പം കൂട്ടി. പിന്നീട് മനുഷ്യൻ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടങ്ങി. ബാധ, പ്രേതം, യക്ഷി അങ്ങനെ ഒരുപാടുപേർ ഇവിടെ വാണിരുന്നു, അതിലുപരി അവരെ ഒഴിപ്പിക്കുന്നവർ. കത്തനാർ, മന്ത്രവാദികൾ. പക്ഷേ, ഇവരുടെയൊക്കെ കഥ പൂട്ടിയത് ഈ സൈക്കോ ആക്റ്റീവ് ഡ്രഗ്ഗുകളെക്കുറിച്ചുള്ള പഠനങ്ങൾ വന്നതിന് പിന്നാലെയാണ്.
മതങ്ങളിലൂടെ, ലഹരി ഇതുവരെ
സസ്യശാസ്ത്രത്തിന്റെ പിതാവായ തിയോഫ്രാസ്റ്റസ്സും അവർക്കു മുന്നേ അരിസ്റ്റോട്ടിലുമൊക്കെ ഡറ്റുര എന്ന സസ്യത്തെവെച്ച് പല പരീക്ഷണങ്ങളും ചെയ്തിരുന്നു. ഡറ്റുര ഇന്ന് മിക്കവർക്കും സുപരിചിതമാണ്. ഈ അടുത്ത കാലത്തായി ഇറങ്ങിയ തമിഴ് ചിത്രം ലിയോയിൽ, ഹർലോഡ് ദാസ് എന്ന കഥാപാത്രത്തെ അഭിമുഖപ്പെടുത്തുമ്പോൾ പുറകുവശത്തെ പരീക്ഷണശാലയിൽ കാണുന്ന സസ്യമാണ് ഡറ്റുര. അപ്പോൾ ഇനി ഉപയോഗം പറയേണ്ടതില്ലല്ലോ? ‘ഒരു സ്റ്റേറ്റ് ഓഫ് യൂഫോറിയ’. മതിമറന്ന വലിയ ആനന്ദത്തിന്റെ അവസ്ഥ. എന്തുകൊണ്ട് എന്നതിനേക്കാളും, എങ്ങനെ ചെടിക്ക് ഇതു സാധിക്കുന്നു എന്ന് ആലോചിക്കുമ്പോൾ ശരിക്കും അത്ഭുതം തന്നെ.
ഒപ്പിയം പോപ്പി, ടർക്കിയുടെ സ്വന്തം പോപ്പി ചെടി. ഇവയിൽ നിന്നാണ് മോർഫിൻ, ഹെറോയിൻ എന്നിവ ഉണ്ടാക്കുന്നത്. മുകളിൽ പറഞ്ഞ മോർഫിനാണ് കാൻസർ രോഗികൾക്ക് വേദനസംഹാരിയായി നൽകുന്നത്. ശാരീരികമോ, മാനസികമോ ആയ വേദനകൾ താത്കാലികമായി മറക്കാം. അമേരിക്കൻ സിവിൽ യുദ്ധത്തിൽ പട്ടാളക്കാർ ഉപയോഗിച്ചിരുന്നതും ഇതൊക്കെത്തന്നെ. അറബികൾ കൊണ്ടുവന്ന് ഒരു കാലയളവിൽ ഇന്ത്യയുടെ സ്വന്തം കുത്തകയായി മാറിയ കറുപ്പിനെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ലല്ലോ?
ഭയത്തെയും സമ്മർദ്ദത്തെയും കുറയ്ക്കാൻ പുകയിലയിലെ നിക്കോട്ടിൻ ഉപയോഗിക്കുന്നതുപോലെ നൂറ്റാണ്ടുകളായി പെറുവിലെയും ബൊളിവിയയിലെയും തദ്ദേശീയർ (indigenous) ജോലിസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ് കൊക്ക ചെടിയിലെ കൊക്കൈൻ. വളരെ സാധാരണമായ സൈക്കോ ആക്റ്റീവ് ഡ്രഗ് ലിസ്റ്റിൽ മോശമല്ലാത്ത നാലാം സ്ഥാനമാണ് വെറ്റിലക്ക്.
1987ൾ ബ്രസീലിൽ അയാഹുഅസ്ക എന്ന പാനീയത്തിന്റെ മതപരമായ ഉപയോഗം നിയമപരമായി അംഗീകരിച്ചു. അല്ലാതെയുള്ള ഉപയോഗം ശിക്ഷാർഹമാണ്. എന്തിന് വേദകാലഘട്ടത്തിൽ സോമ എന്ന പാനീയവും ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ഇവയെല്ലാം പല ചെടികളുടെയും കൂട്ടാണ്. കൂടാതെ ഈ പാനീയങ്ങൾക്ക് ഹാലോസിനോജനിക് ഗുണവുമുണ്ട്.
പലവിധം പലയിനം
പ്രധാനമായും ഹലോസിനോജൻസ് രണ്ടു തരത്തിലുണ്ട് ക്ലാസ്സിക്കലും ഡിസോസൈറ്റീവും. ക്ലാസിക്കലിൽ വരുന്ന ഒന്നാണ് സൈലോസയ്ബിൻ. പേരു അത്ര സുഖമില്ല എങ്കിലും അതിന്റെ ജനനം ഒരു കാത്തിരിപ്പാണ്. പ്രകൃതി ഒരു നാൾ ഇവർക്ക് വഴി ഒരുക്കും. ഭൂമി മുഴുവൻ അന്ധകാരം പടർത്തി,നേരിയ പ്രകാശമായി മിന്നലുകളും, ഗാംഭീര്യം നിറയ്ക്കാൻ ഇടിയും ചേർന്നു മഴയായി ഭൂമിയിൽ പതിക്കുമ്പോൾ ജീവന്റെ ഒരു തുടിപ്പ് ആഴങ്ങളിൽനിന്ന് മുളപൊട്ടും. ‘മാന്ത്രിക കൂണുകൾ’ (Magic Mushrooms)
മറ്റൊരു കൂട്ടരാണ് എൽ എസ് ഡി, ഇവർ നമ്മുടെ ചുറ്റുവട്ടത്തുതന്നെ ഉണ്ടെങ്കിലും ലഭ്യതയും, തിരിച്ചറിയലും അല്പം പ്രയാസമാണ്. ഇവരുടെ കഥ യഥാർത്ഥത്തിൽ ഇവിടെ അല്ല, അങ്ങു മെക്സിക്കോയിലെ ഓക്സാക്ക എന്ന പട്ടണത്തിലാണ് തുടങ്ങുന്നത്. പേരുകേട്ട മാന്യൻ, ‘ബ്ലാക്ക്‌ഡിവൈൻ, മോർണിംഗ് ഗ്ലോറി, സീഡ്‌സ് ഓഫ് വെർജിൻ, കോട്ട് ഓഫ് ഹെവൻ’ അങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്നു. ആസ്ടെക്, സപ്പോടെക് എന്നീ മെക്സിക്കൻ നിവാസികൾ കാലങ്ങളായി ദൈവത്തിനോട് സംസാരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം. കേൾക്കുമ്പോൾ എന്തു വിഡ്ഢിത്തം എന്ന് തോന്നിയേക്കാം. പക്ഷേ ഇന്നും അവർ പവിത്രതയോടെ ഇത് തുടർന്ന് പോകുന്നു എന്നതാണ് അതിശയം.
ആമസോണിയൻ ചെടികളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഡി.എം.ടി ഒക്കെ ക്ലാസിക്കൽ ആകുമ്പോൾ ഡിസോസൈറ്റിവ് കൂട്ടർ നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് വിവരിക്കാൻ കഴിയാത്ത അവസ്ഥയിലേക്കു തളളിയിടാൻ കഴിവുള്ളവയാണ്. ഇവയുടെ കൂട്ടത്തിൽ വരുന്നവയാണ് ലൗ ബോട്ട് കെറ്റമിൻ എന്നിവ. ഇവരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. സിനിമകളിലോക്കെ ഡ്രിങ്ക്സിൽ കലക്കി കൊടുക്കുന്ന സീൻ. റേപ്പ് ഡ്രഗ് എന്നാണ് വിളിപ്പേര്. ഇംഗ്ലീഷിൽ എക്സ്റ്റസി എന്നാണ് ലഹരിയെ പറയുക, ഇന്ന് എക്സ്റ്റസി എന്ന് ഗൂഗിൾ ചെയ്താൽ എം ഡി എം എ എന്ന നിർമ്മിത ഡ്രഗ് ആയിരിക്കും ആദ്യം കാണുക.
ഇനി പറയാനുള്ളത് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ വരുന്ന ഒരു രീതിയെ പറ്റിയാണ്. ശാസ്ത്രീയമായി പറഞ്ഞാൽ ‘സെറ്റ് ആൻഡ് സെറ്റിങ്’.
സെറ്റ് എന്നാൽ വ്യക്തിയുടെ ശാരീരികമാനസികാവസ്ഥയാണ്. വ്യക്തിയുടെ ചുറ്റുപാടും സുഹൃവലയവും സാഹചര്യങ്ങളും ഉൾപ്പെട്ട സമൂഹ്യപരമായ തലമാണ് സെറ്റിങ്. അതായത് ലഹരി വസ്തു ഉപയോഗിക്കുന്ന ഒരാളുടെ അനുഭവത്തെ ഈ പറഞ്ഞ മൂന്നു തലങ്ങളും ആശ്രയിച്ചിരിക്കുന്നു. മറിയം വന്നു വിളക്കൂതി എന്ന മലയാളം സിനിമ കണ്ടാൽ കൂടുതൽ വ്യക്തമാകും. ഒന്നു ആലോചിക്കൂ, ഒരേ ലഹരിവസ്തു അഞ്ചു വ്യക്തികൾ ഉപയോഗിക്കുമ്പോൾ, അഞ്ചുപേർക്കും അഞ്ചു അനുഭവങ്ങൾ ഉണ്ടാകാനാണ് സാധ്യത. അതിനു കാരണം സെറ്റ് ആൻഡ് സെറ്റിങാണ്. അതുകൊണ്ട് തന്നെ ഒരു ലഹരിവസ്തു ഉപയോഗിക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതുതന്നെ കിട്ടും എന്നു കരുതരുത്, ലഭിക്കുന്നതെന്തും കൈനീട്ടി സ്വീകരിക്കാൻ തയ്യാറായിരിക്കണം. അതു ചിലപ്പോൾ മരണമായാലും അങ്ങനെ തന്നെ.
ലഹരികളുടെ ഉപയോഗം ശിക്ഷാർഹമാണ്, എന്തുകൊണ്ട് ?
1800 കളുടെ തുടക്കം തൊട്ടേ പലവിധത്തിലുള്ള നിയമങ്ങൾ ലഹരിമരുന്നുകൾക്കെതിരെ കൊണ്ടുവന്നിരുന്നു. മോർഫിൻ, ഒപ്പിയം എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തുകയും ചെയ്തു. ലഹരികളെക്കുറിച്ചുള്ള ശരിയായ പഠനങ്ങൾ ആരംഭിക്കുന്നത് 1930 കളിലാണ്. എന്നാൽ ആ പഠനങ്ങൾ എല്ലാം മനുഷ്യന്റെ ആരോഗ്യത്തെക്കാളും സമൂഹത്തിന്റെ ആരോഗ്യത്തിന് എന്തുമാറ്റം സംഭവിക്കുന്നു എന്നായിരുന്നു അന്വേഷിച്ചത്. അമേരിക്കൻ സൈക്യാട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ബെഞ്ചമിൻ റഷ് വിശ്വസിച്ചിരുന്നത് മദ്യപാനം പരാജയത്തിന്റെ ആശയമാണെന്നും, ആസക്തി രോഗമാണ് എന്നുമായിരുന്നു. പിന്നീട് ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അവയെ അഞ്ചായി തരംതിരിച്ചു. അതിൽ ഏറ്റവും അപകടമായതിനെ ഒന്നാം തട്ടിൽ ചേർത്തി. എൽ എസ് ഡി ഇതിനൊരു ഉദാഹരണമാണ്.
1971ൽ യു എസ് പ്രസിഡന്റ് നിക്സൺ “വാർ ഓൺ ഡ്രഗ്സ് “ എന്ന ആശയത്തിന് തുടക്കം കുറിച്ചു. സമൂഹത്തിന്റെ ഒന്നാമത്തെ ശത്രുവാണ് ഡ്രഗ്സ് എന്നും അതിന്റെ പ്രതിരോധത്തിന്നായി പ്രത്യേകസേനയും അദ്ദേഹം നിലവിൽ കൊണ്ടുവന്നു. അതിപ്പോൾ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചുപോകുന്നു. അങ്ങനെ പലരുടെയും ചിന്തകളും ശാസ്ത്രവും കോർത്തിണക്കി ധാർമ്മികതയുടെ പരാജയത്തെ ശിക്ഷാർഹമാക്കി.
മനശ്ശാസത്രപരമായ കണ്ണിലൂടെ നോക്കിയാൽ, ലഹരി എന്നത് ഒരു വസ്തുവിന്റെയോ, അവസ്ഥയുടെയോ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണെന്ന് പറയാം. ലഹരികൾക്ക് അടിമയാകാതെ നിങ്ങളുടെ ശ്രദ്ധ ഒന്നു നിങ്ങളിലേക്ക് തന്നെ തിരിച്ചുനോക്കൂ. നിങ്ങൾ തിരയുന്ന ലഹരി അത് സ്വന്തം ജീവിതത്തിൽ നിന്നും കണ്ടെത്തുന്നതോടെ അത്ഭുതങ്ങളും, കാണാക്കാഴ്ചകളും അവിടെ സംഭവിക്കുമെന്നത് തീർച്ച. പ്രകൃതിയിലെ വലിയ അത്ഭുതവും നിഗൂഢതയും മനുഷ്യൻ തന്നെയാണ്. മോർണിംഗ് ഗ്ലോറിപോലെതന്നെ തിരിച്ചറിയൽ അല്പം പ്രയാസമാണ് എന്ന് മാത്രം.
i read this but i feel some missing.