
ഡോ. ജോമോൻ മാത്യു
Associate Professor of Economics
College of Engineering,Trivandrum

ആൽഫ്രഡ് നൊബേലിന്റെ സ്മരണാര്‍ത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് സ്വെറിഗ്സ് റിക്സ്ബാങ്ക് നൽകുന്ന പുരസ്‌കാരം (സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍) ഈ വർഷം സാമ്പത്തിക ശാസ്ത്രജ്ഞരായ ഡാരൺ അസെമോഗ്ലു (Daron Acemoglu), സൈമണ്‍ ജോൺസൺ (Simon Johnson), ജെയിംസ് റോബിൻസൺ (James A. Robinson) എന്നിവർ കരസ്ഥമാക്കി.

1967-ൽ തുർക്കിയിലെ ഇസ്താംബൂളിൽ ജനിച്ച ഡാരോൺ അസെമോഗ്ലു, 1963-ൽ യുകെയിലെ ഷെഫീൽഡിൽ ജനിച്ച സൈമൺ ജോൺസൺ എന്നിവർ, യുഎസ്എയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർമാർ ആണ്. 1960ൽ ജനിച്ച ജെയിംസ് റോബിൻസൺ ഒരു ബ്രിട്ടീഷ് സാമ്പത്തിക – രാഷ്ട്രീയ ശാസ്ത്രജ്ഞനും, നിലവിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഹാരിസ് സ്കൂൾ ഓഫ് പബ്ലിക് പോളിസിയിലെ പ്രൊഫസറും ആണ്.
സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നൊബേൽ സമ്മാനം. യുറോപ്യന്‍ കോളനി വാഴ്ചക്കാര്‍ സ്ഥാപിച്ച രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്ഥാപനങ്ങളും സമൃദ്ധിയും തമ്മിലുള്ള ബന്ധം പുരസ്‌കാര ജേതാക്കൾ വിശദീകരിച്ചതായി നൊബേൽ പുരസ്‌കാര സമിതി വിലയിരുത്തി.

യൂറോപ്യർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോളനികൾ രൂപീകരിച്ചപ്പോൾ അത് അത്തരം സമൂഹങ്ങളിലെ വ്യവസ്ഥാപിതമായ സ്ഥാപനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കി. അത്തരം മാറ്റങ്ങൾ പലപ്പോഴും നടകീയവും വിഭിന്ന പ്രാദേശിക സ്വഭാവമുള്ളതും ആയിരുന്നു. ചില പ്രദേശങ്ങളിൽ തദ്ദേശീയരായ ജനങ്ങളെയും അവരുടെ വിഭവങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നു കോളനികളുടെ ലക്ഷ്യം. എന്നാൽ മറ്റു പലയിടങ്ങളിലും കോളനിക്കാർ യൂറോപ്യൻ കുടിയേറ്റക്കാരുടെ ദീർഘകാല നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങൾ രൂപീകരിക്കുകയും ചെയ്തു.

കോളനിവൽക്കരണ കാലത്ത് രൂപീകരിക്കപ്പെട്ട സാമൂഹിക സ്ഥാപനങ്ങൾ രാജ്യങ്ങൾ തമ്മിൽ അഭിവൃത്തിയിലും പുരോഗതിയിലും വ്യത്യാസം രൂപം കൊള്ളുന്നതിൽ നിർണായക പങ്കു വഹിച്ചു എന്ന് നോബൽ സമ്മാന ജേതാക്കൾക്ക് തെളിയിക്കുവാൻ സാധിച്ചു. കോളനിവൽക്കരണത്തിലൂടെ ദരിദ്ര്യമായി തീർന്ന പല രാജ്യങ്ങളും പിന്നീട് ഇത്തരം സാമൂഹിക സ്ഥാപനങ്ങളുടെ രൂപവൽക്കരണത്തോടെ പുരോഗതിയിലേക്ക് മുന്നേറുന്ന അവസ്ഥയും സംജാതമായി.
എക്സ്ട്രാക്ടീവ് സ്ഥാപനങ്ങൾ (ഡാരൺ അസെമോഗ്ലുയുടെ അഭിപ്രായത്തിൽ, ചെറിയൊരു വരേണ്യ വർഗ്ഗത്തിന്റെയോ ഭരണവർഗത്തിന്റെയോ കൈകളിൽ അധികാരവും വിഭവങ്ങളും കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥ) നിലനിൽക്കുന്ന രാജ്യങ്ങൾ പലപ്പോഴും താഴ്ന്ന സാമ്പത്തിക വളർച്ച പ്രകടിപ്പിക്കുന്നവയാണ്. അതേസമയം എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സ്ഥാപനങ്ങളുടെ ആവിർഭാവം സമൂഹത്തിൽ എല്ലാവർക്കും ദീർഘകാല പുരോഗതി സൃഷ്ടിക്കും. വിഭവ ചൂഷണം നിയന്ത്രണത്തിൽ നിർത്താത്തിടത്തോളം, രാജ്യത്തിൻറെ ഭാവി പുരോഗതിയെ കുറിച്ചുള്ള വാഗ്ദാനങ്ങൾ പലപ്പോഴും ജനങ്ങളിൽ വിശ്വാസ്യത വളർത്തുകയില്ല. നൊബേൽ ജേതാക്കളുടെ അഭിപ്രായത്തിൽ അതുതന്നെയാണ് രാഷ്ട്ര പുരോഗതിക്ക് തടസ്സമായി നിൽക്കുന്നതും. എന്നിരുന്നാലും നല്ല മാറ്റങ്ങളിലേക്കുള്ള വിശ്വസനീയമായ വാഗ്ദാനങ്ങൾ നൽകുവാനുള്ള കഴിവില്ലായ്മ ജനാധിപത്യവൽക്കരണത്തിലേക്ക് രാജ്യത്തെ നയിക്കാൻ ഇടയാക്കും.
ചുരുക്കത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള വരുമാനത്തിലെ വളർന്നുവരുന്ന അന്തരം കുറയ്ക്കുക എന്നത് പുതിയ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ്. ഇത് നേടുന്നതിന് സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ തെളിയിക്കുന്നു. സ്ഥാപനങ്ങൾ അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകൾ കാണിക്കുന്നത് , ജനാധിപത്യത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവർത്തനമാണ് സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വഴിയെന്നു തന്നെയാണ്. അതുതന്നെയാണ് റിക്സ് ബാങ്കിന്റെ ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാര പ്രഖ്യാപനത്തെ പ്രസക്തമാക്കുന്നതും.

നൊബേൽ ലേഖനങ്ങൾ


