
എ കെ ശിവകുമാർ
സീനിയർ എജ്യൂക്കേഷൻ ഓഫീസർ
WWF – ഇന്ത്യ , കേരള സംസ്ഥാന ഓഫീസ്, തിരുവനന്തപുരം


ഭൗമ മണിക്കൂർ
ഒരു കാലത്ത് പരിസ്ഥിതി വേദികളിലും ശാസ്ത്രവേദികളിലും മാത്രം ഒതുങ്ങിയിരുന്ന ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാനായി WWF എന്ന അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന തുടങ്ങിയ ഒരു പ്രതീകാത്മക പ്രചാരണ പരിപാടിയാണ് “എർത്ത് അവർ” അഥവാ “ഭൗമ മണിക്കൂർ”. എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള അത്യാവശ്യമില്ലാത്ത എല്ലാ സ്വിച്ചുകളും ഓഫ് ചെയ്ത് ഊർജ സംരക്ഷണ പ്രവർത്തിയിലൂടെയാണ് ഇതിന്റെ ഭാഗമാകുന്നത്. ഇത്തവണ, ആഗോളതലത്തിൽ അവസാനത്തെ ശനിയാഴ്ചക്കു പകരം മാർച്ച് 22, ശനിയാഴ്ചയാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. അന്ന് ലോക ജലദിനം കൂടിയാണ്. അതിനാൽ ഈ വർഷത്തെ ഭൗമ മണിക്കൂറിൽ ഊർജ സംരക്ഷണത്തോടൊപ്പം ജല സംരക്ഷണവും വിഷയമാകും.

ആഗോളതാപനത്തിനും അതോടനുബന്ധിച്ച കാലാവസ്ഥാ വ്യതിയാനത്തിനും ഒരു പ്രധാനകാരണം വർദ്ധിച്ചു വരുന്ന കാർബൺ ബഹിർഗമനമാണ്. പ്രത്യേകിച്ചും താപനിലയങ്ങളിലൂടെയുള്ള ഊർജ്ജ ഉല്പാദനത്തിൽ നിന്ന്. അതു കൊണ്ടാണ് ഊർജ്ജ സംരക്ഷണം ഇവിടെ പ്രധാന വിഷയമായി വരുന്നത്. നമ്മുടെ കേരളത്തിന്റെ ചിത്രവും മറ്റൊന്നല്ല. നമ്മൾ പ്രധാനമായും ജലവൈദ്യുത പദ്ധതികളെയാണ് ആശ്രയിക്കുന്നതെങ്കിലും വൈകുന്നേരത്തെ പീക്ക് ലോഡ് സമയത്ത് കേന്ദ്രപൂളിൽനിന്നുള്ള താപവൈദ്യുതിയാണ് നമ്മൾ ഉപയോഗിക്കുന്നത്. അതിനാൽ ഒരു മണിക്കൂറെങ്കിലും അത്യാവശ്യമില്ലാത്ത എല്ലാ സ്വിച്ചുകളും (ലൈറ്റുകൾ മാത്രമല്ല) ഓഫ് ചെയ്തു ഈ സംരംഭത്തിൽ പങ്കാളികളായി ആഗോളതലത്തിലുള്ള ഈ പ്രചാരണ പരിപാടിയെ വിജയിപ്പിച്ച് നമ്മുടെ ഭൂമിയ്ക്ക് വേണ്ടി സവിശേഷമായ ഒരു മണിക്കൂറിൽ അണി ചേരുന്നതിനും പിന്നെ അതൊരു ശീലമാക്കിയെടുക്കുന്നതിനും ഭൗമ മണിക്കൂറിനെ നമുക്ക് വേദിയാക്കാം. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്കു മാറികൊണ്ടും നമുക്ക് ഭൗമമണിക്കൂറിനെ വിജയിപ്പിക്കാം അതു പോലെ തന്നെ ഈ വർഷത്തെ ഭൗമ മണിക്കൂർ ജലദിനമായ മാർച്ച് 22 ന് ആയതിനാൽ ജലത്തിന് വേണ്ടിയും നമുക്കൊരു മണിക്കൂർ നൽകാം.

കഴിഞ്ഞ കുറേ വർഷങ്ങളായി ഭൗമ മണിക്കൂർ ആചരിക്കുന്നുണ്ടെങ്കിലും പലരും ഇതിനെകുറിച്ച് അറിയുന്നതും കൂടുതലായി ചിന്തിച്ച് ഇതിൽ പങ്കെടുക്കാൻ തുടങ്ങിയതും ഈ അടുത്താണ്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടിലുള്ള വർധനവാണ് ഫാനും എ സി യുമെല്ലാം അമിതമായി ഉപയോഗിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നതും തുടർന്ന് ഇന്ന് നാമെല്ലാവരും നേരിടുന്ന വലിയൊരു ഊർജ്ജ പ്രതിസന്ധിയ്ക്കുമുള്ള പ്രധാന കാരണം. അത് എല്ലാകാലവും തുടർന്ന് കൊണ്ട് പോകാൻ സാധിക്കില്ല എന്നത് പലരുടെയും മനസ്സിനെ അലട്ടുന്നത് കൊണ്ടാണ് ജനങ്ങൾ ഭൗമ മണിക്കൂറിൽ കൂടുതലായി പങ്കെടുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ പലരും വീട്ടിലെ ഊർജ്ജ ഉപയോഗത്തിൽ മാത്രമല്ല അവരുടെ ജീവിതത്തിലെ ഓരോ കാര്യത്തിലും അത് ഭൂമിയേയും മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ സാധനങ്ങൾ വാങ്ങുന്നതിലും,യാത്രയുടെ കാര്യത്തിലും, ആഹാരത്തിന്റെ കാര്യത്തിലും, വേസ്റ്റ് കൈകാര്യം ചെയുന്നതിലാണെങ്കിലും ഒക്കെ വളരെ ചിന്തിച്ച് മാത്രം പ്രവർത്തിക്കുന്നു. നിങ്ങൾക്കും അങ്ങനെ തുടർന്ന് പ്രവർത്തിക്കാൻ ഭൗമ മണിക്കൂർ ഒരു കാരണം ആകട്ടെ.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴി മലയാളികളുടെ ഇടയിൽ സുപരിചിതമാണ്. നമ്മുടെ ശീലങ്ങളിലെ ചെറിയ മാറ്റങ്ങൾ വഴി ചെറിയ കുട്ടി മുതൽ ഏതൊരാൾക്കും ഊർജ സംരക്ഷണ പരിപാടിയുടെ ഭാഗമാകാൻ കഴിയും എങ്ങനെയെന്നല്ലേ ? വെട്ടവും വെളിച്ചവും കയറുന്ന തുറന്ന വാതായനങ്ങളിലൂടെ, ടൈലിട്ടു മൂടാത്ത മുറ്റങ്ങളിലൂടെ, വീടിനു ചുറ്റും തണലേകുന്ന വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിലൂടെ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിലൂടെ, ആവശ്യമില്ലാത്ത ഫാനുകളും വിളക്കുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വിച്ചുകൾ ഓഫ് ചെയ്യുന്നതിലൂടെ,ആവശ്യത്തിന് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങുകയും പാചകം ചെയ്യുന്നതിലൂടെ, ഭാവിയിലെ കിട്ടാക്കനിയാണ് നമ്മുടെ ജലസമ്പത്ത് എന്ന ഉറച്ച ബോധ്യത്തോടെ അത് വിനിയോഗിക്കുന്നതിലൂടെ ! ഒരു മണിക്കൂറല്ല 24 മണിക്കൂറും എർത്ത് അവറിൽ ഭാഗമാകാൻ നമുക്ക് ഓരോരുത്തർക്കും കഴിയും.
ഭൗമ മണിക്കൂർ 2025 പോസ്റ്ററുകൾ





