അങ്ങനെ നമ്മൾ ആ ലക്ഷ്മണരേഖയും കടന്നു. പാരീസ് ഉടമ്പടിയൊക്കെ കടലാസ്സിൽ ഭദ്രം. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമാണ് കടന്ന് പോയത്. തന്നെയുമല്ല വ്യാവസായിക പൂർവ താപനിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ അധികമാവുന്ന ആദ്യ വർഷവുമാണ് 2024.
ഒന്നര നൂറ്റാണ്ടിലധികമായി തുടരുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം ഭൗമ കാലാവസ്ഥയെ എത്രത്തോളം മാറ്റിയിരിക്കുന്നുവെന്നതിന് അടിവരയിടുന്ന മറ്റൊരു നാഴികക്കല്ലാണ് കടന്ന് പോകുന്നത്. സംഭവഗതി യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവന ഏജൻസിയുടെ (Copernicus Climate Change Service (C3S)) ഡയറക്ടർ കാർലോ ബ്യൂണ്ടെമ്പോ ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. “അന്താരാഷ്ട്രതലത്തിൽ ശേഖരിക്കപ്പെട്ട, ആഗോള താപനിലയെ സംബന്ധിച്ച എല്ലാ ഡാറ്റാസെറ്റുകളും കാണിക്കുന്നത് 1850-ൽ രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനുശേഷം 2024 ഏറ്റവും ചൂടേറിയ വർഷമായിരുന്നു എന്നാണ്,” ബ്യൂണ്ടെമ്പോ പറയുന്നു.
C3S കണക്കുകൾ അനുസരിച്ച് വ്യാവസായിക പൂർവ താപനിലയേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ വർഷം, അതായത് 2024- ൽ. 2023 -ലെ റെക്കോർഡ് താപനിലയെ മറികടന്നിരിക്കുകയാണ്. ആഗോള താപനിലയിൽ വലിയ വ്യത്യാസത്തിൽ റെക്കോർഡ് സൃഷ്ടിച്ച വർഷമായിരുന്നു 2023. വ്യാവസായിക പൂർവ താപനിലയേക്കാൾ 1.45 ഡിഗ്രി സെൽഷ്യസ് അധികം. അത് മുൻ റെക്കോർഡ് വർഷമായ 2016 നെക്കാൾ 0.17 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്ന് C3S ഡാറ്റ പറയുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ 10 വർഷങ്ങളും കഴിഞ്ഞ ദശകത്തിലാണ് സംഭവിച്ചതെന്ന് C3S ഡാറ്റ സൂചിപ്പിക്കുന്നു. പാരീസ് ഉടമ്പടി പ്രകാരം, താപനം കഴിവതും 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയോ അല്ലെങ്കിൽ ഏത് നിലയിലും രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയോ ആയി പരിമിതപ്പെടുത്താൻ വേണ്ടി ശ്രമിക്കുമെന്ന് രാജ്യങ്ങൾ ധാരണയിലെത്തിയതാണ്. കരാർപ്രകാരം താപനില നിരവധി വർഷങ്ങൾ ഒരുമിച്ചുള്ള ശരാശരിയാണ് കണക്കാക്കുന്നത്. ആ നിലയിൽ 1 .5 ഡിഗ്രി സെൽഷ്യസ് പരിധി ഇതുവരെ ലംഘിച്ചെന്ന് പറയാനാവില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ പാരീസ് കരാറിൽ നിർവചിച്ചിരിക്കുന്ന 1.5°C ലെവൽ കടക്കുന്നതിന്റെ വക്കിലാണ് നമ്മൾ. കഴിഞ്ഞ രണ്ട് വർഷത്തെ ശരാശരി ഇതിനകം ഈ നിലയ്ക്ക് മുകളിലാണ്. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റിന് (European Center for Medium-Range Weather Forecasts) നേതൃത്വം നല്‌കുന്ന സാമന്ത ബർഗെസ് (Samantha Burgess) ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വളരെ ഉയർന്ന താപനിലകളിൽ പലതും ‘എൽ നിനോ’ പ്രതിഭാസവുമായി ബന്ധപ്പെടുത്തിയാണ് കാലാവസ്ഥാവിദഗ്ദ്ധർ വിശദീകരിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഭൂമദ്ധ്യരേഖയോട് ചേർന്ന ഭാഗങ്ങളിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടുപിടിക്കുന്ന പ്രതിഭാസമാണ്. ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസത്തിൻറെ ഭാഗമായാണ് ഇത് കണക്കാക്കാറുള്ളത്. ചൂടുപിടിച്ച ജലം അന്തരീക്ഷത്തിലേക്ക് ചൂട് പുറന്തള്ളുന്നു. ഇത് സാധാരണനിലയിൽ നിന്ന് ആഗോള താപനില ചെറുതായി ഉയരാൻ കാരണമാവുന്നു. ഭൗമകാലാവസ്ഥയിൽ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്നാൽ വ്യാവസായികപൂർവ്വ കാലത്തെ അപേക്ഷിച്ച് നിലവിലെ താപനില ഉയരാനുള്ള പ്രധാനകാരണം ഇവിടെ ആവർത്തിക്കേണ്ട കാര്യമില്ല. വർദ്ധനവിൻറെ സിംഹഭാഗത്തിൻറെയും ഉത്തരവാദിത്തം ഹരിതഗൃഹവാതകങ്ങൾക്ക് തന്നെയാണെന്ന് പൊതുവെ ഈ രംഗത്തുള്ളവർ അംഗീകരിച്ച കാര്യമാണ്. അന്തരീക്ഷത്തിൽ നിരന്തരം അളവ് ഉയരുന്ന ഇത്തരം വാതകങ്ങൾ മൂലം, അന്തരീക്ഷത്തിൽ കുടുങ്ങുന്ന അധിക താപമാണ് കാരണം. കഴിഞ്ഞ ഒക്ടോബറിൽ ലോക കാലാവസ്ഥാ സംഘടന (WMO) സ്ഥിരീകരിച്ചതനുസരിച്ച് 2023 -ൽ ആഗോളതലത്തിൽ ശരാശരി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 420 പി പി എം (parts per million – ppm ) എന്ന റെക്കോർഡ് നിലയിലാണെത്തിയത്. വ്യാവസായികപൂർവ്വ കാലഘട്ടത്തിലെ അളവ് ഏകദേശം 280 പിപിഎം ആയിരുന്നു.
അടുത്തവർഷത്തേക്കുള്ള പ്രവചനവും അത്ര ആശാവഹമല്ല. 2025 കഴിഞ്ഞ വർഷത്തെ റെക്കോർഡിനെ മറികടക്കുമെന്ന് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നില്ല എന്നത് വസ്തുതയാണ്. കാരണം ‘ലാ നിന’ പ്രതിഭാസം ആരംഭിച്ചിട്ടുണ്ട്. ‘എൽ നിനോ’യുടെ മറുവശമാണ് ‘ലാ നിന’. പസഫിക് സമുദ്രജലം സാധാരണനിലയെക്കാൾ തണുത്തതാവുന്നു. അത് പോലെ ആഗോള താപനിലയെ ചെറുതായി തണുപ്പിക്കുന്ന പ്രവണതയുമുണ്ട്. എന്നാൽ തണുപ്പിക്കൽ പ്രഭാവം ആപേക്ഷികമാണ്. ഇപ്പോഴത്തെ ‘ലാ നിന’ ദുർബലമായ ഒന്നായിരിക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. അത് കൊണ്ട് ‘ലാ നിന’ ഉണ്ടെങ്കിലും 2024 നും 2023 നും തൊട്ടുപിന്നാലെ, 2025 ഏറ്റവും ചൂടേറിയ മൂന്ന് വർഷങ്ങളിൽ ഒന്നായിരിക്കുമെന്നാണ് യു. കെ. യിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റ് ഓഫീസ് (UK Met Office) പ്രവചിക്കുന്നത്.“2016 ഒരു എൽ നിനോ വർഷമായിരുന്നു, ആ സമയത്ത് ആഗോള താപനിലയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു അത്, എന്നിരുന്നാലും, 2025 ലെ ഞങ്ങളുടെ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2016 ഇപ്പോൾ വളരെ ശീതളമായി തോന്നുന്നു.” ഡിസംബറിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മെറ്റ് ഓഫീസിലെ ആദം സ്കൈഫ് പറഞ്ഞത് അങ്ങനെയാണ്.
താപനില ഉയരുന്നത് നിയന്ത്രിക്കുന്നതിനും അതിലൂടെ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനും കാർബൺ പുറന്തള്ളൽ വേഗത്തിൽ കുറയ്ക്കേണ്ടതുണ്ട്. “ഭാവി നമ്മുടെ കൈകളിലാണ്,” ബ്യൂണ്ടെമ്പോ വാർത്താക്കുറിപ്പിൽ പറഞ്ഞു. “വേഗത്തിലുള്ള നിർണ്ണായകമായ നടപടികൾക്ക് ഇനിയും നമ്മുടെ ഭാവി കാലാവസ്ഥയുടെ ഗതി മാറ്റാൻ കഴിയും.” ലോസ് ഏഞ്ചലസിലുണ്ടായ തീപിടിത്തം, മറ്റ് പലയിടങ്ങളിലുമുണ്ടാകുന്ന കടുത്ത വരൾച്ച, അതിവൃഷ്ടി തുടങ്ങിയ ദുരന്തസംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. പക്ഷേ ലോസ് ആഞ്ചലസിന് കിട്ടുന്ന ശ്രദ്ധയും പ്രാധാന്യവും നമ്മുടെ നാട്ടിലെ അതിവൃഷ്ടിക്കും ആഫ്രിക്കയിലെയും മധ്യപൂപൂർവ്വപ്രദേശങ്ങളിലെയും കൊടിയവരൾച്ചയ്ക്കും കിട്ടണമെന്നില്ല.
ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ എന്ന നിലയിൽ, പുനരുപയോഗക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗം ലോകത്ത് സമീപ വർഷങ്ങളിൽ വേഗം വളർന്നിട്ടുണ്ടെന്നാണ് കണക്കുകൾ. പക്ഷേ കാർബൺ പുറന്തള്ളലിനെ പിടിച്ച് നിർത്താൻ മതിയാവുന്ന തോതിലൊന്നും എത്തിയിട്ടില്ല. ലോകമെങ്ങും വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ പിന്നോട്ടടിക്കുന്നുണ്ട്. പാശ്ചാത്യവികസിത രാജ്യങ്ങളുടെ ഇക്കാര്യത്തിലെ ഉത്തരവാദിത്വത്തെക്കുറിച്ച് ഇവിടെ വിവരിക്കാൻ ഒരുമ്പെടുന്നില്ല. ബൈഡൻ ഭരണകൂടത്തിൻറെ കാലത്ത് ഈ രംഗത്ത് കൈവരിച്ച പരിമിതമായ പുരോഗതി തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അമേരിക്കയിലെ രാഷ്ട്രീയ കാറ്റുകൾ അതിന് ഒട്ടും അനുകൂലമല്ല. രണ്ടാമൂഴത്തിന് ഇറങ്ങുന്ന നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പ് പാരീസ് ഉടമ്പടിക്കൊന്നും കടലാസ്സ് വില നൽകില്ല. യു.എസ്.
ഫോസിൽ-ഇന്ധന ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പരിമിതപ്പെടുത്തുന്ന ഫെഡറൽ നിയമങ്ങൾ അസ്ഥിരപ്പെടുത്തുമെന്നും ശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടാതെയാണ് പശ്ചിമേഷ്യയിലും യൂറോപ്പിലെയും യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതകളും. കൂട്ടത്തിൽ ഗ്രീൻലൻഡിനും പനാമയ്ക്കും ക്യാനഡയ്ക്കും നേരെ നീളുന്ന ട്രമ്പിൻറെ പിടിച്ചെടുക്കൽ ഭീഷണികളും. ഇങ്ങനെ ആശാവഹമല്ലാത്ത ഭാവി സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളും നമ്മുടെ സംസ്ഥാനവും കാലാവസ്ഥാഅനുകൂലനനടപടികളിൽ (climate adaptation) കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
റഫറൻസുകൾ
- Jeff Tollefson, Earth breaches 1.5 °C climate limit for the first time: what does it mean? Nature, 10 January 2025 >>>
- Copernicus: 2024 is the first year to exceed 1.5°C above pre-industrial level, Global Climate Highlights 2024 >>>
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും