പ്രൊഫ കെ പാപ്പൂട്ടി
എഡിറ്റർ
ശാസ്ത്രലോകത്തിന് ഇന്ത്യ നൽകിയ വലിയ സംഭാവനയായിരുന്നു ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലി. ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ അദ്ദേഹം നൽകി. അതിൽ ചിലതിനൊക്കെ അവകാശികളായി മറ്റു ചിലർ വന്നു, അവർ അംഗീകാരങ്ങൾ നേടിയെടുത്തു. പലതവണ നൊബേൽസമ്മാനത്തിന് നിർദേശിക്കപ്പെട്ടെങ്കിലും ഒരിക്കൽ പോലും അതു ലഭിക്കുകയുണ്ടായില്ല. ഇന്നിപ്പോൾ അദ്ദേഹം ഓർമയായിക്കഴിഞ്ഞു. കഴിഞ്ഞ മെയ് 14ന്, 86-ാം വയസ്സിൽ അദ്ദേഹം ടെക്‌സാസിൽ അന്തരിച്ചു.
1931 സെപ്റ്റംബർ 16ന് കോട്ടയം ജില്ലയിലെ പള്ളത്ത് ആണ് എണ്ണയ്ക്കൽ ചാണ്ടി ജോർജ് ജനിച്ചത്. പേരിലെ ആദ്യാക്ഷരങ്ങളാണ് ഇ.സി.ജി. സുദർശൻ എന്ന പേര് പിന്നീട് സ്വീകരിച്ചതാണ്. ബിരുദപഠനം കോട്ടയം സി.എം.എസ് കോളേജിൽ. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് എം.എസ്സ്‌സി. 1962ൽ ഗവേഷണത്തിന് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) ചേർന്നു. അവിടെ പ്രഭാഷണം നടത്താൻ വന്ന മാർഷക്ക് (Robert Eugene Marshak) എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ അയാളുടെ പ്രതിഭ തിരിച്ചറിഞ്ഞ് റോച്ചസ്റ്റർ സർവകലാശാലയിലേക്ക് ക്ഷണിച്ചു. അവിടെ നിന്നാണ് പിഎച്ച്.ഡി. തുടർന്ന് രണ്ടു വർഷം ഹാർവാഡിൽ ജോലി ചെയ്തു. 1964ൽ ന്യൂയോർക്കിലെ റിസാക്യൂസ് സർവകലാശാലയിൽ അധ്യാപകനായി. 1969ൽ ടെക്‌സാസിലെ സെന്റർ ഫോർ പാർട്ടിക്ക്ൾ ഫിസിക്‌സിന്റെ ഡയറക്ടർ ആയി. 1971ൽ അവിടെ പ്രൊഫസർ ആയി. 40 വർഷത്തോളം അവിടെത്തന്നെ ജോലിനോക്കി. അതിനിടെ 71-91 കാലത്ത് ബാംഗ്ലൂർ IISc യിൽ പ്രൊഫസറായും 84-91 കാലത്ത് മദ്രാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിന്റെ ഡയറക്ടറായും സേവനമനുഷ്ടിച്ചു (6 മാസം വീതം ഇന്ത്യയിലും ടെക്‌സാസിലും).
ശാസ്ത്രരംഗത്തെ സംഭാവനകൾ
1957 ലാണ് മാർഷക്കുമായി ചേർന്ന് പ്രശസ്തമായ V-A സിദ്ധാന്തം ആവിഷ്‌ക്കരിക്കുന്നത്. പ്രകൃതിയിലെ നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നും ബീറ്റാശോഷണം എന്ന പ്രതിഭാസത്തിന് കാരണവുമായ അശക്തബലത്തെ (weak force) വിശദീകരിക്കാൻ സഹായിച്ച സിദ്ധാന്തമായിരുന്നു അത്. നിർഭാഗ്യവശാൽ അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ മാർഷക്ക് പോലും പരാജയപ്പെട്ടു. എന്നാൽ ഷെൽഡൻ, ഗ്ലാഷോ, അബ്ദുസ്സലാം എന്നീ ശാസ്ത്രജ്ഞർ അതിന്റെ അടിസ്ഥാനത്തിൽ അശക്തബലത്തെയും വിദ്യുത്കാന്തികബലത്തെയും സംയോജിപ്പിച്ച് ‘ഇലക്‌ട്രോവീക്ക് സിദ്ധാന്തം’ വികസിപ്പിച്ചെടുക്കുകയും 1979 ലെ നൊബേൽസമ്മാനം നേടിയെടുക്കുകയും ചെയ്തു. ‘ഒന്നാംനില പണിതവരെ പരിഗണിക്കാതെ രണ്ടാംനില പണിതവർക്ക് നിർമാണ ചാതുരിക്കുള്ള സമ്മാനം കൊടുക്കുംപോലെ’ എന്നായിരുന്നു സുദർശന്റെ ഇതിനെക്കുറിച്ചുള്ള പരിഹാസം. മൂന്നിലേറെപ്പേർക്ക് ഒരേസമയം നൊബേൽസമ്മാനം നൽകാറില്ല എന്നത് നൊബേൽ കമ്മറ്റിയുടെ ന്യായീകരണവും.
1962ൽ ശാസ്ത്രരംഗത്ത് കോളിളക്കം സൃഷ്ടിച്ച ഒരാശയം സുദർശൻ അവതരിപ്പിച്ചു. പ്രകാശത്തേക്കാൾ വേഗത്തിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ടാക്കിയോണുകൾ എന്ന കണം ഉണ്ടായേക്കാം എന്ന നിഗമനമായിരുന്നു അത്. വിരാമാവസ്ഥയില്‍ m0 മാസ്സുള്ള ഒരു കണം ‘v’ വേഗത്തിൽ ചലിക്കുമ്പോൾ അതിന്റെ മാസ് m = m0/√(1-v2/c2) ആയിരിക്കും എന്നാണല്ലോ ഐൻസ്റ്റൈൻ സമവാക്യം പറയുന്നത്. v=c ആയാൽ മാസ്സ് അനന്തമാകണം (m=m0/0). ഇത് അസാധ്യമായതുകൊണ്ട് പദാർഥകണത്തിന് ഒരിക്കലും പ്രകാശവേഗം ആർജിക്കാനാകില്ല. എന്നാൽ ഐൻസ്റ്റൈൻ സമവാക്യം പാലിക്കുന്ന, പ്രകാശവേഗത്തിലും കൂടിയ വേഗത്തിൽ (ഉദാ: v=zc) മാത്രം സഞ്ചരിക്കുന്ന കണങ്ങൾ ഉണ്ടായിക്കൂടേ?
പറ്റില്ലെന്ന് ഐൻസ്റ്റൈന്റെ നിയമം പറയുന്നില്ല. ഇത്തരം കണങ്ങളെയാണ് സുദർശൻ ടാക്കിയോണുകൾ എന്നുവിളിച്ചത്. എന്നാൽ അത്തരം ഒരു കണത്തെ കണ്ടെത്താൻ നടത്തിയ ഒരു ശ്രമവും ഇതുവരെ ഫലം കണ്ടില്ല.
ടാക്കിയോണുകൾ
ടാക്കിയോൺ എന്നതിന് ഗ്രീക്കുഭാഷയിൽ അതിവേഗമുള്ള ഒരു കണം എന്നാണർഥം. പ്രകാശത്തേക്കാൾ വേഗതയുള്ളത് എന്ന അർഥമാണ് സുദർശൻ ഉദ്ദേശിച്ചത്. 1962ൽ ബിലാന്യൂക്, ദേശ് പാണ്ഡേ (OMP Bilanuk, V.K.Deshpande) എന്നിവരോടൊപ്പമാണ് സുദർശൻ ടാക്കിയോൺ സങ്കൽപ്പം അവതരിപ്പിക്കുന്നത്. ഐൻസ്റ്റൈന്റെ m = m0/ √(1-v2/c2) എന്ന സമവാക്യത്തിൽ v, c യേക്കാൾ വലുതായാൽ എന്താ സംഭവിക്കുക എന്നാണവർ സൈദ്ധാന്തികമായി പരിശോധിച്ചത്. ഉദാ. v = 2c ആണെന്നിരിക്കട്ടെ. അപ്പോൾ, √(1-v2/c2)= √(1-4) = √-3 = i3; (i = √-1) അപ്പോൾ m = m0/i3 = – i m0/3 മാസ്സ് സാങ്കൽപ്പികം (imaginary) ആകും എന്ന പ്രശ്‌നമേയുള്ളൂ. v = 5c ആണെങ്കിലോ? m = -i m0/√24 എന്നു കിട്ടും. അതായത് വേഗം കൂടുന്തോറും മാസ് കുറഞ്ഞുവരും. അതായത് ഇത്തരം കണങ്ങളുടെ ഊർജം അഥവാ മാസ് ഏറ്റവും കൂടുതലായിരിക്കുക പ്രവേഗം പ്രകാശവേഗത്തോട് അടുക്കുമ്പോഴാണ്. ഊർജം/ മാസ്സ് ഏറ്റവും കുറവായിരിക്കുക പ്രവേഗം അനന്തതയോടടുക്കുമ്പോഴും. ടാക്കിയോണുകളുടെ വേഗം കുറയ്ക്കാൻ കൂടുതൽ ഊർജം നൽകേണ്ടിവരും എന്നർഥം. സാധാരണതിയിൽ പദാർഥം ഏറ്റവും കുറഞ്ഞ ഊർജാവസ്ഥ പ്രാപിക്കാനാണ് പ്രവണത എന്ന കാര്യം പരിഗണിക്കുമ്പോൾ ടാക്കിയോണുകളിൽ ഭൂരിഭാഗവും അനന്തവേഗം പ്രാപിക്കാൻ ശ്രമിക്കും എന്നർഥം. ഇത് ഒട്ടും യുക്തിസഹമല്ല എന്ന നിലപാടാണ് മിക്ക ഭൗതികശാസ്ത്രജ്ഞരും സ്വീകരിച്ചത്.
സുദർശന്റെ പ്രമുഖമായ മറ്റൊരു സംഭാവന കൊഹിറന്റ് പ്രകാശത്തിന്റെ ക്വാണ്ടം പ്രതിനിധാനം (quantum representation of Coherent light) സംബന്ധിച്ചാണ്. പ്രകാശത്തിന്റെ ചില സവിശേഷതകൾ വിശദമാക്കാൻ വിദ്യുത് കാന്തിക സിദ്ധാന്തവും മറ്റു ചിലതിനു ക്വാണ്ടം സിദ്ധാന്തവും എന്ന അവസ്ഥയ്ക്ക് പകരം ക്വാണ്ടം സിദ്ധാന്തം മാത്രം കൊണ്ട് ഏതു പ്രകാശിക ഗുണവും വിശദീകരിക്കാമെന്നാണ് സുദർശൻ വ്യക്തമാക്കിയത്. ക്വാണ്ടം ഓപ്റ്റിക്‌സ് എന്ന ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിക്കുകയായിരുന്നു ഇതുവഴി അദ്ദേഹം. 1963ലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. തുടക്കത്തിൽ ഇതിനെ നിരാകരിച്ച ഗ്ലൗബർ എന്ന ശാസ്ത്രജ്ഞൻ പിന്നീട് സുദർശൻ ‘വികർണമാട്രിക്‌സ്’ (diogonal matrix) എന്നു വിളിച്ച പ്രതിനിധാനത്തെ വലിയ മാറ്റം കൂടാതെ പി.മാട്രിക്‌സ് എന്ന പേരിൽ സ്വന്തമായി അവതരിപ്പിച്ചു. പിന്നീട് ഇത് ‘സുദർശൻ – ഗ്ലൗബർ പ്രതിനിധാനം’ എന്ന പേരിൽ അറിയപ്പെട്ടു. 2005ൽ ഈ കണ്ടെത്തലിന് നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഗ്ലൗബറിന്റെ പേരേ അതിലുണ്ടായുള്ളൂ. ഇതിനെതിരെ നിരവധി ശാസ്ത്രജ്ഞർ നൊബേൽ അക്കാദമിയോട് പ്രതിഷേധിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
തിളച്ചുതൂകുന്ന പാലും ക്വാണ്ടം സെനോ പ്രഭാവവും
പലർക്കും പലപ്പോഴും ഉണ്ടായിരിക്കാൻ ഇടയുള്ള അനുഭവമാണ്, പാൽ തിളയ്ക്കാൻ വെച്ചിട്ട് നോക്കിനിൽക്കും. തിളയ്ക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. പക്ഷേ, താഴെ വീഴുന്ന സ്പൂണെടുക്കാൻ ഒന്നു തിരിഞ്ഞതേയുള്ളൂ, അതാ കിടക്കുന്നു പാൽ തിളച്ചുതൂകി നിലത്ത്. ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? ഉണ്ടാവാൻ വഴിയില്ല എന്ന് ശാസ്ത്രം അറിയുന്ന എല്ലാവർക്കും അറിയാം. പാൽ തിളനിലയിലെത്തിയാൽ തിളയ്ക്കും, നിങ്ങൾ നോക്കിനിന്നാലും ഇല്ലെങ്കിലും. സംശയമുള്ളവർക്ക് ചെയ്തുനോക്കാം. ഒരേപാത്രത്തിൽ ഒരേ അളവ് പാൽ ഒരേ ഫ്‌ളേമിൽ തിളപ്പിച്ച് നോക്കി സമയമളക്കുക, ഒരിക്കൽ നോക്കിനിന്നും ഒരിക്കൽ നോക്കാതെ നിന്നും. എന്നാൽ ക്വാണ്ടം വ്യവസ്ഥകളുടെ (Quantum systems) കാര്യത്തിൽ അങ്ങനെയല്ല എന്നാണ് സുദർശൻ – മിശ്ര പ്രബന്ധം പറയുന്നത്. നോട്ടം എന്നതിനർഥം ഇവിടെ അളക്കൽ എന്നാണ്. ഓരോ അളവും വ്യവസ്ഥയിൽ ഇടപെടലാണ്. അത് വ്യവസ്ഥയെ മാറ്റിത്തീർക്കും. ഉദാഹരണത്തിന് ഉത്തേജിതമായ ഒരു ആറ്റം ഒരു ഫോട്ടോൺ പുറത്തുവിട്ട് താഴ്ന്ന ഊർജാവസ്ഥയിലേക്കു വരുന്ന പ്രശ്‌നം എടുക്കുക. ഉത്തേജിതാവസ്ഥയിൽ അതിന്റെ ആയുസ്സ് T എന്നിരിക്കട്ടെ. T യെ തുല്യമായ n അംശങ്ങളാക്കുന്നു. t= T/n. ഇനി, t സമയം ഇടവിട്ട് ആറ്റം ഫോട്ടോൺ ഉത്സർജിച്ചോ എന്ന് നിങ്ങൾ പരിശോധിക്കുന്നു എന്നു കരുതുക. ഓരോ നിരീക്ഷണവും ക്വാണ്ടം വ്യവസ്ഥയിലെ ഇടപെടൽ ആയതുകൊണ്ട് വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നു. തരംഗഫലനം (wave function) തകരുന്നു (collapses) വ്യവസ്ഥ പുതിയ തരംഗഫലനം സ്വീകരിക്കുന്നു. ഇത് ആവർത്തിക്കപ്പെടുന്നു. K എത്രകണ്ട് ചെറുതായിരിക്കുന്നോ, അഥവാ ഇടപെടൽ ആവൃത്തി എത്രകണ്ട് കൂടുന്നുവോ, അത്രകണ്ട് വ്യവസ്ഥ ഉത്തേജിതാവസ്ഥയിൽത്തന്നെ തുടരാൻ ഇടയാകുന്നു. ആയുസ്സ് എത്രയെങ്കിലും നീട്ടാൻ പറ്റും എന്നർഥം. ഇതാണ് ക്വാണ്ടം സെനോ പ്രഭാവം എന്നറിയപ്പെടുന്നത്. ആണവശോഷണം പോലുള്ള പ്രശ്‌നങ്ങളിൽ ആയുസ്സ് തന്നെ തീർത്തും ചെറുതായതുകൊണ്ട് അതിലും വളരെച്ചെറിയ സമയാന്തരാളത്തിൽ നിരീക്ഷണം നടത്താനുള്ള നമ്മുടെ ശേഷി പരിമിതമാണ്. അതുകൊണ്ട് ക്വാണ്ടം സെനോപ്രഭാവം ദൃശ്യമാക്കാൻ സാധ്യത കുറവാണ്.[/box]
തുറന്ന ക്വാണ്ടം വ്യവസ്ഥകളെ പഠിക്കാനുള്ള ഡൈനാമിക്കൽ മാപ്പിംഗ്, ബൈദ്യനാഥമിശ്രയുമായി ചേർന്ന് കണ്ടെത്തിയ ‘ക്വാണ്ടം സെനോപ്രഭാവം’ (Quantum Zeno effect), ‘ക്വാണ്ടം സ്പിൻ പ്രഭാവം’ തുടങ്ങി വിലപ്പെട്ട വേറെയും സംഭാവനകൾ സുദർശന്റേതായുണ്ട്. 1953ൽ ഗവേഷണം ആരംഭിച്ചതു മുതൽ 2015 വരെ 500-ലധികം ഈടുറ്റ ശാസ്ത്രപ്രബന്ധങ്ങൾ സുദർശൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൊബേൽസമ്മാനത്തോളം തന്നെ വിലപ്പെട്ട, സൈദ്ധാന്തിക ഭൗതികത്തിലെ കണ്ടെത്തലുകൾക്കുള്ള ഡിറാക് മെഡൽ (2010), മജോറാനാപ്രൈസ് (2006), ബോസ് മെഡൽ (1979), സി.വി.രാമൻ അവാർഡ് (1970) തുടങ്ങിയ നിരവധി സമ്മാനങ്ങൾക്ക് സുദർശൻ അർഹനായിട്ടുണ്ട്. 1975ൽ പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി ഭാരതസർക്കാറും അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ശാസ്ത്ര പുരസ്‌കാരം കേരള സർക്കാർ സംസ്ഥാപിച്ചപ്പോൾ ആദ്യ പുരസ്‌കാരത്തിന് അർഹനായതും സുദർശനാണ് (2013).
സുദർശൻ എന്ന വ്യക്തി
പള്ളത്തെ ഒരു സിറിയൻ ക്രിസ്റ്റ്യൻ കുടുംബത്തിൽ ജനിച്ച ചാണ്ടി ജോർജ് ഇ.സി.ജി.സുദർശൻ ആയത് 1954 ൽ സഹപാഠിയായിരുന്ന ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും തുടർന്ന് ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തതിനുശേഷമാണ്. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും മൈസൂരിലെ ചീഫ് ജസ്റ്റിസുമായിരുന്ന ശ്രീനിവാസറാവുവിന്റെ മകൾ ലളിതയായിരുന്നു ആ യുവതി. അവർക്ക് മൂന്നു കുട്ടികളുണ്ട്. തന്റെ സകല ഐശ്വര്യങ്ങൾക്കും കാരണം ലളിതാറാവുവാണ് എന്ന് സുദർശൻ തുറന്നുപറഞ്ഞിരുന്നുവെങ്കിലും 1991ൽ അവർ വേർപിരിഞ്ഞു. മദ്രാസ് സർവകലാശാലയിലെ ഫിസിക്‌സ് പ്രൊഫസറായിരുന്ന ഡോ.ഭാമതിയെ അദ്ദേഹം വിവാഹം കഴിച്ചു.
ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയെങ്കിലും സുദർശന് പരമ്പരാചാരങ്ങളോടും കപടശാസ്ത്രങ്ങളോടും വലിയ ആദരവായിരുന്നു. ശങ്കരദർശനവും അദ്വൈതവേദാന്തവും ആയിരുന്നു അദ്ദേഹത്തിനു പ്രിയപ്പെട്ട വിഷയങ്ങൾ. ആ വിഷയത്തിൽ പ്രഭാഷണങ്ങളും നടത്തുമായിരുന്നു. മഹർഷി മഹേഷ്‌യോഗി അതീന്ദ്രിയധ്യാനവുമായി ലോകം ചുറ്റിയ കാലത്ത് അദ്ദേഹത്തോടൊപ്പം സുദർശനുമുണ്ടായിരുന്നു. അന്ന് കൊച്ചി സർവകലാശാലയിൽ അവർ നടത്തിയ പ്രഭാഷണങ്ങൾ കേൾക്കാൻ ഈ ലേഖകനും അവസരമുണ്ടായി. പദാർഥപ്രപഞ്ചത്തെ ലളിതവും മനോഹരവുമായി വർണിച്ചശേഷം വേദാന്തമഹത്വത്തിലേക്ക് സുദർശൻ നടത്തിയ പ്രയാണം ശ്രദ്ധേയമായിരുന്നു. പിന്നീടെപ്പഴോ അതീന്ദ്രിയധ്യാനത്തോട് അദ്ദേഹം വിടപറഞ്ഞു.
കപടശാസ്ത്രങ്ങളിൽ സുദർശന് പ്രിയം നാഡീജ്യോത്സ്യത്തോടായിരുന്നു. ആയിരത്താണ്ടുകൾക്കു മുമ്പ് അഗസ്ത്യമുനി എഴുതിവെച്ചു എന്നു പറയപ്പെടുന്ന താളിയോലകളിൽ നിന്ന് ആരുടെ ഭാവിയും വായിച്ചെടുക്കുന്ന നാഡീജ്യോത്സ്യക്കാരന്റെ അത്ഭുതവിദ്യ അദ്ദേഹത്തെ ഹരംകൊള്ളിച്ചു. അതിനായി അദ്ദേഹം തന്റെ ശാസ്ത്രബോധത്തെ തൽക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുദർശന് നൊബേൽ സമ്മാനം കിട്ടുമെന്ന് ജ്യോത്സ്യക്കാരൻ പ്രവചിച്ചിരുന്നു എന്നും കിംവദന്തിയുണ്ട്. എന്തായാലും ഇതൊക്കെ ശാസ്ത്രജ്ഞർക്കിടയിൽ സുദർശനെക്കുറിച്ചുള്ള മതിപ്പ് കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നും നൊബേൽസമ്മാന നിഷേധത്തിന് ഇതും കാരണമായിട്ടുണ്ടാകാമെന്നും പറയപ്പെടുന്നു.
ജോർജ് സുദർശനെ ഓർക്കുമ്പോൾ ശാസ്ത്ര ബാഹ്യമായ ഇത്തരം കാര്യങ്ങൾ നമുക്കു മറക്കാം. അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെക്കുറിച്ചുമാത്രം ചിന്തിക്കാം. ലോകശാസ്ത്രത്തിന് കൊച്ചുകേരളം നൽകിയ മികച്ച സംഭാവനയായി അദ്ദേഹത്തെ ആദരിക്കാം.