ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് വളരാൻ കഴിയുന്ന പൊക്കാളി നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങളിലെ മണ്ണിൽ നിന്നും വേർതിരിച്ചെടുത്ത സ്യൂഡോമൊണാസ് മിത്രബാക്ടീരിയകൾ കുട്ടനാട്ടിലെ ഓരു വെള്ള ഭീഷണിക്ക് ഒരു പരിഹാരമാവുമോ എന്നതാണ് ഡോ. രേഷ്മ ടി എസ് – ന്റെ ഗവേഷണ വിഷയം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. രേഷ്മ ടി എസ് (Sanatana Dharma College Alappuzha) – നടത്തിയ അവതരണം.
അവതരണം കാണാം
‘ഞാറില്ലെങ്കിൽ ചോറില്ല’ ഇനി കാലാവസ്ഥാ വ്യതിയാനത്തെ പേടിക്കാതെ ഞാറു നടാം. മാറുന്ന കാലാവസ്ഥ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നത് കാർഷികമേഖലയിലാണ്. ഇതിലൂടെ മണ്ണിൻ്റെ സ്വഭാവിക ഘടനയിൽ തന്നെ മാറ്റങ്ങൾ വരാം. മണ്ണിലെ ലവണാംശത്തിൻ്റെ സാന്നിധ്യം അധികരിക്കാം. ഭാവിയിൽ ജലസേചനത്തിനായി പോലും ലവണാംശം കൂടിയ വെള്ളം മാത്രം ലഭ്യമാകുന്ന സാഹചര്യം വരാം. താരതമ്യേന ഉപ്പിനെതിരെ കുറഞ്ഞ പ്രതിരോധ ശേഷിയുള്ള നെൽച്ചെടിക്ക് ഇത്തരമൊരു ഘട്ടത്തിൽ നിലനിൽപ്പ് അസാധ്യമാവും. എന്നാൽ ലവണാംശം നിറഞ്ഞ മണ്ണിലും നെൽകൃഷി കൃഷി സാധ്യമാക്കുന്ന മിത്രബാക്ടീരിയകൾ ഇനി നമ്മുടെ കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വാകും. ‘മിത്ര ബാക്ടീരിയകൾ ‘ എന്നാൽ മണ്ണിൽ സ്വാഭാവികമായി കാണപ്പെടുകയും സസ്യങ്ങളുടെ വളർച്ചയെ അനുകൂലമായി സ്വാധീനിക്കാൻ കഴിയുകയും ചെയ്യുന്ന സൂക്ഷ്മാണുക്കളാണ് . ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് വളരാൻ കഴിയുന്ന പൊക്കാളി നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന പാടങ്ങളിലെ മണ്ണിൽ നിന്നും വേർതിരിച്ചെടുത്ത സ്യൂഡോമൊണാസ് മിത്രബാക്ടീരിയകൾ ഉപയോഗപ്പെടുത്തി, അധീകരിക്കുന്ന ലവണാംശത്തിനെതിരെ നെൽച്ചെടികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഗവേഷണഫലം. ഇതിലൂടെ കുട്ടനാട്ടിലെ നെൽകൃഷി നേരിടുന്ന ഓരു വെള്ള ഭീഷണിക്ക് ഒരു പരിഹാരമാവുമെന്ന് കണ്ടെത്തി.