Read Time:23 Minute

ഇത് കഥയല്ല, ശരിക്കും നടന്നതാണ്. പക്ഷേ, ഡോഡോയ്ക്ക് ജീവനില്ലായിരുന്നു. ആലിസ് അന്ന് അത്ഭുതലോകത്തിലെ പെൺകുട്ടിയായിട്ടുമില്ല. ആദ്യം ഡോഡോയെക്കുറിച്ച് പറയാം. അതുകഴിഞ്ഞ് ആലിസിനെക്കുറിച്ചും.   

ഓക്സ്ഫഡിലെ ഡോഡോ 

“ഫീനിക്സിനെ പോലെ, ഡ്രാഗണെ പോലെ ഡോഡോയും ഒരു സാങ്കല്പിക ജീവിയാണോ?” 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവശാസ്ത്രജ്ഞർക്കിടയിൽ പോലും അങ്ങനെയൊരു സംശയം  തലപൊക്കിത്തുടങ്ങിരുന്നു. എന്നാൽ 1848 ൽ ഇംഗ്ലീഷ് പക്ഷിശാസ്തജ്ഞനും ഭൂഗർഭശാസ്ത്രജ്ഞനുമായ  ഹ്യൂ എഡ്വിൻ സ്ട്രിക്ക്ലണ്ടും (Hugh Edwin Strickland)  ഐറിഷ് നാച്ചുറൽ ഹിസ്റ്ററി പ്രൊഫസറായ അലക്സാണ്ടർ ഗോർഡൻ മെൽവിലും (Alexander Gordon Melville) ചേർന്നെഴുതിയ ‘ഡോഡോവും അതിന്റെ ബന്ധുക്കളും’ (The dodo and its kindred) എന്ന ആധികാരിക ഗ്രന്ഥം പുറത്തുവന്നതോടെ സംശയങ്ങളെല്ലാം മാറി. ഡോഡോയുമായി ബന്ധപ്പെട്ട മൂന്നുതരം തെളിവുകളാണ് പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുള്ളത്: ചരിത്രപരമായ തെളിവുകൾ  (Historical evidences), ചിത്രപരമായ തെളിവുകൾ (Pictorial evidences), ശരീരപരമായ തെളിവുകൾ  (Anatomical evidences). 

ശരീരപരമായ മൂന്ന് തെളിവുകളിൽ ആദ്യത്തേത് ബ്രിട്ടീഷ് മ്യൂസിയത്തിലെ ഡോഡോയുടെ കാലും രണ്ടാമത്തേത് ഓക്സ്ഫഡ് യൂണിവേർസിറ്റി മ്യൂസിയത്തിലെ തലയും കാലും മൂന്നാമത്തേത് കോപ്പൻഹേഗനിലെ ഗോട്ടോർഫ് (Gottorf Museum) മ്യൂസിയത്തിലെ തലയോട്ടിയുമാണ്. ഓക്സ്ഫഡിലെ ഡോഡോയെക്കുറിച്ച് പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 

“ട്രേഡ്സ്കാന്റിന്റെ മ്യൂസിയത്തിലെ (Tradescant’s museum) കാറ്റലോഗിൽ (വർഷം 1656) പറയുന്ന, സ്റ്റഫ് ചെയ്ത ഡോഡോ, അദ്ദേഹത്തിന്റെ കൈയിലുള്ള മറ്റ് കൌതുകവസ്തുക്കളുടെ കൂടെ ഓക്സ്ഫഡിലെ ആഷ്മോളിയൻ മ്യൂസിയത്തിന്റെ (Ashmolean Museum) സ്ഥാപകനായ ഏലിയാസ് ആഷ്മോളിന് (Elias Ashmole)  ദാനം ചെയ്തിരുന്നു. 1755 വരെ അത് മുഴുവനായിത്തന്നെ അവിടെയുണ്ടായിരുന്നു. അപ്പോഴാണ് യൂണിവേർസിറ്റി വൈസ് ചാൻസലറും മറ്റ് ട്രസ്റ്റികളും മ്യൂസിയം സന്ദർശിക്കുന്നത്. കാലപ്പഴക്കത്താലും അശ്രദ്ധയാലും ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ ‘വസ്തു’ ദ്രവിച്ച് തുടങ്ങിയിരുന്നു. തുടർന്ന് യൂണിവേർസിറ്റി അധികൃതരുടെ ഒരു യോഗം നടക്കുകയും ഡോഡോയെ അവിടെ നിന്നും എടുത്തുമാറ്റാൻ ആജ്ഞാപിക്കപ്പെടുകയും ചെയ്തു. നിർഭാഗ്യകരമായ ആ സംഭവം നടന്നത് 1755 ജനവരി 8 നായിരുന്നു. എന്നാൽ ഭാഗ്യവശാൽ ഡോഡോയുടെ തലയും ഒരു കാലും  സംഹാരകന്റെ തീയിൽ നിന്നും രക്ഷപ്പെട്ടു. അത് ഇപ്പോഴും ആഷ്മോളിയൻ മ്യൂസിയത്തിൽ (ഇന്നത്തെ യൂണിവേർസിറ്റി മ്യൂസിയം) സംരക്ഷിക്കപ്പെട്ടിട്ടുണ്ട് (ചിത്രം-1).” ലോകത്തിൽ ഇന്ന് ലഭ്യമായ ഡോഡോയുടെ മൃദുകലകൾ (soft tissues) ഓക്സ്ഫഡ് ഡോഡോയുടെ തലയിലുള്ളത് മാത്രമാണ്. ബാക്കിയുള്ളതെല്ലാം അസ്ഥികൾ മാത്രമാണ്. ഈ പുസ്തകത്തിൽ പറഞ്ഞ മൂന്ന് ഡോഡോ ഭാഗങ്ങൾക്ക് പുറമേ പിൽക്കാലത്ത് മൌറീഷ്യസ്സിൽ നിന്നും ഏതാനും അസ്ഥികളും കുഴിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1651 ൽ ജാൻ സേവറി (റോളണ്ട് സേവറിയുടെ മരുമകൻ) വരച്ച ഡോഡോയുടെ ചിത്രവും ഡോഡോ അസ്ഥികളുപയോഗിച്ച് പുനസൃഷ്ടിച്ച ഡോഡോയുടെ അസ്ഥികൂടവും ഓക്സ്ഫഡ് യൂണിവേർസിറ്റി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എങ്കിലും ഓക്സ്ഫഡ് ഡോഡോ എന്നറിയപ്പെടുന്നത് നേരത്തെ പറഞ്ഞ ഡോഡോയുടെ തലയും കാലും മാത്രമാണ്. 

ചിത്രം-1 (ഓക്സ്ഫഡ് ഡോഡോ)

ട്രേഡ്സ്കാന്റും ആഷ്മോളും

ട്രേഡ്സ്കാന്റുമാർ രണ്ടുണ്ട്, അച്ഛനും മകനും. രണ്ടുപേരുടേയും മുഴുവൻ പേര് ഒന്നുതന്നെ: ജോൺ ട്രേഡ്സ്കാന്റ് (John Tradescant). തമ്മിൽ തിരിച്ചറിയാൻ അച്ഛന്റെ പേരിന്റെ കൂടെ എൽഡർ എന്നും മകന്റെ പേരിന്റെ കൂടെ യങ്ങർ എന്നും ചേർത്താണ് പറയാറുള്ളത്. ലോകസഞ്ചാരികളും ഉദ്യാനപാലകരുമായിരുന്നു ട്രേഡ്സ്കാന്റുമാർ. പോകുന്ന വിദേശ രാജ്യങ്ങളിൽ നിന്നെല്ലാം  കൌതുകകരമായ സസ്യങ്ങളേയും ജന്തുക്കളേയും മറ്റ് കൌതുകവസ്തുക്കളും ശേഖരിക്കുകയും ചെയ്യും. അങ്ങനെ ശേഖരിച്ച വസ്തുക്കൾ സൂക്ഷിച്ചു വെക്കാനായി 1634 ൽ ദക്ഷിണ ലണ്ടനിലെ ലാംബത്തിൽ (Lambeth) ‘ആർക്ക്’ (The Ark) എന്ന പേരിൽ അവർ ഒരു മ്യൂസിയം ആരംഭിച്ചു. ചെറിയൊരു ഫീസ് വാങ്ങി സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നു. ട്രേഡ്സ്കാന്റ് യങ്ങറിന്റെ മരണശേഷം ആർക്കിലെ പ്രദർശനവസ്തുക്കളെല്ലാം തന്നെ ഏലിയാസ് ആഷ്മോളിന്റെ കൈയിലെത്തി. അക്കൂട്ടത്തിൽപ്പെട്ടതായിരുന്നു നേരത്തെ പറഞ്ഞ സ്റ്റഫ് ചെയ്ത ഡോഡോ. പിന്നീട് ആഷ്മോൾ തന്റെ കൈയിലുള്ള വസ്തുക്കളെല്ലാം തന്നെ ഓക്സ്ഫോർഡ് യൂണിവേർസിറ്റിക്ക് കൈമാറി. അങ്ങനെയാണ് 1683 ൽ  ആഷ്മോളിയൻ മ്യൂസിയം സ്ഥാപിതമാകുന്നത് (ആഷ്മോളിയൻ മ്യൂസിയത്തെ കുറിച്ച് കൂടുതലറിയാൻ: https://www.ashmolean.org/). പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ബഹുമുഖപ്രതിഭയായ ഇംഗ്ലീഷ്  കാരനായിരുന്നു ഏലിയാസ് ആഷ്മോൾ. പുരാവസ്തുക്കൾ ശേഖരിക്കുക അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു ഹോബിയായിരുന്നു. 

ട്രേഡ്സ്കാന്റിന്റെ കൈയിൽ ഡോഡോ എത്തിയതെങ്ങനെ?

ചരിത്രകാരനായ സർ ഹാമൺ ലെസ്ട്രേഞ്ച് (Hamon L’Estrange) ജീവനുള്ള ഒരു ഡോഡോയെ ലണ്ടനിൽ കണ്ട കാര്യം ഇങ്ങനെയെഴുതുന്നു: 1638 ലാണെന്നാണോർമ്മ, ഞാൻ ലണ്ടനിലെ തെരുവുകളിലൂടെ നടക്കുമ്പോൾ തുണിയിൽ വരച്ച, വിചിത്രരൂപമുള്ള ഒരു പക്ഷിയുടെ ചിത്രം തൂക്കിയിട്ടത് കണ്ടു. അതിനെ കാണാൻ ഒന്നുരണ്ട്  പേർക്കൊപ്പം  ഞാൻ അകത്തുകയറി. അതിനെ ഒരു അറയിൽ അടച്ചുവെച്ചിരിക്കയായിരുന്നു. ഒരു വലിയ ടർക്കി കോഴിയെക്കാൾ വലുപ്പമുണ്ടായിരുന്നു അതിന്. കാലും പാദവും അതുപോലെ തന്നെ…………………………. സൂക്ഷിപ്പുകാരൻ അതിനെ ഡോഡോ എന്നാണ് വിളിച്ചത്.” ഈ ഡോഡോ തന്നെയായിരിക്കാം ട്രേഡ്സ്കാന്റിന്റെ കൈയിലെത്തിയത് എന്നാണ് സ്ട്രിക്ക്ലണ്ടും മെൽവിലും മുതൽ പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. 

രണ്ടാമത്തെ സാദ്ധ്യത വിരൽ ചൂണ്ടുന്നത് ഇമ്മാനുവൽ ആൾ ത്താമിലേക്കാണ് (Emmanuel Altham). ലണ്ടനിലെ ഒരു ധനിക  കുടുംബാംഗവും സഞ്ചാരിയുമായിരുന്നു അദ്ദേഹം. 1628 ജൂൺ 18 ന് മൌറീഷ്യസ് സന്ദർശിച്ചശേഷം തന്റെ സഹോദരനായ എഡ്വേർഡിന് അദ്ദേഹം ഇങ്ങനെ എഴുതി: പോർച്ചുഗീസുകാർ ഡോഡോ എന്ന് വിളിക്കുന്ന വിചിത്രമായ പക്ഷിയെ അയക്കുന്നു. വളരെ അപൂർവ്വമായതുകൊണ്ട് അത് സ്വീകാര്യമായിരിക്കുമെന്ന് കരുതുന്നു.” എന്നാൽ ഈ ഡോഡോ ജീവനോടെയോ അല്ലാതെയോ ലണ്ടനിൽ എത്തിയതായി തെളിവുകളൊന്നുമില്ല

ഓക്സ്ഫഡിലെ ആലിസ്

ഇനി നമുക്ക് ശ്രദ്ധ ആലിസിൽ കേന്ദ്രീകരിക്കാം. ഓക്സ്ഫഡ് യൂണിവേർസിറ്റിയുടെ ഭാഗമായ കോളേജാണ് ക്രൈസ്റ്റ് ചർച്ച് (Christ Church). കോളേജ് ഡീൻ ആയിരുന്ന റെവറണ്ട് ഹെൻറി ജോർജ്ജ് ലിഡലിന്റെ മകളായിരുന്നു ആലിസ് ലിഡൽ (Alice Liddell). 1852 ൽ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലാണ് ആലിസ് ജനിച്ചത്. അന്ന് അവളുടെ പിതാവ് അവിടുത്തെ ഹെഡ്മാസ്റ്റരായിരുന്നു. ആലിസിന് നാല് വയസുള്ളപ്പോഴാണ് അദ്ദേഹത്തിന് ക്രൈസ്റ്റ് ചർച്ചിലെ ഡീനായി നിയമനം ലഭിക്കുന്നത്. ആലിസിന് അന്ന് മൂന്ന് സഹാദരങ്ങളുമുണ്ടായിരുന്നു. മൂത്ത സഹോദരൻ ഹാരി (9 വയസ്സ്), സഹോദരി ലോറിന (6 വയസ്സ്), അനിയത്തി എഡിത്ത് (2 വയസ്സ്). അക്കാലത്ത് ക്രൈസ്റ്റ് ചർച്ചിലെ ഗണിതാദ്ധ്യാപകനായിരുന്നു 24 കാരനായ ചാൾസ് ഡോഡ്സൺ (Charles Dodgson). അദ്ദേഹം ഒരു മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. പതിവായി ഡയറിയെഴുതിയിരുന്ന ചാൾസിന്റെ 1856 ഏപ്രിൽ 25 ലെ കുറിപ്പ് ഇങ്ങനെ വായിക്കാം: 

ഉച്ചയ്ക്ക് ശേഷം സൌത്തിയുമൊന്നിച്ച് ഡീനറിയിലേക്ക് (ഡീൻ താമസിക്കുന്ന സ്ഥലം) പോയി. കത്തീഡ്രലിന്റെ ഫോട്ടോ എടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ അത് നടന്നില്ല. പൂന്തോട്ടത്തിൽ മിക്ക സമയവും മൂന്ന് കൊച്ചു പെൺകുട്ടികളുണ്ടായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അവരെ മുൻപിലിരുത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എന്നാൽ ക്ഷമയോടെ ഇരിക്കാൻ കഴിയുന്നവരല്ലായിരുന്നു അവർ. ഈ ദിവസം ഞാൻ ഒരു വെള്ളക്കല്ലിനാൽ രേഖപ്പെടുത്തുന്നു.” ആലിസും സഹോദരിമാരുമായിരുന്നു ആ പെൺകുട്ടികൾ. ജീവിതത്തിലെ അതിപ്രസക്തങ്ങളായ ദിവസങ്ങളെയാണ് ചാൾസ് വെള്ളക്കല്ലുകൊണ്ട് രേഖപ്പെടുത്തിയിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു അതെന്ന് പിൽക്കാലത്തെ സംഭവവികാസങ്ങൾ തെളിയിച്ചു. ദീർഘകാലം നീണ്ടുനിന്ന ഒരു സൌഹൃദത്തിന്റെ തുടക്കമായിരുന്നു അത്. കഥകൾ പറഞ്ഞും ചെപ്പടി വിദ്യകൾ കാട്ടിയും ചാൾസ് അവരെ രസിപ്പിച്ചു. ചാൾസിനെ എപ്പോൾ കണ്ടാലും ആലിസും സഹോദരിമാരും ബഹളം കൂട്ടും: “ഒരു കഥ പറയൂ ഒരു കഥ പറയൂ.” കൽപിത കഥകൾ ഇമ്പത്തോടെ പറയാൻ അതിസമർത്ഥനായിരുന്നു അദ്ദേഹം. മിക്കപ്പോഴും കഥയിലെ കേന്ദ്രകഥാപാത്രം സഹോദരിമാരിൽ ആരെങ്കിലുമായിരിക്കും.  അതിനിടെ അവർ അദ്ദേഹത്തിനിഷ്ടപ്പെട്ട ഫോട്ടോ മോഡലുകളുമായി (ചിത്രം-2). 

ചിത്രം-2 (ആലിസും സഹോദരിമാരും: ചാൾസ് ഡോഡ്സൺ എടുത്ത ചിത്രം)

ഇനി ഡോഡോയിലേക്ക് തിരിച്ചുവരാം. ചാൾസ്  ഡോഡ്സണിലൂടെയാണ് ആലിസ് ഡോഡോയുമായി കണ്ടുമുട്ടിയത്. അക്കാലത്ത്  ക്രൈസ്റ്റ് ചർച്ചിലെ അനാട്ടമി സ്കൂളിലായിരുന്നു ഓക്സ്ഫഡ് ഡോഡോ ഉണ്ടായിരുന്നത്. 1960 കളിലാണ് പുതിയതായി പണിത കെട്ടിടത്തിലേക്ക് മ്യൂസിയം മാറ്റിയത്. ആലിസിനും സഹോദരിമാർക്കും മ്യൂസിയം സന്ദർശിക്കാൻ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ചാൾസിന്റെ കൂടെ. അദ്ദേഹം അവിടുത്തെ ജീവികളെ കഥാപാത്രങ്ങളാക്കി സങ്കൽപ്പ കഥകളുണ്ടാക്കി അവരെ പറഞ്ഞുകേൾപ്പിക്കുമായിരുന്നു.   അങ്ങനെയാണ് ആലിസും ഡോഡോയും കണ്ടുമുട്ടിയത്. ഡോഡോയുടേയും ആലിസിന്റെയും കൂടിക്കാഴ്ച മ്യൂസിയത്തിൽ ഒതുങ്ങിനിന്നില്ല. അതേക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.  

ആലിസും ഡോഡോയും അത്ഭുത ലോകത്തിൽ 

ഓക്സ്ഫഡ് യൂണിവേർസിറ്റിയുടെ സമീപത്തുകൂടിയാണ് സുപ്രസിദ്ധമായ തെംസ് നദി ഒഴുകുന്നത്. ആലിസും സഹോദരിമാരുമൊത്ത് പലപ്പോഴും ചാൾസ് ഡോഡ്സൺ  തെംസ് നദിയിലൂടെ ബോട്ട് സവാരി നടത്താറുണ്ട്. ഒപ്പം ഏതെങ്കിലും സുഹൃത്തിനെയും കൂട്ടും. മിക്കസമയവും ചാൾസിന്റെ അടുത്ത സുഹൃത്ത് റോബിൻസൺ ഡക്ക്വർത്താണ് (Robinson Duckworth) കൂടെയുണ്ടാവുക. അക്കൂട്ടത്തിൽ അവിസ്മരണീയമായതായിരുന്നു 1862 ജൂലൈ നാലാം തീയതി ഗോഡ്സ്റ്റോ (Godstow) വിലേക്ക് നടത്തിയ യാത്ര. പതിവ് പോലെ സഹോദരിമാർ ചാൾസിന് ചുറ്റും കൂടി ബഹളം വെച്ചു: “ഒരു കഥ പറയൂ, ഒരു കഥ പറയൂ.” അന്ന് ചാൾസ് ഡോഡ്സൺ പറഞ്ഞ കഥയാണ് പിൽക്കാലത്ത് ലോകോത്തര ക്ലാസ്സിക്കായി രൂപാന്തരം പ്രാപിച്ചത്: ആലിസ് ഒരു മുയൽ മാളത്തിലൂടെ ഭൂമിക്കടിയിലെ അത്ഭുതലോകത്തിലെത്തുന്ന കഥ. യാത്രകഴിഞ്ഞ് യൂണിവേർസിറ്റിയിലെത്തി, ശുഭരാത്രിയോതുന്ന നേരം ആലിസ് ഡോഡ്സണോട് ഇങ്ങനെ പറഞ്ഞു: “മി. ഡോഡ്സൺ എനിക്ക് വേണ്ടി താങ്കൾ ആലിസിന്റെ സാഹസങ്ങൾ എഴുതണമെന്നാണ് എന്റെ ആഗ്രഹം.”  തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ അഭ്യർത്ഥന നിരസിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്. രണ്ട് വർഷത്തോളമെടുത്ത്, സ്വന്തം കൈപ്പടയിലെഴുതിയും ചിത്രം വരച്ചും തയാറാക്കിയ ആ പുസ്തകമാണ് ‘ആലിസിന്റെ ഭൂമിക്കടിയിലെ സാഹസങ്ങൾ’ (Alice’s Adventures Under Ground). 1864 ൽ ക്രിസ്മസ് സമ്മാനമായി പുസ്തകം ആലിസിനെ തേടിയെത്തി. നാല് അദ്ധ്യായങ്ങൾ മാത്രമാണ് പുസ്തകത്തിലുള്ളത് (ചിത്രം-3). കഥയിൽ ആലിസിന് മാത്രമാണ് സ്വന്തം പേര് കിട്ടിയത്. ലോറിന ലോറിയും എഡിത്ത് ഈഗ്ളെറ്റും  ഡക്ക്വർത്ത് ഡക്കുമായി.

ചിത്രം-3 (ആലിസിന്റെ ഭൂമിക്കടിയിലെ സാഹസങ്ങൾ: അദ്ധ്യായം 1)

സാക്ഷാൽ  ചാൾസ് ഡോഡ്സൺ ഡോഡോയും! ചെറിയ തോതിൽ വിക്കുള്ള ചാൾസ് ഡോഡ്സൺ തന്റെ രണ്ടാമത്തെ പേര് പറയുന്നത് മിക്കവാറും ഡോഡോ ഡോഡ്സൺ എന്നായിരുന്നത്രേ. അതുകൊണ്ടാണ് സ്വന്തം പേര് കഥയിൽ ഡോഡോ എന്നാക്കിയത്. പുസ്തകത്തിൽ അദ്ദേഹം വരച്ച ഡോഡോയുടെ ചിത്രവുമുണ്ട് (ചിത്രം-4). പുസ്തകം വായിച്ച ഓക്സ്ഫഡിലെ സുഹൃത്തുക്കൾ അത് പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.  

ചിത്രം- 4 (ആലിസിനൊപ്പം ഡോഡോ)

അങ്ങനെയാണ് എഴുത്തുകാരൻ കൂടിയായ സുഹൃത്ത് ജോർജ്ജ് മക്ഡൊണാൾഡിന് പുസ്തകം അയച്ചുകൊടുക്കുന്നത്. കഥയെക്കുറിച്ച് സുഹൃത്തിന്റെ മക്കളുടെ അഭിപ്രായം അറിയുകയായിരുന്നു ഉദ്ദേശ്യം. പുസ്തകം വായിച്ച മക്ഡോണാൾഡിന്റെ മകന്റെ ആവേശകരമായ പ്രശംസ ഇങ്ങനെയായിരുന്നു: “ഇതിന് 60000 വാല്യങ്ങളുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.” അങ്ങനെയാണ് 1865 ൽ നാല് അദ്ധ്യായങ്ങൾ മാത്രമുള്ള ‘ആലിസിന്റെ ഭൂമിക്കടിയിലെ സാഹസങ്ങൾ’ പന്ത്രണ്ട് അദ്ധ്യായങ്ങളുള്ള ‘ആലിസിന്റെ അത്ഭുതലോകത്തിലെ സാഹസങ്ങൾ’ (Alice’s Adventures in Wonderland) എന്ന എക്കാലത്തെയും പ്രശസ്തമായ ബാലസാഹിത്യകൃതി  പ്രസിദ്ധീകരിക്കപ്പെടുന്നത്. ചാൾസ് ഡോഡ്സൺ എന്നതിന് പകരം അദ്ദേഹം ലൂയിസ് കാരൾ (Lewis Carrol) എന്ന തൂലികാനാമവും സ്വീകരിച്ചു. പുസ്തകത്തിലെ ചിത്രങ്ങൾ സ്വന്തമായി വരയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ സുഹൃത്തുക്കളുടെ ഉപദേശത്തിന് വഴങ്ങി അന്നത്തെ സുപ്രസിദ്ധ ചിത്രകാരനും പഞ്ച് മാസികയുടെ കാർട്ടൂണിസ്റ്റുമായ ജോൺ ടെന്നിയലിനെ (John Tenniel) ആ ദൌത്യമേൽപ്പിച്ചു. അദ്ദേഹമത് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ചിത്രം-5  (ആലിസും ഡോഡോയും)

അതിലെ ഡോഡോയുടെ ചിത്രം സുപ്രസിദ്ധമാണ്. 1626 ൽ റോളണ്ട് സേവറി വരച്ച ‘എഡ്വേർഡിന്റെ ഡോഡോ’ (Edward’s Dodo) യെ മാതൃകയാക്കിയാണ് ഈ ചിത്രം വരച്ചത് എന്നാണ് കരുതപ്പെടുന്നത് (ചിത്രം-5). പക്ഷിശാസ്ത്രജ്ഞനായ ജോർജ്ജ് എഡ്വേർഡിന്റെ കൈയിലായിരുന്നു കുറെക്കാലം ഈ ചിത്രമുണ്ടായിരുന്നത്. അങ്ങനെയാണ് എഡ്വേർഡിന്റെ ഡോഡോ’ എന്നറിയപ്പെട്ടത്. ഈ ചിത്രം ഇപ്പോൾ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണുള്ളത്.    


അധിക വായനയ്ക്ക് 

  1. Batey M (1980). Alice’s Adventures in Oxford. Pitkin Pictorials, London.
  2. Carroll L (1865). Alice’s adventures in wonderland. Oxford:  Clarendon Press.
  3. Hume JP (2006). The history of the Dodo Raphus cucullatus and the penguin of Mauritius. Historical Biology; 18(2): 65–89. 
  4. Hume JP (2012). The Dodo: from extinction to the fossil record. Geology Today, Vol. 28, No. 4, July–August 2012. 
  5. Nowak-Kemp M, Hume JP (2016). The Oxford Dodo. Part 1: the museum history of the Tradescant Dodo: ownership, displays and audience. Historical Biology. 
  6. Nowak-Kemp M, Hume JP (2017). The Oxford Dodo. Part 2: from curiosity to icon and its role in displays, education and research. Historical Biology, Vol. 29, No. 3, 296–307 
  7. Strickland HE, Melville AG. (1848). The dodo and its kindred.  London: Reeve, Benham & Reeve.
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇ-മാലിന്യ സംസ്കരണം – വളരുന്ന വ്യവസായത്തിന്റെ ഇരുണ്ടമുഖം
Next post നിഴൽ കാണ്മാനില്ല !!!
Close