കേൾക്കാം
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ). അമേരിക്കക്കാർ മാത്രമല്ല നമ്മൾ മലയാളികളടക്കം ലോകത്തില്‍ പലരും ചാന്ദ്രയാത്രയെ സംശയത്തോടെ കാണുന്നവരാണ്. ചാന്ദ്രദിനത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ചാന്ദ്രയാത്രകളുടെ വിവരങ്ങള്‍ വായിക്കൂ …
1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്. നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ. അതിനുശേഷം അപ്പോളോ 17 വരെയുള്ള യാത്രകളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങി, അവിടെ വണ്ടിയോടിച്ചു, പല പല പരീക്ഷണങ്ങൾ ചെയ്തു. 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. ഒക്കെ ശരിയാണ്. എന്നിരുന്നാലും പലരും ഇപ്പോഴും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണ്. അതിനുള്ള കാരണം ചാന്ദ്രയാത്ര കള്ളത്തരമാണെന്നു കാണിക്കുന്ന രീതിയിലുള്ള, ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന, വിവാദ പ്രചരണങ്ങളാണ്.
ഇതിനുശേഷം ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് കാണിക്കാൻപോന്ന തെളിവുകളുമായി അനേകം പുസ്തകങ്ങൾ, ടെലിവിഷൻ പരിപാടികൾ ഒക്കെ മുന്നോട്ട് വന്നു. ഇതിലെല്ലാം ശാസ്ത്രീയമെന്ന് തോന്നുന്നതും, സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതുമായ വാദങ്ങളായിരുന്നു മിക്കതും.
വിവാദങ്ങളിലേക്ക് പോകുന്നതിനു മുൻപ് ചന്ദ്രനിലേക്ക് പോയതെങ്ങനെ ഒന്നു നോക്കാം.
അപ്പോളോ 11 ദൗത്യത്തിൽ യാത്രക്കാരായി രുന്ന നീൽ ആംസ്റ്റ്രോങ്ങ്, ബസ് ആൾഡ്രിൻ, മൈക്കൽ കൊളിൻസ് എന്നിവരായിരുന്നു. സാറ്റേർൺ 5 എന്ന റോക്കറ്റിലാണ് ഇവർ പോയത്. മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണ് സാറ്റേൺ 5,2,970,000കിലോഗ്രാം ഭാരം, 116 മീറ്റർ ഉയരം. സാറ്റേൺ 5ന്റെ ഏറ്റവും മുകളിലായി കമാന്റ്/സർവീസ് മൊഡ്യൂൾ അതിനു താഴെയായി ലൂണാർ മൊഡ്യൂൾ എന്നീ സ്പേസ് ക്രാഫ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നു.
കമാന്റ്/സർവീസ് മൊഡ്യൂളിന് കമാന്റ് മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ഇതിൽ കമാന്റ് മൊഡ്യൂളിലാണ് യാത്രികർ ഇരിക്കുക. സർവീസ് മൊഡ്യൂളാണ് കമാന്റ് മൊഡ്യൂള്‍ന് ആവശ്യമായ ഇന്ധനം വൈദ്യുതി എന്നിവ നൽകുന്നത്. ചാന്ദ്രയാത്രയുടെ അവസാനഘട്ടത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ സർവീസ് മൊഡ്യൂള്‍ ഉപേക്ഷിച്ച് കമാന്റ് മൊഡ്യൂള്‍ മാത്രമായിരിക്കും സമുദ്രത്തിൽ പതിക്കുക. അപ്പോളോ 11 ന്റെ കമാന്റ്/സർവീസ് മൊഡ്യൂൾ ന്റെ പേര് കൊളംബിയ എന്നാണ്.
ഈഗിൾ എന്നു പേരുള്ള ലൂണാർ മൊഡ്യൂളാണ് ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗം. ചന്ദ്രനിലേക്കുള്ള യാത്രയുടെ പാതി വഴിയിൽ വച്ച് കമാന്റ്/സർവീസ് മൊഡ്യൂൾ ഉം ലൂണാർ മൊഡ്യൂളും ഡോക്ക് ചെയ്യപ്പെടും. പിന്നീടുള്ള യാത്ര ഇവരൊന്നിച്ചാണ്. ലൂണാർ മൊഡ്യൂൾനെ ലൂണാർ ലാൻഡർ എന്നു പറയാം.കമാന്റ്/സർവീസ് മൊഡ്യൂൾൽ നിന്നും വേർപെട്ട് ലൂണാർ മൊഡ്യൂൾ മാത്രമാണ് ചന്ദ്രനിൽ ലാൻഡ് ചെയ്യുക. ലൂണാർ മൊഡ്യൂൾനെ തന്നെ രണ്ട് ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഡിസെന്റ് സ്റ്റേജും(Descend Stage) അസെന്റ് സ്റ്റേസ്ജും(Ascend Stage). ചന്ദ്രനിലേക്ക് ഇറങ്ങാൻ ഉപയോഗിക്കുന്നത് ഡിസന്റ് സ്റ്റേജാണ്. അസെന്റ് സ്റ്റേജ് ചന്ദ്രനിൽ നിന്നും ഒരു റോക്കറ്റ് കണക്കെ വിക്ഷേപിക്കപ്പെടുന്ന ഭാഗമാണ്. ഈ സമയത്ത് ഡിസന്റ് സ്റ്റേജ് ഒരു ലോഞ്ച് പാഡ് പോലെ പ്രവർത്തിക്കും.
ചാന്ദ്രയാത്ര: വിവിധ ഘട്ടങ്ങളിലൂടെ.
ഭൂമിയിൽ നിന്നുള്ള വിക്ഷേപണമാണ് ആദ്യ ഘട്ടം. ഇതിനായി സാറ്റേൺ 5 എന്ന ഭീമാകാരനായ മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണ് ഉപയോഗിക്കുക. മൂന്ന് ഘട്ടങ്ങളുള്ള (Three Staged) ഈ ഭീമൻ റോക്കറ്റ് പതിനൊന്നു മിനിറ്റുകൊണ്ട് അപ്പോളോ 11 നെ 190കിലോമീറ്റർ റേഡിയസുള്ള ഒരു പാർക്കിങ്ങ് ഓർബിറ്റലിലെത്തുന്നു. ഇതിനോടകം റോക്കറ്റിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും ജ്വലിച്ച് തീര്‍ന്ന ശേഷം മൂന്നാമത്തെ ഘട്ടം തുടങ്ങിയിരിക്കും.
ട്രാൻസ് ലൂണാർ ഇജക്ഷൻ :
ഭൗമ കേന്ദ്രീകൃതമായ ഓർബിറ്റ് വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെയാണ്. ഇതിനായി റോക്കറ്റിന്റെ മൂന്നാമത്തെ സ്റ്റേജ് 6 മിനിട്ട് നേരത്തേക്ക് ജ്വലിപ്പിക്കുന്നു. ഇനിയാണ് ചന്ദ്രനിലേ ക്കുള്ള യാത്ര. ഇതിന് 2 മുതൽ 3 ദിവസം വരെയെടുക്കും. ഈ യാത്രക്കിടയിൽ വച്ച് ട്രാൻസ് പൊസിഷനിങ്ങും ഡോക്കിങ്ങും നടക്കും
ട്രാൻസ് പൊസിഷനിങ്ങും ഡോക്കിങ്ങും: ഈ ഈഘട്ടത്തിൽ റോക്കറ്റിൽ നിന്നും കമാന്റ്/സർവീസ് മൊഡ്യൂൾ വേർപെടുത്തുന്നു. ശേഷം കമാന്റ്/സർവീസ് മൊഡ്യൂൾനെ 180 ഡിഗ്രി തിരിച്ച് ലൂണാർ മൊഡ്യൂൾ ഉം കമാന്റ്/സർവീസ് മൊഡ്യൂളും ആയി ഘടിപ്പിക്കുന്നു(Docking).. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തെ ഉപേക്ഷിച്ച് കമാന്റ്/സർവീസ് മൊഡ്യൂളും ലൂണാർ മൊഡ്യൂൾ ഉം ഒട്ടിച്ചേർന്ന് യാത്ര തുടരുന്നു.
ചാന്ദ്ര ഭ്രമണ പഥത്തിൽ: നീണ്ടയാത്രക്കൊടുവിൽ ചന്ദ്രന്റെ അടുത്തെത്തുന്നു. ചന്ദ്രനെ വളഞ്ഞു പിടിക്കൽ ആണ് ഇനി. ഇതിനായി 110 കിലോമീറ്റർ ചന്ദ്രന്റെ പിന്നിലേക്ക് യാത്ര ചെയ്ത ശേഷം സർവീസ് മൊഡ്യൂളിലെ റൊക്കറ്റ് ഫയർ ചെയ്ത് വേഗത കുറക്കുന്നു.(മംഗൾയാനിൽ ചെയ്ത റിവേർസ് ഫയറിങ്ങിനു സമാനം). ഇങ്ങനെ ദീർഘ വൃത്താകൃതിയിലുള്ള ഒരു ഓർബിറ്റിൽ നമ്മുടെ പേടകം സഞ്ചരിക്കുന്നു. ഇനി സർവീസ് മൊഡ്യൂള്‍ലെ എഞ്ചിൻ ജ്വലിപ്പിച്ച് വൃത്താകൃതിയിലുള്ള ഓർബിറ്റിലേക്ക് മാറുന്നു.
ഇങ്ങനെ ചന്ദ്രനു ചുറ്റും ഒരു സ്ഥിര ഓർബിറ്റ് ആയശേഷം കമാന്റ് മൊഡ്യൂളിലുള്ള മൂന്നു പേരില്‍ കമാന്റ് മൊഡ്യൂള്‍ പൈലറ്റ് ഒഴികെ ബാക്കി രണ്ട് പേരും ലൂണാർ മൊഡ്യൂളിലേക്ക് കടക്കുന്നു. ലാന്റിങ്ങിന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം, കമാന്റ്/സർവീസ് മൊഡ്യൂൾ ൽ നിന്നുലൂണാർ മൊഡ്യൂൾനെ വേർപെടുത്തുന്നു.
ലൂണാർ മൊഡ്യൂളിലെ ഡിസെന്റ് സ്റ്റേജ് ജ്വലിപ്പിച്ച് കൊണ്ട് ലൂണാർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിലേക്ക് അടുക്കുന്നു. പിന്നീട് ഡിസന്റിങ്ങ് മൊഡ്യൂളിൽ നിന്ന് റിട്രോ റോക്കറ്റുകൾ ഫയർ ചെയ്തുകൊണ്ട് ലൂണാർ മൊഡ്യൂൾന്റെ വേഗം മണിക്കൂറിൽ 3 കിലോമീറ്ററിലേക്ക് കുറക്കുന്നു. റിട്രോറോക്കറ്റുകൾ ലൂണാർ മൊഡ്യൂൾൽ നിന്നും ചന്ദ്രോപരിതലത്തിലേക്കാണ് വിക്ഷേപിക്കുക. അതിൽ നിന്നും പിറകിലേക്ക് കിട്ടുന്ന തള്ളൽ ആണ് ലൂണാർ മൊഡ്യൂൾന്റെ വേഗത കുറക്കുന്നത്
ലാന്റ് ചെയ്ത ശേഷം ലൂണാർ മൊഡ്യൂൾ ൽ നിന്ന് യാത്രികർ ചന്ദ്രനിൽ ഇറങ്ങുന്നു. പിന്നീട് ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങൾ, കൊടി നാട്ടൽ , ചിത്രങ്ങളെടുക്കൽ, ചാന്ദ്ര ശില ശേഖരിക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ.
ഇനി മടക്കയാത്ര.
ആദ്യമായി ലൂണാർ മൊഡ്യൂളിന്റെ അസെന്റ് ഘട്ടം ഉപയോഗിച്ച് കമാന്റ്/സർവീസ് മൊഡ്യൂളിൽ എത്തുക എന്നതാണ്. അസെന്റ് സ്റ്റേജ് ഒരു റോക്കറ്റിനു സമാനമാണ്. ഈ അസെന്റ് സ്റ്റേജിന്റെ വിക്ഷേപണത്തറയായി ഡിസന്റ് സ്റ്റേജ് നിലനിൽക്കുന്നു അസെന്റ് സ്റ്റേജ് ജ്വലിപ്പിച്ച്, ഒരു റോക്കറ്റ് കണക്കെ സ്വയം വിക്ഷേപിക്കപ്പെടുന്നു.
ഇങ്ങനെ വിക്ഷേപിക്കപ്പെട്ട അസെന്റ് സ്റ്റേജ് കമാന്റ്/സർവീസ് മൊഡ്യൂളുമായി ഡോക്ക് ചെയ്യപ്പെടുന്നു.
അസെന്റ്സ്റ്റേജിനുള്ളിലുള്ള യാത്രികര്‍ കമാന്റ്/സർവീസ് മൊഡ്യൂൾ ലേക്ക് മാറിയ ശേഷം അസെന്റ് സ്റ്റേജിനെ ഉപേക്ഷിക്കുന്നു. ശേഷം കമാന്റ്/സർവീസ് മൊഡ്യൂൾ ജ്വലിപ്പിച്ചു കൊണ്ട് ചന്ദ്രന്റെ പരിധിയില്‍നിന്നും പുറത്ത് കടന്ന് കമാന്റ്/സർവീസ് മൊഡ്യൂൾ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നു. ഇതാണ് ട്രാൻസ് എർത്ത് ഇൻജക്ഷൻ ഘട്ടം.
ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപായി കമാന്റ് മൊഡ്യൂള്‍ഉം സർവീസ് മൊഡ്യൂളും വേർപെടുന്നു. സർവീസ് മൊഡ്യൂളിനെ ഉപേക്ഷിച്ച് കമാന്റ്/സർവീസ് മൊഡ്യൂൾ 180 ഡിഗ്രി തിരിഞ്ഞ് (കൂർത്തഭാഗം പിന്നിലാക്കി) അന്തരീക്ഷ ത്തിലേക്ക് കടക്കുന്നു. ഘർഷണം മൂലം കമാന്റ് മൊഡ്യൂളിന് ചുറ്റും ഉന്നത താപനില ഉണ്ടാകുന്നു. ഈ സമയത്ത് കമാന്റ് മൊഡ്യൂള്‍ ഉമായി ആശയ വിനിമയം സാധ്യമല്ല. ശേഷം പാരച്യൂട്ടുകളുപയോഗിച്ച് വേഗത കുറച്ച് കമാന്റ് മൊഡ്യൂള്‍ സമുദ്രത്തിൽ പതിക്കുന്നു. ഇവിടെ നിന്നും ചാന്ദ്രയാത്രികരെ ഹെലികോപ്റ്റർ മാർഗം കരയിലെത്തിക്കുന്നു.
ചാന്ദ്രയാത്ര വിവാദം
ചാന്ദ്രയാത്ര തട്ടിപ്പാണെന്നതിന്ന് ധാരാളം “തെളിവുകൾ” ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട തെളിവുകൾക്കുള്ള മറുപടികൾ
വിവാദങ്ങളിൽ പ്രധാനപ്പെട്ടത് ചന്ദ്രനിൽ നിന്നെടുത്ത ചിത്രങ്ങളെക്കുറിച്ചുള്ളവയാണ്.
- ചന്ദ്രനിൽ വച്ച് എടുത്ത ചിത്രങ്ങളിലൊന്നും ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നില്ല. അന്തരീക്ഷമില്ലാത്തതിനാൽ പകൽ സമയത്തും അവിടെ നക്ഷത്രങ്ങളേ കാണേണ്ടതല്ലേ? ഒരു ചിത്രത്തിൽ പോലും നക്ഷത്രങ്ങളില്ലല്ലോ.
ന്യായമായ സംശയം. ഇതിനുള്ള ഉത്തരം നമുക്ക് ഭൂമിയിൽ തന്നെ പരീക്ഷിച്ച് കണ്ടെത്താം. നല്ല ഇരുണ്ട രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെ കൂടി കിട്ടുന്ന രീതിയിൽ നിങ്ങളുടെ കൂട്ടുകാരന്റെ ചിത്രമെടുത്ത് നോക്കുക. മൊബൈൽ ക്യാമറ മതി. ആകാശം ഇരുണ്ട് തന്നെയിരിക്കും. നക്ഷത്രളുടെ ചിത്രമെടുത്തി ട്ടുള്ളവർക്കറിയാം. സൂര്യനൊഴികെയുള്ള എല്ലാ നക്ഷത്രങ്ങളും പ്രകാശവർഷങ്ങൾ അകലെയാണ് . അവയിൽ നിന്നും വരുന്ന പ്രകാശം വളരെ നേർത്തതും. നക്ഷത്രങ്ങളെ ക്യാമറയിൽ പകർത്തണ മെങ്കിൽ നിങ്ങളുടെ ക്യാമറ കുറഞ്ഞത് അര സെക്കന്റ് നേരത്തേക്കെങ്കിലും തുറന്ന് പിടിക്കണം. ഇങ്ങനെ എടുത്തെങ്കിൽ മാത്രമേ നക്ഷത്രങ്ങളെ പകർത്താനാകു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതെല്ലാം ചന്ദ്രന്റെ പകൽ ഭാഗത്താണ്. നക്ഷത്രങ്ങളെ പകർത്തണമെന്ന് കരുതി ചിത്രമെടുത്താൽപ്പോലും ചന്ദ്രോപരിതലവും യാത്രികരും ഓവെർ എക്സ്പോസ്ഡ് ആകും. ഒരൊറ്റ ഫ്രെയിമിൽ ഇതു രണ്ടും കൂടി നടക്കില്ല എന്നർഥം.
അറ്റ്‌ലാന്റിസിൽ നിന്നെടുത്ത ഒരു ചിത്രമാണിത്. ഇതിൽ ഭൗമോപരിതലവും അന്താരാഷ്ട്ര ബഹിരാകാശ നിലയവും ഉണ്ട് എന്നാൽ നക്ഷത്രങ്ങളില്ല. ഭൗമോപരിതലത്തെയും ബഹിരാകാശ നിലയെത്തെയും ചിത്രത്തിൽ കൊണ്ടുവരാൻ വേണ്ട എക്സ്പോഷർ സമയത്തേക്കാൾ കൂടുതൽ വേണം നക്ഷത്രങ്ങളെ കിട്ടാൻ അതാണ് ഈ ചിത്രത്തിലും സംഭവിച്ചിരിക്കുന്നത്.
ചന്ദ്രനിൽ ആകെ ഒരു പ്രകാശ സ്രോതസ് മാത്രമാണുള്ളത് സൂര്യൻ. അതിനാൽ ചന്ദ്രോപരിതലത്തിന്റെ ചിത്രത്തിൽ ഉപരിതല ത്തിലെ പ്രകാശ വിതരണം ഒരുപോലെയേ വരാൻ പാടുള്ളൂ. എന്നാൽ ഈ ചിത്രം നോക്കു. ആൾഡ്രിൻ ചന്ദ്രനിൽ നിൽക്കുന്ന പ്രശസ്തമായ ചിത്രമാണിത്. ആൽഡ്രിൻ നിൽക്കുന്നതി നടുത്ത് മാത്രം ഒരു സ്പോട്ട് ലൈറ്റിൽ നിന്ന് പ്രകാശം വീഴുന്നത് പോലെ കാണുന്നുണ്ട്. ദൂരെയുള്ള ചന്ദ്രോപരിതലം ഇരുണ്ടിട്ടും. സൂര്യൻ മാത്രമാണ് പ്രകാശ സ്രോതസ്സ് എന്നിരിക്കെ ഇതെങ്ങിനെ സംഭവിച്ചു ?
വിവാദങ്ങൾ ഉണ്ടാക്കാനും തട്ടിപ്പെന്നു വരുത്തി തീർക്കാനുമായി ഉപയോഗിക്കുന്ന പല ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ടവയണ്. ഈ ഒരു ചോദ്യത്തിൽ മാത്രമല്ല മറ്റു പലയിടത്തും വാദങ്ങൾക്കായി ഉപയോഗിക്കുന്നത് എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണ്. ഈ കാണുന്നതാണ് യഥാർത്ഥ ചിത്രം. ഇതിൽ ഉപരിതലത്തെ പ്രകാശത്തിന്റെ അളവ് ഒരുപോലെയാണെന്ന് കാണാം.
ആംസ്ട്രോങ്ങ് ചന്ദ്രനിലേക്ക് ഇറങ്ങുന്ന വീഡിയോ നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. “One small step for a man, One giant leap for mankind”. ആ വീഡിയോ എങ്ങനെ എടുത്തു ? ചന്ദ്രോപരിതലത്തിലാണേൽ മറ്റാരുമില്ല താനും.
ഉത്തരം ലളിതമാണ്. ലൂണാർ മൊഡ്യൂൾ എടുത്ത ഒരു സെൽഫി വീഡിയോ ആണതെന്ന് പറയാം. ലൂണാർ മൊഡ്യൂൾ ൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയിൽ നിന്നാണ് ആ വീഡിയോ പകർത്തിയത്.
ബഹിരാകാശ യാത്രികർ ചാന്ദ്രയാത്രയിൽ വാൻ അലെൻ റേഡിയേഷൻ ബെൽറ്റ് കടന്നാണ് പോകുക. മാരകമായ വികിരണങ്ങളേറ്റ് ഇവരെങ്ങനെ ചന്ദ്രനിലെത്തി. ഇതൊരിക്കലും സാധ്യമല്ല.
മറുപടിക്ക് മുൻപ് എന്താണ് വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്ന് നോക്കാം
നമ്മുടെ ഭൂമിക്ക് ചുറ്റും, ഉപരിതലത്തിൽ നിന്ന് 600 കിലോമീറ്റർ മുകളിലായി ഏതാണ്ട് ഉഴുന്നുവട ആകൃതി യിൽ റേഡിയേഷൻ സോണുണ്ട്. 1958 ൽ നാസയുടെ തന്നെ എക്സ്പ്ലോറർ 1 എന്ന ഉപഗ്രഹ മാണ് ഇങ്ങനെ ഒരു വലയമുണ്ടെന്ന് കണ്ടെത്തുന്നത്. സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളെ ഭൂമിയുടെ കാന്തിക വലയം ട്രാപ്പ് ചെയ്യുന്നതാണ് ഈ റേഡിയേഷൻ സോൺ എന്ന് വാൻ അലെൻ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി. ഈ മേഖല അങ്ങനെ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്ന് അറിയപ്പെട്ടു
വാൻ അലെൻ ബെൽറ്റിനെ രണ്ട് മേഖലകളായി തിരിക്കാം. ഉന്നത ഊർജ നിലയിലുള്ള പ്രോട്ടോണുകളുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ ഇന്നർ ബെൽറ്റ്. ഇതിനു പുറത്തായി താരതമ്യേന ഊർജം കുറഞ്ഞ ഇലക്ട്രോണുകൾ ഉള്ളതുമായ ഔട്ടർ ബെൽറ്റ്, ഇതിന് ഇന്നർ ബെൽറ്റിനേക്കാൾ വലിപ്പം കൂടുതലാണ്.
അപ്പോളോ 11, ഇന്നർ ബെൽറ്റിലൂടെ സഞ്ചരിച്ച സമയം മിനിറ്റുകൾ മാത്രമാണ്. ഔട്ടർ ബെൽറ്റിലൂടെ 1.5 മണിക്കൂർ സമയമെടുത്തും യാത്ര ചെയ്തു. അതായത് ഹാനികരമായ ബെൽറ്റിലൂടെ സഞ്ചരിച്ച സമയം വളരെക്കുറവാണ്. ഇതിൽത്തന്നെ സഞ്ചരിച്ച പാത വാൻ അലൻ ബെൽറ്റിന്റെ തീവ്രത കുറഞ്ഞ ഭാഗത്തു കൂടിയാണ്. ഹാനികരമായ അയൊണൈസിങ്ങ് വികിരണങ്ങളെ തടയാൻ പേടകത്തിന്റെ അലുമിനിയം കവചം ധാരാളമാണ്. മൂന്നു വർഷം കൊണ്ട് നമുക്ക് ഏൽക്കുന്ന റേഡിയേഷനേ ചാന്ദ്രയാത്രയിൽ യാത്രികർക്ക് ഏൽക്കുന്നുള്ളൂ. ഇത് ഹാനികരമല്ല.
അന്തരീക്ഷമില്ലാത്ത ചന്ദ്രനിലെ കൊടി പറക്കുന്നതെങ്ങനെ?
കൊടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒന്നാമത്തേത് അന്തരീക്ഷ മില്ലാത്തിടത്ത് എങ്ങനെയാണ് കൊടി നിവർന്നു നിൽക്കുന്നത് എന്നതാണ്. കൊടിയുടെ ചിത്രം മാത്രം നോക്കുക. കൊടി ഘടിപ്പിച്ചിരിക്കുന്നത് തല തിരിഞ്ഞ L ആകൃതിയിലുള്ള വടിയിലാണ്. അതിനാൽ കൊടി തൂങ്ങി കിടക്കില്ല. നിവർന്നു തന്നെ നിൽക്കും. ശരി. അപ്പോഴും കൊടി പറക്കുന്നതിനുള്ള മറുപടിയായില്ല. കൊടി ചലിക്കാതെ കുത്തി നിർത്തുക അസാധ്യമാണ്. ആദ്യമുണ്ടാകുന്ന ആ ചലനം അന്തരീക്ഷമില്ലാത്തതിനാൽ കുറച്ച് നേരം നിലനിൽക്കും ഇതാണ് കൊടി നിർത്തുന്ന സമയത്തെ ചലനത്തിനു കാരണം. കൂടാതെ കൊടിയിലു ണ്ടായിരുന്ന ചുളിവുകൾ കാറ്റുണ്ടായിരുന്ന പോലുള്ള പ്രതീതി ഉണ്ടാക്കുന്നു.
ഉണങ്ങിക്കിടക്കുന്ന മണ്ണിൽ ചവിട്ടി നോക്കിയാലറിയാം അവിടെ ചെരുപ്പിന്റെ പാട് വ്യക്തമായി ഉണ്ടാവില്ല. എന്നാൽ നനവുള്ള മണ്ണിലാണെങ്കില്‍ നന്നായി ഉണ്ടാവുകയും ചെയ്യും. ചന്ദ്രനിൽ നനവില്ലെന്നു നമുക്കറിയാം. പിന്നെങ്ങനെയാണ് ചിത്രത്തിൽ കാണുന്ന പോലെ ഷാർപ്പ് ആയ കാൽപ്പാടുകൾ ചന്ദ്രോപരിതലത്തിൽ ഉണ്ടാകുന്നത്?
മഴയോ, കാറ്റോ ഇല്ലാത്തതാണ് കാരണം. ചന്ദ്രനിൽ ഭൂമിയിലേതു പോലെയുള്ള ഉപരിതല പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ ഭൂമിയിലെ മണ്ണും ചന്ദ്രനിലെ മണ്ണും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചന്ദ്രനിലെ മൺതരികളുടെ അഗ്രങ്ങൾ വളരെ കൂർത്തതായിരിക്കും. ഈ കൂർത്ത അഗ്രങ്ങളാണ് അവയെ ഒട്ടിച്ചേർന്നിരിക്കാൻ സഹായിക്കുന്നത്. മാത്രമല്ല അന്തരീക്ഷമില്ലാത്തതിനാൽ ഈ പാടുകൾ അതേപോലെ നില നിൽക്കുകയും ചെയ്യുന്നു. ഭൂമിയിൽ കാറ്റും മഴയും പുഴയും തുടങ്ങിയ ഭൗമോപരിതല പ്രവർത്തനങ്ങൾ ഉള്ളതിനാൽ മൺ തരികൾക്കൊന്നും കൂർത്ത അഗ്രങ്ങൾ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ അവ നന്നായി ഒട്ടിച്ചേർന്നിരിക്കില്ല. എന്നാൽ വെള്ളം നനഞ്ഞാൽ ആ വെള്ളം മൺതരികളെ ഒട്ടിച്ചേർന്നിരിക്കൻ സഹായിക്കുന്നു.
ഇങ്ങനെ മറുപടി നൽകേണ്ടതും, മറുപടി അർഹിക്കാത്തതുമായ അനേകം ചോദ്യങ്ങളുണ്ട്.
ചോദ്യോത്തരങ്ങൾ തൽക്കാലം ഇവിടെ നിർത്തുന്നു. പകരം ചാന്ദ്രയാത്ര കെട്ടുകഥയല്ല എന്നതിനുപോന്ന മറ്റു ചില തെളിവുകൾ മുന്നോട്ടു വക്കുന്നു.
ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന റിട്രോറിഫ്ലക്ടറുകൾ
അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച റിട്രോറിഫ്ലക്ടറുകൾ ഉപയോഗിച്ച് ചന്ദ്രനിലേ ക്കുള്ള ദൂരം ഇന്നും കണക്കാക്കാം. ഭൂമിയിൽ നിന്നും ചന്ദ്രനിൽ സ്ഥാപിച്ചിട്ടുള്ള ഈ റിഫ്ലക്ടറുക ളിലേക്ക് ലേസർ രശ്മികളെ അയച്ച്, പ്രതിഫലിച്ച് തിരികെ വരാനെടുക്കുന്ന സമയം കണക്കാക്കികൊണ്ട് ഇന്നും ചന്ദ്രനിലേക്കുള്ള ദൂരം നാം അളക്കുന്നുണ്ട്
ചാന്ദ്ര ശിലകൾ
ആറ് അപ്പോളോ ദൗത്യങ്ങളിൽ നിന്നായി 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചിരുന്നു. മാത്രമല്ല ലോകത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ ശിലകൾ പഠനവിധേയമാക്കാനായി അയച്ചു നൽകിയിരുന്നു. എല്ലാ ഗവേഷണ സ്ഥാപനങ്ങളും ഇത് ചാന്ദ്രശിലകൾ തന്നെയാണെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നേ വരെ ആർക്കും തന്നെ ചാന്ദ്ര ശിലകൾ കൃതൃമമായി ഉണ്ടാക്കി എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാറയേക്കാൾ 200 ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ചാന്ദ്രശിലക്ക്. മാത്രവുമല്ല സോവിയറ്റ് യൂണിയൻ റോബോട്ടിക് ദൗത്യങ്ങളിലൂടെ ശേഖരിച്ച ചാന്ദ്രശിലയുമായും ഇതിനെ താരതമ്യം ചെയ്തതാണ്. സ്പേസ് റേസിൽ അമേരിക്കയോട് മത്സരിച്ച സോവിയറ്റ് യൂണിയനു പോലും ഇക്കാര്യത്തിൽ തർക്കമുണ്ടായിട്ടില്ല.
ലൂണാർ റെക്കോണസെൻസ് ഓർബിറ്റർ 2009ൽ എടുത്ത ചാന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ.
ഭൂമിയിലെ ഒബ്സർവേറ്ററികളിൽ നിന്നോ ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിൽ നിന്നോ ചന്ദ്രോപരിതലം നിരീക്ഷിച്ച് അവിടെയുള്ള ലാൻഡിങ് സൈറ്റിലുള്ള ഡിസെന്റിങ് മൊഡ്യൂളിന്റെ ചിത്രം എടുത്തൂടെ എന്ന ചോദ്യം അന്നു തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഹബ്ബിളിനു പോലും കുറഞ്ഞത് 55 മീറ്ററെങ്കിലും വലിപ്പമുള്ള വസ്തുക്കളെയേ ചന്ദ്രോപരിതലത്തിൽ നിന്നും വേർതിരിച്ച് അറിയാൻ സാധിക്കൂ. എന്നാൽ 2009 ൽ ലൂണാർ റെക്കോണസെൻസ് ഓർബിറ്ററിൽ നിന്നും എടുത്ത ചിത്രങ്ങളിൽ അപ്പോളൊ 14യാത്രികരുടെ കാൽപ്പാടുകളും അവരുപയോഗിച്ച ഉപകരണങ്ങളും ലൂണാർ മൊഡ്യൂളും ഒക്കെ തിരിച്ചറിയാൻ കഴിയും. നമ്മുടെ ചാന്ദ്രയാനിൽ ഉണ്ടായിരുന്ന ടെറൈൻ മാപ്പിങ് കാമറയും ചന്ദ്രോപരിതലത്തെ നിരീക്ഷിച്ചിരുന്നു. വ്യക്തത കുറവാണെങ്കിൽ കൂടി അപ്പോളോ ലാൻഡിങ്ങ് നടന്ന സ്ഥലങ്ങളേ മറ്റു സ്ഥലങ്ങളിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
എന്തിനേയും ചോദ്യം ചെയ്യുന്നത് നല്ലതാണ്. അത് ചാന്ദ്രയാത്ര ആയാലും. അവക്കൊക്കെ ഉത്തരം കിട്ടിയെങ്കിൽ മാത്രമേ നാം അത് അംഗീകരിക്കാവൂ. അത് നല്ലതാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാലും, ശാസ്ത്രീയമായ തെളിവുകൾ നൽകിയാലും വിവാദമുണ്ടാക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കാൻ സാധ്യമല്ല. അവർക്ക് അതൊരു ഹോബിയും കച്ചവടവും ഒക്കെയായിരിക്കും.
അവരെ നമുക്ക് വിട്ടേക്കാം..
സാങ്കേതിക വിദ്യ വളര്‍ന്നപ്പോള്‍ ചന്ദ്രയാത്ര സാധിക്കാത്തതിലാണ് ചന്ദ്രയാത്ര കെട്ടു കഥയാകുന്നത്,
കാലം തെളിയിക്കട്ടെ…
Could not be seen flag’s shadow and one rope can be seen on the ground with shadows how?
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് 50 വർഷങ്ങൾ കഴിയുന്നു എന്ന് പറയുമ്പോൾ അവിശ്വസനീയം തന്നെയാണ്. സാങ്കേതിക വിദ്യയിൽ ഇത്രയൊന്നും വികാസം പ്രാപിക്കാത്ത ഒരു കാലഘട്ടത്തെ സംഭവം. മറ്റൊന്ന് ഇത്രയേറെ സാങ്കേതിക വിദ്യകൾ സ്വായത്തമായ ഇക്കാലത്തും തുടർയാത്രകൾ സാധ്യമാകുന്നില്ല എന്നുള്ളതും. എക്കാലത്തും ചന്ദ്രയാത്ര ഒരു കെട്ടുകഥ തന്നെയാണ്. കൗശലക്കാരായ അമേരിക്കക്കാരുടെ എവിടേയും ഒന്നാമൻ ആകുവാൻ വേണ്ടിയുള്ള വെറും കെട്ടുകഥ.