ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര
തിരികെ വരുമോ മാമത്തുകൾ?
സൈബീരിയൻ സമതലങ്ങളിൽ ആയിരക്കണക്കിനു വൂളി മാമത്തുകൾ വിഹരിക്കുന്ന കാലം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊളോസ്സൽ എന്ന കമ്പനിയിലൂടെ കൈകോർത്തിരിക്കുകയാണ് ഹാർവാഡ് മെഡിക്കൽ സ്ക്കൂളിലെ ജനിതകശാസ്ത്രജ്ഞനായ ജോർജ് ചർച്ചും സംരംഭകനായ ബെൻ ലാമ്മും (George Church and Ben Lamm). സൈബീരിയയിൽ പെർമാഫ്രോസ്റ്റിൽ തണുത്തുറഞ്ഞു കിടന്നിരുന്ന വൂളി മാമത്തിന്റെ (woolly mammoth) അവശിഷ്ടങ്ങളിൽ നിന്നു വേർതിരിച്ചെടുത്ത ഡി.എൻ.എ യുടെ കാലപ്പഴക്കം കാരണം ക്ലോണിങ്ങിനു പകരം ക്രിസ്പർ (CRISPR) എന്ന നൂതന ജീൻ എഡിറ്റിങ് സങ്കേതത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി സയൻസ് ഫിക്‌ഷനെയും വെല്ലുന്ന വിസ്മയ സാധ്യതയുമായാണ് ജോർജ് ചർച്ച് മുന്നോട്ടു പോവുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ജനിതകപരമായി മാമത്തിന്റെ അടുത്ത ബന്ധുവായി വരുന്ന ഏഷ്യൻ ആനകളുടെ ജീനോമിനെ ക്രിസ്പർ സങ്കേതം ഉപയോഗിച്ച് ഒന്ന് പുനർ രൂപകല്പന ചെയ്ത് മാമത്തുകളുടെ ഒരു സങ്കര ഇനത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഏഷ്യൻ ആനകളെ സൈബീരിയൻ കാലാവസ്ഥയിൽ അതിജീവനം സാധ്യമാവുന്ന വൂളി മാമത്തിനു സമാനമാക്കി മാറ്റണമെങ്കിൽ അവയ്ക്ക് നല്ല കട്ടിയുള്ള രോമക്കെട്ടുകളും ശരീരത്തിനുള്ളിൽ കട്ടിയുള്ള കൊഴുപ്പു പാളിയും ചെറിയ ചെവികളും സവിശേഷമായ കൊമ്പുകളുമൊക്കെ ആവശ്യമാണ്. ഇതിന് ഏഷ്യൻ ആനകളുടെ ഭ്രൂണത്തിൽ നിരവധി മാമത്ത് ജീനുകൾ ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ സന്നിവേശിപ്പിക്കേണ്ടി വരും. ഇതിനായി ചില സിന്തറ്റിക് ജീനുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കേണ്ടിയും വരും. ഇങ്ങനെ ജനിതക എഡിറ്റിങ് നടത്തിയ ഭ്രൂണങ്ങളെ ഏഷ്യൻ ആനകളുടെ വാടക ഗർഭപാത്രത്തിൽ വളർത്തിയെടുക്കുന്നതിനൊപ്പം കൃത്രിമ ഗർഭപാത്രങ്ങളൊരുക്കി അതിൽ വളർത്താനും പദ്ധതിയിടുന്നുണ്ട് . 2027 ഓടെ സങ്കര മാമത്ത് യാഥാർഥ്യമാവുമെന്നാണ് ചർച്ചിന്റെ അവകാശവാദം. ഏഷ്യൻ ആനകളുടെ ഭ്രൂണത്തിൽ ജനിതക എഡിറ്റിങ് നടത്തി മാമത്ത് സമാന ജീവികളെ സൃഷ്ടിക്കുന്നതിലെ നൈതികത സംബന്ധിച്ച ചർച്ചകളും ഇനി സൃഷ്ടിച്ചാൽ അവയ്ക്ക് അതിജീവനം സാധ്യമാവുമോ തുടങ്ങിയ ചൂടുപിടിക്കുമ്പോൾ ഇങ്ങനെ മാമത്തുകളെ തിരിച്ചുകൊണ്ടുവരുന്നതിലൂടെ സൈബീരിയയിലെ സാരമായ പരിക്കുകൾ പറ്റിയിരിക്കുന്ന തുണ്ട്ര ആവാസവ്യവസ്ഥയെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവന്ന് രക്ഷിക്കാൻ കൂടി കഴിയുമെന്നാണ് ചർച്ചിന്റെ അവകാശവാദം.
സൈബീരിയൻ പെർമാഫ്രോസ്റ്റിൽ മഞ്ഞിൽ പുതഞ്ഞുകിടന്നിരുന്ന 28000 വർഷത്തോളം പഴക്കം വരുന്ന ഒരു മാമത്തിന്റെ മൃതശരീരത്തിൽ നിന്നും നിരവധി ന്യൂക്ലിയാർ സമാന ഘടനകൾ വേർതിരിച്ചെടുത്ത് ഇത് എലിയുടെ അണ്ഡകോശത്തിൽ സന്നിവേശിപ്പിച്ചപ്പോൾ ജൈവികമായ ചില പ്രവർത്തനങ്ങൾ ദൃശ്യമായി. ജപ്പാനിലെ കിൻഡായ് സർവ്വകലാശാലാ ഗവേഷകരുടെ ഈ പരീക്ഷണത്തിൽ കോശവിഭജനത്തിനു നാന്ദി കുറിക്കുന്ന ചില മാറ്റങ്ങളും നിരീക്ഷിക്കാൻ സാധിച്ചു. ഇത് കോശവിഭജനത്തിലേക്ക് എത്തിച്ചാൽ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്യാനുപയോഗിച്ച സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ മാർഗ്ഗത്തിലൂടെ ക്ലോണിങ് നടത്താമെന്നാണ് പ്രതീക്ഷ.
സാന്റാ ബാർബറയിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും ജപ്പാനിലെ കിൻകി സർവ്വകലാശാലയിലെയും സൈബീരിയൻ മാമത്ത് മ്യൂസിയത്തിലെയും ജർമ്മനിയിലെ ബോൺ സർവ്വകലാശാലയിലെയുമൊക്കെ ഗവേഷകർ മാമത്ത് ക്ലോണിങ്ങുമായി മുന്നോട്ടുപോവുന്നുണ്ട്.
ജുറാസ്സിക് പാർക്ക് യാഥാർഥ്യമാവുമോ?
ജുറാസിക് പാർക്ക് സിനിമയിൽ കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് മണ്മറഞ്ഞ ദിനോസറുകൾ ഫോസിലുകളിൽ നിന്നു പുനർജനിച്ച പോലെ ദിനോസറുകളുടെ തിരിച്ചു വരവ് യാഥാർഥ്യമാവുമോ എന്ന ചോദ്യം തൽക്കാലം കൃത്യമായ ഒരുത്തരമില്ലാതെ തുടരുകയാണ്. കോടിക്കണക്കിനു വർഷം പഴക്കമുള്ള ദിനോസർ മുട്ടകളും ഫോസിലുകളുമൊക്കെ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണം അവയിൽ നിന്ന് കേടുപാടുകളില്ലാത്ത ഡി.എൻ.എ ലഭിക്കാൻ പ്രയാസമാണ്.
ഗുഹക്കരടിയുടെ ജീൻ ശ്രേണീകരണം
ഏതാണ്ട് ഇരുപത്തിനാലായിരം വർഷങ്ങൾക്ക് മുമ്പ് മണ്മറഞ്ഞു പോയ ഗുഹക്കരടിയുടെ ജീൻ ശ്രേണീകരണം നടത്തുന്നതിൽ ജർമ്മനിയിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രപ്പോളജിയിലെയും യു.എസ്സിലെ ജോയിന്റ് ജീനോം ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ വിജയം കണ്ടു. നിയാണ്ടർത്താൽ മനുഷ്യന്റെ ഫോസിലുകൾ ലഭിച്ച ഗുഹകളിൽ നിന്ന് ലഭിച്ച കാലപ്പഴക്കമേറിയ ജനിതകദ്രവ്യത്തിൽ നിന്നും ഈ ജീവിയെ ക്ലോൺ ചെയ്യാനുള്ള ശ്രമങ്ങൾക്ക് വിഘാതവും ഡി.എൻ.എ യുടെ കാലപ്പഴക്കവും കേടുപാടുകളും തന്നെ.
ക്ലോണിങ് വിസ്മയങ്ങൾ
സമീപഭാവിയിൽ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ബ്ലാക്ക് ഫൂട്ടഡ് ഫെററ്റുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് ചരിത്രം കുറിച്ചു കഴിഞ്ഞു ഒരു സംഘം യു.എസ് ശാസ്ത്രജ്ഞർ. വടക്കേ അമേരിക്കയിൽ ഒരുകാലത്തു ധാരാളമായിക്കണ്ടിരുന്ന, കീരിവർഗ്ഗത്തിൽപ്പെട്ട ഈ സസ്തനിയെ ക്ലോൺ ചെയ്തതാവട്ടെ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള കോശങ്ങളിൽ നിന്നും!.
2000-ൽ സെലിയ എന്നു വിളിച്ചിരുന്ന പെണ്ണാടിന്റെ ജീവൻ പൊലിഞ്ഞതോടെ കുറ്റിയറ്റു പോയ ജീവിയാണ് പൈറീനിയൻ ഐബെക്സ് (Pyrenean ibex) എന്ന സ്പാനിഷ് മലയാട്. ഈ പെണ്ണാടിന്റെ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന കോശങ്ങളിൽ നിന്നും 2003-ൽ സരാഗോസാ സർവ്വകലാശാലയിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ ഒരു കുഞ്ഞാടിനെ സൃഷ്ടിച്ച് വിസ്മയമായെങ്കിലും ശ്വാസകോശത്തകരാറുകൾ കാരണം ഏതാനും മിനിട്ടുകളേ അത് ജീവിച്ചിരുന്നുള്ളൂ.
തിരികെ വന്നേക്കും ഗാസ്ട്രിക് ബ്രൂഡിങ് ഫ്രോഗ്
ആസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ മഴക്കാടുകളിൽ ഒരുകാലത്ത് ധാരാളമായിക്കണ്ടിരുന്ന ഗാസ്ട്രിക് ബ്രൂഡിങ് ഫ്രോഗ് 1983-ഓടെ നാമാവശേഷമായി. ന്യൂകാസിൽ സർവ്വകലാശാലാ ഗവേഷകർ സൊമാറ്റിക് സെൽ ന്യൂക്ലിയാർ ട്രാൻസ്ഫർ വിദ്യയിലൂടെ ഈ തവളയുടെ ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഒരു പൂർണ്ണജീവിയെ സൃഷ്ടിക്കുകയാണ് ഇനി ലക്ഷ്യം.
വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളെ നിലനിർത്താൻ
വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളിൽ (Northern white rhinoceros) രണ്ടു പെൺകാണ്ടാമൃഗങ്ങൾമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഇവയെ വംശനാശത്തിൽ നിന്നു രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ വെള്ളക്കാണ്ടാമൃഗത്തിന്റെ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ബീജകോശങ്ങളും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പെൺകാണ്ടാമൃഗത്തിൽ നിന്നു ശേഖരിച്ച അണ്ഡകോശങ്ങളും സംയോജിപ്പിച്ച് പരീക്ഷണശാലയിൽ അവയുടെ ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചുകഴിഞ്ഞു ജർമ്മൻ, ഇറ്റാലിയൻ ശാസ്ത്രജ്ഞരടങ്ങുന്ന ഗവേഷകസംഘം. ഇനി ഈ ഭ്രൂണം തെക്കൻ വെള്ളക്കാണ്ടാമൃഗത്തിന്റെ വാടക ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്താനാണ് ശ്രമം.
മടങ്ങിവരുമോ ക്വാഗ്ഗയും ടാസ്മാനിയൻ ടൈഗർ വുൾഫും?
1883-ൽ ആംസ്റ്റർഡാമിലെ മൃഗശാലയിൽ വച്ച് അവസാനത്തെ ക്വാഗ്ഗയുടെ ജീവനും പൊലിഞ്ഞതോടെ ഒരുകാലത്ത് ദക്ഷിണാഫ്രിക്കയിൽ ധാരാളമായിക്കണ്ടിരുന്ന ആ ജീവിയുടെ വംശമറ്റു. ഇവയുടെ അവശിഷ്ടങ്ങളിൽ നിന്നു ലഭിച്ച മൈറ്റോകോണ്ഡ്രിയൽ ഡി.എൻ.എ ശകലങ്ങളിൽ നിന്നും ഒരു ക്വാഗ്ഗയെ ക്ലോൺ ചെയ്യുക എന്ന സ്വപ്നം നടക്കാൻ സാധ്യത വളരെക്കുറവാണ്. അതുകൊണ്ടു തന്നെ ക്വാഗ്ഗയോട് ജനിതകപരമായി ഏറെ സാമ്യമുള്ള പ്ലെയിൻസ് സീബ്രയുടെ സെലക്റ്റീവ് ബ്രീഡിങ്ങിലൂടെ ക്വാഗ്ഗയുടെ ജനിതക സവിശേഷതകൾ നിലനിർത്താൻ ശ്രമിക്കുകയാണ് ആഫ്രിക്കയിലെ ക്വാഗ്ഗ പ്രോജക്റ്റ്.
ഒരുകാലത്ത് ആസ്ട്രേലിയയിൽ സുലഭമായിക്കണ്ടിരുന്ന തൈലാസിൻ (Thylacine) അഥവാ ടാസ്മാനിയൻ ടൈഗർവുൾഫ് (ടാസ്മാനിയൻ ചെന്നായ) എന്ന ജീവിവർഗ്ഗത്തിലെ അവസാന കണ്ണി 1936-ൽ കണ്ണടച്ചത്തോടെ ആ ജീവിവർഗ്ഗം എന്നേക്കുമായി അപ്രത്യക്ഷമായി. ഇവയെ ക്ലോണിങ്ങിലൂടെ പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് മെൽബൺ സർവ്വകലാശാലയിലെയും പെൻസിൽവാനിയ സ്റ്റേറ്റ് സർവ്വകലാശാലയിലെയുമൊക്കെ ഗവേഷകർ. അതിന്റെ ഭാഗമായി ഈ ജീവിയുടെ ശീതീകരിച്ച ശരീരഭാഗങ്ങളിൽ നിന്നും ഡി.എൻ.എ വേർതിരിച്ചെടുത്തു. ന്യൂക്ലിയാർ ജീനോം വിജയകരമായി ശ്രേണീനിർണ്ണയം നടത്തുകയും ചെയ്തു കഴിഞ്ഞു.
ചിറകടിക്കുമോ സഞ്ചാരിപ്രാവുകൾ?
യു.എസ്സിലെ സിൻസിനാറ്റി മൃഗശാലയിൽ 1914-ൽ മാർത്ത എന്ന അവസാനത്തെ സഞ്ചാരിപ്രാവും (Passenger pigeon) കണ്ണടച്ചതോടെ സഞ്ചാരിപ്രാവുകളുടെ യുഗം കഴിഞ്ഞു. റിവൈവ് ആന്റ് റീസ്റ്റോർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഇവയുടെ അവശേഷിക്കുന്ന ഡി.എൻ.എ ശകലങ്ങളിൽ നിന്ന് ഈ പക്ഷിയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ നടന്നെങ്കിലും ലഭ്യമായിട്ടുള്ള ജനിതകദ്രവ്യങ്ങളുടെ കാലപ്പഴക്കവും അതിനു സംഭവിച്ച കേടുപാടുകളും ഇതിനു വിഘാതമായി. അതുകൊണ്ടു തന്നെ ജനിതകപരമായി ഇവയോടു സാമ്യമുള്ള ബാൻഡ് ടെയിൽഡ് പീജിയന്റെ ഡി.എൻ.എ യിൽ ക്രിസ്പർ ഉപയോഗിച്ച ജീൻ സന്നിവേശിപ്പിച്ചും ആവശ്യമായ ജനിതക എഡിറ്റിങ്ങുകൾ നടത്തിയും പാസഞ്ചർ പീജിയന്റെ ഒരു സങ്കര ഇനത്തെ സൃഷ്ടിക്കാനാണ് പുതിയ ശ്രമം.
ഇന്ത്യൻ ചീറ്റകൾ വീണ്ടും ചീറിപ്പായുമോ?
ഇന്ത്യയുടെ ഉത്തര, മധ്യ സമതലങ്ങളിലും മൈസൂർ, ഡെക്കാൺ പ്രദേശങ്ങളിലുമൊക്കെ കാണപ്പെട്ടിരുന്ന ഇന്ത്യൻ ചീറ്റകൾ 1940 കളുടെ അവസാനത്തോടെ കുറ്റിയറ്റുപോയി. അവയുടെ ജനിതക പദാർഥങ്ങളിൽ നിന്നും ക്ലോൺ ചെയ്യാനുള്ള ഗവേഷണങ്ങൾ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജിയിൽ നടന്നെങ്കിലും അത് ഇതുവരെ വിജയത്തിലെത്തിയില്ല. ഇന്ത്യയിൽ ഒരു കാലത്ത് ചീറ്റകൾ വിഹരിച്ചിരുന്ന ആവാസവ്യവസ്ഥകളിലേക്ക് ആഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെ കൊണ്ടുവരിക എന്ന ആശയവും ചർച്ചയാവുന്നുണ്ട്.
പ്രതീക്ഷകൾ ആശങ്കകൾ
കരീബിയൻ മങ്ക് സീൽ, കേവ് ലയൺ, വൂളി റൈനോസിറോസ്, സ്റ്റെല്ലേർസ് സീ കൗ, ഓറോക്ക്സ് എന്ന ഭീമൻ കാള, ഡോഡോപ്പക്ഷി, കരോലിനപാരക്കീറ്റ്, എലിഫന്റ് ബേഡ്, ഗ്രേറ്റ് ഓക്ക്, ലിറ്റിൽ ബുഷ് മോവ തുടങ്ങി വംശനാശം സംഭവിച്ച പല ജീവികളെയും ക്ലോൺ ചെയ്യാനോ ജനിതകപരമായി അവയോട് ഏറ്റവുമടുത്ത ജീവിയിൽ ക്രിസ്പർ ജീൻ എഡിറ്റിങ് നടത്തി സങ്കര ഇനത്തെ സൃഷ്ടിച്ച് ജനിതക വൈവിധ്യം കാത്തുസൂക്ഷിക്കാനോ ഉള്ള ഗവേഷണങ്ങൾ പല ഗവേഷണശാലകളിലും മുന്നേറുന്നുണ്ട്. ഇവയ്ക്ക് സ്വാഭാവിക പരിതസ്ഥിതിയിൽ അതിജീവനവും വംശവർദ്ധനവുമൊക്കെ സാധ്യമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അധികവായനയ്ക്ക്
- Why a serial entrepreneur wants to bring back the woolly mammoth
- Signs of biological activities of 28,000-year-old mammoth nuclei in mouse oocytes visualized by live-cell imaging
- Conservation first cloned ferret could help save her species
- First birth of an animal from an extinct subspecies (Capra pyrenaica pyrenaica) by cloning
- Scientists produce cloned embryos of extinct frog
- https://www.quaggaproject.org/
- We’ve decoded the numbat genome – and it could bring the thylacine’s resurrection a step closer
- The great passenger pigeon comeback progress to date, reviverestore.org