അഖില്‍ കൃഷ്ണന്‍ എസ്
വിക്കിപീഡിയ പ്രവര്‍ത്തകന്‍
നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള നമ്മുടെ അറിവുവച്ച് പ്രപഞ്ചത്തിനെന്തുസംഭവിക്കും എന്ന ഒരന്വേഷണം.
ആകാശഗംഗ
[dropcap]ധ[/dropcap]നു നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ പരന്നൊഴുകുന്ന പുഴപോലെ കാണപ്പെടുന്ന ഇതിനു നീളത്തെ അപേക്ഷിച്ചു വീതി കുറവാണ്. 28,000 പ്രകാശവർഷത്തോളം നീളമുള്ളപ്പോൾ വീതി ഏതാണ്ടു 1500 പ്രകാശവർഷം മാത്രം. ആകാശഗംഗയുടെ കേന്ദ്രത്തിൽ നിന്നും വളരെമാറി സർപ്പിള ശാഖകളിലൊന്നായ ഒറിയോൺ ശാഖയിലാണ് സൗരയൂഥത്തിന്റെ സ്ഥാനം. (ഭൂമിയിൽ ജീവനനുയോജ്യമായ പരിതസ്ഥിതിക്കുള്ള കാരണവും ഈ അകന്നുമാറിയുള്ള കിടപ്പാണു്) [box type=”info” align=”” class=”” width=””]ഗാലക്സിക കേന്ദ്രത്തിൽ നിന്നും 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ കിടക്കുന്ന സൗരയൂഥം, സെക്കന്റിൽ 220 കി.മീറ്റർ വേഗതയിൽ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രശ്നം ഇവിടെയാണു്. ഒരു വസ്തു അതിന്റെ പരിക്രമണ പാതയിൽ തുടരണമെങ്കിൽ പ്രവേഗത്തിനു കാരണമായ അപകേന്ദ്രബലവും ഗുരുത്വാകർഷണബലം മൂലമുള്ള ഉൾവലിവും തുല്യമാകണം. എന്നാൽ നിരീക്ഷണ സാധ്യമായ ആകാശഗംഗയുടെ മുഴുവൻ പിണ്ഡവുമെടുത്തുള്ള കണക്കുകൂട്ടലിൽ ഈ കെപ്ലേറിയൻ ബലതന്ത്രം പാലിക്കപ്പെടുന്നില്ലെന്നു കാണാം. അങ്ങനെയാണു ആകാശഗംഗയുടെ മദ്ധ്യത്തിൽ സൂര്യനേക്കാൾ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം (Sagittarius A*) കാണുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വന്നത്.[/box]പിന്നീടുള്ള നിരീക്ഷണങ്ങളിൽ ഇതു ശരിയാണെന്നു കാണിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുമുണ്ട് . (പ്രകാശം ഉത്സർജ്ജിക്കാത്തതിനാൽ നേരിട്ട് തമോദ്വാരത്തെ നിരീക്ഷിക്കാൻ കഴിയില്ലെങ്കിലും തമോദ്വാരത്തിന്റെ ഉൾവലിവിൽപെട്ടുപോയ നക്ഷത്രങ്ങളുടെയും മറ്റു ധൂളീപടലങ്ങളുടെയും ചലനത്തിൽ നിന്നും അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഇവന്റ് ഹൊറൈസൺ ടെലസ്കോപ് കഴിഞ്ഞ കൊല്ലമെടുത്ത ഇതിന്റെ ചിത്രങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇനി ആകാശഗംഗയ്ക്ക് ഏറ്റവുമടുത്തുള്ള ആൻഡ്രോമീഡ താരാപഥത്തിന്റെ കാര്യമെടുക്കാം. (25 ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമീഡ വളരെവേഗം ആകാശഗംഗയ്ക്ക് അടുത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 450 കോടി വർഷത്തിനപ്പുറം രണ്ടും ഒരുമിച്ചുചേർന്നു പുതിയൊരു അണ്ഡാകാര ഗാലക്സിയുണ്ടാകുമെന്നാണു നിരീക്ഷകമതം ). ആൻഡ്രോമീഡയും ആകാശഗംഗയുമൊഴിച്ചാൽ നാമടങ്ങുന്ന ലോക്കൽഗ്രൂപ്പിലെ മറ്റു താരാപഥങ്ങളെല്ലാം താരതമ്യേന ഇത്തിരിക്കുഞ്ഞന്മാരാണ്. ആൻഡ്രോമീഡയുടെ കാര്യത്തിലും കെപ്ലേറിയൻ ബലതന്ത്രം ചെറിയൊരു അസ്കിത കാണിക്കുന്നുണ്ട്. ഇവിടെ ദൃശ്യമായ പിണ്ഡങ്ങളിൽ നിന്നും ഉരുവായേക്കാവുന്ന ബലം മുഴുവനെടുത്തു കണക്കുകൂട്ടിയാലും താരാപഥത്തിലെ നക്ഷത്രങ്ങളെ അതാതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാനുള്ള അഭികേന്ദ്രബലമാകുന്നില്ലെന്നു കാണാം. സൗരയൂഥത്തിന്റെ കാര്യമെടുത്താൽ സൂര്യനിൽ നിന്നും അകന്നുപോകുമ്പോൾ ഗുരുത്വാകർഷണത്തിനുണ്ടാകുന്ന കുറവിനനുസൃതമായി (ന്യൂട്ടന്റെ സമവാക്യത്തിൽ ദൂരത്തിന്റെ രണ്ടാം കൃതിയ്ക്ക് പ്രതിലോമമായാണു ബലം അനുഭവപ്പെടുക) ഗ്രഹത്തിന്റെ ഭ്രമണപ്രവേഗം കുറയുന്നതായി കാണാം. ബുധനു 47.87 കിമീ/സെക്കന്റും ഭൂമിയ്ക്ക് 29.78 കി.മീ/സെക്കന്റും നെപ്റ്റ്യൂണിനു 5.47 കി.മീ/സെക്കന്റുമാണു പ്രവേഗം. എന്നാൽ ആൻഡ്രോമീഡയുടെ കാര്യത്തിൽ ഇതല്ല സംഭവിക്കുന്നത്. ഇതിലെ നക്ഷത്രങ്ങളുടെ പ്രവേഗവും കേന്ദ്രത്തിൽ നിന്നുള്ള ദൂരവും തമ്മിലുള്ള ഗ്രാഫിനു (Rotation Curve)ഏതാണ്ട് പരന്ന പ്രതലമാണ്. അതായത്,
മനുഷ്യനു ഗോചരമല്ലാത്ത മറ്റെന്തോ ബലം നക്ഷത്രത്തെ അതിന്റെ ഭ്രമണപഥത്തിലുറപ്പിക്കാൻ സഹായിക്കുന്നു. ഈ ഗുരുത്വബലം നൽകുന്ന പദാർഥത്തെ തമോദ്രവ്യം അഥവാ ശ്യാമദ്രവ്യം (Dark Matter) എന്നു വിളിക്കാം.
ശ്യാമദ്രവ്യം
ബാരിയോണിക് (മൂന്നു ക്വാർക്കുകളുള്ള കണങ്ങൾ – പ്രോട്ടോൺ, ന്യൂട്രോൺ മുതലായവ) അല്ലാത്ത, ഇതുവരെ കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ലാത്ത ഏതോ കണത്താലാണ് ഇതിന്റെ നിർമിതി എന്നാണ് നിലവിലുള്ള അനുമാനം. (വീക്ക്ലി ഇന്ററാക്ടിങ് മാസ്സിവ് പാർട്ടിക്കിൾസ് -WIMPs എന്ന സാങ്കല്പിക കണത്തിനാലാണു തമോദ്രവ്യത്തിന്റെ അടിസ്ഥാന നിർമ്മിതി എന്നു ചിലർ കരുതുന്നു.) പ്രപഞ്ചനിരീക്ഷണത്തിനു പൊതുവേയുപയോഗിക്കുന്ന വൈദ്യുതകാന്തികതരംഗങ്ങളുമായി പ്രതിപ്രവർത്തിക്കാത്തതിനാലാണ് ഇവയിപ്പോഴും നിഗൂഢതയിൽ കഴിയുന്നത്. ചുരുക്കത്തിൽ താരാപഥകേന്ദ്രത്തിനു ചുറ്റും, കേന്ദ്രത്തിൽ നിന്നും വേർപെടുംതോറും സാന്ദ്രത കുറഞ്ഞു വരത്തക്കവണ്ണം നൂറു കണക്കിനു പ്രകാശവർഷം മാത്രം ദൂരത്തിലാണു ദൃശ്യപിണ്ഡം ക്രമീകരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ തമോദ്രവ്യം ഏതാണ്ട് ഒരേ നിരക്കിൽ ആയിരക്കണക്കിനു പ്രകാശവർഷം അകലെവരെ വിന്യസിക്കപ്പെട്ടിരിക്കുന്നു. . പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനത്തോളവും ഊർജസാന്ദ്രതയുടെ 25 ശതമാനത്തോളവും തമോദ്രവ്യമാണെന്നു കണക്കാക്കപ്പെടുന്നു.
പ്രപഞ്ചത്തിലെ പല താരാപഥങ്ങളിലും ആവശ്യത്തിന് തമോദ്രവ്യം ഇല്ലെങ്കിൽ അവയിലെ നക്ഷത്രങ്ങൾ കേന്ദ്രത്തെ ചുറ്റി സഞ്ചരിയ്ക്കാതെ അകന്നു പോയേനെ. പല താരാപഥങ്ങളും രൂപം കൊള്ളുകപോലും ഇല്ലായിരുന്നു. ഗ്രാവിറ്റേഷണൽ ലെൻസിങിന്റെ നിരീക്ഷണങ്ങളാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം കാണിയ്ക്കുന്ന മറ്റൊരു തെളിവ്. പ്രപഞ്ചത്തിലെ പശ്ചാത്തലവികിരണം, ദൃശ്യപ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, ഗാലക്സികളുടെ രൂപീകരണവും പരിണാമവും, ഗാലക്സികളുടെ കൂട്ടിമുട്ടലുകൾ, താരാപഥവ്യൂഹങ്ങൾക്കുള്ളിലെ താരാപഥങ്ങളുടെ ചലനങ്ങൾ തുടങ്ങിയവയൊക്കെ തമോദ്രവ്യത്തിന്റെ സാന്നിധ്യം വെളിവാക്കുന്ന മറ്റു തെളിവുകളാണ്.
ഇതുവരെ കണ്ടെത്താനാകാത്ത ഒരു മൗലികകണമാണ് തമോദ്രവ്യത്തിന്റെ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകൾ എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പരമാണു ഭൗതികത്തിലെ ഇന്നത്തെ ഒരു സുപ്രധാന ഗവേഷണം ഈ കണത്തെ കണ്ടുപിടിയ്ക്കാനാണ്.
പ്രപഞ്ചത്തിന്റെ വികാസം
ഭൂമിയിലും ആകാശത്തുമുള്ള നിരവധി ടെലസ്കോപ്പുകളിലൂടെ പതിറ്റാണ്ടുകളായി നാം പ്രപഞ്ചത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണു്. ഹബിളും ചന്ദ്രയും കോംപ്റ്റണും സ്പിറ്റ്സറുമെല്ലാം വിവിധ തരംഗദൈർഘ്യത്തിലുള്ള പ്രപഞ്ചത്തെ കൺകുളിർക്കെ കാണുന്നു. ഇവയിൽനിന്നൊക്കെ കിട്ടുന്ന വിവരമനുസരിച്ച് പ്രപഞ്ചത്തിലെങ്ങോട്ട് തലതിരിച്ചു വച്ചാലും കാണുന്നതെല്ലാം ഒരേ തരമാണ്. എല്ലായിടത്തും ഏതാണ്ട് ഒരേതരം താരാപഥങ്ങൾ, ക്ലസ്റ്ററുകൾ, സൂപ്പർക്ലസ്റ്ററുകൾ.. (തീർച്ചയായും ഗുരുത്വത്തിന്റെ ഏറ്റക്കുറച്ചിൽ മൂലം പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും) പ്രപഞ്ചത്തിൽ പിണ്ഡം ഏതാണ്ട് ഒരേ അളവിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്നർത്ഥം.
ഇനി ഈ ടെലസ്കോപ്പുകളുപയോഗിച്ച് നാം വിദൂരതയിലേക്കു കൺനീട്ടിയെന്നിരിക്കട്ടെ, പരമാവധി ദൂരത്തു കാണാവുന്ന ഒരു ചുവന്ന പൊട്ട്, 1320 കോടി പ്രകാശവർഷത്തിനപ്പുറത്തുള്ളതാണ്. (ചുവപ്പു നിറത്തിനു കാരണം ചുവപ്പുനീക്കം – Red shift എന്ന പ്രതിഭാസമാണു്. അകന്നു പോകുന്ന പ്രകാശസ്രോതസിൽ നിന്നും വരുന്ന പ്രകാശം ഡോപ്ലർ പ്രഭാവത്തിനു വിധേയമായി ആവൃത്തി കുറയുന്നതായി അനുഭവപ്പെടും) നാസയുടെ സ്വിഫ്റ്റ് ടെലിസ്കോപ്പിലൂടെ കണ്ട GRB 090429B എന്നറിയപ്പെടുന്ന ഗാമാ റേ ബർസ്റ്റ് പ്രപഞ്ചോത്ഭവത്തിന്റെ 96% കാലത്തോളമായി നമ്മൾക്കടുത്തേക്ക് സഞ്ചരിക്കുകയാണു്. (ഇന്നിത് നമ്മളിൽ നിന്നും മൂവായിരം കോടി പ്രകാശവർഷം അകലെയാകാമെന്നു കണക്കുകൂട്ടുന്നു) ഈ നക്ഷത്രത്തിനപ്പുറത്തേക്കു നോക്കിയാൽ ഒന്നും കാണാൻ കഴിയുന്നില്ല (സാങ്കേതികപരിമിതിയല്ല, നക്ഷത്രങ്ങൾ ഇല്ലാത്തതിനാലാണ് )
ബിഗ്ബാങ്ങിനു ശേഷം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നു കേട്ടിരിക്കും. (ആപേക്ഷികസിദ്ധാന്തപ്രകാരം സ്പേസ് വളയാം, ചുരുങ്ങാം, വലുതാകാം) തുടക്കത്തിൽ ചെറുതും തപ്തവുമായ അവസ്ഥയിലായിരുന്നെങ്കിൽ വലുതാകുന്നതിനനുസരിച്ച് ഊർജ്ജസാന്ദ്രത കുറയുന്നതിനാലും പ്രകാശം ഉത്സർജിക്കുന്നതിനാലും പ്രപഞ്ചം തണുത്തുകൊണ്ടിരിക്കുന്നു. ചൂടായിരുന്ന പ്രപഞ്ചം പുറത്തുവിട്ട വൈദ്യുതകാന്തികതരംഗം (പ്ലാങ്കിന്റെ നിയമമാണു ബ്ലാക് ബോഡി റേഡിയഷന്റെ ആവൃത്തി അഥവാ ഊർജ്ജം കണ്ടെത്താനുപയോഗിക്കുക) കാലാന്തരത്തിൽ പ്രപഞ്ചത്തിനൊപ്പം വലിച്ചു നീട്ടപ്പെട്ട്, തരംഗദൈർഘ്യം കൂടി, റേഡിയോ തരംഗമായി മാറി നമുക്കു ചുറ്റും സഞ്ചരിക്കുന്നു. പ്രപഞ്ചത്തിലെല്ലായിടത്തു നിന്നും എത്തുന്ന ഈ കോസ്മിക് മൈക്രോവേവ് ബാക്ഗ്രൗണ്ടുകളുടെ നിരക്ക് ഒരേപോലെയാണെന്നത് പ്രപഞ്ചത്തിന്റെ സമദൈശികതയെ വിശദീകരിക്കുന്നു. ഇതിൽ നിന്നും പ്രപഞ്ചത്തിന്റെ ശരാശരി താപനില 3.5 കെൽവിൻ ആണെന്നും കണക്കുകൂട്ടാം. (1964ൽ അർണോ പെൻസിയാസും റോബർട്ട് വിൽസണും ചേർന്ന് കോസ്മിക് ബാക്ഗ്രൗണ്ടിനെ ആകസ്മികമായി കണ്ടെത്തിയ കഥ രസകരമാണ് . ബെൽ ലാബൊറട്ടറീസിനു വേണ്ടി ഒരുക്കിയ ആന്റിനയിൽ വന്നു പതിക്കുന്ന നോയിസുകൾ ശരിക്കും അവരെ കുഴക്കി. പിന്നീട് സമീപപ്രദേശങ്ങളിലെ ആന്റിനകൾ/ട്രാൻസ്മിറ്ററുകൾ എല്ലാം ഓഫാക്കി ശ്രമിച്ചു നോക്കി. എന്നിട്ടും നോയിസ് തുടർന്നു. മാത്രമല്ല, ഏതു ദിക്കിലേക്ക് ആന്റിന തിരിച്ചു വച്ചാലും നോയിസ് കാണും. ഒടുവിൽ അഭൗമികമായ ഈ റേഡിയേഷന്റെ കണ്ടെത്തലിൽ രണ്ടാളും 78ൽ നോബൽ പുരസ്കാരത്തിനർഹരായി. സ്ഥിരസ്ഥിതി സിദ്ധാന്തത്തിനെതിരായി ബിഗ്‌ബാങ്ങിനു തെളിവാകുകയും ചെയ്തു)
ബിഗ് ബാങ്ങിലൂടെയുണ്ടായ തള്ളൽ മൂലമാണല്ലോ പ്രപഞ്ചം വികസിക്കുന്നത്. ഈ തള്ളലിന്റെ
ബലം F = ma
ബിഗ് ബാങിന്റെ തുടക്കത്തിലുള്ള പിണ്ഡം M, ഇതുവരെയുള്ള തള്ളൽ മൂലം R ആരമുള്ള ഒരു വൃത്തമുണ്ടായെന്നു സങ്കല്പിച്ചാൽ
തിരികെയുള്ള ഗുരുത്വം, F = -GMm/R^2
a = d^2 R/ dt^2
d^2 R/ dt^2 = – GM/R^2
അങ്ങനെ ഈ വികസിക്കലിനു സമയത്തിന്റെ ചരവുമായി ബന്ധമില്ലെന്നു കാണാം.
പ്രപഞ്ചത്തിന്റെ അവസാനം
അങ്ങിനെയാകുമ്പോൾ പ്രപഞ്ചത്തിന്റെ അന്ത്യവിധിക്കു(Ultimate fate of the Universe) മൂന്നു സാധ്യതകളാണു മുന്നോട്ടു വയ്ക്കാനുള്ളതു്.
- ആവശ്യത്തിനു ദ്രവ്യമാനമുള്ളപ്പോൾ – ഗുരുത്വാകർഷണം മൂലം വികസിക്കൽ നിൽക്കുകയും പ്രപഞ്ചം ചുരുങ്ങിയൊടുങ്ങുകയും ചെയ്യൽ.
- ആവശ്യത്തിനു ദ്രവ്യമാനമില്ലെങ്കിൽ, ഗുരുത്വത്തെ തള്ളൽ കവച്ചുവയ്ക്കുകയും, വികസിക്കൽ അനന്തമായി തുടരുകയും ചെയ്യാം.
- രണ്ടു ബലവുമേതാണ്ട് തുല്യമാകുമ്പോൾ വികസിക്കൽ പതിയെയായി പതിയെയായി ഒടുവിൽ പ്രപഞ്ചം ഒരു സ്ഥിരസ്ഥിതിയിലേക്കു മാറുകയും ചെയ്യൽ.
ഇരുണ്ട ഊര്‍ജ്ജം
പ്രപഞ്ചത്തിന്റെ വികസിക്കലിന്റെ തോത് കൂടിക്കൂടി വരുന്നു എന്ന അത്ഭുത കണ്ടെത്തലാണ് സമീപകാലത്തുണ്ടായത്. ഇത് മുൻ നിഗമനങ്ങളെയെല്ലാം അസാധുവാക്കുന്നു. പ്രപഞ്ചത്തെ ഏതോ ഒരദൃശ്യ ശക്തി തള്ളിവീർപ്പിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഇരുണ്ട ഊർജം (dark energy) ആണത്രേ ഇതിനു കാരണം.
തമോർജ്ജത്തിന്റെ സ്വഭാവം ഇപ്പോഴും ഒരു തർക്കവിഷയമാണ്. ഏകജാതീയമായ ഈ ഊർജ്ജരൂപത്തിന്റെ സാന്ദ്രത വളരെക്കുറവാണ്-ഏകദേശം 10−29ഗ്രാം പ്രതി ഘനസെന്റിമീറ്റർ. അതുകൊണ്ടുതന്നെ ഇത് പരീക്ഷണശാലയിൽ കണ്ടുപിടിക്കുവാൻ പ്രയാസമാണ്. തമോഊർജ്ജത്തിന്റെ രണ്ടു പ്രധാനമാതൃകകൾ-കോസ്മോളജിക്കൽ സ്ഥിരാങ്കവും ക്വിന്റെസ്സെൻസ് മാതൃകയും-തമോഊർജ്ജത്തിന്റെ മർദ്ദം നെഗറ്റീവ് ആണെന്ന് അനുമാനിക്കുന്നു. തമോ ഊർജ്ജത്തിൻറെ സ്വഭാവവും പ്രത്യേകതകളും കൃത്യമായി നിർണയിക്കുക എന്നത് ഭൗതിക ശാസ്ത്രത്തിലെയും പ്രപഞ്ച വിജ്ഞാനീയത്തിലെയും ഇന്നുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.
ഇരുണ്ട പദാർഥത്തെയും ഇരുണ്ട ഊർജത്തെയും അതുപോലെ പ്രപഞ്ചത്തിന്റെ ഭാവിയും നാം അടുത്തറിയാൻ ഇരിക്കുന്നേയുള്ളൂ. കൂടുതല്‍ പുതിയ സിദ്ധാന്തങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം.
2 thoughts on “ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?”