Read Time:12 Minute
ഡോ. സീന ടി.എക്സ്.
അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, പശുക്കളുടെ ശാരീരിക സ്ഥിതി തുടങ്ങിയവയെല്ലാം കന്നുകാലികളിൽ താപമർദ്ധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പാലുത്പാദനം വര്‍ധിപ്പിക്കാന്‍ വേനല്‍ക്കാലത്ത് പശുക്കൾക്ക്   ശാസ്ത്രീയ രീതിയിലുള്ള തീറ്റയും തീറ്റക്രമവും  അവലംബിക്കണം
വേനലിലെ അത്യുഷ്ണത്താൽ ചുട്ടുപൊള്ളുന്ന ഭൂമിയിൽ, ദാഹജലമില്ലാതെ ജീവജാലങ്ങൾ വാടിത്തളരുന്നതും,  നാൽക്കാലികൾ തണൽ തേടുന്നതുമെല്ലാം  നമുക്ക് ചിരപരിചിതമായ  കാഴ്ചകളാണ്. അന്തരീക്ഷ താപം വർദ്ധിക്കുന്നതനുസരിച്ച് അണച്ചു കൊണ്ടു നിൽക്കുന്ന പശുക്കളും, പാലുൽപ്പാദനത്തിലുണ്ടാകുന്ന ഗണ്യമായ കുറവും ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ഒരു പേടി സ്വപ്നം തന്നെയാണ്.
അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, പശുക്കളുടെ ശാരീരിക സ്ഥിതി തുടങ്ങിയവയെല്ലാം കന്നുകാലികളിൽ താപമ്മർദ്ധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വേനൽക്കാലത്തെ അസഹനീയമായ ചൂടിലും, ആവശ്യത്തിന് തണലും വെള്ളവും നൽകിയാൽ കന്നുകാലികൾക്ക് അവയുടെ ശരീരതാപം സ്വയമേവ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
എന്നിരുന്നാലും, ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം അവയുടെ ഉൽപ്പാദനക്ഷമതയേയും പ്രത്യുൽപാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അത്യുഷ്ണകാലത്ത്,  പാലുൽപ്പാദനവും  ഗർഭധാരണനിരക്കും  കുറയുകയും, ക്ഷീരോൽപ്പാദന മേഖല പരുങ്ങലിലാവുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് പശുക്കൾക്ക്   ശാസ്ത്രീയ രീതിയിലുള്ള തീറ്റയും തീറ്റക്രമവും  അവലംബിക്കേണ്ടതിന്റെ ആവശ്യകത പ്രാധാന്യമർഹിക്കുന്നത്. കാരണം, കന്നുകാലികൾക്ക് നൽകുന്ന വിവിധ തരം തീറ്റകൾ, തീറ്റക്രമം, കൊടുക്കേണ്ട രീതികൾ എന്നിവയ്ക്കെല്ലാം അവയുടെ ശരീരതാപ നിയന്ത്രണത്തിൽ അനിഷേധ്യമായ പങ്കുണ്ട്.
കറവപ്പശുക്കളുടെ ഉൽപ്പാദന- പ്രത്യുൽപ്പാദന ക്ഷമത നിലനിർത്തുന്നതിന് പോഷക സമ്പുഷ്ടമായ തീറ്റ അത്യാവശ്യമാണെന്ന് നമുക്കറിയാം. എന്നാൽ വേനല്‍ക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവില്‍ വരുന്ന കുറവും, തീറ്റയുടെ ഗുണനിലവാരക്കുറവും പാലുല്പാദനത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതിനോടൊപ്പം, പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്. എന്‍. എഫ്., ലാക്രോസ് എന്നിവയിലും കുറവു വരുത്തുന്നു.  കാരണം, അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് ശരീരതാപം നിയന്ത്രിക്കാൻ കഴിയാതെ വരുകയും, തൽഫലമായി പശുക്കൾ തീറ്റയെടുക്കുന്നതും വെള്ളം കുടിക്കുന്നതും കുറയുകയും ചെയ്യുന്നു,

സാധാരണ തീറ്റക്രമം

  • സാധാരണ കറവപ്പശുക്കളുടെ തീറ്റക്രമം ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി 2-2.5 കി.ഗ്രാം കാലിത്തീറ്റയും, 30 കി.ഗ്രാം ഗുണമേൻമയുള്ള പച്ചപ്പുല്ല് ( ഗിനി, ഹൈബ്രിഡ് നേപ്പിയർ, തുടങ്ങിയവ), ആവശ്യമെങ്കിൽ 2 കി.ഗ്രാം വൈക്കോൽ, 30 ഗ്രാം ധാതുലവണ മിശ്രിതം എന്നിവയാണ്. ഓരോ ലിറ്റർ പാൽ ഉൽപ്പാദനത്തിനും 400 ഗ്രാം കാലിത്തീറ്റ വീതം അധികമായി നൽകുകയും വേണം.
  • വേനൽക്കാലത്ത് തീറ്റയെടുക്കൽ കുറയുമ്പോൾ സാന്ദ്രതാഹാരം ( ധാന്യങ്ങൾ, കാലിത്തീറ്റ തുടങ്ങിയവ) കൂട്ടുകയും, നാരുകൾ കൂടുതലടങ്ങിയ വൈക്കോൽ പോലുള്ള പരുഷാഹാരം കുറയ്ക്കുകയും ചെയ്യണം.
  • സാന്ദ്രതഹാരത്തിൽ ഉൾപ്പെടുന്നതും, ഊർജ്ജസമ്പുഷ്ടവുമായ  ധാന്യങ്ങളോ, മരച്ചീനി, തവിട് , മുതിര, വൻപയർ,പിണ്ണാക്കുകൾ എന്നിവയോ,  കാലിത്തീറ്റയോ ഉൾപ്പെടുത്താം.
  • ചോളം, ബജ്റ,  തിന, ഗോതമ്പ് തുടങ്ങിയവയാണ് ധാന്യങ്ങളുടെ ഗണത്തിൽപ്പെടുന്ന തീറ്റ വസ്തുക്കൾ. ഊർജ്ജം കൂടുതൽ പ്രധാനം ചെയ്യുന്ന കടലപ്പിണ്ണാക്ക് ,എള്ളിൻ പിണ്ണാക്ക് എന്നിവയും  2 കി.ഗ്രാം വരെ  തീറ്റയിൽ ഉൾപ്പെടുത്താം. പരുത്തിക്കുരു, സോയാബീന്‍ തുടങ്ങിയ എണ്ണക്കുരുക്കളും  ഉള്‍പ്പെടുത്താവുന്നതാണ്. എന്നിരുന്നാലും ആകെ തീറ്റയുടെ 55-60 % ത്തിൽ കൂടുതൽ സാന്ദ്രതാഹാരം കൂടുന്നത് ഉത്തമമല്ല, കാരണം അത് പാലിലെ കൊഴുപ്പ് കുറയാനും, ദഹനക്കുറവ്, കുളമ്പു സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു.
  • ഗുണമേൻമയുള്ള പച്ചപ്പുല്ലാണ് കന്നുകാലികൾക്ക് നൽകേണ്ടത്. എന്നാൽ, വേനലിൽ ഇതിന്  ദൗർലഭ്യം നേരിടുമ്പോൾ, പരുഷാഹാരമായി എന്ത് നൽകുന്നു എന്നുള്ളത് വളരെ പ്രാധാന്യമുള്ളതാണ്. ദഹനപ്രക്രിയയെ സംതുലിതമാക്കുന്നതും,  അത്യധികം ചൂട്  പുറന്തള്ളാത്തതും, പോഷക ലഭ്യതയേറിയ തരത്തിലുമുള്ള പരുഷാഹാരമാണ് നൽകേണ്ടത്.
താഴെ പറയുന്നവ കന്നുകാലികളുടെ തീറ്റയിൽ ഉൾപ്പെടുത്താവുന്ന മറ്റു ചില പരുഷാഹാര വസ്തുക്കളാണ്.
  • വേലിപ്പത്തലായി സാധാരണ  ഉപയോഗിക്കുന്ന, വേനൽക്കാലത്ത് ലഭ്യതയേറിയ  ശീമക്കൊന്നയില ഉയർന്ന തോതിൽ മാംസ്യം (24% ശുഷ്ക വസ്തു അടിസ്ഥാനത്തിൽ) അടങ്ങിയിട്ടുള്ള തീറ്റ വസ്തുവാണ്.
  • വേനൽക്കാലത്ത് ജലാശയങ്ങളിൽ പച്ചപ്പോടുകൂടി കാണുന്ന കുളവാഴച്ചെടിയെ തീറ്റയിലുൾപ്പെടുത്താം.
  • ചൂടുകാലത്ത് പരുഷാഹാര ദൗർലഭ്യം കണക്കിലെടുത്ത് പ്രാദേശികമായി ലഭിക്കുന്ന കാർഷികോൽപ്പന്നങ്ങൾ കാലിത്തീറ്റയായി ഉപയോഗിക്കാം.
  • ചക്കക്കുരു, ചക്ക മടൽ, പച്ചച്ചക്ക, കരിമ്പിൻ മണ്ട, കരിമ്പിൻ ചണ്ടി. പഞ്ഞിക്കുരു, പുളിങ്കുരു, വാഴയില, വാഴമാണം, വാഴത്തട, ബീയർ ചണ്ടി, മരച്ചീനി തണ്ട്, ചോളച്ചണ്ടി എന്നിവയും കന്നുകാലികളുടെ തീറ്റയിൽ ഉൾപ്പെടുത്താവുന്നതാണ്.
  • തണലിൽ ഉണക്കിയ മരച്ചീനിയില  30 ശതമാനം വരെ കന്നുകാലി തീറ്റയിൽ ഉൾപ്പെടുത്താം.

ആവശ്യത്തിന് കുടിവെള്ളം

വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നുമുതല്‍ രണ്ട് മടങ്ങു വരെ വര്‍ദ്ധന വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തണുത്ത വെള്ളം കുടിക്കുന്നത് തീറ്റയെടുക്കൽ പ്രോൽസാഹിപ്പിക്കുമെന്നതിനാൽ  വെള്ള പാത്രത്തിൽ ആവശ്യത്തിനുള്ള തണുത്ത വെള്ളം, ഏത് സമയത്തും ലഭ്യമാക്കുവാൻ ശ്രദ്ധിക്കണം.  പ്രത്യേകിച്ചും ചൂട്‌ കൂടുതലുള്ള ദിവസങ്ങളില്‍ കുറഞ്ഞത് 60 മുതൽ 80 ലിറ്റര്‍ ജലം ദിവസേന ലഭ്യമാക്കേണ്ടതാണ്.
  • പുറത്തഴിച്ചു വിടുന്ന പശുക്കൾക്ക് വെള്ള പാത്രം തണലുള്ളതും, കുടിക്കാൻ സൗകര്യപ്രദവുമായ സ്ഥലത്ത് സ്ഥാപിക്കണം.
  • നെല്ലിന്റെ തവിട്, ഗോതമ്പ് തവിട്, ചോളത്തവിട്, ഉഴുന്ന് തൊലി മുതവായവ ചേര്‍ത്ത് വെള്ളം കൊടുക്കുന്നത് നല്ലതാണ്.
  • ഉഷ്ണ സമ്മർദ്ധം  ലഘൂകരിക്കുന്നതിനും വയറ്റിൽ അധിക അമ്ലത നീക്കി ദഹനം സുഗമമാക്കുന്നതിന്  ദിവസേന 30- 50 ഗ്രാം അപ്പക്കാരം/ ബേക്കിംഗ് സോഡയോ, ഒരു ടീസ്പൂൺ ഈസ്റ്റോ  വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

വേനൽക്കാലത്തു തീറ്റ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉച്ച സമയത്ത് കാലിതീറ്റ അഥവാ ഖരാഹാരങ്ങൾ കന്നുകാലികൾക്ക് നൽകരുത്.
  • ‌ഒരു ദിവസത്തേക്കുള്ള തീറ്റയുടെ ഏറിയ പങ്കും വൈകുന്നേരം ഏഴുമണിക്കു ശേഷവും ചെറിയൊരു പങ്കു മാത്രം. രാവിലെ എട്ടു മണിക്ക് മുൻപും നൽകുന്നത് നല്ലതാണ്. ഇത് പശുക്കള്‍ കൂടുതല്‍ തീറ്റയെടുക്കുന്നതിനും ദഹനപ്രക്രിയ വഴിയുണ്ടാവുന്ന താപം എളുപ്പത്തില്‍ പുറംതള്ളാനും സഹായിക്കും.
  • ഒരു സമയം മൊത്തം തീറ്റ നല്‍കുന്നതിന് പകരം പലതവണകളായി വിഭജിച്ച്‌ നല്‍കുന്നത് നല്ലതാണ്.
  • ഒരു ലിറ്റര്‍ പാലിനായി ഒന്നര ലിറ്റര്‍ ജലം വേണമെന്നാണ് കണക്ക്. പാലുല്‍പ്പാദനത്തിനാവശ്യമായ ശുദ്ധ ജലം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.
  • അത്യുല്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക്  ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നല്കാവുന്നതാണ്.
  • ടി.എം.ആർ തീറ്റ ( സമ്പൂർണ്ണ സമീകൃത കാലിത്തീറ്റ), സൈലേജ് എന്നിവ നൽകുന്നതും ഉത്തമമാണ്.
  • പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും,   വിറ്റാമിൻ എ, ഡി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉരുക്കളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്നു.  ഇതിനായി ധാതുലവണങ്ങളും, വിറ്റാമിനുകളും  അടങ്ങിയ ധാതുലവണ മിശ്രിതം 30-50 g വരെ നൽകാം. ചീലേറ്റഡ് ധാതുലവണ മിശ്രിതം കൂടുതൽ പ്രയോജനകരമാണ്.
  • ചൂടുകാലത്ത് താപസമ്മർദ്ധം കുറയ്ക്കാൻ വിറ്റമിൻ C, വിറ്റമിൻ E എന്നിവ നൽകുന്നത് അത്യുത്തമമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
  • വേനൽക്കാലത്ത് പച്ചപ്പുല്ലിന്റെ അഭാവം മൂലം വിറ്റമിൻ A യുടെ ന്യൂനത പരിഹരിക്കാൻ തീറ്റയിൽ മീനെണ്ണ ഉൾപ്പെടുത്താവുന്നതാണ്.
  • വേനലിൽ പാലിന്റെ  അളവിലും ,കൊഴുപ്പിന്റെ അളവിലും വർദ്ധനവുണ്ടാക്കാൻ ബിയർ വേസ്റ്റ് തീറ്റയുടെ 30% വരെ ചേർക്കാവുന്നതാണ്.
  • മേൽവിവരിച്ച  രീതിയിൽ കറവപ്പശുക്കളുടെ തീറ്റയിലും തീറ്റക്രമത്തിലും മാറ്റം വരുത്തിയാൽ,താപ സമ്മർദ്ധം മൂലമുള്ള തിക്തഫലങ്ങൾ കുറയ്ക്കുന്നതിന് സാധിക്കും. ആയതിന്റെ ഫലമായി  പാലുൽപ്പാദത്തിൽ കുറവുണ്ടാകാതെ, ഇപ്പോഴുള്ള ഉൽപ്പാദനം നിലനിർത്താനും ക്ഷീരോൽപ്പാദന മേഖലയെ കൈ പിടിച്ചുയർത്താനും കഴിയുന്നു.
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി
Next post എന്താണ് ബിഗ് ഡാറ്റ?
Close