ഡോ.യു.നന്ദകുമാര്‍
കോവിഡ് വ്യാപനത്തിൽ ഭയപ്പെട്ടിരുന്നത് അതിലുണ്ടാകുന്ന മ്യൂറ്റേഷനുകൾ ആണ്. ആദ്യം കണ്ടെത്തിയ മ്യൂറ്റേഷനുകൾ രോഗവ്യാപനത്തിലും മരണനിരക്കിലും വ്യത്യാസമുള്ളതായി കണ്ടിരുന്നില്ല. എന്നാലിപ്പോൾ D614G എന്ന യൂറോപ്യൻ/ അമേരിക്കൻ ടൈപ്പ് വൈറസ് മലേഷ്യയിൽ കണ്ടെത്തിയിരിക്കുന്നു. ഏതാനും മാസങ്ങളായി യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാന സ്‌ട്രെയിൻ ആയി മാറിക്കഴിഞ്ഞ D614G ഇപ്പോൾ മലേഷ്യയിൽ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്കിടയാക്കാം.
മലേഷ്യയിൽ രണ്ടു ക്ലസ്റ്ററുകളിലായിട്ടാണ് G മ്യൂട്ടേഷൻ കണ്ടെത്തിയത്. ഒന്ന് ശിവഗംഗയിൽ നിന്നെത്തിയ വ്യക്തിയിലും രണ്ടാമത്തേത് ഫിലിപ്പീൻസിൽ നിന്നെത്തിയവരിലും. ശിവഗംഗ ക്ലസ്റ്റർ, ഉളൂ തിറാം ക്ലസ്റ്റർ എന്നിങ്ങനെ അവയെ അറിയപ്പെടുന്നു. ഇന്ത്യയിൽ നിന്നെത്തിയ ഹോട്ടൽകാരനാണ് ഒരാൾ. അദ്ദേഹം നിർബന്ധിത ക്വാറന്റൈൻ ഭേദിച്ചു പുറത്തുപോയതിന് ഇപ്പോൾ ശിക്ഷനേരിടുന്നു. ഇന്ത്യയിൽ നിന്നാണോ യാത്രയ്ക്കിടയിൽ നിന്നാണോ G ടൈപ്പ് വൈറസ് ബാധയുണ്ടായതെന്നും വ്യക്തമല്ല.
G ടൈപ് വൈറസ് കൂടുതൽ മാരകമാണെന്നു കരുതാൻ തെളിവുകൾ ഇല്ല. എന്നാൽ രണ്ടു കാരണങ്ങളിൽ ആശങ്ക നിലനിൽക്കുന്നു.
- വൈറസ് ആദ്യ ടൈപ്പ് വൈറസുകളെക്കാൾ വേഗത്തിൽ പടർന്നു പിടിക്കുന്നു. പത്തിരട്ടി വരെ വേഗമുണ്ടാകാമെന്നു സൂചനകൾ ഉണ്ട്. സൂപ്പർ സ്പ്രെഡർ സംഭവങ്ങൾ അതിനാൽ കൂടുതലായി പ്രതീക്ഷിക്കാം.
- മലേഷ്യൻ ആരോഗ്യ ഡിറക്ടർ നൂർ ഹിഷാം അബ്ദുള്ള പറയുന്നത് നിലവിലുള്ളതോ അടുത്ത് വികസിപ്പിക്കാൻ സാധ്യതയുള്ളതോ ആയ വാക്സിനുകൾക്ക് ഫലപ്രാപ്തിയുണ്ടാകാതെ വരാം എന്നാണ്.
അമേരിക്കയിൽ ഡോ.ആന്റണി ഫൗചിയുടെ അഭിപ്രായത്തിൽ ജി-ടൈപ് ഉള്ളിടത്ത് വ്യാപനം അതി ശീഘ്രമാകും. കൂടുതൽ കർശനമായ നടപടികൾക്ക് ഇത് കാരണമാകാം. കൂടുതൽ പട്ടണങ്ങൾ ലോക് ഡൗൺ പിൻവലിക്കുമ്പോൾ G ടൈപ് വൈറസിന്റെ വ്യാപനം പുതിയ ഇടങ്ങളിലേക്ക് കടന്നുവരും. G ടൈപ് വൈറസിന്റെ പ്രോട്ടീൻ അവരണത്തിൽ അമിനോ അമ്ലം മാറിവരുന്നതായി കണ്ടെത്തി. ഇത് കോശങ്ങളിൽ പ്രവേശിക്കാനും കൂടുതൽ വൈറസുകളെ സൃഷ്ടിക്കാനും കാരണമാകും. രോഗത്തിന്റെ തീവ്രതയിലോ, മരണനിരക്കിലോ മാറ്റമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല; വ്യാപനത്തിലാണ് മാറ്റം ഉണ്ടാകുന്നത്.