Read Time:4 Minute
അങ്ങ് ആന്ധ്രാ തീരത്തും ഒഡീഷാ തീരത്തും ഇതിലും ശക്തികുറഞ്ഞ ന്യൂനമർദ്ദവും ചുഴലിക്കാറ്റും വന്നുചേരുമ്പോൾ പോലും കേരളത്തിൽ പലപ്പോഴും വളരെയധികം മഴലഭിക്കാറുണ്ടല്ലോ. വിശേഷിച്ചും മൺസൂൺ സമയങ്ങളിൽ. ഈ അവസരങ്ങളിൽ കേരളത്തിലെ മഴയ്ക്ക് കാരണം പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യവും അതിനു കുറുകെ വീശുന്ന ശക്തിയേറിയ കാറ്റുമാണ്.
ചിത്രത്തിൽ കാണുന്നത് ഒഡിഷ/ബംഗാൾ തീരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ന്യൂനമർദ്ദമാണ് (wind at ~1.5 km height, 2020 Aug 4). ഇങ്ങനെ ഒരു ന്യൂനമർദ്ദം രൂപപ്പെടുമ്പോൾ അറബിക്കടലിനുമുകളിലൂടെ ഈർപ്പവും വഹിച്ചു കടന്നുവരുന്ന മൺസൂൺ കാറ്റിന്റെ ശക്തി വർദ്ധിക്കുന്നു. പശ്ചിമഘട്ടത്തിന് കുറുകേ കടക്കുന്നതോടെ ഈ വായു ഉയർന്നുപൊങ്ങി കേരള, കർണാടക തീരപ്രദേശങ്ങളിൽ വലിയ മഴമേഘങ്ങൾ ഉണ്ടാവുകയും ശക്തമായ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇവിടെ പ്രധാന കാര്യം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന position ആണ്.
മുകളിൽ കൊടുത്തിട്ടുള്ള ചിത്രത്തിൽ കാണുന്നത് ഇന്നത്തെ കാറ്റിന്റെ വിന്യാസമാണ് (wind at ~1.5 km height, 2020 Nov 25). അറബിക്കടലിലും കേരളതീരത്തും തീരെ ശക്തികുറഞ്ഞ കാറ്റാണ് കാണുന്നത്. അതിനാലാണ് മൺസൂൺ സമയങ്ങളിൽ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുമ്പോൾ മഴലഭിക്കുന്നതുപോലെ ഇന്ന് നമുക്ക് മഴലഭിക്കാത്തതിന്റെ കാരണം.
ചിത്രത്തിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുള്ള മഴമേഘങ്ങളുടെ വിന്യാസമാണ്. ചുവന്ന നിറമുള്ളിടത്താണ് കൂടുതൽ വലിയ മേഘങ്ങൾ. നീല – പച്ച നിറങ്ങളിൽ കാണുന്നത് താരതമ്യേന ചെറിയ മേഘങ്ങളാവും. അതിനാൽ തന്നെ കേരളത്തിന്റെ ഭാഗത്ത് കാര്യമായ മേഘങ്ങളില്ലെന്ന് വ്യക്തമാണല്ലോ. ഇനി നിവാർ ചുഴലിക്കാറ്റിന്റെ ഫലമായി നമുക്ക് കാര്യമായി മഴലഭിക്കണമെങ്കിൽ അത് കൂടുതൽ അടുത്തുവരണം. എന്നാൽ കരയിലേക്ക് പ്രവേശിക്കുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞുവരും (കടലിൽ നിന്നാണല്ലോ ചുഴലിക്കാറ്റ് അതിനുവേണ്ട ഊർജ്ജം കണ്ടെത്തുന്നത്). അതിനാൽ തന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അല്ലാതെ, വളരെ വ്യാപകമായ, ശക്തിയേറിയ മഴയ്ക്ക് കേരളത്തിൽ സാധ്യതയില്ല.
പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യം കേരളതീരത്തു കൂടുതൽ മൺസൂൺ മഴയ്ക്ക് എങ്ങനെ കാരണമാകുന്നു എന്നത് കൂടുതൽ വിശദീകരിക്കുന്ന ലൂക്ക ലേഖനങ്ങൾ ചുവടെ ചേർക്കുന്നു.
ചിത്രങ്ങൾക്ക് കടപ്പാട് : Earth Nullschool and Windy
Related
1
0
One thought on “കേരളത്തിന് തൊട്ടടുത്ത് ഒരു ചുഴലിക്കാറ്റ് വന്നിട്ടും നമുക്കെന്താ തീരെ മഴ കിട്ടാത്തത് ?”