Read Time:25 Minute

എസ്. ദേവനാരായണൻ, എം.ജമാലുദ്ദീൻ 

1907ൽ രാമൻ സർവ്വകലാശാലയിൽ ഒന്നാമനായി, ഒന്നാം ക്ലാസ്സിൽ, എം. ഏ. പരീക്ഷ പാസായി. ഇന്ത്യാ ഗവൺമ്മേണ്ടിൻ്റെ ” ഫിനാൻഷ്യൽ സിവിൽസർവീസിലെ ” നിയമനങ്ങൾക്കുവേണ്ടിയുള്ള മത്സരപരീക്ഷ രാമൻ എഴുതുകയും അതിൽ ഒന്നാംറാങ്കോടുകൂടി പാസാവുകയും ചെയ്തു. താമസിയാതെ അദ്ദേഹം കല്ക്കത്തയിൽ ഡെപ്യൂട്ടി അക്കൗണ്ടൻ്റ് ജനറലായി നിയമിക്കപ്പെട്ടു. 

അക്കൊല്ലംതന്നെയാണ് രാമൻ ‘ലോകസുന്ദരാംബാളെ’ വിവാഹംചെയ്തത്. രാമൻ്റെ വിവാഹം സാമൂഹ്യപരിഷ്ക്കാരത്തിൽ ഒരു കാൽവെപ്പായിരുന്നു. സംഗീതത്തിൽ വാസനയുള്ള രാമന്നു, പിൽക്കാലത്ത് സംഗീതോപകരണങ്ങളെ സംബന്ധിച്ച ശാസ്ത്രീയഗവേഷണത്തിൽ ഭാര്യയുടെ സംഗീതവൈദഗ്ദ്ധ്യം വളരെ ഉപകാരപ്രദമായി. 

മൂന്നുകൊല്ലം കഴിഞ്ഞ് രാമനെ റംഗൂണിലേയ്ക്കും പിന്നെ നാഗ്പൂരിലേയ്ക്കും മാറ്റി. 

1937 വരെ ഡയരക്ടർ എന്ന നിലയിലും 1937 മുതൽ 1949 വരെ ഫിസിക്സ് പ്രൊഫസർ എന്ന നിലയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 1948ൽ അദ്ദേഹം “രാമൻ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയരക്ടർസ്ഥാനം സ്വീകരിച്ചു. ഇന്നു ആദ്ദേഹം പ്രസ്തുത ഗവേഷണസ്ഥാപനത്തിൻറെ ഡയരക്ടർ ആയി തുടരുന്നു. 

1948ൽ ഇന്ത്യാ ഗവൺമ്മേണ്ട് അദ്ദേഹത്തെ നാഷനൽ റിസർച്ച് പ്രൊഫസറായി അംഗീകരിച്ചു. 1951ൽ അമേരിക്കയിലെ ഫിലഡെൽഫിയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫ്രാങ്ക്ളിൻ മെഡൽ രാമനു ലഭിച്ചു. 

1954ൽ ഇന്ത്യാ ഗവമ്മേണ്ടിൽനിന്ന് ഒരു ഇന്ത്യൻ പൌരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്നം  അദ്ദേഹത്തിനു ലഭിച്ചു. 

1957ൽ സോവിയറ്റ് യൂനിയൻ “ഇന്റർനാഷനൽ ലെനിൻ സമ്മാനം” നല്കി രാമനെ ബഹുമാനിച്ചു. 1961ൽ അദ്ദേഹം ലോകശാസ്ത്ര സമിതിയിൽ ഒരംഗമായി തിരഞ്ഞെട്ടക്കപ്പെട്ടു. 

ഇനി അദ്ദേഹത്തിന്റെ പ്രധാന ഗവേഷണങ്ങളെപ്പറ്റി ചുരുക്കി വിവരിക്കാം

രാമൻ ഇഫെക്ട് 

ഊർജ്ജനിഷ്യന്ദികളായ തരംഗങ്ങളാണ് പ്രകാശം. സാധാരണപ്രകാശം വിവിധ തരംഗദൈഘ്യമുള്ള (wave. length) തരംഗങ്ങളുടെ സങ്കരമാണ്. ഏകവർണ്ണപ്രകാശ (monochromatic light) ത്തിൽ നിശ്ചിതോർജ്ജമുള്ള ഒരേ തരം തരംഗങ്ങളേയുള്ളു. ഇപ്രകാരമുള്ള പ്രകാശം സുതാര്യമായ (transparent) ഒരു മീഡിയ (medium) ത്തിലൂടെ കടത്തിവിട്ടാൽ, അതിലെ തരംഗങ്ങളിലെ ഊർജ്ജം മീഡിയത്തിലെ മോളിക്യൂളുകളുടെ ചില ഊർജ്ജനിലകൾ (energy levels) തമ്മിലുള്ള വ്യത്യാസത്തിന് സമമാണെങ്കിൽ അത് ആഗിരണം ചെയ്യപ്പെടുന്നു (absorbed). ഊർജ്ജസമതയില്ലെങ്കിൽ പ്രകാശം ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്നു (trasmitted). എന്നാൽ ഇത്തരം പ്രകാശത്തിൻ്റെ ഒരംശത്തിന് കീർണ്ണനം (scattering) സംഭവിക്കുന്നുണ്ട്. കിർണ്ണിതപ്രകാശ (scattered light) ത്തിൻ്റെ ഊർജ്ജത്തിനു വ്യതിയാനം വരുന്നില്ലെങ്കിൽ അതിനെ റാലികീർണ്ണനം (Raleigh scattering) എന്നു പറയുന്നു. കീർണ്ണനംകൊണ്ട് പ്രകാശത്തിന്റെ ഊർജ്ജത്തിന് വ്യതിയാനവും സംഭവിയ്ക്കുന്നുണ്ടെന്ന് കണ്ടുപിടിച്ചതാണ് രാമൻ്റെ നേട്ടം. ഊർജ്ജ വ്യതിയാനത്തോടുകൂടിയുള്ള കീർണ്ണനത്തെ രാമൻകീർണ്ണനം (Raman Scattering) എന്നുപറയുന്നു. കീർണ്ണനം വീക്ഷിക്കുന്നതിനു മൂലപ്രകാശത്തിൻറെ സഞ്ചാരത്തിന് ലംബമായി വേണം നിരീക്ഷണം നടത്താൻ. 

ഏകവർണ്ണ പ്രകാശമുപയോഗിച്ച് കീർണ്ണനത്തിൽ ഗവേഷണം നടത്തുമ്പോൾ, കീർണ്ണിതപ്രകാശത്തിന്റെ സ്പെക്ട്ര (Spectrum) ത്തിൽ മൂലപ്രകാശത്തിന്നു പുറമെ, അതിന്റെ ഇരുവശവും അഭിസമമായി (symmetrically) അതിൽ നിന്നു ക്രമാനുഗതമായ അഭീഷ്ണതാദേശത്തോടെ (displaced by regular frequencies) പുതിയ സ്പെക്ട്ര‌ം കാണപ്പെടുന്നതായി സി. വി. രാമൻ കണ്ടു മൂലപ്രകാശത്തിന്റെ തരംഗദൈഘ്യവും ഊർജ്ജവും എന്തായാലും, ഒരു നിശ്ചിതവസ്തുവിന്റെ കീർണ്ണിതപ്രകാശ സ്പെകട്രത്തിൻ്റെ പാറ്റേൺ സമാനമാണെന്നദ്ദേഹം തെളിയിച്ചു. എന്നുതന്നെയല്ല. ഈ അഭിഷ്ണതാദേശങ്ങൾ ആ വസ്തുവിൻ്റെ മോളിക്യൂള്കളിലെ വിധുത്യവസ്ഥകളുടെ (vibrational states) ഊജ്ജവ്യത്യാസങ്ങളോട്ട് സദൃശമാണെന്നും അദ്ദേഹം എടുത്തുകാട്ടി. അഭിഷ്ണതാദേശങ്ങളെ രാമൻ അഭീഷ്ണതകൾ (Raman frequencies) എന്നും രാമൻ അഭീഷ്തകളുടെ സെറ്റിനെ രാമൻ സ്പെക്ട്രം (Raman spectrum) എന്നും പറയുന്നു. മോളിക്യൂളുകളുടെ ധ്രുവവൽക്കരണക്ഷമത (polarisabiliy) യിലുള്ള വ്യതിയാനങ്ങൾമൂലം രാമൻസ്പെക്ട്രം ഉടലെടുക്കാം. ധ്രുവവൽക്കരണം (Polarisation) വ്യാപ്താപേക്ഷികം (volume property) ആയതുകൊണ്ട് അഭിസമവിധുതി (symmetrical vibration) ഗ്രഹിക്കാനുള്ള ഏകോപാധി രാമൻ സ്പെക്ട്രമാണെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. രാമൻ സ്പെക്ട്രരേഖകളുടെ വ്യത്യാസം ഘോഷവും (intensity) കീർണ്ണനംചെയ്യുന്ന മീഡിയത്തിലെ മോളിക്യൂളുകളുടെ ഘടന നിണ്ണയിക്കാൻ അത്യധികം പ്രയോജനകരമാണ്. അടുത്തകാലത്ത് ലേസർ (laser) ഉപയോഗിച്ച് രാമൻ സ്പെക്‌ട്രത്തിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഭാവിയിൽ മോളിക്യൂളിന്റെ ഘടനയിലേക്ക് കൂടുതൽ വെളിച്ചംവീശാൻ സാദ്ധ്യമാവുമെന്നതിൽ സംശയമില്ല. ഈ വർഷംപോലും രാമൻ കിർണ്ണനത്തെപ്പറ്റി ഒരു അന്താരാഷ്ട്രീയസമ്മേളനം അമേരിക്കയിൽവെച്ച് നടക്കുകയുണ്ടായി എന്നോർക്കുമ്പോൾ അതിന്റെ പ്രയോജനവും പ്രാധാന്യവും ഊഹിക്കാവുന്നതേയുള്ളൂ. 

മറ്റു ഗവേഷണങ്ങൾ 

1943ൽ രാമൻ ഒരു പുതിയ “ലാറ്റിസ് ഡൈനാമിക്സ്” (Lattice Dynamics) തത്വം ആവിഷ്ക്കരിച്ചു. ഇത് ‘ബോൺ ‘ എന്ന ശാസ്ത്രജ്ഞൻ ആവിഷ്ക്കരിച്ച “ലാറ്റിസ് ഡൈനാമിക്സിൻ്റെ നിഗമനങ്ങളിൽനിന്നു വ്യത്യസ്തങ്ങളായ ചില നിഗമനങ്ങൾ ഉൾക്കൊള്ളുന്നതാണ്. 

കഴിഞ്ഞ ഏതാനും വഷങ്ങളായി അദ്ദേഹം മനുഷ്യൻ വസ്തുക്കളുടെ നിറവും രൂപവും കാണുന്നതെങ്ങിനെ എന്നതിനെപ്പറ്റി ഗവേഷണം നടത്തിവരികയായിരുന്നു. 

ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മേഖലാവാതകങ്ങളും ജെറ്റൊഴുക്കുകളും (Zonal winds and jet streams) ഉണ്ടാവുന്ന രീതിയേയും അവയുടെ സ്വഭാവത്തേയുംപറ്റി ചില നൂതനാശയങ്ങൾ അദ്ദേഹം ഈയിടെ ആവിഷ്ക്കരിക്കുകയുണ്ടായി. 

വളരെ അധികം ബഹുമതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, രാമന് ഗർവ്വം ഒട്ടുംതന്നെ ഇല്ല. അദ്ദേഹം വിനയസമ്പന്നനും, ആർക്കം എപ്പോഴും അഭിഗമ്യനുമാണ്. വീട്ടിനു വെളിയിൽ എപ്പോഴും തലപ്പാവോടുകൂടി പ്രത്യക്ഷപ്പെടുന്ന രാമൻ, സംഗീതത്തിലും, സഞ്ചാരത്തിലും, കൃഷിയിലും തല്പരനാണ്. 

എൺപതാംവയസ്സിലും അദ്ദേഹം ഒരു യുവാവിന്റെ ചുറുചുറുക്കോടും ഉത്സാഹത്തോട്ടുംകൂടി പുതിയ പുതിയ ശാസ്ത്രമണ്ഡലങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. 

ജ്ഞാനവൃദ്ധനും, വയോവൃദ്ധനും ആയ അദ്ദേഹത്തിന് ഇനിയും ഏറെക്കാലം ശാസ്ത്രസേവനം നടത്താൻ ഇടവരട്ടെ എന്ന് നമുക്ക് ഹൃദയപൂർവ്വം ആശംസിക്കാം. 

സി. വി. രാമന്റെ കൃതികൾ : 

  1. Molecular Diffraction of Light 
  2. Mechanical Theory of Bowed strings and Diffraction of X-rays 
  3. Theory of Musical Instruments 
  4. Physics of Crystals 
  5. Aspects of Science 
  6. The Physiology of Vision 

-സി. വി. രാമൻ

എസ്സ്. ദേവനാരായണൻ.

ഫിസിക്സിൽ എം. എസ്സ്‌ സി. ബിരുദം നേടിയശേഷം 1963 മുതൽ ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘സോളീഡ് സ്റ്റേറ്റ്’ ഫിസിക്സി’‌ലെ ഒരു വിഭാഗമായ ‘ഫെറോ എലക്ട്രിസിറ്റി’യിൽ ഗവേഷണം നടത്തിവരുന്നു. പ്രസ്തുത വിഷയത്തെപ്പറ്റി നാലു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും മൂന്നു പ്രബന്ധങ്ങൾ വിവിധ, സയൻസ് കോൺഗ്രസ്സുകളിൽ ചർച്ചക്കവതരിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാംഗളൂർ യൂനിറ്റിലെ അംഗമാണ്.

എം. ജമാലുദ്ദീൻ

കെമിസ്ട്രിയിൽ എം. എസ്സ്‌.സി. ബിരുദം നേടിയശേഷം, കൊല്ലം തങ്ങൾ കുഞ്ഞു മുസലിയാർ കോളേജിലും, മമ്പാട് കോളേജലും അദ്ധ്യാപകനായിരുന്നിട്ടുണ്ട്. 1967 മുതൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘ബയോ കെമിസ്‌ടി’യിൽ ‘എൻസൈമോളജി’ വിഭാഗത്തിൽ ഗവേഷണം നടത്തിവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാംഗളൂർ ശാഖ സ്ഥാപിക്കുന്നതിൽ മുൻകയ്യെടുത്ത് പ്രവർത്തിച്ച ലേഖകൻ ആ ശാഖയുടെ കാര്യദർശിയാണ്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യയും ഗവേഷണ സാധ്യതകളും
Next post ആകർഷിക്കാതെയും ആകർഷകമാകുന്ന കാന്തങ്ങൾ – Kerala Science Slam
Close