500രൂപ 1000രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കറന്‍സി നോട്ടുകളെ പറ്റി മനസ്സിലാക്കാന്‍ ഒരു ലേഖനം.
കള്ളനോട്ട്, കള്ളപ്പണം, കറന്‍സിമാറ്റം
കറൻസി നോട്ടുകൾ പിൻവലിക്കുന്നതുവഴി രാഷ്ട്രത്തിനു് അതിഭയങ്കരമായ സാമ്പത്തികനഷ്ടമല്ലേ സംഭവിക്കുക?
അല്ല. ഇതിൽ രണ്ടുമൂന്നു ഘടകങ്ങൾ പരിഗണിക്കാനുണ്ടു്: നമ്മുടെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ 20 ശതമാനമെങ്കിലും കള്ളപ്പണമാണെന്നു് ഏകദേശം കണക്കാക്കിവെച്ചിട്ടുണ്ടു്. ഇങ്ങനെ കണക്കാക്കുന്നതു് എളുപ്പമല്ല. CBDTയും RBIയും മറ്റു സാമ്പത്തികാധികാരികളും അവരുടെ കണക്കുകളിൽനിന്നും ഊഹിച്ചെടുക്കുന്ന ഒരു കമ്മച്ചക്കണക്കാണിതു് എന്നേ പറയാൻ പറ്റൂ. ഗവണ്മെന്റിന്റെ നേരിട്ടുള്ള അറിവിൽപെടാതെ ജനങ്ങളോ സ്ഥാപനങ്ങളോ പരസ്പരം കൈമാറുന്ന പണമാണു് കള്ളപ്പണം അഥവാ ബ്ലാക്ക് മണി. നിയമപ്രകാരം സർക്കാരിലേക്കു ചെന്നെത്തേണ്ട നികുതി ഈ പണത്തിനു കാരണമായ ഇടപാടുകളിൽനിന്നു ലഭിച്ചിട്ടില്ല എന്നതാണു് കള്ളപ്പണത്തിന്റെ ഏറ്റവും പ്രത്യക്ഷമായ ദൂഷ്യം. എന്നാൽ അതിനേക്കാളുപരി, സ്വന്തം നിയന്ത്രണത്തിലല്ലാത്ത ഈ പണം കൊണ്ടു് സർക്കാരിനും രാഷ്ട്രങ്ങൾക്കുമുണ്ടാവുന്ന പരോക്ഷമായ നഷ്ടങ്ങളാണു്. അവ വെറും പ്രാദേശികമായ കൈക്കൂലിയും ഗുണ്ടാക്വൊട്ടേഷൻ സംഘങ്ങളും കഞ്ചാവുവിൽപ്പനയും മുതൽ അന്താരാഷ്ട്രതലത്തിലുള്ള തീവ്രവാദ ആക്രമണങ്ങളും യുദ്ധോപകരണക്കച്ചവടങ്ങളും വരെ വ്യാപിച്ചതാണു്.
തങ്ങൾ കൈകാര്യം ചെയ്യുന്ന ആകെയുള്ള പണത്തിൽ 20 ശതമാനവും തിരിഞ്ഞുകൊത്തുന്ന ഒരു അവസ്ഥയിൽ സർക്കാരിനു് എന്തുവഴിയാണുള്ളതു്? കള്ളപ്പണം ഏതൊക്കെ രൂപത്തിലാണു് സഞ്ചരിക്കുന്നതും ഒളിച്ചുകഴിയുന്നതും?
ഈ നാട്ടിൽ ഉല്പാദിപ്പിക്കപ്പെട്ട സമ്പത്തിൽ നല്ലൊരു ഭാഗം വിദേശബാങ്കുകളിലേക്കു പോയിട്ടുണ്ടു്. ഭാവിനിക്ഷേപം എന്ന നിലയിൽ വിദ്യാഭ്യാസസൗകര്യങ്ങൾ അനുഭവിച്ചു് വിദേശത്തേക്കുപോയി, ഇങ്ങോട്ടു് തിരിച്ചു് പണമോ നിക്ഷേപങ്ങളോ സാംസ്കാരികസംഭാവനകളോ നൽകാതെ അവിടെത്തന്നെ സ്ഥിരവാസമാക്കുന്ന പൗരന്മാർ പോലും ഈ അക്കൗണ്ടിൽ പെടും. പക്ഷേ, മിക്കവാറും നിർദ്ദോഷമായി കണക്കാക്കാവുന്ന ഇത്തരം കേസുകൾ കൂടിവന്നാൽ, പിന്നീട് ദോഷങ്ങളൊന്നുമുണ്ടാക്കാത്ത ഒറ്റത്തവണ സാമ്പത്തികനഷ്ടങ്ങളായേ കണക്കാക്കാനുള്ളൂ.
ഇവിടെ വ്യാപാരത്തിലൂടെയോ വ്യവസായത്തിലൂടെയോ ഉല്പാദിപ്പിക്കപ്പെട്ട പണം, തക്കതായ നികുതി നൽകാതെ വിദേശത്തേക്കു കടത്തി അവിടെ സൂക്ഷിക്കുന്നതാണു് അടുത്ത വക. ഈ പണവും ആദ്യഘട്ടത്തിൽ വെറും ഒറ്റത്തവണ നഷ്ടം മാത്രമാണു് നമുക്കുണ്ടാക്കുന്നതു്. നമ്മുടെ സാമ്പത്തികപ്പാത്രത്തിൽനിന്നും ചോർന്നുകൊണ്ടിരിക്കുന്ന ഇത്തരം സുഷിരങ്ങൾ ഇനിയെങ്കിലും അടയ്ക്കുക എന്നതാണു് ഇനിയും സർക്കാരിനു് സ്ഥിരമായും ചെയ്തുകൊണ്ടിരിക്കാനുള്ളതു്.
എന്നാൽ, ഇതേ പണം വേഷം മാറി വെളുത്ത പണമായി തിരിച്ചിങ്ങോട്ടു കപ്പൽ കയറിയാലോ? വിദേശത്തുണ്ടാക്കിയ വരുമാനത്തിനു നമ്മുടെ നാട്ടിൽ നികുതി വേണ്ട. അതിനാൽ, ഇവിടെനിന്നും കള്ളക്കപ്പലിൽ പോയ പണം ഡോളറായി വേഷം മാറി ഇങ്ങോട്ടുതന്നെ വന്നാലോ? ഇതുകൊണ്ടും ഏറിയ ദോഷം ദോഷം പറഞ്ഞുകൂടാ. കാരണം, വിദേശനാണ്യം അതിൽ തന്നെ, നമ്മുടെ ഈടുറപ്പിനു നല്ലതാണു്.
പക്ഷേ ഇന്ത്യൻ രൂപ വിദേശത്തുവെച്ച് എങ്ങനെ ഡോളറാക്കി മാറ്റും?
അവിടെയാണു് എല്ലാ അപകടങ്ങളും കിടക്കുന്നതു്. നിയമപ്രകാരമായ വഴികളിലൂടെ ഇന്ത്യൻ രൂപ വിദേശത്തു് കൈമാറാൻ സാദ്ധ്യമല്ല. അഥവാ ഇന്ത്യൻ രൂപ വലിയ അളവിൽ കറൻസിയായി വിദേശത്തു കാണുന്നുവെങ്കിൽ അതിനർത്ഥം തീർച്ചയായും അതു് ഒന്നുകിൽ ഇന്ത്യയിൽ നിന്നും കള്ളക്കടത്തിലൂടെ വന്നതു് അല്ലെങ്കിൽ വേറെ ഏതെങ്കിലും നാട്ടിൽ കള്ളനോട്ടായി അടിച്ചതു് എന്നാണു്. ആ പണമാണു് കുഴൽപ്പണം എന്ന പേരിൽ ഇന്ത്യയിലേക്കു തിരിച്ചെത്തുന്നതു്.
ഇങ്ങനെ വന്ന കുഴൽപ്പണം ഇന്ത്യയിൽ വീണ്ടും കറുത്ത ലോകത്തിലേക്കാണു പോകുന്നതു്. ഉറവിടം വെളിപ്പെടുത്താനാവാത്തതിനാൽ അതുവെച്ച് വലിയ ഇടപാടുകളൊന്നും നടത്താൻ പറ്റില്ല. അതിനാൽ മറ്റു വഴികൾ ആലോചിക്കണം. സ്വർണ്ണം വാങ്ങാം, ഭൂമി വാങ്ങാം, അല്ലെങ്കിൽ ധാരാളിത്തച്ചെലവുകൾ നടത്താം, അതുമല്ലെങ്കിൽ നിയമപാലകർ അറിഞ്ഞുകൂടാത്ത തരം ചെലവുകളിലേക്കു മാറ്റിവെക്കാം. അതു് ബോംബുണ്ടാക്കാനാവാം. ഗുണ്ടകൾക്കു കൊടുക്കാനാവാം. കള്ളച്ചാരായം വാങ്ങാനാവാം. അതുമല്ലെങ്കിൽ, പണത്തിന്റെ രൂപത്തിൽ തന്നെ സ്വന്തം വീട്ടിലെ രഹസ്യ അറകളിലോ മറ്റോ ഒളിപ്പിച്ചുവെക്കാം. ഇന്നുരാത്രി മുതൽ ഉടുതുണി നഷ്ടമായി അന്ധാളിച്ചുപോയതു് ആ പണത്തിനാണു്.
ആ പണത്തിൽ, ഇവിടെനിന്നും കപ്പൽ കയറി പുറംലോകം കണ്ടുവന്ന അസ്സൽ കറൻസികളും അന്യനാട്ടിൽ നിന്നും ഇങ്ങോട്ടു കപ്പൽ കയറിവന്ന പാക്കിസ്ഥാൻ കള്ളനോട്ടുകളും ഇവിടെത്തന്നെ അടിച്ചുവിട്ട കള്ളനോട്ടുകളും വിസകിട്ടാതെ ഇവിടെത്തന്നെ ചടഞ്ഞുകൂടിയ നികുതിവെട്ടിപ്പുപണവും ഉൾപ്പെടും.
അതിനുവേണ്ടിവരുന്ന ചെലവു് പാഴ്ച്ചെലവല്ല എന്നു പറയാൻ വേറെയും കാരണങ്ങളുണ്ടു്.
പുതിയ കറൻസി നോട്ടുകൾ അടിക്കുമ്പോൾ അതിനുവേണ്ട ചെലവിന്റെ എത്ര ഭാഗമാണു് യഥാർത്ഥത്തിൽ നമ്മുടെ ദേശീയനഷ്ടം?
ഈ ചെലവിന്റെ ഭൂരിഭാഗവും മനുഷ്യാദ്ധ്വാനത്തിനും ചരക്കുനീക്ക (logistics) മാനേജ്മെന്റിനുമാണു് നീക്കിവെക്കേണ്ടിവരുന്നതു്. അതെല്ലാം ജോലി എന്ന നിലയിൽ ജനങ്ങളിലേക്കുതന്നെ തിരിച്ചുവരുന്ന പണമാണു്.
അടിസ്ഥാനപരമായ നഷ്ടം കറൻസി അടിക്കാൻ വേണ്ടിവരുന്ന കടലാസിന്റേയും മഷിയുടേയും യന്ത്രത്തേയ്മാനത്തിന്റേയും ഊർജ്ജത്തിന്റേയും മാത്രമാണു്.
കറന്‍സിയുടെ കഥ – വിദേശ വിനിമയത്തിന്റേയും
“നിങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും ഞാൻ ഉടനെത്തന്നെ നിങ്ങൾക്കൊരു കിലോ അരി തരാം” എന്നു ഞാൻ നിങ്ങൾക്കു് ഒരു കടലാസിൽ എഴുതി ഒപ്പിട്ടുതന്നു എന്നിരിക്കട്ടെ. അതിനെ ഒരു വാഗ്ദത്തപത്രം (Promissory note) എന്നു പറയാം. നിങ്ങൾക്കു് അങ്ങനെ ഒരു വാഗ്ദാനം നൽകണമെങ്കിൽ ഞാൻ എപ്പൊഴും ഒരു കിലോ അരി എന്റെ കയ്യിൽ കരുതിവെച്ചിരിക്കണം. ഏതുനിമിഷവും നിങ്ങൾ വന്നു ചോദിക്കാം. അതിനാൽ ആ അരി എടുത്തു് എനിക്കു കഞ്ഞിവെക്കാനാവില്ല.അരി എന്റെ കൈവശമാണു് ഇരിക്കുന്നതെങ്കിലും കണക്കനുസരിച്ച് ആ അരി ഇപ്പോൾ നിങ്ങളുടെ സ്വത്താണു്. നിങ്ങളുടെ ഇഷ്ടപ്രകാരം ആ അരി എന്തുവേണമെങ്കിലും ചെയ്യാം. കഞ്ഞി വെക്കണോ വേറെ ആർക്കെങ്കിലും കൈമാറ്റം ചെയ്യണോ അതോ വെറുതെ ആറ്റിൽ കളയണോ എന്നതൊക്കെ നിങ്ങളുടെ തീരുമാനം. പക്ഷേ, നിങ്ങൾക്കാണെങ്കിൽ ഇപ്പോൾ അരി ആവശ്യമില്ല. എന്നാൽ സ്വല്പം പാൽ ആണു വേണ്ടതു്. രാമേട്ടൻ പശുവളർത്തുകാരനാണു്. അയാളുടെ കൈവശം പാലുണ്ടു്. നിങ്ങൾ രാമേട്ടന്റെ അടുത്തുചെല്ലുന്നു. പാൽ വാങ്ങുന്നു. പ്രതിഫലമായി എന്തെങ്കിലും കൊടുക്കണ്ടേ? രാമേട്ടനാണെങ്കിൽ അരി ആവശ്യമുണ്ടു്. തൽക്കാലം നിങ്ങൾക്കാവശ്യമില്ലാത്ത അരിപ്പത്രം (അരിയുടെ അവകാശം എഴുതിയ കടലാസ്) രാമേട്ടനു കൊടുക്കുന്നു. രാമേട്ടൻ എന്റെയടുത്തുവന്നു്, എന്റെ ഒപ്പുള്ള ആ കടലാസ് നീട്ടുന്നു. ഞാൻ നിങ്ങൾക്കുതരാനുള്ള അരി രാമേട്ടനു കൊടുക്കുന്നു. എന്നിട്ട് ആ കടലാസ് വാങ്ങി ചീന്തിക്കളയുന്നു.അതോടെ നിങ്ങളോടും (രാമേട്ടനോടും) ഉള്ള എന്റെ ഉത്തരവാദിത്തം തീരുന്നു. നിങ്ങൾ രാമേട്ടനു കൊടുത്ത (എന്റെ) കടലാസ് ഒരു ചെക്ക് ആണെന്നു പറയാം. ഇവിടെ ഞാൻ ബാങ്ക്. നിങ്ങൾ അക്കൗണ്ട് ഹോൾഡർ. രാമേട്ടൻ പേയീ (ചെക്കിൽ വാക്കുതന്നിട്ടുള്ള വസ്തു സ്വീകരിക്കുന്ന ആൾ). ആദ്യകാലത്തു് ആളുകൾ അവരവർക്കു് ആവശ്യമുള്ള വസ്തുക്കൾ ഇതുപോലെ നേരിട്ടു കൈമാറ്റം ചെയ്യുകയായിരുന്നു. ഓരോരുത്തർക്കും ഓരോ തരം ഉല്പന്നങ്ങൾ ഉണ്ടാവും. അതു് ആർക്കാണോ ആവശ്യമുള്ളതു് അവർക്കു നൽകും. പകരം അവരുടെ കൈയിലുള്ളതു തിരിച്ചുവാങ്ങും. ബാർട്ടർ സംവിധാനം എന്നായിരുന്നു ഇതിനുപേരു്.
എന്നാൽ എല്ലായ്പ്പോഴും എല്ലാവർക്കും തമ്മിൽ ഇങ്ങനെ ഇടപാടുകൾ നടത്തുന്നതു് പ്രായോഗികമല്ല. ചിലർക്കു് അരിയുണ്ടാവും. അവർക്കാവശ്യമുള്ളതു് ഉരുളക്കിഴങ്ങാണു്. ഉരുളക്കിഴങ്ങ് കൃഷിക്കാരനു് ആവശ്യം മുട്ടയാണു്. മുട്ടയിടുന്നവനു് പാലാണു് വേണ്ടതു്. പാലുകാരനു് സ്വർണ്ണം വേണം. അരിക്കാരനു് ഉരുളക്കിഴങ്ങുവാങ്ങണമെങ്കിൽ ഇവരെയൊക്കെ തപ്പിനടന്നു് ഒടുവിൽ അരി ആവശ്യമുള്ളതു് ആർക്കാണെന്നു കണ്ടുപിടിക്കണം!
അതിനുപകരം അവരൊക്കെക്കൂടി ആലോചിച്ച് ഒരു വ്യവസ്ഥ വെച്ചു. അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചില തരം കല്ലുകൾ ഒരു മാതിരി ചെക്കുകളായി അംഗീകരിച്ചു. ഓരോ ചരക്കുകൾക്കും ഇത്രയിത്ര കല്ലു് എന്നു് ഒരു വ്യവസ്ഥയുണ്ടാക്കി. ഒരു കിലോ അരിക്കു് 10 കല്ലു്. ഒരു ലിറ്റർ പാലിനു് 5 കല്ലു്, ഒരു മുട്ടയ്ക്കു് ഒരു കല്ലു്. അങ്ങനെ ആ തരം കല്ലു് ആദ്യത്തെ നാണയമായിത്തീർന്നു.
പിന്നീട് എളുപ്പം ദ്രവിച്ചുപോവാത്ത ലോഹങ്ങൾ കണ്ടുപിടിച്ചപ്പോൾ കല്ലുകൾക്കുപകരം ലോഹക്കഷണങ്ങൾ നാണയങ്ങളാക്കി. അവയ്ക്കു പ്രത്യേക ആകൃതിയും വലിപ്പവും നിശ്ചയിച്ചു. കള്ളത്തരങ്ങളും വ്യാജനിർമ്മിതിയും ഒഴിവാക്കാൻ, അവ അംഗീകരിക്കപ്പെട്ടതാണെന്നുറപ്പിക്കാൻ ആ സ്ഥലത്തെ നാടുവാഴിയോ രാജാവോ സ്വന്തം മുദ്ര അതിന്മേൽ പതിപ്പിക്കാനും തുടങ്ങി. വിവിധ ചരക്കുകളുടെ ഉല്പാദനവും ആവശ്യവും മാറിമാറിവരുന്നതിനനുസരിച്ച് അവയ്ക്കെല്ലാം ഇത്ര നാണ്യം എന്ന നിരക്കുകളും പ്രാബല്യത്തിൽ വന്നു.
സ്വന്തം ചെലവുകഴിഞ്ഞു് നാണയങ്ങൾ ബാക്കി വന്നവർ ക്രമേണ പണക്കാരായി. എത്ര പണിയെടുത്താലും സ്വന്തം ഉല്പന്നത്തിനു് വേണ്ടത്ര കമ്പോളമില്ലാതെ വന്നവർ (ആവശ്യങ്ങൾ നിവർത്തിക്കാൻ വേണ്ടത്ര നാണയം സമ്പാദിക്കാൻ കഴിയാതെ എപ്പോഴും കമ്മി വന്നവർ) പാവപ്പെട്ടവരുമായി.
ഇത്രയുമാണു് ഒരു രാജ്യത്തിനുള്ളിലെ നാണയവ്യവസ്ഥ. നമ്മുടെ നാട്ടിലാണെങ്കിൽ, ഇന്ത്യൻ പ്രസിഡണ്ടു് ഒറ്റ രൂപാ നോട്ടിൽ എഴുതിക്കൊടുക്കുന്ന ഒരു വാഗ്ദാനമാണു് അടിസ്ഥാന കറൻസി. “ഏതു നിമിഷവും ഇതു കൊണ്ടുവരുന്ന ആൾക്ക് ഞാൻ ഒരു രൂപാ എന്ന മൂല്യത്തിനു സമമായ ചരക്കുകൾ കൊടുക്കാം” – എന്നാണു് ആ വാഗ്ദാനത്തിന്റെ യഥാർത്ഥ അർത്ഥം.
[box type=”note” align=”” class=”” width=””]ഇന്ത്യൻ രാഷ്ട്രപതി ഒരു രൂപ മാത്രമേ സ്വന്തമായി പുറപ്പെടുവിക്കുന്നുള്ളൂ. 2, 5, 10, 20, 50, 100, 500, 1000 എന്നീ ഡിനോമിനേഷനുകളും മറ്റു നാണയങ്ങളും സർക്കാരിന്റെ കല്പനപ്രകാരം ഭാരതീയ റിസർവ്വ് ബാങ്ക് ആണു് പുറപ്പെടുവിക്കുന്നതു്. ഇന്ത്യൻ സർക്കാരിന്റെ ഖജനാവു സൂക്ഷിപ്പുകാരനാണു് റിസർവ്വ് ബാങ്ക്.[/box]നിങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ കുരുമുളക് ഉണ്ടാവുന്നുണ്ടു്. അതിനു് നാട്ടിൽ തന്നെ ആവശ്യക്കാരുമുണ്ടു്. അതിനു് ഇത്ര ഉർപ്യ എന്നൊരു വിലയും നടപ്പിലുണ്ടു്. കടലും താണ്ടി നടന്ന ഒരു കൂട്ടം കപ്പലോട്ടക്കാർ നിങ്ങളുടെ നാട്ടിലെത്തി. അവരുടെ കപ്പലിൽ നിറയേ പല തരം കൗതുകവസ്തുക്കളും തീറ്റസാമാനങ്ങളും മറ്റുമുണ്ടു്. ഈന്തപ്പഴം, കണ്ണാടിക്കൂടുകൾ, മുത്തുമാലകൾ, വെള്ളിക്കൊലുസുകൾ, കമ്പിളിപ്പുതപ്പുകൾ, പട്ടുടുപ്പ് അങ്ങനെയങ്ങനെ. അവർക്കു് കുരുമുളകുവേണം. പകരം ഈ വക വസ്തുക്കളൊക്കെ നിങ്ങൾക്കും തരും.
കപ്പിത്താന്റെ പേരു് സെയ്തുമുഹമ്മദ് എന്നാണു്. കരയിലിറങ്ങി ഒന്നുരണ്ടാഴ്ച്ച തങ്ങുന്നതിനിടയ്ക്ക് അയാൾക്കു് വട്ടച്ചിലവിനു കാശുവേണം. അയാളുടെ കയ്യിലുള്ളതു് ദിനാർ. ആ കടലാസിനാണെങ്കിൽ ഇവിടെ യാതൊരു വിലയും ഇല്ല. നമുക്കു വേണ്ടതു് പെടയ്ക്കണ ഇന്ത്യൻ രൂപ്യാണു്. എന്തുചെയ്യും?
ശരി. അവർക്കു കപ്പൽ മുഴുവൻ കുരുമുളകു നിറയ്ക്കണം. പക്ഷെ കൊണ്ടുവന്ന കൈമാറ്റവസ്തുക്കളൊക്കെ കഴിഞ്ഞു. എന്തുചെയ്യും?
അങ്ങനെ ബാക്കി കുരുമുളകിനു പകരം ഈടായി അവർ ആ കടലാസുകൾ (ദിനാറുകൾ) കുറേ ഇവിടെ ഏൽപ്പിച്ചുപോകുന്നു. അടുത്ത പ്രാവശ്യം വരുമ്പോൾ കൂടുതൽ ചരക്കുകൊണ്ടുവന്നു് ഈ ദിനാറുകൾ അവർക്കു തിരിച്ചുവാങ്ങാം. ഒരു കിലോ കുരുമുളകിനു് 1000 രൂപ. ഒരു കിലോ കുരുമുളകിനു് 5 ദിനാർ. ഈ നിരക്കിൽ ഒരു ദിനാർ 200 രൂപയ്ക്കു സമമായി.
അങ്ങനെ നാം വിദേശനാനയവിനിമയം ആരംഭിച്ചു. അതാതു നാണയങ്ങൾക്കു് അതാതു നാട്ടിലേ കൈമാറ്റസാധുതയുള്ളൂ. എങ്കിലും മറ്റു നാടുകളിലും ചരക്കുകൈമാറ്റത്തിന്റെ തോതനുസരിച്ച് അവയ്ക്കു് ഓരോരോ കൈമാറ്റമൂല്യങ്ങൾ ഉണ്ടായി വന്നു. അറബികൾ ഇന്ത്യയുമായി കുരുമുളകും ഈന്തപ്പഴവും മറ്റുമാണു് കൈമാറ്റം ചെയ്തിരുന്നതു്. ലോകത്തിന്റെ മറ്റേ അറ്റത്തു് ഇതേ കുരുമുളകും കൊണ്ടുചെന്നു് അവർ തുർക്കിയും ലന്തക്കാരും മറ്റു യൂറോപ്യന്മാരുമായി കൈമാറ്റക്കച്ചവടത്തിലേർപ്പെട്ടു. അങ്ങനെ പൗണ്ടും ലിറയും മറ്റും വിദേശനാണയ വിനിമയത്തിന്റെ ഭാഗമായി. ഇനി ആധുനികകാലത്തു് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വ്യാപാരവിനിമയം എങ്ങനെ എന്നു നോക്കാം.
കുവൈറ്റ് ധാരാളം പെട്രോളിയം ഉല്പാദിപ്പിക്കുന്നുണ്ടു്. അതാണു് അവരുടെ മുഖ്യ ഉല്പന്നം. ഇന്ത്യക്കാണെങ്കിൽ അതു് ആവശ്യവുമുണ്ടു്. ഇന്ത്യയിലാണെങ്കിൽ അരി, പച്ചക്കറികൾ, ഉരുക്കുസാമഗ്രികൾ, സിനിമാസംഗീതം, മനുഷ്യശക്തി (എഞ്ചിനീയർമാർ, ഡോക്ടർമാർ, പല തരത്തിലുള്ള തൊഴിലാളികൾ…) ഇവ ധാരാളമുണ്ടു്. കുവൈറ്റിനു് ഇവ ആവശ്യമുണ്ടു്.
എന്നാൽ കുവൈറ്റിൽ മാത്രമല്ല പെട്രോളിയമുള്ളതു്. സൗദിയിലും ഇറാക്കിലും ഒക്കെയുണ്ടു്. എവിടെയാണു് കുറവു സാധനങ്ങൾ കൊടുത്തു് കൂടുതൽ പെട്രോളിയം ലഭിക്കുക അവിടെനിന്നേ നാം പെട്രോളിയം വാങ്ങൂ. ഇതുപോലെ ലോകത്തെ ഓരോ രാജ്യക്കാർക്കും തങ്ങളുടെ വിപണി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്. എന്നാൽ പല പല സാധനങ്ങൾക്കുപകരം ഒരേ തരത്തിലുള്ള ഒരു അളവു് / വില നിശ്ചയിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. അതിനുപറ്റിയ സാധനം അവരവരുടെ നാട്ടിലുള്ള കറൻസികൾ തന്നെ. ക്രമത്തിൽ ഓരോ രാജ്യങ്ങളും തമ്മിൽ തമ്മിലുള്ള നാണയങ്ങളുടെ കൈമാറ്റത്തിനു് അന്നാന്നത്തെ ചരക്കിടപാടുബാക്കി അനുസരിച്ച് ഒരു കൈമാറ്റനിരക്ക് രൂപപ്പെട്ടുവന്നു. എങ്കിലും ചില രാജ്യങ്ങൾ തമ്മിൽ നമുക്കു് ഇടപാടുകളേ ഉണ്ടാവില്ല. അവരുടെ നാട്ടിൽ എന്തെങ്കിലും കൂടുതൽ ഉല്പാദിപ്പിച്ചാലും അല്ലെങ്കിൽ അവർക്കു് എന്തെങ്കിലും കൂടുതൽ ആവശ്യമുണ്ടെങ്കിലും അതു നമ്മെ നേരിട്ടു ബാധിക്കുകയേ ഇല്ല. പിന്നെ, അവരുടെ നാണയവുമായി നമുക്കെന്തു ബന്ധം?
എന്നാലും ഒരു കാര്യമുണ്ടു്. അവരുടെ കറൻസിയ്ക്കു വിലയുള്ള വേറൊരു നാട്ടിൽ നമുക്കു് അതും ഉപയോഗിക്കാം. ഉദാഹരണത്തിനു് ഇസ്രായേലുകാർക്കു് കുവൈറ്റുമായി യാതൊരു ഇടപാടുമില്ല. എന്നിട്ടും, എങ്ങനെയോ അവർക്കു കുറേ കുവൈറ്റി ദിനാർ കയ്യിൽ വന്നുപെട്ടു എന്നു കരുതുക. ഇസ്രായേൽ ആ ദിനാർ ഇന്ത്യക്കു കൈമാറി ഇന്ത്യയിൽ നിന്നും ഉരുക്കുസാമഗ്രികൾ വാങ്ങും. ഇന്ത്യക്കാർ ആ ദിനാറിനു പകരം കുവൈറ്റിൽനിന്നു് പെട്രോളും വാങ്ങും.
ഇപ്രകാരം പല രാജ്യങ്ങളും തമ്മിൽ ഇടപാടുകൾ കൂടിക്കലർന്നപ്പോൾ ഓരോ രാജ്യത്തെ കറൻസികൾക്കും ഒരു ആപേക്ഷികമൂല്യം കണക്കാക്കണമെന്നായി. അതിനു് സൗകര്യപ്രദമായ ഒരു യൂണിറ്റും വേണം. വെണ്ടക്കയും കോഴിമുട്ടയുമൊന്നും പറ്റില്ല. പെട്ടെന്നു കേടുവരാത്തതും ലഭ്യത കുറഞ്ഞതുമായ ഏതെങ്കിലും പദാർത്ഥമാണു് ഇത്തരം ആപേക്ഷികമൂല്യം നിശ്ചയിക്കാൻ ഏറ്റവും നല്ലതു്. അങ്ങനെ സ്വർണ്ണം, പ്ലാറ്റിനം, വെള്ളി തുടങ്ങിയവ കറൻസി കൈമാറ്റങ്ങളുടെ അടിസ്ഥാന അവലംബമായി. അതനുസരിച്ച് ഓരോ കറൻസിയ്ക്കും ഇത്ര തൂക്കം സ്വർണ്ണം എന്നൊരു നിരക്കുമായി. എന്നാൽ, എപ്പോഴും കൊണ്ടുനടക്കാൻ പറ്റിയ ഒരു സാധനമല്ല സ്വർണ്ണം. അതുകൊണ്ടു് ഏറ്റവും മേൽക്കയ്യുള്ള (ഏറ്റവും മൂല്യമുള്ള ഉല്പാദനം നടക്കുന്ന രാജ്യങ്ങളിലെ) കറൻസികൾ തന്നെ അടിസ്ഥാനമൂല്യം കണക്കാക്കാൻ ഉപയോഗിച്ചുതുടങ്ങി. അങ്ങനെയാണു് അമേരിക്കൻ ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയവ പ്രമാണിമാരായിത്തീർന്നതു്. ഇവയുമായുള്ള താരതമ്യവില അനുസരിച്ചായി മറ്റു കറൻസികളുടേയും പരസ്പരക്കൈമാറ്റം.
ഓരോ രാജ്യത്തിനും മറ്റോരോ രാജ്യവുമായി ഒരു വർഷം നടന്ന ചരക്കുകൈമാറ്റത്തിൽ മിച്ചമോ കമ്മിയോ ഉണ്ടാകാം. അങ്ങനെ ഒരു രാജ്യത്തിനു് മറ്റെല്ലാ രാജ്യവുമായുള്ള ചരക്കുകൈമാറ്റങ്ങളുടെ മൊത്തം മിച്ചമോ കമ്മിയോ വന്ന തുകയെ ബാലൻസ് ഓഫ് പേയ്മെന്റ് (Balance of Payment) എന്നു പറയുന്നു. രാഷ്ട്രം ഒരു കമ്പനി ആയിരുന്നുവെങ്കിൽ അതിന്റെ ലാഭം അഥവാ നഷ്ടം ആണു് വ്യാപാരമിച്ചം അഥവാ വ്യാപാരക്കമ്മി എന്നു പറയാം. നമ്മുടെ വ്യാപാരമിച്ചത്തിനനുസരിച്ചാണു് മറ്റു രാജ്യങ്ങൾക്കിടയിൽ നമ്മുടെ സാമ്പത്തികമായ അന്തസ്സ് നിലനിൽക്കുന്നതു്. സാമ്പത്തികമായ അന്തസ്സാണു് (credibility) നമ്മുടെ നാണയത്തിന്റെ വിദേശവിനിമയമൂല്യം നിശ്ചയിക്കുന്നതും.
വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെ വിനിമയ നിരക്ക് എങ്ങനെ ആണ് കണക്കു കൂടുന്നത്?
വിവിധ രാജ്യങ്ങൾ തമ്മിലുള്ള വിനിമയനിരക്കു് തീരുമാനിക്കപ്പെടുന്നതു് ഇങ്ങനെ തികച്ചും തുറന്ന ഒരു വ്യവസ്ഥിതിയിലാണു്. നാട്ടിൽ സീസണൽ പച്ചക്കറികൾക്കു് ക്ഷാമവും സമൃദ്ധിയുമുള്ള കാലങ്ങളിൽ വില ഏറിയും കുറഞ്ഞുമിരിക്കുന്നതുപോലെ, ഓരോ രാജ്യത്തിന്റേയും ഉല്പാദനശക്തിയും വ്യാപാരബാക്കിയും വിദേശകമ്പോളങ്ങളിൽ അവരുടെ ഉല്പന്നങ്ങളുടെ ആവശ്യവും അനുസരിച്ച് അതിന്റെ വിദേശമൂല്യവും ഏറിയും കുറഞ്ഞും വരും.
ആരാണിതു തീരുമാനിക്കുന്നതു്?
ഇതിൽ കക്ഷികളായ എല്ലാരും കൂടി എന്നേ പറയാൻ പറ്റൂ. അഥവാ സ്വയം ഉരുത്തിരിഞ്ഞുവരുന്ന നിരക്കുകളാണു് ഇവ. ഉദാഹരണത്തിനു്, വേണമെങ്കിൽ ഇന്ത്യൻ സർക്കാരിനു തീരുമാനിക്കാം, നാളെമുതൽ ഒരു ഡോളറിനു് ഒരു ഇന്ത്യൻ രൂപ എന്ന കണക്കിലേ ഡോളർ എടുക്കൂ എന്നു്. പക്ഷേ, ഇതു നടപ്പാവില്ല. ഇന്ത്യക്ക് ഒരു ബാരൽ പെട്രോളിയം വേണം. കുവൈറ്റ് അതിന്റെ വില ഡോളറിലാണു് വാങ്ങുന്നതു്. ഒരു ബാരലിനു് ഇന്നത്തെ വില 100 ഡോളറാണു് എന്നു പറയുന്നു കുവൈറ്റ്. അപ്പോൾ ഇന്ത്യ (സ്വയം തീരുമാനിച്ച) പുതിയ നിരക്കനുസരിച്ച് 100 ഇന്ത്യൻ രൂപ കൊടുക്കുന്നു. കുവൈറ്റിനു് അതു സമ്മതമല്ല.കാരണം 100 രൂപക്കു് എവിടെനിന്നെങ്കിലും (ചൈനയിൽ നിന്നോ അമേരിക്കയിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ) വാങ്ങാവുന്ന ചരക്കുകളേക്കാൾ വളരെയധികം ലഭിക്കും 100 ഡോളറിനു്.
അതുപോലെ, കിലോക്കു് 60 ഇന്ത്യൻ രൂപ വരുന്ന ഇന്ത്യൻ പച്ചക്കറി കുവൈറ്റിൽ വാങ്ങാൻ കിട്ടും. കുവൈറ്റിൽ പച്ചക്കറിക്കു് ഒരു കിലോയ്ക്കു് 1 ഡോളർ. പക്ഷേ ഇപ്പോൾ ഇന്ത്യയിൽനിന്നും അയക്കുന്നതു് കിലോക്കു് 60 രൂപ അതായതു് 60 ഡോളർ നിരക്കിലാണു്. ഹോളണ്ടിന്റെ പച്ചക്കറി കിലോക്കു് 2 ഡോളറിനു കിട്ടാനുണ്ടു്. പിന്നെന്തിനു് 60 ഡോളർ കൊടുത്തു് ഇന്ത്യൻ പച്ചക്കറി വാങ്ങണം?
ചുരുക്കത്തിൽ, നമ്മുടെ പച്ചക്കറി പുറത്തു് ആർക്കും വേണ്ടിവരില്ല. പച്ചക്കറി വിറ്റില്ലെങ്കിൽ ഡോളർ കിട്ടില്ല. ഡോളറില്ലെങ്കിൽ പെട്രോൾ വാങ്ങാനാവില്ല. പെട്രോൾ ഇല്ലെങ്കിൽ നമ്മുടെ ജീവിതം കട്ടപ്പുക! അതുകൊണ്ടു് നാം ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാവുന്നു. “എന്താച്ചാ തര്വാ”! ഒടുവിൽ വിപണിമൂല്യം സന്തുലിതമാകുന്ന 1 ഡോളർ = 63 രൂപ എന്ന നിരക്കിൽ സ്വയം എത്തിച്ചേരുന്നു Auto-correction / self-correction). എങ്കിലും ഇത്തരം സ്വയം നിശ്ചിതനിരക്കുകളും എപ്പോഴും തികച്ചും സ്വതന്ത്രമാണെന്നു പറഞ്ഞുകൂടാ. വിദേശക്കടം, രാഷ്ടീയ അനിശ്ചിതത്വം, ഊഹക്കച്ചവടം, ഭാവിക്കച്ചവടം ഇതൊക്കെ അനുസരിച്ച് നിരക്കുകൾക്കു് താൽക്കാലികമായി വ്യത്യാസങ്ങൾ അനുഭവപ്പെടാം.
എന്തുകൊണ്ടാണു് ഇന്ത്യൻ രൂപയുടെ വില ഇടിയുന്നു എന്നു പറയുന്നതു്?
രൂപയുടെ മൂല്യം രണ്ടു തരത്തിൽ കണക്കാക്കാം. ആഭ്യന്തരമൂല്യവും വിദേശമൂല്യവും. ഒരു രൂപ കൊടുത്താൽ തുറന്ന കമ്പോളത്തിൽനിന്നു് എത്ര ഗ്രാം അരി വാങ്ങാം? ഏകദേശം 30 ഗ്രാം. മുപ്പതുവർഷം മുമ്പ് ഒരു രൂപ കൊടുത്താൽ ഏകദേശം 900 ഗ്രാം അരി വാങ്ങാമായിരുന്നു. അതായതു് മുപ്പതു വർഷം മുപ് ഒരു രൂപയ്ക്കുണ്ടായിരുന്ന മൂല്യം (value) ഇപ്പോൾ ഇല്ല. അതു് മുപ്പതിലൊന്നായി കുറഞ്ഞിരിക്കുന്നു. അഥവാ, 30 വർഷം മുമ്പുള്ള ഒരു രൂപ നാണയത്തിനുപകരം ഇപ്പോൾ മുപ്പതു നാണയം വേണമെന്നായിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർക്കാർ കമ്മട്ടത്തിൽ അന്നു് അടിച്ചുവിട്ട ‘ചെക്കു’കളിൽ മുപ്പതിൽ 29-ഉം ഇപ്പോൾ വണ്ടിച്ചെക്കുകളാണു്! ഒരു വിലയുമില്ലാത്ത 29 നാണയങ്ങൾ ഇപ്പോൾ മാർക്കറ്റിൽ കറങ്ങിനടക്കുന്നു! ഇതിനെയാണു് നാണയങ്ങളുടെ പെരുപ്പം (inflation = വീർക്കൽ) എന്നു പറയുന്നതു്.
നാണയപ്പെരുപ്പം അഥവാ ‘സർക്കാരിന്റെ വക കള്ളനോട്ട് അച്ചടിക്കൽ’ ഉണ്ടാവുന്നതു് എന്തുകൊണ്ടാണെന്നു പിന്നെ പറയാം.
എന്നാൽ ഇന്ത്യൻ രൂപയുടെ വിദേശമൂല്യം കുറഞ്ഞുവരുന്നു എന്നു പറഞ്ഞാൽ സ്വല്പം വ്യത്യാസമുണ്ടു്. ഇന്ത്യൻ ഉല്പന്നങ്ങളുടെ വിദേശഡിമാന്റിലും കൂടുതലാണു് അവരുടെ ഉല്പന്നങ്ങൾക്കു് നമ്മുടെ ഡിമാന്റ് എന്നുവന്നാൽ ഇന്ത്യൻ രൂപയുടെ വിദേശമൂല്യം കുറയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വിദേശനിർമ്മിത പേനയ്ക്കു മുമ്പ് 80 രൂപ കൊടുത്താൽ മതിയായിരുന്നു. പക്ഷേ ഇപ്പോൾ 96 രൂപ കൊടുക്കണം.അതിനർത്ഥം അന്താരാഷ്ട്രമാർക്കറ്റിൽ നമ്മുടെ രൂപയുടെ കൈമാറ്റമൂല്യം 20% കുറഞ്ഞു. ആഭ്യന്തര നാണയപ്പെരുപ്പവും വിദേശവിനിമയമൂല്യവും ഒന്നല്ല. എങ്കിലും ഇവ പരോക്ഷമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആഭ്യന്തരമൂല്യത്തിനുപുറമേ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യൻ രൂപയുടെ വിദേശമൂല്യവും കുറഞ്ഞുവരികയാണു്.
നിലവിലെ സാഹചര്യത്തിൽ കുവൈറ്റി ദിനാർ ആണ് ഏറ്റവും മൂല്യം എന്ന് തോന്നുന്നു. എന്താണ് അതിനു കാരണം ?
നേരത്തെ എഴുതിയതുപോലെ, കറൻസിയുടെ യൂണിറ്റ് ഡിനോമിനേഷൻ മൂല്യം കണക്കാക്കിയാണെങ്കിൽ കുവൈറ്റി ദിനാർ തന്നെയാണു് ഏറ്റവും മൂല്യം കൂടിയതു്. എന്നാൽ, ഏറ്റവും മൂല്യമുള്ള നോട്ട് കുവൈറ്റിന്റേതാണെന്നു പറയാൻ പറ്റില്ല. [കുവൈറ്റിലെ ഏറ്റവും വലിയ കറൻസി 20 ദിനാർ ആണു്. ഇതു് ഏകദേശം 4000 രൂപ വരും. എന്നാൽ UKയുടെ നൂറു മില്യൺ പൗണ്ടിന്റെ ഒറ്റ നോട്ടാണു് ലോകത്തിലെ കറൻസിനോട്ടുകളിൽ ഏറ്റവും വിലപിടിച്ചതു്. (ഇതു ആയിരം കോടി ഇന്ത്യൻ രൂപയ്ക്കു് സമമാണു്).]
അതേ സമയം, ആളുകൾ വില മതിക്കുന്ന നോട്ടുകളുടെ നിരയിൽ അമേരിക്കൻ ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, ചൈനീസ് യുവാൻ, കുവൈറ്റി ദിനാർ, UAE ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, സിങ്കപ്പൂർ ഡോളർ ഇവയെല്ലാം ഉൾപ്പെടും. രാജ്യത്തെ രാഷ്ട്രീയ – സാമ്പത്തിക സ്ഥിരത, BoP അവസ്ഥ, പലിശനിരക്കുകൾ, വിദേശനിക്ഷേപങ്ങൾ, അന്യനാടുകളിൽ കൈമാറ്റം ചെയ്യാനും ദീർഘകാലത്തേക്കു് ഈടുവെക്കാനുമുള്ള എളുപ്പം ഇവയെല്ലാം കൂടി പരിഗണിച്ചാണു് ഇത്തരം മൂല്യനിർണ്ണയം നടത്തുന്നതു്.
ചില രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരം ഇവിടങ്ങളിലെ കറൻസി തമ്മിൽ എപ്പോഴും ഒരേ നിലവാരം ആയിരിക്കുകയും ഇവ രണ്ടു രാജ്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് സിങ്കപ്പൂർ ഡോളറും ബ്രൂണൈ ഡോളറും രണ്ടു രാജ്യത്തും ഉപയോഗിക്കാം. ഇത് എങ്ങനെ ആണ് സാധ്യമാവുക ?
രണ്ടുരാജ്യങ്ങൾ തമ്മിൽ തീവ്രമായ സുഹൃദ്ബന്ധവും തികച്ചും സ്വതന്ത്രമായ വ്യാപാരബന്ധങ്ങളും വിപണികൈമാറ്റങ്ങളും നടക്കുന്നുണ്ടെങ്കിൽ അവർക്കു് ഒരേ കറൻസിയോ തത്തുല്യമൂല്യമുള്ള സ്വന്തം കറൻസികളോ ഉപയോഗിക്കാം. എന്നാൽ അതിൽ ഒരു രാജ്യത്തു് രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്ഥിരത ഉണ്ടായാൽ ഈ കരാർ ലംഘിക്കപ്പെടുകയോ റദ്ദാവുകയോ ചെയ്തെന്നും വരാം.
പല രാജ്യങ്ങളും ഉയർന്ന മൂല്യസ്ഥിരതയ്ക്കുവേണ്ടി തങ്ങളുടെ കറൻസി മറ്റൊരു കറൻസിയുമായി ഒരു നിശ്ചിതനിരക്കിൽ സ്ഥിരമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്. ഇതിനെ പെഗ്ഗിംഗ് (pegging) എന്നു പറയുന്നു. മിക്ക GCC രാഷ്ട്രങ്ങളും അവയുടെ കറൻസികൾ അമേരിക്കൻ ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്. ഇതു് റിയാലിനേയും ദിനാറിനേയും ദിർഹത്തേയുമെന്ന പോലെ ഡോളറിനേയും കൂടുതൽ ശക്തമാക്കുന്നു. കൂടാതെ, അന്താരാഷ്ട്രമാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഡോളർ നിരക്കിലാണു് നിശ്ചയിക്കപ്പെട്ടിരിക്കുന്നതു്. ഈ ഘടകവും പെഗ്ഗിംഗ് പോലെത്തന്നെ ഈ കറൻസികളെ ശക്തമാക്കാൻ സഹായിക്കുന്നു. ഡോളറുമായുള്ള ഇത്തരം പെഗ്ഗിംഗ് വ്യവസ്ഥയിൽ നിന്നു് 2009-ലെ സാമ്പത്തികപ്രതിസന്ധിക്കു തൊട്ടുമുമ്പ് കുവൈറ്റ് പിന്മാറുകയുണ്ടായി. ഈ നീക്കം അവരുടെ നാണയത്തിനു് മൂല്യത്തകർച്ച വരാതിരിക്കാൻ കുറേയൊക്കെ സഹായിച്ചു.
പുതിയതായി ഒരു രാജ്യം ഉണ്ടായാൽ അതിന്റെ കറന്സി യുടെ നിലവാരം എങ്ങനെ കണക്കു കൂട്ടും?
പുതിയതായി രാജ്യങ്ങൾ ഉണ്ടാവുന്നതു് അതിനുമുമ്പുണ്ടായിരുന്ന ഏതെങ്കിലും ജനസമൂഹങ്ങളുടെ പുതിയ കൂട്ടായ്മയായിട്ടാവില്ലേ? അപ്പോൾ താൽക്കാലികമായിട്ടെങ്കിലും മുമ്പ് അവർ ഉപയോഗിച്ചുപോന്നിരുന്ന കറൻസികൾ തന്നെ തുടർന്നുപോരുന്നു. ഇനി ഏതെങ്കിലും സാഹചര്യത്തിൽ അതു സാദ്ധ്യമല്ലെങ്കിൽ പ്രബലമായ മറ്റൊരു കറൻസിയെ അവർ ആശ്രയിക്കുന്നു.
1961 വരെ കുവൈറ്റിലെ കറൻസി ഇന്ത്യൻ രൂപയായിരുന്നു. (കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത് ഒഴികെയുള്ള അറേബ്യൻ രാജ്യങ്ങൾ തുടങ്ങി ഇന്ത്യക്കു ചുറ്റും വലിയൊരു ഭൂവിഭാഗത്തിന്റെ കറൻസി വളരെക്കാലങ്ങളോളം ഇന്ത്യൻ രൂപ തന്നെയായിരുന്നു). 1961-ൽ കുവൈറ്റ് സ്വന്തമായി ഒരു കറൻസി സ്ഥാപിച്ചു. അന്നു് ഒരു പൗണ്ട് സ്റ്റെർലിങ്ങിനു് 13 ¹/3 ഇന്ത്യൻ രൂപ എന്നായിരുന്നു നിരക്കു്. ഒരു ദിനാറിനു് ഒരു പൗണ്ട് എന്ന നിരക്കാണു് പുതിയ കറൻസിക്കു തീരുമാനിച്ചതു്. ആ നിരക്കിൽ തന്നെ, അതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യൻ രൂപയും മറ്റു കറൻസികളും തിരിച്ചുവാങ്ങി. ഏതാനും മാസങ്ങൾക്കുള്ളിൽ കുവൈറ്റ് ദിനാർ അവിടത്തെ ആഭ്യന്തരക്കൈമാറ്റസാധുതയുള്ള ഏക കറൻസിയായി മാറി.
1990-ൽ കുവൈറ്റ് ഇറാക്കിനാൽ ആക്രമിക്കപ്പെട്ടു. ഇതിനെത്തുടർന്നു് കുവൈറ്റി ദിനാറിന്റെ മൂല്യം തികഞ്ഞ അനിശ്ചിതത്വത്തിൽ എത്തിപ്പെട്ടു. ഇറാക്കികൾ ശതകോടിക്കണക്കിൽ കുവൈറ്റി ദിനാർ കൊള്ള ചെയ്തുകൊണ്ടുപോയി. എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം, കുവൈറ്റ് ഗവണ്മെന്റ് പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ പഴയ കറൻസി അപ്പാടെ പിൻവലിക്കപ്പെട്ടു. ശരിയായ തെളിവുകളോടെ ഹാജരാക്കിയ കറൻസി നോട്ടുകൾക്കു് പകരം പുതിയ നോട്ടുകൾ വിതരണം ചെയ്തു. കൊള്ളയടിക്കപ്പെട്ടതും സമയത്തിനു ഹാജരാക്കപ്പെടാതെ എവിടെയെങ്കിലും അവശേഷിച്ചതുമായ പഴയ കറൻസി മുഴുവൻ അതോടെ യാതൊരു വിലയുമില്ലാത്ത കടലാസുകഷണങ്ങളായി മാറി. ഇത്തരം സംഭവങ്ങൾ തീർത്തും അപൂർവ്വമല്ല. നമ്മുടെ നാട്ടിൽ തന്നെ നാട്ടുരാജ്യങ്ങൾക്കു് തനതായ നാണയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം ക്രമേണ രൂപയിൽ ലയിച്ചു. ഈയടുത്തു് സിംബാംബ്‌വേയിൽ നടന്നുകൊണ്ടിരിക്കുന്ന കറൻസി പ്രശ്നങ്ങളും ഉദാഹരണമായി പറയാം.
വിശ്വപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
Useful basic economic principles in time.