Read Time:3 Minute
ഡോ.യു. നന്ദകുമാര്‍
“വാട്ട്സ്ആപ്പ് ശാസ്ത്രം” ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് കോവിഡ് മ്യൂട്ടേഷൻ സൃഷ്ട്ടിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചാണ്. മുപ്പതിലധികം മ്യൂട്ടേഷനുകൾ ഇതിനകം വന്നു കഴിഞ്ഞുവെന്നും, അതിൽ ചിലതിന് ആദ്യ വൈറസുകളെക്കാൾ അനവധിമടങ്ങു തീവ്രതയുണ്ടെന്നും പറഞ്ഞുവെയ്ക്കുന്നു. ഇതെന്തായാലും ശാസ്ത്രീയമായി തെളിവുകൾ ലഭിക്കാതെ പറയാൻ പാടില്ലാത്തതാണ്. തത്കാലം ഇത്തരം കഥകളെ സാധൂകരിക്കുന്ന തെളിവുകൾ വന്നിട്ടില്ല.
കോവിഡ് മ്യൂട്ടേഷനെ കുറിച്ച് ചില അറിവുകൾ ഇപ്രകാരമാണ്.
- മറ്റെല്ലാ വൈറസുകൾ പോലെ കോവിഡ് വൈറസും നിലനിൽക്കുന്നത് മ്യൂട്ടേഷൻ സാധ്യതകൂടി ഉപയോഗിച്ചുകൊണ്ടാണ്. മ്യൂട്ടേഷൻ തികച്ചും ആകസ്മികമായി നടക്കുന്നു. അതായത്, എവിടെ, എന്തെല്ലാം മ്യൂട്ടേഷൻ നടക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ഒരിക്കൽ ഒരു വൈറസ് മ്യൂറ്റേഷൻ സംഭവിച്ചാൽ തുടർ തലമുറയിലെ എല്ലാ വൈറസുകളും ആ മാറ്റം ഉൾക്കൊണ്ടിരിക്കും.
- മ്യൂട്ടേഷനുകൾ പഠിക്കുമ്പോൾ ചിലസ്ഥലങ്ങളിൽ വൈറസിനുണ്ടാകുന്ന മാറ്റങ്ങൾ പിന്തുടരാനാകും. പൊതുവെ പകർച്ചവ്യാധിയുടെ ചരിത്രം പഠിക്കാനും ഇത് സഹായിക്കും. മാത്രമല്ല, എത്ര വ്യത്യസ്ത വൈറസുകൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും മനസിലാക്കാം.
കോവിഡ് 19 ന്റെ വൈറസ് ജിനോം സ്വതന്ത്ര ലഭ്യതയ്ക്കുതകും വിധം എല്ലാ ശാസ്ത്രജ്ഞർക്കും എത്തിക്കാനുള്ള ശ്രമം സ്ഥാപിച്ചുകഴിഞ്ഞു. ഇപ്പോൾ വൈറസ് പരിണാമം,വ്യാപനം എന്നിവ തത്സമയമറിയാനുള്ള പ്രക്രിയകൾ നിലവിലുണ്ട്. - ഇപ്പോഴത്തെ അറിവുകൾ വെച്ച് ഒരു കാര്യം വ്യക്തമാണ്. കോവിഡ് വൈറസിൽ മ്യൂട്ടേഷൻ നടക്കുന്നുണ്ടെങ്കിലും അത് ഫ്ലൂ വൈറസിൽ ഉണ്ടാകും പോലെ അടിക്കടിയുണ്ടാകുന്നില്ല. ഫ്ലൂ വൈറസിന് കോവിഡിനെക്കാൾ നാലിരട്ടി വേഗത്തിൽ മ്യൂറ്റേഷൻ നടത്താനാകും.
നിലവിൽ ഇന്ത്യയിൽ മൂന്നു സ്ട്രെയിനുകളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഒന്നിലും മ്യൂട്ടേഷനുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐ.സി.എം.ആർ പറയുന്നു.
കോവിഡിന്റെ രോഗവ്യാപനവും ജനിതകപഠനങ്ങളും
അധിക വായനയ്ക്ക്
Related
0
0