ഡോ.കെ.പി.അരവിന്ദന്‍
റിട്ട. പ്രൊഫസർ, പത്തോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്
കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തു വന്ന മൂന്നു പഠനങ്ങള്‍ പറയുന്ന പ്രധാന കാര്യങ്ങൾ
1. HCoV-19 എന്ന വൈറസ് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തു കടന്നാൽ എത്ര സമയം നശിപ്പിക്കപ്പെടാതെ (രോഗം പരത്താനുള്ള കഴിവ് നഷ്ടപ്പെടാതെ) ഇരിക്കും ?
COVID-19 എന്ന രോഗമുണ്ടാക്കുന്ന HCoV-19 എന്ന വൈറസ് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തു കടന്നാൽ എത്ര സമയം നശിപ്പിക്കപ്പെടാതെ (രോഗം പരത്താനുള്ള കഴിവ് നഷ്ടപ്പെടാതെ) ഇരിക്കും എന്ന പഠനമാണ് ആദ്യത്തേത്. NEJMഎന്ന ജർണലിൽ വരാനിരിക്കുന്ന സുപ്രധാന ലേഖനമാണിത്. ഇതു പ്രകാരം ചുമയ്ക്കുമ്പോഴൊക്കെ പുറത്തു വരുന്ന സ്രവകണങ്ങൾക്ക് (Aerosols) സമാനമായി വൈറസ് ഉൾക്കൊള്ളുന്ന കണങ്ങളിൽ മൂന്നു മണിക്കൂർ വരെ അതേ പോലെ കേടുകൂടാതെ നിലനിൽക്കും. ചെമ്പിന്റെ പ്രതലത്തിൽ 4 മണിക്കൂർ, കാർഡ്ബോർഡിന്റെ പുറത്ത് 24 മണിക്കൂർ എന്നിങ്ങനെ നശിക്കാതെ നില നിൽക്കും. പ്ളാസ്റ്റിക്കിന്റെ പുറത്തും സ്റ്റെയിൻലെസ്സ് സ്റ്റീലിന്റെ പുറത്തും 2-3 ദിവസം വരെ നില നിൽക്കാമെന്നതാണ് ഈ പഠനത്തിൽ കണ്ടെത്തിയ ആശങ്കാജനകമായ വസ്തുത. ഈ പഠനങ്ങൾ നടത്തിയത് 21-230C താപത്തിലും 65% ഈർപ്പത്തിലുമാണ് (Relative humidity). ചൂട് കൂടുന്നതിനും ഈർപ്പം കുറയുന്നതിനും അനുസരിച്ച് അണുവിന്റെ നിലനിൽപ്പ് നേരിയ തോതിൽ കുറഞ്ഞേക്കാം. കേരളത്തിൽ താപവും ഈർപ്പവും ഇതിനേക്കാൾ കൂടുതലാണെന്നത് ഗുണമായാണോ ദോഷമായിട്ടാണോ ഭവിക്കുക എന്ന് കണ്ടറിയണം.
2. രോഗാണു ഉള്ളിൽ ചെന്നതിനു ശേഷം എത്രവേഗം പെരുകി സ്രവങ്ങളിൽ എത്തി മറ്റുള്ളവർക്ക് രോഗം നൽകാൻ ഇടയാക്കും?
ജർമനിയിലെ മ്യൂനിക്കിൽ രോഗബാധിതരായ 9 പേരിൽ നടത്തിയ പഠനമാണ് രണ്ടാമത്തേത്. രോഗാണു ഉള്ളിൽ ചെന്നതിനു ശേഷം എത്രവേഗം പെരുകി സ്രവങ്ങളിൽ എത്തി മറ്റുള്ളവർക്ക് രോഗം നൽകാൻ ഇടയാക്കും എന്നതാണവർ പഠിച്ചത്. 2003 ലെ സാർസ് രോഗത്തിൽ 7-10 ദിവസം കഴിയുമ്പോഴാണ് പരമാവധി അണുക്കൾ സ്രവങ്ങളിൽ ഉണ്ടായത്. എന്നാൽ HCOV-19 വെറും അഞ്ചു ദിവസം കൊണ്ട് ഈ നിലയിൽ എത്തി. മാത്രമല്ല, 2003 സാർസിനെ അപേക്ഷിച്ച് പരമാവധി അണുക്കളുടെ എണ്ണം ഏതാണ്ട് ആയിരം ഇരട്ടിയായിരുന്നു. വളരെ പെട്ടെന്ന് പകരുന്ന രോഗമാണ് COVID-19 എന്നും 2003 സാർസിനേക്കാൾ എളുപ്പത്തിൽ ഇതിന് പകരാനാവുമെന്നും ഈ പഠനം കാണിക്കുന്നു. രോഗാണു അകത്തെത്തി വളരെ വേഗം തന്നെ, അതായത് രോഗലക്ഷണങ്ങളുടെ പ്രാരംഭദിശയിൽ തന്നെ രോഗം പകരുമെന്നതും അസുഖകരമായ അറിവാണ്.
3. രോഗത്തിന്റെ അടയിരുപ്പ് സമയം (incubation period)
ഈ ലക്കം Annals of Internal Medicine എന്ന വൈദ്യശാസ്ത്ര ജർണലിൽ വന്ന ഒരു പഠനമാണ് മൂന്നാമത്തേത്. രോഗത്തിന്റെ അടയിരുപ്പ് സമയം (incubation period) എത്രയെന്നതിനെ കുറിച്ച് ഇത് വെളിച്ചം വീശുന്നു. ശരാശരി 5.1 ദിവസമാണ് രോഗാണു ഉള്ളിൽ ചെന്ന് രോഗലക്ഷണം പ്രകടമാവാനുള്ള സമയം. 97.5% പേരിലും ഈ സമയം 11.5 ദിവസത്തിൽ താഴെയായിരുന്നു. അതായത് ക്വാരന്റൈനിന് ഇപ്പോൾ നിർദേശിക്കപ്പെട്ടിട്ടുള്ള 14 ദിവസത്തിന് താഴെ. പക്ഷെ 1% പേരിൽ 14 ദിവസം കഴിഞ്ഞും രോഗം വന്നേക്കാം എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
പഠനങ്ങളുടെ ലിങ്ക് താഴെ നല്‍കുന്നു
References
- https://drive.google.com/
- http://www.cidrap.umn.edu/news-perspective/2020/03/study-highlights-ease-spread-covid-19-viruses?
- https://annals.org/aim/fullarticle/2762808/incubation-period-coronavirus-disease-2019-covid-19