ഗീത പി.എം.
കൊറോണക്കാലത്ത്, ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്. മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും.. എല്ലാവരും എല്ലാവരുടേതുമാകട്ടെ …
Covid 19 എന്ന മഹാമാരിയുടെ മുന്നിൽ മനുഷ്യരാശി ഒന്ന് പകച്ചു നിന്നെങ്കിലും ശാസ്ത്രവും മനുഷ്യസ്നേഹവും ഇച്ഛാശക്തിയും കൈകോർത്തിടങ്ങളിലൊക്കെ മനുഷ്യർ അതിജീവന പാതയിലെത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ രാഷ്ട്രം മൂന്നാഴ്ച വീട്ടിലിരിക്കുന്നു.(stay@Home). അതിനു മുമ്പു തന്നെ കേരളത്തിൽ (മറ്റു പലയിടങ്ങളിലും ) പതിനായിരക്കണക്കിനാളുകൾ ‘ക്വാറന്റൈനിൽ ‘വീട്ടിലിരിക്കുന്നുണ്ട്. വിനാശകാരിയായ ഈ അണുബാധ ലോകത്താകമാനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക, സാമൂഹിക, മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങളും ചർച്ചകളും ബോധവൽക്കരണങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, എല്ലാവരും വീട്ടിലിരിക്കുന്ന അത്യപൂർവമായ ഈ കാലയളവിൽ കുടുംബത്തിനകത്തെ പ്രശ്നങ്ങൾ, പ്രതിസന്ധികൾ, വെല്ലുവിളികൾ, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബം എന്നത് ഇത്തരം എല്ലാ ആഘാതങ്ങളേയും അതിജീവിച്ചുകൊള്ളും എന്നുള്ള പരമ്പരാഗത വിശ്വാസമായിരിക്കാം അത്തരമൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലാതാക്കിയത്. എന്നാൽ, കൂടുമ്പോൾ ഇമ്പമുള്ളത് എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ടെങ്കിലും എപ്പോഴും അതങ്ങനെയല്ല എന്ന് നമുക്കറിയാം.
സാധാരണ ഗതിയിൽ അധിക വീടുകളിലും പകൽ സമയത്ത് അധികമാരുമുണ്ടാകാറില്ല. സ്ത്രീകൾ ജോലിക്ക് പോകാത്തവരാണെങ്കിൽ അവർ ഉണ്ടായേക്കാം. ചിലയിടങ്ങളിൽ പ്രായമായവരും കുഞ്ഞുങ്ങളും കണ്ടേക്കാം. ഏത് സാഹചര്യമായാലും ഏതാണ്ട് രാത്രി വരേയ്ക്കുള്ള പാചകം രാവിലെ തന്നെ ചെയ്തു വെക്കുന്നതാണ് ഇപ്പോഴത്തെ ഒരു രീതി. വീട്ടിലിരിക്കുന്ന സ്ത്രീകൾ പിന്നെ അലക്കൽ, ശുചീകരണം, മൃഗപരിപാലനം, വൃദ്ധരെയും കുഞ്ഞുങ്ങളെയും നോക്കൽ, കൃഷി എന്നിങ്ങനെ അവസാനിക്കാത്ത ജോലികൾ.
എന്നാൽ കൊറോണക്കാലത്ത്, പ്രത്യേകിച്ച് ഈ വീട്ടിലിരിക്കൽ(stay @Home) കാലത്ത് വീട്ടിനകത്തെ കാര്യങ്ങൾ കുറേക്കൂടി സങ്കീർണവും പുരുഷകേന്ദ്രിതവുമാണ്.
എല്ലാവരുമുള്ള വീട്.
- വൃത്തിയാണല്ലോ പരമപ്രധാനം. രാവിലെ തന്നെ വീടും പരിസരവും പാത്രങ്ങളും എല്ലാം ശുചിയാവണം. എല്ലാവർക്കും ഭക്ഷണമൊരുക്കൽ, വിളമ്പൽ, കഴിക്കാനുള്ളതും കഴിച്ചതും പാകം ചെയ്യാനുപയോഗിച്ചതുമായ പാത്രങ്ങൾ കഴുകൽ, അതിനിടയ്ക്ക് അലക്കു ജോലികൾ, രോഗികളുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കൽ, കുട്ടികളുടെ പ്രശ്നങ്ങൾ, വീണ്ടും പാചകം, കഴുകൽ……….
വീട്ടിൽ ക്വാറന്റൈനിൽ ഒരാളുണ്ടെങ്കിലോ? ഒരാൾ തന്നെ സ്ഥിരമായി ഭക്ഷണം കൊടുക്കണം. ഇതെല്ലാം ഒരാൾ തന്നെയല്ലേ മിക്ക വീടുകളിലും ചെയ്യുന്നത്? അമ്മയോ പെങ്ങളോ ഭാര്യയോ മകളോ എന്നുള്ള വ്യത്യാസമേയുള്ളു.
വീട്ടിലിരിക്കാനാവാത്ത ധാരാളം സ്ത്രീകൾ ഇപ്പോഴുമുണ്ട്. ആരോഗ്യമേഖലയിൽ നല്ലൊരു ശതമാനം സ്ത്രീകളാണ്. അതിനു പുറമെ കുടുംബശ്രീ പ്രവർത്തകർ, അങ്കൺവാടി വർക്കേഴ്സ്, ആശാ വർക്കേഴ്സ്…. ഇവരൊക്കെ എടുക്കുന്ന ഇരട്ടി ഭാരം…അവരുടെ ആരോഗ്യം,
ഇനി വീട്ടിലെ സ്ത്രീ ഐസൊലേഷനിലിരിക്കേണ്ടി വന്നാലോ!
വലിയ പ്രയാസമായിരിക്കും അവരുടെയും മറ്റുള്ളവരുടെയും കാര്യങ്ങൾ. മറ്റുള്ളവരോ?
മാനസികോല്ലാസം പ്രധാനമാണല്ലോ. ടി.വി., ചാനൽ ചർച്ചകൾ, സിനിമകൾ, വാട്സ് ആപ്പ്, ഫേസ് ബുക്ക് , പത്രം,….. അങ്ങനെ നിരവധി ഉപാധികൾ. ഉറങ്ങാം, വിശ്രമിക്കാം, എല്ലാം പ്രതിരോധ മാർഗങ്ങളാണ്. പക്ഷേ.,, ഇതൊക്കെ നമ്മുടെ സ്ത്രീകൾക്കും വേണ്ടേ?
എങ്ങനെ, നമ്മുടെ സ്ത്രീകളെ ഈ അധികഭാരത്തിൽ നിന്നും മാനസിക പിരിമുറുക്കത്തിൽ നിന്നും മോചിപ്പിക്കാം?
ഈയവസ്ഥ ക്രമേണ കുടുംബസംഘർഷങ്ങളിലേക്കു തന്നെ ചെന്നെത്തിയേക്കാം. വളരെ ലളിതമായി നമുക്കിത് പരിഹരിക്കാനാവും. എല്ലാവരും എല്ലാം ചെയ്യാൻ സന്നദ്ധമാവുന്ന, പ്രയാസങ്ങൾ പങ്കിട്ടെടുക്കാൻ തയ്യാറാവുന ഒരു കുടുംബാന്തരീക്ഷം ഏത് ദുരന്തത്തെയും നേരിടാൻ കുറെക്കൂടി സജ്ജമായിരിക്കും.
ബന്ധങ്ങൾ ഇഴയടുപ്പമുള്ളതാകും. വേദനകളിലും ചിരിക്കാനാവും.
എന്തൊക്കെ ചെയ്യാം?
1. എല്ലാ ദിവസവും കുടുംബയോഗം ചേരണം.
പരിഹരിക്കാനുള്ള പ്രശ്നങ്ങൾ, പിറ്റേന്ന് ചെയ്യാനുള്ള ജോലികൾ ,ഉണ്ടാക്കേണ്ടുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഇവയൊക്കെ പട്ടിക പ്പെടുത്തണം
2. ആര്, എന്ത് ജോലി ഏറ്റെടുക്കും? ചുമതല നൽകണം
ഭക്ഷണമുണ്ടാക്കുന്ന ജോലി ഉദാഹരണമായെടുക്കാം. അമ്മ / ഭാര്യ…. ഉണ്ടാക്കുമ്പോൾ സഹായിക്കുക എന്ന രീതി പറ്റില്ല. ഒരു ദിവസത്തെ/ ഒരു നേരത്തെ ചുമതല പൂർണമായി, പാത്രം കഴുകി അടുക്കള Clean ചെയ്യൽ ഉൾപ്പെടെ ഏറ്റെടുക്കണം. Cleaning (Toilet cleaningഉൾപ്പെടെ) Washing (ഉണക്കാനിടൽ, എടുത്തു മടക്കി ഷെൽഫിൽ വെക്കൽ ഉൾപ്പെടെ) വിഭജിച്ച് എടുക്കാം
3. എത്ര മണി വരെ ജോലി, എത്ര സമയം വിശ്രമം, വിനോദ പരിപാടികൾ എന്തൊക്കെ എന്നിങ്ങനെ Plan ചെയ്യണം. ഒന്നിച്ചിരുന്ന് സിനിമ കാണൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വേണം. ഇത് tension കുറയ്ക്കും. ഇങ്ങനെയാവുമ്പോൾ എല്ലാവർക്കും കുറെ സമയം മിച്ചം കിട്ടും. അത്gardening, പച്ചക്കറിനടൽ എന്നിവ ഒന്നിച്ച് ചെയ്യുന്നതിന് ഉപയോഗിക്കാം. രാത്രി ഭക്ഷണം നേരത്തെ കഴിഞ്ഞാൽ ‘ ഓരോരുത്തർക്കും വേണ്ടത്ര സ്വകാര്യ സമയം കിട്ടും. സോഷ്യൽ മീഡിയ ഉൾപ്പെടെ ഉപയോഗിക്കാനുള്ള സമയം
ഓരോ വീടിൻ്റെയും സാഹചര്യമനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരും. ഉദാ: രോഗികളെ നോക്കൽ, കുഞ്ഞുങ്ങളെ നോക്കൽ, മൃഗപരിപാലനം:..ഇങ്ങനെ.
4. സാമ്പത്തിക പ്രശ്നങ്ങൾ ഈയവസരത്തിൽ ചില വീടുകളിൽ രൂക്ഷമാവാനിടയുണ്ട്. അത്തരം പ്രശ്നങ്ങളും കൂട്ടായി ചർച്ച ചെയ്യുകയും ആസൂത്രണം നടത്തുകയും വേണം. ജോലികൾ ഏതാണെങ്കിലും അടിസ്ഥാന തത്വം ജനാധിപത്യമായിരിക്കണം എന്ന് മാത്രം.
ഒരു മഹാദുരന്തം വാ പിളർന്നടുക്കുമ്പോൾ നാമിപ്പോൾ കാണുന്നതെന്താണ്? രാജ്യങ്ങൾ ശത്രുത മറക്കുന്നു. വംശീയത മറക്കുന്നു. മതം, ആരാധന, ഉത്സവാഘോഷങ്ങൾ എല്ലാം ഒഴിവാക്കിയാലും മനുഷ്യൻ നില നിൽക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. എല്ലാത്തരം അഹന്തകളും അധികാരങ്ങളും തകർന്നടിയുന്നു.
മാറട്ടെ, നമ്മുടെ വീടകങ്ങളും കുടുംബസങ്കൽപ്പങ്ങളും..എല്ലാവരും എല്ലാവരുടേതുമാകട്ടെ ….